UPDATES

വായന/സംസ്കാരം

ന്യൂനപക്ഷ വര്‍ഗീയവാദികള്‍ പണിത പാലത്തിലൂടെയാണ് ഇന്ന് ബിജെപി ആഞ്ഞു ചവിട്ടി നടക്കുന്നത്; ഹമീദ് ചേന്ദമംഗലൂര്‍

ഐ ആം ഗൗരി എന്നു പറഞ്ഞ നമ്മളെന്തുകൊണ്ട് ഐ ആം ഫാറൂക്ക് എന്നു പറഞ്ഞില്ല

ന്യൂനപക്ഷ വര്‍ഗീയവാദികള്‍ പണിത പാലത്തിലൂടെയാണ് ഇന്ന് ബിജെപി ആഞ്ഞു ചവിട്ടി നടക്കുന്നതെന്നു ഹമീദ് ചേന്ദമംഗലൂര്‍. 1984 വെറും രണ്ട് എം.പി.മാര്‍മാത്രമുണ്ടായിരുന്ന സംഘടന ഇന്ന് എത്തിനില്‍ക്കുന്നത് എവിടെയാണ്. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗ്ഗീയതയും ഒരുപോലെ അപകടകരമാണ്, കാരണം രണ്ടും പരസ്പര പോഷകങ്ങളായി വര്‍ത്തിക്കുന്നവയാണ്. ബോള്‍ഗാട്ടി പാലസില്‍ സംഘടിപ്പിക്കുന്ന കൃതി സാഹിത്യോല്‍സവത്തില്‍ വ്യാഴാഴ്ച നടന്ന സെക്കുലറിസത്തിന്റെ വര്‍ത്തമാനം എന്ന ചര്‍ച്ചയ്ക്കിടയിലാണ് ഹമീദ് ചേന്ദമംഗലൂര്‍ ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. അശോകന്‍ ചെരുവില്‍, എന്‍.എസ് മാധവന്‍, സേതു തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഹമീദ് ചേന്ദമംഗലൂരിന്റെ വാക്കുകളിലൂടെ;

ഇന്ത്യയില്‍ രണ്ടു മതങ്ങളാണ് ഉള്ളത്; പൊളിറ്റിക്കല്‍ മതങ്ങളും, അണ്‍പൊളിറ്റിക്കല്‍ മതങ്ങളും. സ്വാതന്ത്ര്യം നേടിയ നാള്‍ മുതലാണ് വാസ്തവത്തില്‍ നമ്മള്‍ക്ക് മതനിരപേക്ഷത കൈമോശം വന്നത്. അതുവരെ ഉണ്ടായിരുന്ന മതനിരപേക്ഷ മൂല്യങ്ങള്‍ ഉപേക്ഷിക്കാന്‍ തുടങ്ങി. ഒരുതരം കോംപ്രമൈസ് സെക്കുലറിസത്തിലേക്ക് തിരിയാന്‍ തുടങ്ങി.

1951 മേയ് മാസത്തിലാണ് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ പുനഃരുത്ഥാന പ്രവര്‍ത്തനങ്ങള്‍ നടന്നത്. ആ ക്ഷേത്രം തുറക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ തുനിഞ്ഞ ഇന്ത്യന്‍ രാഷ്ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദിനോട് അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റു പറഞ്ഞത് ഇന്ത്യയുടെ രാഷ്ട്രപതി എന്ന നിലയില്‍ ഈ ചടങ്ങില്‍ അങ്ങ് പങ്കെടുക്കാന്‍ പാടില്ല എന്നായിരുന്നു. അതുപോലെ തന്നെ ഈ ക്ഷേത്രം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യക്ക് വിട്ടുകൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വാദിച്ചു.

ഇവിടെ ആരും ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു വസ്തുതയുണ്ട്, ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ട എഴുത്തുക്കാരനായ പെരുമാള്‍ മുരുകന്‍എഴുത്ത് നിര്‍ത്തേണ്ടി വന്നപ്പോള്‍ നമ്മള്‍ ഓരോരുത്തരും അതിനെതിരേ അതിശക്തമായി പ്രതികരിച്ചു. നമ്മളുടെ എല്ലാ മതേതര പ്രസ്ഥാനങ്ങളും, സംഘടനകളും പെരുമാള്‍ മുരുകനെ പിന്താങ്ങി. എന്നാല്‍ മുംബൈയില്‍ ഷിറീന്‍ ദാല്‍വി എന്ന മുസ്ലീം വനിത എഡിറ്ററിന് എതിരെ ഇസ്ലാം മതമൗലിക വാദികള്‍ രംഗത്ത് വന്നപ്പോള്‍ എന്തുകൊണ്ട് ഇവിടുത്തെ മതേതരവാദികളും മതേതരസംഘടനകളും പ്രതിഷേധിച്ചില്ല? അതുപോലെ തന്നെ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോള്‍ നമ്മള്‍എല്ലാവരും ‘ഐ ആം ഗൗരി’ എന്ന് ആഹ്വാനം ചെയ്തുകൊണ്ട് അതിനെതിരെ ശബ്ദമുയര്‍ത്തി. ഹമീദ് ഫാറൂക്ക് എന്ന യുക്തിവാദി മതതീവ്രവാദികളുടെ കൈകൊണ്ട് കൊല്ലപ്പെട്ടപ്പോള്‍ ആരും അതിനെതിരെ ശബ്ദമുയര്‍ത്തിയില്ല, ‘ഐ ആം ഫാറൂക്ക്’ എന്ന് പ്രഖ്യാപിച്ചില്ല. ഹിന്ദു വര്‍ഗ്ഗീയ വാദികളെ മാത്രമേ നിങ്ങള്‍ എതിര്‍ക്കുന്നുള്ളു, എന്തുകൊണ്ട് മുസ്ലീം വര്‍ഗ്ഗീയ വാദികളെ എതിര്‍ക്കുന്നില്ല. ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ചെയ്യുന്നതെല്ലാം, തെറ്റും മുസ്ലീം വര്‍ഗ്ഗീയവാദികള്‍ ചെയ്യുന്നതെല്ലാം ശരിയും എന്ന് നമ്മള്‍ വിശ്വസിക്കുന്നു. ന്യൂനപക്ഷ വര്‍ഗ്ഗീയവാദികളും തീര്‍ച്ചയായും എതിര്‍ക്കപ്പെടണം.

നേപ്പാളിലെ ജനസംഖ്യയില്‍ എണ്‍പത്തൊന്ന് ശതമാനം ഹിന്ദുക്കള്‍ ആണ്, ഒന്‍പത് ശതമാനം ബുദ്ധമതവിശ്വാസികളും ബാക്കിയുള്ള മതവിശ്വാസികള്‍ എല്ലാവരും കൂടി പത്തു ശതമാനം വരും. ഭൂരിപക്ഷം ഹിന്ദുക്കള്‍ ആയിട്ടും അവിടെ ഭരിക്കുന്നത് ബി.ജെ.പി അല്ലല്ലോ, കമ്മ്യുണിസ്റ്റ് പാര്‍ട്ടിയല്ലേ. ഇന്ത്യയിലെ ക്ലാസിക്ക് കൃതികള്‍ ആയ രാമായണവും മഹാഭാരതവും ആരുടെതാണ്? ഹിന്ദുവിന്റെയാണോ അല്ല, ഇന്ത്യയിലെ ഓരോ പൗരന്റേയുമാണ്. തുഞ്ചത്ത് എഴുത്തച്ഛന്റെ രാമായണം ഇവിടുത്തെ ഹിന്ദുക്കളുടേത് മാത്രമാണോ? അല്ല. മുസ്ലീങ്ങളുടെ ഖുറാന്‍ അവരുടേത് മാത്രമാണോ? ഇവിടുത്തെ ഓരോ പൗരന്റെയും മതേതര സംസ്‌കൃതിയുടെയും ഭാഗമാണ് അവയൊക്കെ.

 

വിഷ്ണു നമ്പൂതിരി

വിഷ്ണു നമ്പൂതിരി

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍