UPDATES

വായന/സംസ്കാരം

സാധാരണ ജീവിതങ്ങളെ അന്വേഷിക്കുന്ന ആളാണ് ഞാൻ, അതാണ് ഇത്ര ‘ഒച്ചകൾ’; കൊച്ചി ബിനാലെയിൽ വി.വി വിനു ചെയ്യുന്നത്

രേഖപ്പെടുത്തപ്പെട്ട ചരിത്രങ്ങൾക്കു വെളിയിൽ വാമൊഴികളായി ശബ്ദങ്ങളായി-ഒച്ചകളായി അടയാളപ്പെടുന്ന ചരിത്ര കർതൃത്ത്വങ്ങളെയാണ് ഈ ശില്പ സമാഹാരം വിനിമയം ചെയ്യുന്നത്

പന്ത്രണ്ടടി ഉയരത്തിൽ മൂന്ന് തെങ്ങിൻ തടികളിലായി ആണിയടിച്ച് തറച്ച ഒരടി വലിപ്പമുള്ള മുന്നൂറിലധികം ആൾരൂപങ്ങൾ, ഭക്ഷണം കഴിക്കുന്ന, പണിയെടുക്കുന്ന, ഇണചേരുന്ന നിലയിൽ വലിയ ആൾരൂ‍പങ്ങൾ, ഒരു വണ്ടിചക്രത്തോട് ചേർത്ത് ഘടിപ്പിച്ചിട്ടുള്ള മറ്റൊരാൾരൂപം, മുഖം കറുത്ത തൂണിമൂടിയ നിലയിൽ മറ്റൊന്ന്, 2018 കൊച്ചി-മുസിരിസ്സ് ബിനാലെയുടെ മുഖ്യാകർഷണങ്ങളിലൊന്നായി കഴിഞ്ഞ വി.വി വിനുവിന്റെ ‘ഒച്ചകൾ’ എന്ന ശില്പ പ്രദർശനം ഗൌരവ്വപൂർവ്വം കലയെ സമീപിക്കുന്ന ആസ്വാദക ലോകത്ത് ചർച്ച ചെയ്യപ്പെടുകയാണ്.

രേഖപ്പെടുത്തപ്പെട്ട ചരിത്രങ്ങൾക്കു വെളിയിൽ വാമൊഴികളായി ശബ്ദങ്ങളായി-ഒച്ചകളായി അടയാളപ്പെടുന്ന ചരിത്ര കർതൃത്ത്വങ്ങളെയാണ് ഈ ശില്പ സമാഹാരം വിനിമയം ചെയ്യുന്നത്. അപരത്വത്തെ ആഘോഷമാക്കുന്ന തരത്തിൽ ജനാധിപത്യത്തെ പുതിയ തുറവികളിലേക്ക് നയിക്കാൻ പ്രാപ്തമാക്കുന്ന സംവാദ ഇടങ്ങളാണ് എന്നും വിനുവിന്റെ ശില്പങ്ങളുടെ ഭൂമിക. പുതുകർതൃത്ത്വങ്ങളുടെ പ്രത്യക്ഷീകരണം കലയിൽ സാധ്യമാകുന്ന വിധം ഭാഷയിൽ പുതിയ സാധ്യതകളെ പരീഷിക്കുവാനും വിനുവിന്റെ വർക്കുകൾക്ക് സാധിക്കുന്നു. ‘ഒച്ചകളി’ൽ ഉൾപ്പെടുന്ന ശില്പങ്ങളിലൊന്നിനെ പോലെ ചരിത്രത്തിന്റെ വണ്ടി ചക്രത്തിലുരഞ്ഞ് തിരിഞ്ഞ് പുതുലോകസഞ്ചാരത്തിന് വെളിച്ചം പകരുന്ന ഡൈനമോ ആണ് അവ. ആ നിലയിൽ തികച്ചും ചരിത്രപരവും നിർണ്ണായകവുമായ ഇടപെടൽ തന്നെയാണ് ദൃശ്യകലയുടെ ലോകത്ത് വിനു വി.വി എന്ന കലാകാരൻ ചെയ്യുന്നത്.

സാംസ്ക്കാരിക മുഖ്യധാരകൾ ആഘോഷമാക്കിയ പലതിന്റെയും നിരാകരണമാണ് വിനുവിന്റെ മറ്റൊരു പ്രത്യേകത. ഇടത് സാംസ്ക്കാരികതയിൽ അന്തർലീനമായ വിശ്വമാനവികതയേയും മറ്റ് വരേണ്യ വ്യവഹാരങ്ങളെയും ചോദ്യം ചെയ്യുന്നതിനൊപ്പം അവയുടെ അപര കർതൃത്ത്വങ്ങളെ സജീവമാക്കുകയും ചെയ്യുന്നതാണ് വിനുവിന്റെ രീതി. നാരായണ ഗുരു, അയ്യങ്കാളി, പൊയ്കയിൽ അപ്പച്ചൻ എന്നിവരിൽ നിന്നൊക്കെ സ്വാംശീകരിക്കപ്പെടുന്ന ജനാധിപത്യത്തിന്റെ ഊർജ്ജമാണ് വിനുവിൽ കാണാവുന്നത്.

30 രാജ്യങ്ങള്‍, 90 സൃഷ്ടികള്‍; കൊച്ചി-മുസിരിസ് ബിനാലെ എന്തുകൊണ്ട് ജനകീയമാകുന്നു- ബോസ് കൃഷ്ണമാചാരി സംസാരിക്കുന്നു

‘ഒച്ചകളി’ലെ ശില്പങ്ങൾ നിർമ്മിച്ചിട്ടുള്ളത് നാട്ടിൻപുറങ്ങളിൽ മനുഷ്യർ ആത്മഹത്യക്കായി ആശ്രയിക്കുന്ന ‘ഒതളം’ എന്ന വിഷവൃത്തിന്റെ തടിയിലാണെന്നതും ചിന്തനീയമാണ്. ഈ ശില്പങ്ങളെ കൂടാതെ വൈക്കം മുഹമ്മദ് ബഷീർ, സി. അയ്യപ്പൻ, പട്ടത്തുവിള കരുണാകരൻ തുടങ്ങിയവരുടെ രചനകളിൽ കടന്ന് വരുന്ന അപരപ്രതിനിധാനങ്ങളുടെ സംഭാഷണ ശകലങ്ങൾ, അമ്പതിലധികം പേർ വായിച്ചത് ഒരു സവിശേഷ പാറ്റേണിൽ ആലേഖനം ചെയ്തിട്ടുള്ള വീഡിയോയും വർക്കിന്റെ ഭാഗമാണ്. 90-കൾ തുടങ്ങി കേരളത്തിൽ ജീവിച്ച് കലയിൽ സജീവമായ വി.വി വിനുവിന്റെ 2016 ഷാങ്ഹായ് ബിനാലെയിലെ ‘നൂൺ റെസ്റ്റ്’ എന്ന ശില്പം ഷാങ്ഹായ് ബിനാലെയുടെ പന്ത്രണ്ടാം പതിപ്പിന്റെ ഐക്കണിക്ക് ഇമേജായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ബിനാലെയുടെ മുഖ്യ വേദിയായ ആസ്പിൻവാളിൽ പ്രദർശിപ്പിച്ചിട്ടുള്ള ‘ഒച്ചകൾ‘ ഇതിനോടകം ആസ്വാദക ശ്രദ്ധ നേടി കഴിഞ്ഞു. തന്റെ കലയിലെ ആന്തര വ്യവഹാരങ്ങളെ കുറിച്ചും രാഷ്ട്രീയ പരിസരങ്ങളെ പറ്റിയും കലയിലെ അതിജീവന സാധ്യതകളെ പറ്റിയും വി.വി വിനു സംസാരിക്കുന്നു.

2018 കൊച്ചി-മുസിരിസ്സ് ബിനാലെയുടെ ഭാഗമാകുമ്പോൾ എന്ത് തോന്നുന്നു?

അത് ഒരു സമൂഹം എങ്ങനെ കലയെ കാണുന്നു എന്നതിനെ അടിസ്ഥാനമാക്കിയാകും അതിന്റെ പ്രസക്തി. ഇതിനു മുന്നേ കഴിഞ്ഞ ഷാങ്ഹായ് ബിനാലെയിലും എനിക്ക് പങ്കെടുക്കാൻ സാധിച്ചു., ലോകത്തിലെ തന്നെ പല പ്രമുഖ കലാകാരന്മാരും പങ്കെടുക്കുന്ന പ്രശസ്തമായ ഒരു ബിനാലെ ആയിരുന്നു അത്. എന്നെ സംബന്ധിച്ചിടത്തോളം ഇത് ആദ്യത്തേത് അല്ലായെങ്കിലും ഇത്രയും ആഘോഷിക്കപ്പെടുന്ന, സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന വേദി എന്ന നിലയിൽ കൊച്ചി-മുസിരിസ്സ് ബിനാലെയുടെ ഭാഗമാകാൻ സാധിക്കുന്നത് പ്രധാനപ്പെട്ട ഒന്നാണ്. മാത്രമല്ല, അനിതാ ദുബേ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെയുടെ ഭാഗമാകുന്നു എന്നതും പ്രസക്തമാണ്, ഒരു പക്ഷെ അവരുടെ പ്രത്യേക തരത്തിലുള്ള രാഷ്ട്രീയ അന്വേഷണത്തിന്റെ ഭാഗമായിട്ടാകും നമ്മളിലേക്കൊക്കെ എത്തിച്ചേരുന്നത്.

കലയുടെ പറയപ്പെടുന്ന ‘മുഖ്യധാര’യ്ക്ക് പുറത്തായിരിക്കുകയും അപ്പോൾ തന്നെ വളരെ പെയിനെടുത്ത് കല ചെയ്യുകയും ചെയ്തതാണല്ലോ വിനുവിന്റെ ചരിത്രം. ഈ അവസരത്തിൽ അതിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാമോ?

കലയുടെ, വിശേഷിച്ച് ദൃശ്യ കലയുടെ മുഖ്യധാര എന്നു പറയപ്പെടുന്നത് വളരെ പരിമിതമായ ഒന്നാണ്. സാഹിത്യം, സിനിമ തുടങ്ങിയവയിലെ മുഖ്യധാര എന്ന് പറയാവുന്ന വിധം ഒരു പൊതുഇടമല്ലത്. വളരെ ചെറിയ ഏരിയ ആയിട്ടാണ് എനിക്ക് തോന്നിയത്, അതിൽ തന്നെ കേരളത്തിലെ സാഹചര്യം നോക്കിയാൽ 8-കളിൽ തുടങ്ങി ദീർഘകാലം തിരുവനന്തപുരമായിരുന്നു കലയുടെ കേന്ദ്രം, പ്രത്യേകിച്ച് കെ.പി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട് ഇന്ത്യൻ കലയിൽ നിർണ്ണായകമായ ചോദ്യങ്ങൾ ഉന്നയിച്ച റാഡിക്കൽ ഗ്രൂപ്പിന്റെയൊക്കെ തുടക്കം ട്രിവാൻഡ്രം ഫൈൻ ആർട്സിൽ നിന്നുമായിരുന്നല്ലോ. ആ ഗ്രൂപ്പിൽ അംഗമായിരുന്ന പലരുമാണ് പിന്നീടും ഇപ്പോഴും കലയുടെ വിവിധ മേഖലയിലെ സജീവ സാന്നിധ്യങ്ങൾ. അതുകൊണ്ട് തന്നെ കലയുടെ മുഖ്യധാരയുടെ, അതായത് മാർക്കറ്റുമായി ബന്ധപ്പെട്ട ഗ്യാലറികളുടെയുമൊക്കെ ശ്രദ്ധ എപ്പോഴും ട്രിവാൻഡ്രം ഫൈൻ ആർട്സിലേക്ക് മാത്രമേ പതിഞ്ഞിരുന്നുള്ളു. അതൊരു വികാരം പോലെ അവർ നിലനിറുത്തിയിരുന്നു; ഒരോ കലാകാരന്മാരും അവരുടെ അടുത്ത തലമുറയെ നിർദ്ദേശിക്കുന്ന വിധത്തിൽ ആ പാരമ്പര്യം തുടർന്ന് പോന്നു, കേരളത്തിൽ വേറെ കോളേജുകളുണ്ടെന്നോ, അവിടെയും കല പഠിപ്പിക്കുന്നുണ്ടോ എന്നൊന്നും അന്ന് ആരും മൈൻഡ് ചെയ്തിരുന്നില്ല. അത് കലയിൽ മാത്രമല്ല, ഇപ്പോൾ തന്നെ മഹാരാജാസിൽ പഠിച്ചു എന്ന് പറയുന്നതിനെ പലരും ഒരു പ്രിവിലേജായി കാണുന്ന രീതിക്ക് സമാനമായ ഒന്ന് ട്രിവാൻഡ്രം ഫൈൻ ആർട്സ് കേന്ദ്രീകരിച്ചും നിലനിന്നു.

എന്നെ സംബന്ധിച്ചിടത്തോളം കേരളം പോലെ ജാതി കേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ ജാതിയുടെ ശ്രേണിയിലെ താഴ്ന്ന തലത്തിൽ ജനിച്ച് ജീവിക്കുന്ന ഒരാളെന്ന നിലയിൽ ഒരു സമൂഹത്തോയോ അല്ലെങ്കിൽ അവനവനെ തന്നെയോ അഭിമുഖീകരിച്ച് ജീവിക്കുമ്പോൾ നേരിടുന്ന അനവധി പ്രശ്നങ്ങളുണ്ട്. അങ്ങനെയാണ് നമ്മൾ ജീവിച്ചു പോരുന്നത്. അതേ സമയം , വളരെ പുരോഗമനപരത അവകാശപ്പെടുന്ന ഒന്നാണ് നമ്മുടെ സമൂഹമെന്നും ഓർക്കണം. 74-ലാണ് ഞാൻ ജനിക്കുന്നത്. കേരളം പുരോഗമനമാഘോഷിച്ച 80-കളിലൊക്കെയാണ് നമ്മൾ ഈ രീതിയിലുള്ള അനുഭവങ്ങളിലൂടെ കടന്നുപോകുന്നതെന്നും ഓർക്കണം. ഒരു തരം അന്യവത്ക്കരണം ചെറുപ്പം മുതലേ നമുക്ക് ഫീൽ ചെയ്യുന്നുണ്ട്, നമുക്കെന്തോ കുഴപ്പമുണ്ടെന്ന് നമ്മൾ തന്നെ വിചാരിക്കുന്ന അവസ്ഥ, പിന്നീടാണ് ഇത് നമ്മുടെ കുഴപ്പമല്ല സമൂഹത്തിലെ സംവിധാനങ്ങളുടെ കുഴപ്പമാണെന്ന് നാം മനസ്സിലാക്കുന്നത്. അപ്പോഴും നമ്മളോട് ചോദ്യങ്ങൾ ചോദിച്ചും സമൂഹത്തോട് ഡീൽ ചെയ്തുമാണ് നമ്മൾ വളർന്ന് വന്നത്. അപ്പോൾ ജീവിതം തന്നെ മുന്നോട്ട് പോകണമെങ്കിൽ ഏതെങ്കിലും തരത്തിലൂള്ള ആവിഷ്ക്കരണ ഉപാധി വേണമെന്ന് ബോധ്യമാകുന്നു, അപ്പോൾ വരയ്ക്കാനുള്ള വാസന കൈയ്യിലുണ്ടായിരുന്നത് കൊണ്ട് കലയെ ഞാൻ ആവിഷ്ക്കരണോപാധിയായി സ്വീകരിച്ചു എന്നു പറയാം. അങ്ങനെയാണ് തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജില്‍ കല പഠിക്കാനെത്തുന്നത്. അക്കാലത്ത് എറണാകുളം പത്തടിപ്പാലത്ത് എം.എൻ.എഫ് (മാധവൻ നായർ ഫൌണ്ടേഷൻ) എന്നൊരു കലാസ്ഥാപനമുണ്ട്, എന്റെ സുഹൃത്ത് അനിൽ കുഴിക്കാല അവിടെ വിദ്യാർത്ഥിയാണ്. മാധവൻ നായർ കേരളത്തിലും ഇന്ത്യയിലുമുള്ള പല പ്രമുഖ കലാകാരന്മാരുടെയും വർക്കുകളൊക്കെ വാങ്ങി സൂക്ഷിച്ചിരുന്നു; തന്നെയുമല്ല പല വേൾഡ് മാസ്റ്റേഴ്സിന്റെയും പ്രിന്റുകൾ ഉൾക്കൊള്ളുന്ന ബുക്കുകളൊക്കെ സംഘടിപ്പിച്ച് ഒരു മ്യൂസിയം തന്നെ ഒരുക്കിയിരുന്നു. അവിടെ ഒരു സർട്ടിഫിക്കേറ്റ് കോഴ്സും നടത്തിയിരുന്നു, അവിടെ റാഡിക്കൽ ഗ്രൂപ്പുമായൊക്കെ ബന്ധപ്പെട്ടിരുന്ന ദാമോദരൻ നമ്പിടി, പ്രഭാകരൻ, രഘു തുടങ്ങിയ മാഷന്മാരാണുണ്ടായിരുന്നത്. അനില്‍ വഴിക്ക് അവിടവുമായി ബന്ധപ്പെട്ട് നിന്നതുകൊണ്ട് കലയുടെ വിശാല ലോകത്തെ കുറിച്ചും എർപ്പാടുകളെ കുറിച്ചുമൊക്കെ എനിക്കും മനസിലാക്കാനായി.

കൊത്തിവയ്ക്കപ്പെട്ട അരിവാള്‍; ദളിത് വ്യവഹാരങ്ങളുടെ ഉയിര്‍പ്പ് ഇനി ഷാങ്ഹായ് ബിനാലെയില്‍

അടിക്കടി മാറ്റിപ്പണിയുകയും, പുതിയതിനെ തിരയുകയും ചെയ്യുന്ന തികച്ചും സജീവത്തായ ഒരു പ്രക്രിയ വിനുവിന്റെ വർക്കുകളിൽ കാണാം, ആവിഷ്ക്കാര ഭാഷയിൽ നിരന്തരമായി സംഭവിക്കുന്ന ഈ നവീകരണത്തെ ഒന്ന് വിശദീകരിക്കാമോ?

അതിപ്പോൾ ഒരിക്കലും നമ്മളായി തുടങ്ങിവെയ്ക്കുന്ന ഭാഷയൊന്നുമല്ല, പൊയ്കയിൽ അപ്പച്ചനൊക്കെ ഇത് തുടങ്ങിവെച്ചിട്ടുണ്ട്; ഇപ്പോൾ “കാണുന്നീലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി” എന്ന് എന്തുകൊണ്ടാകും അപ്പച്ചൻ പറയുന്നത്, നമ്മുടെ സാമൂഹികാന്തരീക്ഷം അത്തരത്തിലുള്ള ഒന്നായിരുന്നത് കൊണ്ടാണല്ലോ. അതിന് ശേഷം എസ്. ജോസഫിന്റെയും അല്ലെങ്കിൽ ബിനു എം. പള്ളിപ്പാടിന്റെ കവിതയിലുമൊക്കെ ഇത് കടന്ന് വരുന്നുണ്ട്. ജോസഫ് മാഷ് ‘ചില മലയാളികളുടെ നശിച്ച ജീവിതത്തെ’ പറ്റിയൊക്കെ പറയുന്നതും ഇതിനെ കുറിച്ച് തന്നെയല്ലേ. എന്നെ സംബന്ധിച്ചും അങ്ങനെയൊരന്വേഷണമേ ഉണ്ടാകുകയുള്ളു. വേറൊരുതരം ജീവിതാനുഭവങ്ങളിലൂടെ കടന്നുവന്നത് കൊണ്ട് തന്നെ നമ്മുടെ ഭാഷയും അന്വേഷണവുമൊക്കെ ഈ ദിശയിലാകാനേ തരമുള്ളു. സാധാരണമായ ജീവിത സഹചര്യങ്ങളും അതുമായി ബന്ധപ്പെടുന്ന കാഴ്ചകളുമാണ് എനിക്കുള്ളത് സ്വാഭാവികമായും അത്തരം ഇമേജുകളും പരിസരങ്ങളുമാകും കലയിലും കടന്ന് വരിക. കലയിലായാലും സാധാരണ ജീവിതങ്ങളെ അന്വേഷിക്കുന്ന ആളാണ് ഞാൻ. സി. അയ്യപ്പന്റെ കഥാപാത്രം ഉന്നയിക്കുന്ന പോലെ, ‘നമ്മുടെ ജീവിതം കല്ലേലിട്ട കലം പോലെ തകർന്ന് പോകാൻ കാരണമെന്താണ്?’ എന്ന ചോദ്യം എന്നെ എപ്പോഴും വേട്ടയാടുന്നുണ്ട്; അതുകൊണ്ട് തന്നെ എന്റെ നോട്ടങ്ങളും ആ ദിശയിലാണ്. മനുഷ്യൻ എന്ന വലിയ പരികല്പനയിൽ നിന്നു കൊണ്ട് വേണമെങ്കിൽ ഇതെല്ലാം നിസ്സാരമെന്ന് അവഗണിക്കാം. പലപ്പോഴും പലരും ചെയ്യുന്നതും അതാണല്ലോ? പക്ഷേ എന്നെ സംബന്ധിച്ച് അത് പറ്റില്ലല്ലോ, ഈ മനുഷ്യരുടെ ഇടയിലല്ലേ ഞാൻ ജീവിക്കുന്നത്. എന്റെ ജീവിത സങ്കല്‍പ്പം തന്നെ എല്ലാർക്കും സന്തോഷത്തോടെ, സാഹോദര്യത്തോടെ ജീവിക്കാൻ കഴിയുന്ന ലോകമാണ്. ആ സങ്കല്‍പ്പം തന്നെയാണ് കലയേയും മുന്നോട്ട് നയിക്കുന്നത്. കല ചെയ്യുന്ന ഒരു വ്യക്തിയുടെ ജീവിതദുരന്തങ്ങളെ കാല്‍പ്പനികവത്ക്കരിച്ച് മാർക്കറ്റ് ചെയ്യുന്ന മറ്റൊരു രീതിയുമുണ്ട്; അതല്ല നമ്മൾ പറയുന്നത്. ഒരു പ്രത്യേക മനുഷ്യർ മാത്രം പ്രത്യേക തരം ജോലികൾ ചെയ്യേണ്ടി വരുന്ന ദുരിതത്തെ കുറിച്ചാണ് പറയുന്നത്, ജാതി തന്നെയാണ് അപ്പോൾ പ്രശ്നം, അവിടെ കാല്‍പ്പനികതയ്ക്ക് എന്താ സ്ഥാനം? പിന്നെ മനുഷ്യസഹജമായ കാല്‍പ്പനികതയൊക്കെ എന്നിലുമുണ്ട്, പലപ്പോഴും കലയിലേർപ്പെടുമ്പോൾ എനിക്ക് തന്നെ അത് ബോധ്യമാകാറുമുണ്ട്.

കലാ ജീവിതത്തിൽ പ്രകടമായ സ്വാധീനങ്ങളേതൊക്കെയാണ്?

അത് കലയുടെ തന്നെ സവിശേഷതയാണല്ലോ, കലയുടെ ഭാഷ എന്നത് അനുദിനം മാറ്റങ്ങൾ സംഭവിക്കുന്നതാണല്ലോ? മനുഷ്യന് അല്ലെങ്കിൽ കലാകാരന് പരിധിയില്ലാത്ത ആവിഷ്ക്കാര സ്വാതന്ത്ര്യം കല തരുന്നുണ്ട്, കലാചരിത്രം നോക്കിയാൽ നമുക്കത് കാണാനും കഴിയും. പക്ഷേ അതല്ലാത്ത മറ്റൊരു തലം കൂടിയുണ്ട്, കേരള ചരിത്രം പരിശോധിച്ചാൽ കലയിലേത് പോലെ തന്നെയുള്ള സ്വതന്ത്രാവിഷ്ക്കാരങ്ങൾ ചരിത്രത്തിലും കാണാം. ഉദാഹരണത്തിന് അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര അല്ലെങ്കിൽ ഒരു കല്ലെടുത്തിട്ട് ഈഴവശിവനെ പ്രതിഷ്ഠിക്കുന്ന നാരായണഗുരുവിന്റെ ആവിഷ്ക്കാരം, പൊയ്കയിലപ്പച്ചന്റെ പലവിധങ്ങളായ പ്രാക്ടീസുകൾ ഇതിലെല്ലാം വേറൊരു തരത്തിൽ കല ഉള്ളടങ്ങുന്നുണ്ട്. കലയുടെ ഭാഷ അത്രമാത്രം വികസിതമായുള്ള ഇന്ന് നാം അതിനെയൊക്കെ മനസിലാക്കുന്നു, അങ്ങനെയൊരു ഏരിയ കൂടിയുണ്ട് കലയ്ക്ക്. അത്രയും രാഷ്ട്രീയമായ പരിസരങ്ങളെ കൂടി ഉൾക്കൊള്ളാൻ പ്രാപ്തമായ സഞ്ചാരം കലയുടെ ചരിത്രത്തിനുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അത്തരം അന്വേഷണങ്ങൾ വലിയ പ്രചോദനവുമായിട്ടുണ്ട്. അത് യൂറോപ്പിൽ സംഭവിച്ച എന്തിനെയെങ്കിലും മനസിലാക്കുന്നത് പോലെയല്ല, മറിച്ച് നമ്മുടെ ചരിത്രം തന്നെ കലയുടെ വിശാലമായ മാനത്തെ കുറിച്ചുള്ള തിരിച്ചറിവ് പകരുകയാണ്.

അതേപോലെ തന്നെ അനവധി കലാകാരന്മാരും നമ്മളെ സ്വാധീനിച്ചിട്ടുണ്ട്, പ്രധാനമായും ലോകകലയിലെ തന്നെ സവിശേഷ സാന്നിധ്യമായ രാംകിങ്കർ ബെയ്ജാണ് എന്നെ കൂടുതൽ സ്വാധീനിച്ചിട്ടുള്ളത്. അതുപോലെ തന്നെ മലയാളി ആർട്ടിസ്റ്റുകളിൽ എൻ.എൻ റിംസണും, വത്സൻ കൊല്ലേരിയുടേയുമൊക്കെ പല വർക്കുകളും എന്നെ ആകർഷിച്ചവയാണ്. കേരളത്തിന്റെ സാംസ്ക്കാരിക പരിസരത്ത് ദലിത് കർതൃത്ത്വങ്ങൾ രൂപം കൊള്ളുന്നതിന്റെ ആദ്യ ഘട്ടങ്ങളിൽ ആക്ടീവായി വർക്ക് ചെയ്തിരുന്ന രാഘവൻ അത്തോളി, രാജൻ തുടങ്ങിയ ശില്പികളും എന്നെ ആകർഷിച്ചിരുന്നു. തടിയിൽ വർക്ക് ചെയ്യുമ്പോൾ എ.കെ ശിവദാസ് എന്ന ശില്പി ഒരു വലിയ പ്രചോദനമായി എന്നിൽ വർത്തിക്കുന്നത് എനിക്കനുഭവപെടാറുണ്ട്. വത്സൻ കൊല്ലേരിയുടെ വർക്കുകളിലെ പല ഘടകങ്ങളും മറ്റൊരു തരത്തിൽ എന്നിൽ ഒരു സ്വാധീനവും ചെലുത്തിയിട്ടുണ്ട്, ഒരു തരം ഹൈആർട്ടിന്റെ പ്രത്യേക പ്രാക്ടീസ് നിലനിൽക്കുന്ന കാലത്ത്, അതായത് മെറ്റീരിയലുകളൊക്കെ നമുക്കൊന്നും ആലോചിക്കാൻ പോലും പറ്റാത്ത വിധം ചെലവേറിയതും, സാങ്കേതിക സാധ്യതകളൊക്കെയും വിലപിടിച്ചവയുമായിരുന്ന കലയുടെ ഏരിയയിൽ കാണുന്നതെല്ലാം, കണ്മുന്നിൽ‌പ്പെടുന്നതെല്ലാം കലയുടെ സങ്കേതങ്ങളും നിർമ്മാണ സാമഗ്രികളുമാക്കുന്ന വത്സൻ കൊല്ലേരിയുടെ രീതി രസകരമായിരുന്നു. ആ പ്രക്രിയയാകട്ടെ നമ്മുടെ മുന്നിൽ വെച്ച് നടക്കുന്നതുമായിരുന്നു. അത് നമുക്ക് വല്ലാത്ത ധൈര്യം പകർന്ന് തന്നിട്ടുണ്ട്.

ഒതളമരത്തിലാണ് വിനു ഈ ശില്പങ്ങൾ ചെയ്തിരിക്കുന്നത്. ‘ഒതളം’ മരണത്തിന്റെ ഏജൻസിയുമാണല്ലോ (മനുഷ്യർ മരിക്കാനായി ഒതളമരത്തിന്റെ കായ കഴിക്കും) എങ്ങനെയാണ് ആ തീരുമാനത്തിലെത്തിയത്?

കല വ്യക്തിപരമായ ഇടപാട് ആയിരിക്കുമ്പോൾ തന്നെ സാമൂഹികവുമായ ഏർപ്പാടുമാണ്. പ്രത്യേകിച്ചും ശില്‍പ്പകല, അതെനിക്ക് മാത്രമായി ചെയ്തെടുക്കാവുന്ന കാര്യമായല്ല ഞാൻ കാണുന്നത്, എന്റെ സൌഹൃദങ്ങളിലൂടെയും മറ്റ് ഇടപെടലുകളിലൂടെയും രൂപപ്പെട്ട് വരുന്ന പ്രോസ്സസ് പോലെയാണ് ഞാനതിനെ കാണുന്നത്. അതിന് സ്ഥായിയായ നിലനില്‍പ്പുണ്ടെന്നും ഞാൻ വിശ്വസിക്കുന്നില്ല, സ്ഥായിയായ ഒരു ഫൌണ്ടെഷനിൽ ഉറപ്പിച്ചിട്ടുള്ളതൊന്നുമല്ലത്, അതിന് തുടർച്ചയുണ്ടാകണമെന്നും നിർബന്ധമില്ല. മെറ്റീരിയലുകളാണെങ്കിലും അങ്ങനെ തന്നെയാണ്. ഇപ്പോൾ ഈ വർക്കിൽ ഞാൻ ഒതളം എന്ന മരമാണ് ഉപയോഗിച്ചിട്ടുള്ളത്, തടിയിൽ ചെയ്യാമെന്ന ആലോചനയാണ് ആദ്യമുണ്ടായത്, ഒരു കാര്യം പറയ്യട്ടെ ഞാൻ ചെയ്യുന്ന ഒരു വർക്കും എല്ലാക്കാലവും നിലനില്‍ക്കുമെന്ന സങ്കല്‍പ്പമേ എനിക്കില്ല. ആദ്യം കുമിളിൽ ചെയ്യാമെന്ന് ചിന്തിച്ചു, അപ്പോഴാണ് നമ്മുടെ സ്റ്റുഡിയോയുടെ പരിസരത്ത് വെട്ടിയിട്ട നിലയിൽ ഒരു തടി ശ്രദ്ധയില്‍പ്പെട്ടത്, സമീപവാസികളായ ചിലരോടൊക്കെ അന്വേഷിച്ചപ്പോൾ ‘പാഴ്ത്തടി’യാണ്, ഒന്നിനുമുപകാരപ്പെടില്ല എന്ന് പറഞ്ഞു. പിന്നീട് എന്റെ 80-കാരനായ ബന്ധുവിനോട് (ഞങ്ങൾ അപ്പയെന്ന് വിളിക്കും) ചോദിച്ചപ്പോൾ, ‘എടാ ഒതളം ഒന്നാം തരമല്ലേ, പണ്ട് വള്ളത്തിനൊക്കെ എടുത്തിരുന്നതല്ലേ? അതിന്റെ പ്രത്യേകത എന്താന്ന് വെച്ചാൽ, അത് പൊട്ടുകയും, ചുരുങ്ങുകയുമില്ല, എന്നാൽ ഭാരം കുറയുകയും ചെയ്യും’ എന്ന് പറയുന്നു. പിന്നീട് ഈ വിവരങ്ങൾ നമ്മുടെ സുഹൃത്തുക്കളുമായി പങ്ക് വെയ്ക്കുന്നു, അപ്പോൾ ഒതള മരത്തിന്റെ മറ്റ് പല പ്രത്യേകതകളും, അതേ കുറിച്ചുള്ള മനുഷ്യകല്‍പ്പനകളുമൊക്കെ ചർച്ചയിൽ വന്നു, അങ്ങനെ ഞങ്ങൾ കൂട്ടായിട്ടാണ് ‘എന്നാൽ ഒതളത്തിൽ ചെയ്യാം’ എന്ന് തീരുമാനിക്കുന്നത്. ആ പ്രദേശങ്ങളിൽ കൂടുതലായി ഉള്ള തടി എന്നതും കണക്കാക്കിയെങ്കിലും പിന്നീട് നമ്മുടെ ആവശ്യത്തിനുതകുന്ന മിനിമം കനമുള്ള തടി അന്വേഷിച്ച് നടക്കേണ്ടി വന്നു. ഇത് ആരും വെച്ചു പിടിപ്പിക്കുന്നതല്ലല്ലോ?

ഒച്ചകൾ‘ എന്ന് പേരിട്ടുള്ള ഈ വർക്ക് ഒരർത്ഥത്തിൽ ഒരു സമാഹാരമാണ്. അവയിൽ ഒരോന്നായി വിശദമാക്കാമോ?

ഒരു വില്ലുവണ്ടിയുടെ ചക്രത്തിൽ നിലം തൊടാത്ത വിധം ഘടിപ്പിച്ചിരിക്കുന്ന ഹ്യൂമൻ ഫിഗറാണ് ഒന്ന്. കവി പി.ജെ ബിനോയിയുടെ ‘ആദ്യത്തെ ചുവടുകൾ (അയ്യങ്കാളിക്ക്)’ എന്ന കവിതയിൽ നിന്നുള്ള പ്രചോദനമാണ് ഈ ഇമേജ്

“നടപ്പ്

നിരോധിക്കപ്പെട്ട വഴിയിലൂടെ,

വില്ലുവണ്ടിയോട്ടി

ചക്രത്തിലുരഞ്ഞു തിരിയുന്ന

ഉടലിന്റെ ഡൈനാമോ കൊണ്ടാണ്

നീ ആദ്യത്തെ വിളക്ക് തെളിച്ചത്”

ഞാനതിനെ ഈ ലാംഗ്വേജിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്, നിലം തൊടാതെ ചക്രത്തിലുരഞ്ഞ് തിരിയും വിധമുള്ള ഡൈനാമോയുടെ പൊസിഷനാണ് ആ ശില്പത്തിലെ ഹ്യൂമൻ ഇമേജിന്. വിരിച്ചിട്ട നീല പ്ലാസ്റ്റിക്ക് പടുതയുടെ പശ്ചാത്തലത്തിൽ ഒരാളെ കിടത്തുക എന്നതായിരുന്നു എന്റെ ഉദ്ദേശം. നീല പടുത എന്റെ മുന്നെയുള്ള പലതരം വർക്കുകളിലുമുണ്ടായിരുന്നു, ടെന്റടിക്കാനും മറ്റ് താത്ക്കാലികാവശ്യങ്ങൾക്കുമുള്ളതാണ് ഈ പടുത. കൂടാതെ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്നവരുടെയൊക്കെയും മൃതശരീരങ്ങളെ നമ്മൾ കാണുന്നതും പ്ലാസ്റ്റിക്ക് പടുതയിൽ പൊതിഞ്ഞ ഇമേജുകളായാണ്. ഞാൻ പറഞ്ഞല്ലോ, പലതരം പ്രോസസ്സിലുടെയാണ് ഒരു വർക്ക് പൂർത്തിയാകുന്നത്, അതിന്റെ ഭാഗമായി നമ്മുടെ ആലോചനയിലും സുഹൃത്തുക്കളുമായുള്ള ചർച്ചയിലുമൊക്കെയായി ഒരു ഫിഗറിന്റെ സ്ഥാനത്ത് ഒരു ഇണയുടെ ഫിഗർ കൂടി കടന്ന് വരുന്നു. ആ വർക്ക് ഇവിടെ സ്ഥാപിക്കുന്ന സമയത്ത് അതിന് പിന്നീടും മാറ്റങ്ങളുണ്ടാകുന്നു. ചെറുശില്പങ്ങൾ എല്ലാം മുഖം കറുത്ത തുണികൊണ്ട് പൊതിഞ്ഞ നിലയിലാക്കാനാണ് ആദ്യം ആലോചിച്ചത്. അപരരെ ഉച്ചാടനം ചെയ്യുക എന്ന പൊതുപരിപാടിയുടെ സൂചന പോലെ ഒരു ആചാരത്തിന്റെ ടോണിൽ എല്ലാ രൂപങ്ങളും ആണിയടിച്ചനിലയിൽ വരുന്നത് പോലെ. പിന്നീടാണ് എല്ലാം മറയ്ക്കണ്ടാ എന്ന ആശയം വരുന്നത്. സാംസ്ക്കാരികതയേയും മൊറാലിറ്റിയേയും ദേശീയതയേയുമൊക്കെ ഒരു പ്രത്യേക അർത്ഥത്തിൽ ചോദ്യം ചെയ്യുന്ന സവിശേഷ ഘടനയാണ് ഈ വർക്കിനുള്ളത്. അതിന് പിന്നിൽ നിന്നും കേൾക്കുന്ന ഒച്ചകൾ നിശ്ചയമായും സ്ത്രീകളുടേതാണെന്ന് ഞാൻ വിശ്വസിക്കുന്നു.

ടൈറ്റിലിൽ തുടങ്ങി ശബ്ദങ്ങളുടെ സാന്നിധ്യമാണെങ്ങും, മുൻപ് ചെയ്തിട്ടുള്ള പല ഡ്രോയിംഗുകളിലും ശില്പങ്ങളിലുമൊക്കെ ശബ്ദത്തെ ദൃശ്യവത്ക്കരിക്കാനുള്ള ശ്രമമുണ്ട്.

ഒച്ചകൾ നമ്മുടെ വർക്കുകളിൽ വരുന്നതിന് കാരണമുണ്ടാകാം. അതെന്താണെന്ന് വെച്ചാൽ നമ്മുടെ ചരിത്രം എന്ന് പറയുന്നത് തന്നെ നമ്മുടെ അപ്പനപ്പൂന്മാര്‍ പറയുന്ന കഥകളിലൂടെ ആണല്ലോ, അല്ലാതെ ചരിത്രപരമായ മറ്റ് തെളിവുകളൊന്നുമില്ലല്ലോ? പിന്നീട് നമ്മള് മനസിലാക്കുന്നത് ഈ പറയപ്പെട്ടു പോരുന്ന ചരിത്രത്തിലേ നമ്മളൊക്കെ ഉള്ളു, അല്ലെങ്കിൽ നമ്മളൊന്നുമില്ല എന്ന വസ്തുതയാണ്. ഇതുകൊണ്ടൊക്കെ ആവാം ബഷീറൊക്കെ ശബ്ദങ്ങളിലൂടെ മാത്രം പല ജീവിതങ്ങളെയും അടയാളപ്പെടുത്തി വെച്ചത്. വാമൊഴിയുടേതല്ലാത്ത അടയാളപ്പെടുത്തലുകളിൽ, അതായത് വ്യവസ്ഥാപിതമായ ചരിത്രങ്ങളിൽ സ്ത്രീകളടക്കമുള്ള കർതൃത്ത്വങ്ങൾക്ക് എവിടെയാണ് സ്ഥാനം? ചരിത്രം ആധികാരികമായി കണക്കാക്കുന്ന തെളിവുകളിൽ അതിന്റെ ഉപദാനങ്ങളിലൊന്നും ഈ കർതൃത്ത്വങ്ങളെ കണ്ട് കിട്ടിയെന്ന് വരില്ല. അത് കൊണ്ടാണ് ‘ഒച്ചകൾ’ പ്രധാനമാകുന്നത്.

ആൾ വലിപ്പത്തിലുള്ള ശില്‍പ്പങ്ങളുടെ ശരീര ഘടനയും സവിശേഷമാണ്.

നമ്മൂടെ കേരളത്തിൽ ആഘോഷിക്കപ്പെട്ടിട്ടുള്ള ശില്‍പ്പശരീരത്തെ രൂപപ്പെടുത്തിയിട്ടുള്ളത് പ്രധാനമായും റാഡിക്കൽ ഗ്രൂപ്പാണല്ലോ, ആ ഗ്രൂപ്പിൽ‌പ്പെട്ട പലരുടെയും, വിശേഷിച്ച് കെ.പി കൃഷ്ണകുമാറിന്റെ ശില്പങ്ങൾ ആ സമയത്ത് നിലനിന്ന ഒരു പ്രത്യേക തരം കാമനയ്ക്ക് അകത്ത് നിൽക്കുന്നവയായിരുന്നു, അതിന്റെ ശാരീരിക ഘടനകളാകട്ടെ, ഉദ്ധരിച്ച് നിൽക്കുന്ന ലിംഗവുമൊക്കെയായിട്ട് ആണത്തത്തെ ആഘോഷിക്കുന്ന ഒന്നുമായിരുന്നു. ഇപ്പോൾ കൃഷ്ണകുമാറിന്റെ ‘കള്ളൻ’, ആ കള്ളനൊക്കെ ഒരു തരം വരേണ്യകാമനയ്ക്ക് അകത്താണ് കിടക്കുന്നത്, അതൊരിക്കലും കള്ളനെന്ന അപരത്വത്തെ ഉൾക്കൊള്ളുന്നില്ല. ജനകീയ കല എന്നൊക്കെ അവകാശപ്പെട്ടപ്പോഴും അതൊരു ഇടത് വരേണ്യതയുടെ സംവിധാനങ്ങൾക്കകത്താണ് നിലകൊണ്ടത്. അതേ കാലത്ത് തന്നെ അഗ്രഹാരത്തിൽ കഴുതയിലൂടെയും മറ്റും ഈ വരേണ്യതയെ പൊളിച്ചുകെട്ടുന്ന ജോൺ എബ്രഹാമിന്റെ ആക്ടീവിസം കുറെക്കൂടി ജനകീയമായിരുന്നുവെന്ന് പറയാം, അത്തരമൊരു പൊളിച്ചെഴുത്ത് റാഡിക്കൽ ഗ്രൂപ്പിൽ കാണാൻ കഴിഞ്ഞിട്ടില്ല. കൈയ്യിൽ പേപ്പർ പ്ലേറ്റുമായി നിൽക്കുന്ന ഒരു ആൾരൂപം എന്റെ വർക്കിൽ ഉൾപ്പെടുന്നുണ്ട്, ‘മറ്റവൻ’ എന്ന സങ്കല്പമാണ് അതിന്, ‘മറ്റവൻ’ എന്ന് പറയുമ്പോൾ അറിയാമല്ലോ? ഇത്തരം പൌരുഷ കാമനകളൊന്നുമില്ലാതെ ഒരു സാധാരണ ശരീരത്തെ മറ്റൊരു ഭാഷയിൽ ആവിഷ്ക്കരിക്കുക എന്നൊരു തോന്നൽ എന്റെ മനസ്സിലുണ്ടായിരുന്നു. ഈ ഇടതുപക്ഷ നറേറ്റീവുകളിൽ പറയുന്ന ‘നട്ടെല്ല്, ചങ്കൂറ്റം, ആണത്തം’ ഇതൊന്നും നമ്മുടെ ഏരിയയേ അല്ലല്ലോ,അതൊന്നും ഇല്ലാത്ത മനുഷ്യരുടെ ലോകമാണ് നമ്മളുടേത്.

ബഹിഷ്കൃത സ്വത്വങ്ങളുടെ ദൃശ്യവത്ക്കരണത്തിലൂടെ സാധ്യമാകാവുന്ന കൂടുതൽ തുറവികളുള്ള പുതുലോകത്തെയാണോ ‘ഒച്ചകൾ‘ അഭിസംബോധന ചെയ്യുന്നത്?

പുതുലോകം എന്ന് പറയുന്നത് ഇത്തരം പുതുകർതൃത്ത്വങ്ങളുടെ മുന്നോട്ട് വരവിന്റേതാണ്, ജാനാധിപത്യത്തിന്റെ വികാസത്തോടെ ബഹിഷ്കൃത സമൂഹങ്ങൾ മുന്നോട്ടു വരികയും കർതൃത്ത്വസ്ഥാനം അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ദൃശ്യപ്പെട്ടുവരുന്ന ശബ്ദങ്ങളാണ് എന്റെ വർക്കിലുമുള്ളത്. എന്നാൽ ബഷീറൊക്കെ എത്രയോ മുൻപ് തന്നെ തന്റെ ജീവിതലോകത്ത് ഇവരെ അടയാളപ്പെടുത്തിയിട്ടിണ്ടെന്ന് നമ്മളിപ്പോൾ മനസിലാക്കുന്നുണ്ട്. ഇപ്പോഴത്തെ ലോകം എന്റെ മനസിലാക്കലിൽ കുറച്ചു കൂടി അവസരങ്ങളുടേതാണ്, സമൂഹം കൂടുതൽ തുറന്ന് വരികയാണ്, അങ്ങനെ തുറന്നു വരുമ്പോൾ ഉണ്ടാകുന്ന പല തരം സംഘർഷങ്ങളുമുണ്ട്. എന്നെ സംബന്ധിച്ച് എന്റെയൊരു ജീവിതത്തിൽ ഇങ്ങനെയൊക്കെയുള്ള മനുഷ്യരുമായി ബന്ധപ്പെട്ടല്ലാതെ, ഇവരെയൊക്കെ കണ്ടു കേട്ടുമല്ലാതെ ഒരു മുന്നോട്ട് പോക്കില്ലല്ലോ. ഇത്തരം അപരരോടൊപ്പം നിൽക്കാതെ ജനാധിപത്യത്തെ കുറിച്ചോ സാമൂഹ്യനീതിയെ കുറിച്ചോ സംസാരിക്കാനുള്ള ആർക്കും അർഹതയുണ്ടെന്ന് ഞാൻ കരുതുന്നില്ല. അപര മനുഷ്യരുടെ മുന്നേറ്റം പലതരം സങ്കീർണ്ണതകളിലൂടെയാണ് കടന്നു പോകുന്നതെങ്കിലും വിവിധ തരത്തിലുള്ള ഇടപെടലുകളിലൂടെ തുറന്ന ഇടങ്ങൾ രൂ‍പപ്പെട്ടു വരുന്നുണ്ട്, അവയുമായി ഐക്യപ്പെടുക അല്ലെങ്കിൽ സംവദിക്കുകയാണ് വേണ്ടത്. മറ്റൊന്നുള്ളത് അപരരായി കരുതപ്പെടുന്ന ഇടങ്ങളെ നമ്മുടെ ആലോചനാലോകത്ത് തന്നെ മാറ്റി നിറുത്താതെ സംവാദ സജ്ജമാക്കിയാൽ മാത്രമെ ജനാധിപത്യത്തിന് സാധ്യതകളുള്ളു. ഇത് കലയിൽ മാത്രം സംഭവിക്കേണ്ടതല്ല, സാധാരണ മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ ഉണ്ടാകേണ്ടതാണ്, ഒരു കടയിൽ പോയി ചായ കുടിക്കുക, സിഗരറ്റ് മേടിക്കുക, ബാറിൽ പോയി മദ്യം കഴിക്കുക, ഓട്ടോറിക്ഷയിൽ എങ്ങോട്ടെങ്കിലും സഞ്ചരിക്കുക തുടങ്ങി ദൈനംദിന ജീവിതത്തിലെ എല്ലാ തുറകളിലും സംഭവിക്കേണ്ടതാണ്. വളരെ സാധാരണമായി ഇടങ്ങളിൽ നിലനിൽക്കുന്ന വംശീയതയും അപരവിദ്വേഷവുമൊക്കെ മനസിലാക്കുമ്പോളാണ് പലപ്പോഴും നമുക്ക് നമ്മളെ തന്നെ മാറ്റി പണിയേണ്ടി വന്നിട്ടുള്ളത്. നമുക്ക് സാധാരണക്കാരെന്ന പരികല്പനയിൽ എല്ലാം കെട്ടിയേല്പിച്ച് രക്ഷപ്പെടാനാ‍വില്ല. ഫാസിസ്റ്റ് വിരുദ്ധമുന്നണിയുടെ ഭാഗമെന്ന് കരുതപ്പെടുന്ന സാധാരണക്കാരിൽ തന്നെയാണ് ഫാസിസ്റ്റ് പ്രാക്ടീസുകൾ കാണാൻ കഴിയുക, ഈ ‘സാധാരണക്കാർ’ എന്ന വിവക്ഷയെ തന്നെ നമ്മൾ സംശയിക്കേണ്ടി വരുന്നു. അത്തരത്തിൽ ‘സാ‍ധാരണ’ ജീവിതങ്ങളെ പ്രശ്നവത്ക്കരിക്കുന്ന കലയെന്ന നിലയിൽ ഭൂപൻ ഖക്കറുടെ വർക്കുകൾ വളരെ നിർണ്ണായകമാണ്, അപര ലൈംഗികതയെ ആർട്ടിന്റെ ലാംഗ്വേജിലേക്ക് കൊണ്ട് വരുന്ന ശക്തി വിസ്മയകരമാണ്, സ്ഫോടനാത്മകമായ ഫലങ്ങളാണ് അത് ലാംഗ്വേജിൽ ചെലുത്തിയത്. ആര്യകൃഷണന്റെ സമീപകാല ഡ്രോയിംഗുകളിലും അങ്ങനെയൊരു ഊർജ്ജപ്രസരണം കാണാൻ കഴിയുന്നുണ്ട്.

വാസ്തവത്തിൽ അപരാനുഭവങ്ങളുടെ ആവിഷ്ക്കാരം കലയുടെ ഭാഷയെ തന്നെ പുന:നിർമ്മിക്കുന്നതിലൂടെയല്ലേ സാധ്യമാകൂ?

തീർച്ചയായും. കല ചെയ്യുന്ന എതൊരാളും ചുറ്റുപാടുമുള്ള മീഡിയകളോടും, തന്റെ തന്നെ ആലോചനാ ലോകത്തോടും, കാഴ്ചകളോടുമൊക്കെയുള്ള സംവാദത്തിലൂടെയാണ് ഒരു ഭാഷയെ നിർമ്മിക്കുന്നത്. ഇപ്പോൾ മാർക്കറ്റിനെ മാത്രം മുൻനിറുത്തി വർക്ക് ചെയ്യുന്ന ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം, ഈ പ്രാക്ടീസുകളൊന്നും വേണ്ട, മാർക്കറ്റിന് സ്വീകാര്യനാവുക, അതിലൂടെ ഒരു ജീവിതോപാധി കണ്ടെത്തുക എന്ന് മാത്രം മതി, അതിനപ്പുറത്തേക്കുള്ള ആവിഷ്ക്കാരത്തെ കുറിച്ച് അവർക്ക് ചിന്തയേയില്ല. അങ്ങനെ എനിക്ക് സാധിക്കുകയില്ല.

മുൻപ് ഡ്രോയിംഗുകളും പെയിന്റിംഗുകളും ചെയ്തിരുന്നല്ലോ?

ശരിയാണ്, പക്ഷേ എനിക്ക് കൂടുതൽ സ്വാതന്ത്ര്യം അനുഭവപ്പെടുന്നത് പല തരം മെറ്റീരിയലുകൾ ഉപയോഗിച്ച് വർക്ക് ചെയ്യുമ്പോളാണ്. ഒരു പേപ്പറിൽ കളറുപയോഗിച്ച് ചെയ്യുന്നതിനെക്കൾ സ്വാതന്ത്ര്യം തരുന്നത് പലയിടങ്ങളിൽ നിന്ന് സമാഹരിക്കുന്ന പല തരം മെറ്റീരിയലുകൾ ഉപയോഗിച്ച് ചെയ്യാനാണ്. ഇഷ്ടം എന്നതിനെക്കാളുപരി എനിക്ക് കൂടുതൽ ധൈര്യം തോന്നുന്നത് അത്തരം വർക്കുകൾ ചെയ്യാനാണ്.

കല ജീവിതോപാധി എന്ന നിലയിൽ

വലിയ തമാശ എന്താന്ന് വെച്ചാൽ ഷാങ്ഹായ് ബിനാലെയിലെക്ക് എന്നെ തെരഞ്ഞെടുത്തത് റെക്സ് മീഡിയാ കളക്ടീവ് എന്ന പ്രശസ്തരായ ക്യൂറേറ്റർമാരാണ്, അങ്ങനെ ഞാൻ ബിനാലെയിൽ പോയി പങ്കെടുത്ത് തിരിച്ചു വരുമ്പോൾ ഇവിടെ ഒരു നിരീക്ഷകൻ എഴുതി, ‘ഇനിയിപ്പോൾ വിനുവിനെ ഗ്യാലറികൾ ഏറ്റെടുക്കും’. എന്നാൽ ഈ ബിനാലെയിലേക്ക് ക്ഷണം കിട്ടുമ്പോഴും ഞാൻ എന്റെയൊരു സുഹൃത്തിനെ കമ്മീഷൻ വർക്കിൽ സഹായിക്കാനായി ഒറീസ്സയിലെ ഉൾനാട്ടിലൊരിടത്തായിരുന്നു. ഈ ബിനാലെ കഴിഞ്ഞാലും അങ്ങനെ എന്തെങ്കിലും പണി ചെയ്ത് ജീവിതം കഴിക്കുന്നതിനെ കുറിച്ചാണ് എന്റെ ചിന്ത… പിന്നെ മിനിമം നമ്മുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള വരുമാനം കലയിൽ നിന്ന് ലഭിക്കണമെന്ന ആഗ്രഹം എനിക്കുണ്ട്, പക്ഷേ നിർബന്ധമൊന്നുമില്ല. സ്വയം ആവിഷ്ക്കരിക്കാതെ പിടിച്ചു നില്‍പ്പില്ല എന്ന് എന്നെ ബോധ്യപ്പെടുത്തുന്ന സാമൂഹ്യ സാഹചര്യത്തിലാണ് ഞാൻ കല ചെയ്യുന്നത്, അപ്പോൾ നമ്മളാൽ കഴിയുന്ന വിധത്തിൽ അധ്വാനത്തിൽ നിന്നുലഭിക്കുന്ന സാമ്പത്തികമുപയോഗിച്ച് സഹചര്യങ്ങൾക്കനുസൃതമായി മെറ്റീരിയലുകൾ തെരഞ്ഞെടുത്ത്, സമയം കണ്ടെത്തി ക്രമേണയാണ് വർക്കുകൾ രൂപപ്പെടുത്തുക. ഞാൻ ചെയ്യുന്ന വർക്കുകൾ ഒന്നും ഒറ്റയടിക്ക് പൂർണ്ണമാകുന്നില്ല, പലപ്പോഴായി ചെയ്തു ചെയ്തു വരുന്നതാണത്, കാണുന്നിടത്ത് മാത്രമാണ് അത് വർക്കാകുന്നത്, കാഴ്ചയിൽ തന്നെ ചിലപ്പോഴത് തിരുത്തപ്പെടുകയും ചെയ്യാം.

നാളെ?

(ചിരിക്കുന്നു) ഒരു ധാരണയുമില്ല, ബിനാലെയുടെ കുറച്ച് ദിവസങ്ങൾ കഴിഞ്ഞിട്ട് ആരെയെങ്കിലും വിളിച്ച് പണി വല്ലതുമുണ്ടോയെന്ന് അന്വേഷിക്കണം.

സുനില്‍ ഗോപാലകൃഷ്ണന്‍

സുനില്‍ ഗോപാലകൃഷ്ണന്‍

എഴുത്തുകാരന്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍