UPDATES

വായന/സംസ്കാരം

‘ഏമാന്‍മാരെ..ഏമാന്‍മാരെ..’ ഹിറ്റാക്കിയ ഉശിരുള്ള പെണ്ണുങ്ങള്‍ ഇവരാണ്

‘സോങ് ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ്’ ആലപിച്ച പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക പുഷ്പവതി സംസാരിക്കുന്നു

ഒരു മെക്സിക്കന്‍ അപാരത എന്ന സിനിമയിലൂടെ ഹിറ്റായ ഏമാന്‍മാരെ എന്ന ഗാനത്തിന്‍റെ സ്ത്രീപക്ഷ – ട്രാന്‍സ്‌ജെന്‍ഡര്‍ ബദലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മെക്സിക്കന്‍ അപാരതയിലെ ഏമാന്‍മാരെ എന്ന പാട്ട് സിനിമയ്ക്കു വേണ്ടി എഴുതിയതായിരുന്നില്ല. മുടി നീട്ടി വളര്‍ത്തിയതിന്റെ പേരില്‍ പോലീസ് സംശയാസ്പദമായി ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു ഊരാളി എന്ന മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ച ഒരു ഗാനമായിരുന്നു അത്.  അത് പിന്നീട് സിനിമയ്ക്കു വേണ്ടി ഉപയോഗിക്കുകയായിരുന്നു. ഏമാന്‍മാരെ എന്ന ഗാനം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ‘സോങ് ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ്’ എന്ന പേരില്‍ ഗോപിനാഥിന്റെ ആശയത്തില്‍ അരവിന്ദ് വി എസ് വരികളെഴുതി രഞ്ജിത്ത് ചിറ്റാട സംഗീതം നല്കി ഒരു ബദല്‍ ഗാനം പുറത്തിറക്കുകയായിരുന്നു.  ‘സോങ് ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ്’ ആലപിച്ചിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക പുഷ്പവതിയാണ്.

ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്‍ഡറുകള്‍ അടക്കമുള്ള മറ്റു ലിംഗവിഭാഗങ്ങളുടേയും പങ്കാളിത്തമില്ലാത്ത ഏത് സ്വാതന്ത്ര്യ പ്രഖ്യാപനവും അപൂര്‍ണ്ണമാണെന്നും ഭരണകൂട ഭീകരതയ്ക്കും മോറല്‍ പൊലീസിങ്ങിനുമെതിരെയാണ് സിനിമയിലെ ഗാനമെങ്കിലും അത് പുരുഷന്റെ സ്വാതന്ത്ര്യപ്രഖ്യാപനമാണ് എന്ന നിലപാടില്‍ നിന്നാണ് ഗാനത്തിന്റെ സ്ത്രീ വേര്‍ഷന്‍ ഒരുക്കിയതെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

ആ പാട്ടിലേക്കെത്തിയ സാഹചര്യത്തെ കുറിച്ചു പുഷ്പവതി സംസാരിക്കുന്നു.

തൃശൂരിലെ ഹരിതം ബുക്സിലെ ഹരിത ഗോപിയാണ് എന്നെ ഈ പാട്ട് പാടാന്‍ വിളിച്ചത്. ഹരിത ഗോപി തൃശൂരിലെ ഒരു സാംസ്കാരിക പ്രവര്‍ത്തകനാണ്. ഞങ്ങളൊക്കെ പണ്ടേ തൃശ്ശൂര്‍ സാഹിത്യ അക്കാദമി കേന്ദ്രീകരിച്ചുള്ള സാംസ്കാരിക കൂട്ടായ്മയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച ആളുകളാണ്. ഞാന്‍ കൂടുതല്‍ ഡീറ്റൈല്‍സ് ഒന്നും ചോദിച്ചില്ല. ഗോപി വിളിച്ചപ്പോള്‍ ഞാന്‍ പോയി അങ്ങ് പാടി. വിഷയം ഇതാണെന്നുള്ളത് കൊണ്ടും ഈ വിഷയത്തില്‍ എനിക്കു താത്പര്യം ഉള്ളത് കൊണ്ടുമാണ് ഞാന്‍ ഈ പാട്ട് പാടിയത്.

ഒരു സ്വതന്ത്ര വ്യക്തി എന്ന നിലയിലും സ്വതന്ത്രമായി വര്‍ക്ക് ചെയ്യുന്ന ആളെന്ന നിലയിലും കരിയറിന്‍റെ ഭാഗമായിട്ട് രാത്രിയും പകലും ഒക്കെ യാത്ര ചെയ്യേണ്ടി വരാറുണ്ട്. പലതരം ആളുകളോടും ഇടപെടേണ്ടിവരാറുണ്ട്. ഒരു പുരുഷനുമായി ഇടപെടുമ്പോള്‍ നമ്മള്‍ അയാളെ ഒരു പുരുഷന്‍ എന്ന രീതിയില്‍ അല്ല കാണുന്നത്. ഒരു സുഹൃത്ത് എന്ന രീതിയിലോ ആര്‍ടിസ്റ്റ് എന്ന രീതിയിലോ ആണ്. അല്ലാതെ അവിടെ ജെന്‍റര്‍ നമുക്കൊരു വിഷയമാകാറില്ല. അത്തരം ഇടപെടലുകളില്‍ കൂടിയാണ് നമ്മളൊക്കെ നമ്മുടെ കരിയര്‍ ഡെവലപ് ചെയ്തിട്ടുള്ളത്. സദാചാര പോലീസിംഗ് ആണെങ്കിലും സദാചാര ഗുണ്ടായിസം ആണെങ്കിലും എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ് എന്നുള്ള വ്യക്തവും ശക്തവുമായ കാഴ്ചപ്പാട് ഉള്ളത് കൊണ്ടാണ് ഞാന്‍ ഈ പാട്ട് പാടിയത്. എന്റെ വോയിസ് ഇത്തരം പ്രതിഷേധ ശബ്ദങ്ങള്‍ക്ക് പറ്റിയ വോയിസാണെന്ന് കരുതിയത് കൊണ്ടായിരിക്കാം ചിലപ്പോള്‍ അവര്‍ എന്നെ തന്നെ വിളിച്ചത്.

മെക്സിക്കന്‍ അപാരതയിലെ ‘ഏമാന്‍മാരെ’ എന്ന പാട്ട് സിനിമയ്ക്ക് വേണ്ടി ചെയ്തതല്ല. മുന്‍പ് ഒരു പ്രതിഷേധത്തിന്‍റെ ഭാഗമായിട്ട് രഞ്ജിത് എന്ന ചെറുപ്പക്കാരന്‍ എഴുതിയിട്ട് ഊരാളിയെ കൊണ്ട് പാടിക്കുകയായിരുന്നു. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാതെ പിന്നീട് പ്രതികരിക്കുക എന്ന ഒരവസ്ഥയില്‍ നില്‍ക്കാതെ ആ സമയത്ത് തന്നെ പ്രതികരിക്കണം എന്നുള്ള തൃശൂരിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ പൊതു കാഴ്ചപ്പാടില്‍ നിന്നാണ് ഇതുണ്ടായിട്ടുള്ളത് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും നിയന്ത്രണങ്ങളും ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. മീഡിയ കുറെക്കൂടി ജാഗ്രതയോടെ അതൊക്കെ റിപ്പോര്ട്ട് ചെയ്യുന്നുമുണ്ട്. അത്തരം അനുഭവങ്ങള്‍ ഉള്ള ആളുകള്‍ കുറച്ചു ധൈര്യത്തോടെ മുന്നോട്ട് വരികയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.

സ്ത്രീകള്‍ പൊതു സമൂഹത്തിലെക്കിറങ്ങുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍, സ്ത്രീകള്‍ ആത്യന്തികമായിട്ട് മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാല്‍ സ്ത്രീയുടെ ഭാഷയുടെ ശക്തി എന്താണെന്ന് അവര്‍ തിരിച്ചറിയണം. സ്ത്രീ വിരുദ്ധമായിട്ടുള്ള നമ്മുടെ തന്നെ കാഴ്ചപ്പാട് മാറണം. നമ്മള് സ്വാതന്ത്ര്യം എന്നു പറയുമ്പോള്‍ ആ സ്വാതന്ത്ര്യം സ്ത്രീ പക്ഷ പൊതു ബോധത്തിന്‍റെ ഭാഗം തന്നെയായിരിക്കണം. അല്ലാതെ സ്വാതന്ത്ര്യം എന്നു പറഞ്ഞു ഇറങ്ങിപ്പുറപ്പെടുമ്പോള്‍  പലപ്പോഴും  പ്രതിരോധിക്കാന്‍ കഴിയാതെ വരികയും നിലനില്‍ക്കുന്ന സമൂഹത്തിന്റെ അപചയ സംസ്കാരത്തിനു വിധേയപ്പെട്ടു പോകുന്ന ഒരു അവസ്ഥയുണ്ട്. യഥാര്‍ത്ഥ സ്വാതന്ത്ര്യ  ബോധം സ്ത്രീകളുടെ ഉള്ളില്‍ ശരിയായ ദിശയില്‍ തന്നെ വളര്‍ന്ന് വരണം.

പുതിയ തലമുറയിലെ  കുട്ടികള്‍ സ്ത്രീ, പുരുഷന്‍ എന്ന ജെന്‍ററിന് അപ്പുറമായിട്ട് വ്യക്തി എന്ന രീതിയില്‍ ചിന്തിക്കുന്നുണ്ട്. പുതിയ തലമുറയിലെ ആള്‍ക്കാരുടെയും ഈ മീഡിയ സംസ്കാരം വളര്‍ന്ന് വരുന്നതിന് മുന്‍പുള്ള ആള്‍ക്കാരുടെയും കാഴ്ചപ്പാടില്‍ ഉള്ള ഒരുതരം സംഘട്ടനം ആണ് ഇവിടെ നടക്കുന്നതെന്ന് തോന്നുന്നു. പഴയ ആളുകള്‍ പഴയ കാഴ്ചപ്പാടിന്റെയും പഴയ സംസ്കാരത്തിന്‍റ്ര്‍യും പിറകെയാണ്. പക്ഷെ പുതിയ കുട്ടികള്‍ ലോകത്തിന്‍റെ  തന്നെ സംസ്കാരം അവര്‍ കാണുകയും അറിയുകയും ചെയ്യുന്നുണ്ട്. പെണ്‍കുട്ടികള്‍ എന്താണ് അവരുടെ സ്വാതന്ത്ര്യം എന്ന് തിരിച്ചറിഞ്ഞു തുടങ്ങി. ഞാന്‍ ഒരു വ്യക്തി ആണ്, എന്നെ എന്തിന് അടിച്ചമര്‍ത്തണം എന്ന ചിന്ത അവര്‍ക്കുണ്ട്. ആണും പെണ്ണും ചെറുപ്രായത്തില്‍ ഒരുമിച്ചു കളിച്ചു വളരുന്നു. സംവേദനാത്മകമായ വളര്‍ച്ച തന്നെയാണ് വേണ്ടത്. അല്ലാതെ ജെന്‍ഡര്‍ അടിസ്ഥാനത്തില്‍ ഉള്ള വളര്‍ച്ചയല്ല. പെണ്ണിനെ വെറും ശരീരം മാത്രമായി കാണുന്ന കാഴ്ചപ്പാട് വളര്‍ന്ന് വരുന്ന സാമൂഹ്യ സാഹചര്യങ്ങള്‍ വ്യക്തിയില്‍ ഉണ്ടാക്കുന്ന സാംസ്കാരിക അപചയത്തില്‍ നിന്നുണ്ടാകുന്നതാണ്.

പാട്ടിനൊപ്പം പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്നത് കണ്ട് ആളുകള്‍ അത്ഭുതപ്പെട്ട് നോക്കി നില്‍ക്കുകയായിരുന്നു. അന്ന് ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കെ എസ് യു മാര്‍ച്ച് നടക്കുന്നതു കൊണ്ട് പോലീസുകാര്‍ ടൌണില്‍ ഉണ്ടായിരുന്നു. അപ്പോഴാണ് ഈ പാട്ടും ഡാന്‍സും നടക്കുന്നതു. ഏമാന്‍മാരെ എന്ന പാട്ട് കേട്ടപ്പോള്‍ ഏമാന്‍മാരൊക്കെ അന്തം വിട്ടു നിന്നു എന്നാണ് കേട്ടത്. കണ്ടീഷന്‍ഡ് ആയ സൊസൈറ്റിയുടെ ഭാഗമായ സ്ത്രീകള്‍ക്കൊന്നും ഈ സ്വാതന്ത്ര്യ പ്രഖ്യാപനം ഇഷ്ടപ്പെടില്ല. താലി വലിച്ചെറിയണം എന്ന ആഹ്വാനമൊന്നുമല്ല അതില്‍ ഉള്ളത്. താലി ഇടുന്നതും ഇടാതിരിക്കുന്നതും ഓരോരുത്തരുടെ ആഗ്രഹങ്ങളാണ്. വേണ്ടെന്ന് തോന്നിയാല്‍ വേണ്ടെന്ന് വെക്കാന്‍ കഴിയണം അത്രേയുള്ളൂ.

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍