UPDATES

വായന/സംസ്കാരം

മുലകള്‍ പ്രദര്‍ശിപ്പിക്കുന്നു: ഈ അതുല്യ വീനസ് ശില്‍പ്പത്തിന് ഫേസ്ബുക്കില്‍ വിലക്ക്

11 സെന്റിമീറ്റര്‍ നീളമുള്ള ഈ ശില്‍പ്പം സ്ത്രീത്വത്തിന്റെ പ്രതീകമായാണ് ലോകവ്യാപകമായി വിലയിരുത്തപ്പെടുന്നത്

പൗരാണിക കാലത്തെ കലാസൃഷ്ടിയായ വെല്ലെന്‍ഡോര്‍ഫിലെ വീനസ് എന്ന ശില്‍പം ശിലായുഗത്തിലെ അതുല്യ സൃഷ്ടിയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വിയന്നയിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഓസ്ട്രിയന്‍ ഗ്രാമമായ വില്ലെന്‍ഡോര്‍ഫില്‍ നിന്നും കണ്ടെത്തിയ ഈ നഗ്നയായ യുവതിയുടെ ശില്‍പ്പത്തിന് ഇപ്പോള്‍ ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

മ്യൂസിയത്തിന്റെ അടയാളമായി കരുതിയിരിക്കുന്ന ശില്‍പ്പത്തിനെതിരെയാണ് ഫേസ്ബുക്കിന്റെ നടപടിയെന്ന് ഡയറക്ടര്‍ ജനറല്‍ ക്രിസ്റ്റ്യന്‍ കോബേല്‍ അറിയിച്ചു. 11 സെന്റിമീറ്റര്‍ നീളമുള്ള ഈ ശില്‍പ്പം ലോകവ്യാപകമായി സ്ത്രീത്വത്തിന്റെ പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്. ഇക്കഴിഞ്ഞ ഡിസംബറില്‍ ഇറ്റാലിയന്‍ കലാകാരി ലോറ ഖിയാന്‍ഡ ഈ ശില്‍പ്പത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദം ആരംഭിച്ചത്. ചിത്രം വൈറലാകുകയും അധികം വൈകാതെ ഫേസ്ബുക്ക് ഇത് നീക്കം ചെയ്യുകയും ചെയ്തു.

‘ഈ ശില്‍പ്പം യാതൊരു വിധത്തിലും അപകടകരമായ രീതിയിലുള്ള നഗ്നത പ്രദര്‍ശനമല്ല. മനുഷ്യരുടെ സംസ്‌കാരവും ആധുനിക ബൗദ്ധികതയും തമ്മിലുള്ള യുദ്ധം സഹിക്കാനാകുന്നതല്ല’ എന്നാണ് ലോറ ഇതിന് മറുപടിയായി ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. നഗ്നതയുടെ പേരില്‍ ഈ ശില്‍പ്പം മാത്രമല്ല, ഒരു കലാസൃഷ്ടിയും നിരോധിക്കപ്പെടാന്‍ പാടില്ലെന്ന് ചരിത്ര മ്യൂസിയം പിന്നീട് ഇതേക്കുറിട്ട് പ്രതികരിച്ചു.

29,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യര്‍ വസ്ത്രങ്ങളില്ലാതെയാണ് ജീവിച്ചത്. ഇതിനാല്‍ തന്നെ വീനസിനും വസ്ത്രങ്ങളുണ്ടായിരിക്കില്ല. ഈ സമൂഹത്തെയാണ് ഫേസ്ബുക്ക് അധിക്ഷേപിച്ചിരിക്കുന്നത്: മ്യൂസിയം വക്താവ് ആരോപിച്ചു. മ്യൂസിയത്തിന് വില്ലെന്‍ഡോര്‍ഫിലെ വീനസിനെ മറിച്ചുവയ്‌ക്കേണ്ട യാതൊരു ആവശ്യവുമില്ല. മ്യൂസിയത്തിന് മാത്രമല്ല സോഷ്യല്‍ മീഡിയയ്ക്കും അതിന് യാതൊരു കാരണങ്ങളും പറയാനില്ലെന്നും കോബേല്‍ അറിയിച്ചു. ശില്‍പ്പത്തിന്റെ നഗ്നതയെക്കുറിച്ച് ഇന്നുവരെ ആരും യാതൊരു പരാതിയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിദ്ധീകരിക്കാന്‍ അനുവദിക്കുന്നതും നിരോധിക്കുന്നതുമായ പല ഉള്ളടക്കങ്ങളുടെയും പേരില്‍ ഫേസ്ബുക്ക് അടുത്തിടയായി ധാരാളം വിവാദങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 19-ാം നൂറ്റാണ്ടിലെ ചിത്രകാരനായ ഗുറ്റ്‌സാവെ കോര്‍ബെറ്റിന്റെ വിഖ്യാത ചിത്രമായ ഒറിജിന്‍ ഓഫ് ദ വേള്‍ഡ് പ്രചരിപ്പിച്ചതിന് ഏതാനും പേരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അടച്ചുപൂട്ടിയിരുന്നു. സ്ത്രീ ജനതക അവയവമാണ് ഈ ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍