UPDATES

വായന/സംസ്കാരം

ഈ പെരുന്നാളിനും മൂസക്കാ പരിപാടിയുമായി ഗള്‍ഫ് നാടുകളിലേക്ക് പറന്നേനെ; മാപ്പിള പാട്ട് ഗായിക റംല ബീഗം പറയുന്നു

മലയാള മാപ്പിളപ്പാട്ട് ശാഖയിലെ ഉറച്ച സ്ത്രീശബ്ദങ്ങളിലൊന്നായ റംല ബീഗത്തിന് എരഞ്ഞോളി മൂസയെക്കുറിച്ച് പറയാനുള്ളതും സാധാരണക്കാരെ സ്വാധീനിച്ചിരുന്ന ആ മാജിക്കിനെപ്പറ്റിയാണ്

‘എരഞ്ഞോളി മൂസയ്‌ക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ മറക്കാനാകാത്ത ഒരു അനുഭവമുണ്ടായിട്ടുണ്ട്. പരിപാടിയ്ക്ക് ക്ഷണിച്ചയാളുടെ വീട്ടില്‍ അദ്ദേഹവും ഞാനും ഇരിയ്ക്കുകയായിരുന്നു. അവിടേക്ക് ഒരാള്‍ ഓടിവന്ന് പറയുകയാണ്, ‘മൂസക്കാ, നിങ്ങള്‍ കാരണം ഞാന്‍ നന്നായി. സ്ഥിരമായി മദ്യപിച്ചിരുന്ന, മോശമായി നടന്നിരുന്ന ഒരാളായിരുന്നു ഞാന്‍. മൂസക്കായുടെ പാട്ടാണ് എന്നെ നല്ല ജീവിതത്തിലേക്ക് എത്തിച്ചത്.’ അതുപോലുള്ള പല അനുഭവങ്ങളുമുണ്ട് മൂസാക്കയ്ക്ക്. അത്രയധികം അര്‍ത്ഥവത്തായ പാട്ടുകളാണല്ലോ അദ്ദേഹം പാടുന്നതും. സാധാരണക്കാരായ ആളുകളോട് അത്രയധികം അടുത്തു നില്‍ക്കുന്ന പാട്ടുകളും വരികളും.’ അന്തരിച്ച മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയെക്കുറിച്ചുള്ള ഓര്‍മകള്‍ റംല ബീവിക്ക് തുടങ്ങുന്നതിങ്ങനെയാണ്. എത്രയോ വര്‍ഷക്കാലത്തെ ബന്ധത്തിനിടയ്ക്ക്, എത്രയോ അധികം വേദികള്‍ എരഞ്ഞോളി മൂസയുമായി പങ്കിടാന്‍ സാധിച്ചിട്ടുണ്ട്, ഗായികയും കാഥികയുമായ റംല ബീഗത്തിന്. മലയാള മാപ്പിളപ്പാട്ട് ശാഖയിലെ ഉറച്ച സ്ത്രീശബ്ദങ്ങളിലൊന്നായ റംല ബീഗത്തിന് എരഞ്ഞോളി മൂസയെക്കുറിച്ച് പറയാനുള്ളതും സാധാരണക്കാരെ സ്വാധീനിച്ചിരുന്ന ആ മാജിക്കിനെപ്പറ്റിയാണ്.

വര്‍ഷങ്ങള്‍ നീണ്ട പ്രൊഫഷണല്‍ ജീവിതത്തില്‍ ഏറിയ പങ്കും എരഞ്ഞോളി മൂസ എന്ന അതികായനെ അടുത്തറിയാനും ഒപ്പം പ്രവര്‍ത്തിക്കാനും അവസരമുണ്ടായതിനെക്കുറിച്ച് ഓര്‍ക്കുകയാണ് റംല ബീഗം. നാട്ടിലും വിദേശത്തുമായി ഒന്നിച്ച് എത്രയോ വേദികള്‍, ഒന്നിച്ചുപാടാന്‍ സാധിച്ച എത്രയോ മാപ്പിളഗാനങ്ങള്‍. എന്നാല്‍പ്പോലും ഗായകനായ എരഞ്ഞോളി മൂസയേക്കാളേറെ, തന്നെ റംലഭായി എന്നു മാത്രം വിളിക്കുമായിരുന്ന, തനിക്ക് ജ്യേഷ്ഠ സഹോദരന്റെ സ്ഥാനത്ത് കാണാനാകുമായിരുന്ന എരഞ്ഞോളി മൂസയെക്കുറിച്ചാണ് റംല ബീഗത്തിന് പറയാനുള്ളത്.

‘സാധാരണക്കാരായവരോട് സംവദിക്കുന്ന പാട്ടുകളിലൂടെ സാധാരണക്കാര്‍ക്ക് അടുത്തു നിന്നയാള്‍ എന്നു മാത്രമല്ല, എല്ലാവരോടും വളരെ ദയ കാണിച്ചിരുന്നയാളായിരുന്നു എന്നു തന്നെ പറയണം. സഹപ്രവര്‍ത്തകരോട് ഒന്നിച്ച് യാത്ര ചെയ്യുമ്പോഴും അങ്ങിനെത്തന്നെ. ഒപ്പം യാത്ര ചെയ്യുന്നവര്‍ക്കെല്ലാം ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവമായിരിക്കും മൂസാക്ക കൊടുക്കുക. എത്രയോ പരിപാടികളില്‍ ഒന്നിച്ചു പങ്കെടുത്തിരിക്കുന്നു. സഹിക്കാനാകാത്ത വേര്‍പാടാണ്. കുടുംബത്തിലുള്ളവര്‍ മരിച്ചാലുള്ള പോലത്തെ ദുഃഖവും വേദനയുമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്രയധികം പരിപാടികള്‍ അവതരിപ്പിച്ച മറ്റൊരാളുണ്ടെന്നു തോന്നുന്നില്ല. ഗിന്നസ് ബുക്കില്‍ത്തന്നെ ചേര്‍ക്കാം വേണമെങ്കില്‍. ഈയിടയ്ക്ക് അസുഖമായി കിടപ്പിലായതുകൊണ്ടാണ്. അല്ലെങ്കില്‍ ഈ പെരുന്നാളിനും മൂസക്കാ പരിപാടിയുമായി ഗള്‍ഫ് നാടുകളിലേക്ക് പറന്നേനെ. പടച്ചവന്റെ വിധി.’

മാപ്പിളപ്പാട്ട് ഗാനരംഗത്തെ മറ്റേത് സമകാലികനേയും പോലെ, എരഞ്ഞോളി മൂസയുടെ വിയോഗത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ റംല ബീഗത്തിനും വാക്കുകള്‍ മുറിയുന്നുണ്ട്. മലബാറിലെ മാപ്പിളഗാനമേള വേദികളിലും ഗള്‍ഫ് രാജ്യങ്ങളിലെ കലാമേളകളിലും ഏറ്റവുമൊടുവില്‍ റിയാലിറ്റി ഷോയുടെ ഫ്‌ളോറിലും ഒന്നിച്ച് നിന്ന് പാടിയിട്ടുള്ള എരഞ്ഞോളി മൂസയെ അവസാനമായി ഒന്നു കാണാന്‍ സാധിക്കാത്തതിന്റെ ദുഃഖമാണ് റംല ബീഗം പങ്കുവയ്ക്കുന്നത്. രോഗങ്ങളും പ്രായത്തിന്റെ അവശതയും കാരണം വിശ്രമത്തിലാണ് റംല ബീഗം. ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ഇന്ന് ഉച്ചയോടെയായിരുന്നു എരഞ്ഞോളി മൂസയുടെ അന്ത്യം.

Read More: ‘മാലാഖ പോലൊരു വേശ്യ’ എരഞ്ഞോളി മൂസയോട് പറഞ്ഞു, “എനിക്ക്ങ്ങളെ ബീടരായ് ജനിക്കണം, ങ്ങളെ പാട്ട് അത്രയ്ക്കിഷ്ടാ..’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍