UPDATES

വായന/സംസ്കാരം

ഭര്‍ത്താവിന്റെ ആഗ്രഹം സഫലീകരിക്കാന്‍ ഭാര്യ നടത്തിയ പ്രയ്തനമാണ് ബംഗളൂരുവിലെ ‘രംഗശങ്കര’

2004-ല്‍ ആരംഭിച്ച ഈ നാടക ശാലയില്‍ ഇതുവരെ 34 ഭാഷകളിലായി 5000-ഓളം നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്

മനീഷ് എംജെ

മനീഷ് എംജെ

ബംഗളൂരുവില്‍ എത്തിച്ചേരുന്ന ഏതൊരു നാടക പ്രേമിയും ആദ്യം തിരയുന്ന സ്ഥലമാണ് രംഗശങ്കര തിയേറ്റര്‍. ബംഗളൂരുവിലെ നാടക പ്രസ്ഥാനങ്ങളെ മനസിലാക്കാന്‍ ഒരു യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ ആദ്യം സന്ദര്‍ശിക്കേണ്ട സ്ഥലമാണ് രംഗശങ്കര തിയേറ്റര്‍ എന്ന സ്ഥിരം നാടക വേദി. സിനിമകള്‍, വിഡിയോ ഗെയിമുകള്‍ തുടങ്ങി ഇലട്രോണിക് ഫോര്‍മാറ്റുകളില്‍ നിരവധി വിനോദോപാധികള്‍ സ്മാര്‍ട്ട് ഫോണുകളിലൂടെയും മറ്റും ഒരു വിരല്‍സ്പര്‍ശത്താല്‍ സാധ്യമാകുന്ന ഈ കാലഘട്ടത്തില്‍, ബംഗളൂരുവിനെ പോലെയുള്ള ഒരു മഹാനഗരത്തില്‍ നാടകങ്ങളെ ഇപ്പോഴും സജീവമാക്കുന്നതില്‍ രംഗശങ്കരയുടെ പങ്ക് ചെറുതല്ല. മാളുകളിലും സിനിമാ തിയേറ്ററുകളിലും ഒഴിവ് ദിനങ്ങള്‍ ചെലവിടുന്ന ബംഗളൂരു നിവാസികള്‍ക്ക് വ്യത്യസ്തമായ ഒരു ഒഴിവുദിന അനുഭവം നല്‍കുന്ന സ്ഥലം എന്ന നിലയിലും രംഗശങ്കര ബംഗളൂരുകാരുടെ ഇടയില്‍ പ്രശസ്തമാണ്.

ഭര്‍ത്താവിന്റെ ആഗ്രഹം സഫലീകരിക്കാന്‍ ഭാര്യ നടത്തിയ പ്രയ്തനമാണ് രംഗശങ്കര തിയേറ്ററിന്റെ പിറവിക്ക് പിന്നില്‍. കന്നഡികരുടെ മനസ് കീഴടക്കിയ ശങ്കര്‍ നാഗ് എന്ന അതുല്ല്യ നടനാണ് ആ ഭര്‍ത്താവ്. ദൂരദര്‍ശന്‍ കാലത്തെ പ്രശസ്ത പരമ്പരകളില്‍ ഒന്നായ ആര്‍ കെ നാരായണന്റെ മാല്‍ഗുഡി ഡെയ്‌സിന് ദൃശ്യഭാഷ്യം നല്‍കിയ അതേ ശങ്കര്‍ നാഗ്. നാടക നടിയും നാടകപ്രവര്‍ത്തകയും സിനിമാ നടിയുമായ അരുന്ധതി നാഗ് ആണ് ആ ഭാര്യ. ആഷിഖ് അബു സംവിധാനം ചെയ്ത ‘ഡാ തടിയാ’ എന്ന സിനിമയിലെ തടിയന്റെ മുത്തശ്ശി എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്കും അരുന്ധതി നാഗിനെ ഓര്‍മ്മ വരും. ശങ്കര്‍ നാഗിന്റെ ഓര്‍മ്മയ്ക്കാണ് ഈ തിയേറ്ററിന് രംഗശങ്കര എന്ന പേരിട്ടത്.

ശങ്കര്‍ നാഗും അരുന്ധതിയും
തന്റെ പതിനേഴാം വയസിലാണ് അരുന്ധതി, ശങ്കര്‍ നാഗ് എന്ന നാടക നടനെ മുംബൈയില്‍ വച്ച് കണ്ടു മുട്ടുന്നത്. കര്‍ണ്ണാടകയിലെ ഹൊന്നോവറില്‍ ഒരു കൊങ്കണി കുടുംബത്തില്‍ ജനിച്ച ശങ്കര്‍ നാഗ് നാടക മോഹങ്ങളുമായി മുബൈയില്‍ എത്തിപ്പെട്ടതായിരുന്നു. ഡല്‍ഹിയില്‍ ജനിച്ച അരുന്ധതി തന്റെ പത്താം വയസില്‍ കുടുംബത്തോടൊപ്പം മുംബൈയില്‍ എത്തിയതാണ്. ആ കണ്ടുമുട്ടലിന് ആറു വര്‍ഷത്തിന് ശേഷം വിവാഹിതരായ ഇരുവരും മുംബൈയില്‍ നിന്ന് ബംഗളൂരിവിലേക്ക് എത്തിച്ചേരുകയായിരുന്നു.

ശങ്കര്‍ നാഗിനൊപ്പം ബെംഗളൂരുവില്‍ എത്തിച്ചേര്‍ന്ന ആ കാലഘട്ടത്തില്‍ അവിടുത്തെ നാടക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അരുന്ധതി നാഗ് പറയുന്നത് ഇങ്ങനെയാണ്. ‘രവീന്ദ്ര കലാക്ഷേത്ര ഒഴികെ അക്കാലത്ത് നാടകം അവതരിപ്പിക്കാന്‍ വേറെ ഒരു തിയേറ്ററും ബംഗളൂരുവില്‍ ഇല്ലായിരുന്നു. മുംബൈയില്‍ ആയിരുന്നപ്പോള്‍ ഗുജറാത്തി, മറാത്തി, ഹിന്ദി ഭാക്ഷകളിലായി ചിലപ്പോള്‍ 42 ഷോകള്‍ വരെ മാസത്തില്‍ അവതരിപ്പിച്ചിരുന്നു. പെട്ടന്ന് ഈ ടൗണില്‍ വന്നപ്പോള്‍ ഒരു തിയേറ്ററിലും ഒരു ഷോയിലുമായി അത് ചുരുങ്ങിയത് എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു’

അതുകൊണ്ട് തന്നെ ഒരു നാടക തിയേറ്റര്‍ എന്ന ആഗ്രഹം അരുന്ധതിക്ക് ബംഗളൂരുവില്‍ എത്തിയത് മുതല്‍ക്കെ ഉണ്ടായിരുന്നു. അത്തരം ഒരു ആഗ്രഹത്തിന്റെ സാക്ഷാത്കാരമായാണ് വര്‍ഷങ്ങള്‍ക്ക് ശേഷം രംഗശങ്കര എന്ന തിയേറ്റര്‍ ഉണ്ടായത്. പക്ഷെ ആ സമയത്ത് ശങ്കര്‍ നാഗ് അരുന്ധതിയുടെ കൂടെ ഇല്ലായിരുന്നു. 1990-ല്‍ നടന്ന ഒരു കാറപകടത്തില്‍ ശങ്കര്‍ നാഗ് ഓര്‍മ്മകളിലേക്ക് മായുകയായിരുന്നു. ശങ്കര്‍ നാഗിന്റെ മരണശേഷം 1992-ല്‍ സാങ്കേത് എന്ന പേരില്‍ ഒരു ട്രസ്റ്റാണ് അരുന്ധതിയുടെ നേതൃത്വത്തില്‍ ആദ്യം ആരംഭിച്ചത്. ഇന്ത്യയിലെ തന്നെ പ്രശസ്ത നാടക പ്രവര്‍ത്തകനായ ഗിരീഷ് കര്‍ണാട്ടാണ് സാങ്കേതിന്റെ ചെയര്‍മാന്‍. സങ്കേതിന്റെ കീഴിലാണ് രംഗശങ്കര തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനേക്കുറിച്ച് അരുന്ധതി നാഗ് അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെയാണ്. ‘ഞാന്‍ മനസിലാക്കിയിട്ടുള്ളത് ഒരു തിയേറ്റര്‍ സ്ഥാപിക്കുക, അല്ലെങ്കില്‍ ഒരു റിഹേഴ്‌സല്‍ സ്ഥലം സ്ഥാപിക്കുക എന്നതാണ് ഓരോ നാടക പ്രവര്‍ത്തകന്റേയും ഏറ്റവും വലിയ സ്വപ്‌നം. ഞങ്ങള്‍ക്കും അതുപോലെ ഒരു സ്വപ്നമുണ്ടായിരുന്നു. പക്ഷെ അത് സഫലീകരിക്കാന്‍ ഒരുപാട് നാളുകള്‍ എടുത്തു. അതിനായി കൃത്യമായ പദ്ധതികളൊ രൂപരേഖകളൊ ഒന്നും ഇല്ലായിരുന്നു, പക്ഷേ അത് വളരെ ശക്തമായ ആഗ്രഹമായി ഞങ്ങളുടെ മനസില്‍ കിടക്കുകയായിരുന്നു. പിന്നീട് അതിന് ചിറകുകള്‍ ഉണ്ടായി.’

1994-ല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ തിയേറ്റര്‍ നിര്‍മ്മിക്കാന്‍ സാങ്കേത് ട്രസ്റ്റിന് ബംഗളൂരുവിലെ ജെ പി നഗറില്‍ സൗജന്യമായി സ്ഥലം നല്‍കിയെങ്കിലും ഫണ്ടില്ലാത്തതിനാല്‍ പത്ത് വര്‍ഷം എടുത്തു അവിടെ രംഗശങ്കര തിയേറ്റര്‍ ഉയര്‍ന്ന് വരാന്‍. അരുന്ധതിക്കൊപ്പം ശങ്കര്‍ നാഗിന്റെ സുഹൃത്തുക്കളും ഈ സ്വപ്ന സഫലീകരണത്തിന് പങ്കുകാരായി. 2004 ഒക്ടോബര്‍ 28-ന് പ്രവര്‍ത്തനം ആരംഭിച്ച ഈ നാടക ശാലയില്‍ ഇതുവരെ 34 ഭാഷകളിലായി അയ്യായിരത്തോളം നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

വരൂ നമുക്കൊരു നാടകം കാണാം
സൗത്ത് ബംഗളൂരുവിലെ ജെപി നഗര്‍ സെക്കന്റ് ഫേസിലാണ് രംഗശങ്കര തിയേറ്റര്‍ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവിടെ എത്തിപ്പെടുക അത്ര പ്രയാസമല്ല. ബന്നേര്‍ഗട്ട റോഡില്‍ നിന്നും, ജയദേവ-ബനശങ്കരി റോഡില്‍ നിന്നും വളരെ എളുപ്പത്തില്‍ തന്നെ ഇവിടെ എത്തിച്ചേരാം. ജയദേവയില്‍ നിന്ന് ബനശങ്കരിയിലേക്കുള്ള റോഡിലൂടെ മുന്നോട്ട് നീങ്ങുമ്പോള്‍ ഈസ്റ്റ് എന്‍ഡ് കഴിഞ്ഞ് സെന്‍ട്രല്‍ മാളിനപ്പുറം വലത്തോട്ടുള്ള റോഡിലൂടെ യാത്ര ചെയ്താല്‍ ജെ പി നഗര്‍ പൊലീസ് സ്റ്റേഷന്റെ അരികിലെത്തും. പോലീസ് സ്റ്റേഷന് വളരെ അടുത്ത് തന്നെ, ഒരു മൈതാനത്തിന് അഭിമുഖമായിട്ടാണ് രംഗശങ്കര തിയേറ്റര്‍ സ്ഥിതി ചെയ്യുന്നത്.

തിങ്കളാഴ്ചകള്‍ ഒഴികെ ആഴ്ചയില്‍ എല്ലാ ദിവസവും രംഗശങ്കരയില്‍ നാടക പ്രദര്‍ശനമുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം മൂന്നരയ്ക്കും ഏഴരയ്ക്കുമായി രണ്ട് പ്രദര്‍ശനങ്ങളും മറ്റു ദിവസങ്ങളില്‍ വൈകുന്നേരം ഏഴരയ്ക്കുമാണ് ഇവിടെ പ്രദര്‍ശനം. 100 മുതല്‍ 200 രൂപ വരെയുള്ള ഇവിടുത്തെ ടിക്കറ്റ് നിരക്ക് നാടകങ്ങളുടെ പ്രാധാന്യവും ദൈര്‍ഘ്യവും അനുസരിച്ചാണ്. നാടകം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബുക്ക് മൈഷോയിലൂടെ ടിക്കറ്റുകള്‍ നേരത്തെ തന്നെ ബുക്ക് ചെയ്യാം. സിനിമാ തിയേറ്ററുകളിലേത് പോലെ നമുക്ക് ഇഷ്ടമുള്ള സീറ്റുകളൊന്നും തെരഞ്ഞെടുക്കാന്‍ കഴിയില്ല. നമ്മള്‍ തിയേറ്ററില്‍ കയറുന്നതിന് അനുസരിച്ച് നല്ല ഒരു ഇരിപ്പിടം തെരഞ്ഞെടുക്കാം. നാടകം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ തിയേറ്ററില്‍ എത്തിച്ചേരണം എന്നത് ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ ലഭിക്കുന്ന ഒരു നിബന്ധനയാണ്. താമസിച്ച് എത്തുന്നവരെ നാടകം കാണാന്‍ അനുവദിക്കില്ല. നാടകം തുടങ്ങിയതിന് ശേഷം ആളുകളെ നാടക ശാലയില്‍ പ്രവേശിപ്പിക്കുന്നത് മറ്റു കാണികളുടെ ആസ്വാദനത്തേയും അഭിനേതാക്കളുടെ ഏകാഗ്രതേയും ബാധിക്കും. അതുപോലെ തന്നെ നാടകശാലയ്ക്കുള്ളില്‍ മൊബൈല്‍ ഫോണിന്റേ ഉപയോഗം കര്‍ശനമായി വിലക്കിയിട്ടുണ്ട്.

രംഗശങ്കര എന്ന് കന്നഡയില്‍ വലിയ അക്ഷരത്തിലും താഴെ ചെറിയ അക്ഷരത്തില്‍ ഇംഗ്ലീഷിലും എഴുതിയിട്ടുള്ള കവാടം കടന്നാല്‍ നാടകശാലയായി.  നാടകശാലയ്ക്ക് പുറമെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് അവിടുത്തെ ഒരു പുസ്തകശാലയാണ്. നാടകവുമായി ബന്ധപ്പെടുന്ന ഒട്ടുമിക്ക എല്ലാ പുസ്തകങ്ങളും ഇവിടെ ലഭിക്കും. രണ്ടാമത്തെ കാര്യം കഫ്റ്റീരിയ. ചൂട് കാപ്പിക്കൊപ്പം നാടകങ്ങളെക്കുറിച്ചുള്ള ചൂട് ചര്‍ച്ചകളും സജീവമാകാറുള്ള രസികന്‍ കഫ്റ്റീരിയ. പലനാടകങ്ങള്‍ക്കും ഇടവേള ഉണ്ടാകാറില്ലാ എന്നതിനാല്‍ നാടകം തുടങ്ങുന്നതിന് മുന്‍പേയും നാടകത്തിന് ശേഷവുമാണ് ആളുകള്‍ കഫ്റ്റീരിയകളിലെ ഇരിപ്പിടങ്ങള്‍ തേടാറുള്ളത്. നാടകം കണ്ട് കഴിഞ്ഞതിന് ശേഷമാണെങ്കില്‍ കണ്ട നാടകത്തെക്കുറിച്ചുള്ള ഗംഭീര ചര്‍ച്ചകളിലും പങ്കെടുക്കാം.

തിയേറ്ററിനുള്ളില്‍ പ്രവേശിക്കുന്നതിന് മുന്‍പെ നാടകത്തെക്കുറിച്ചും അഭിനേതാക്കളേക്കുറിച്ചും അണിയറ പ്രവര്‍ത്തകരേക്കുറിച്ചും വിവരിക്കുന്ന ഒരു ലഘുലേഖ എല്ലാവര്‍ക്കും വിതരണം ചെയ്യും. ആ ലഘുലേഖയില്‍ നമ്മള്‍ കാണാന്‍ പോകുന്ന നാടകത്തേക്കുറിച്ച് എല്ലാക്കാര്യങ്ങളുടേയും വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ടാകും.

പൂര്‍ണ്ണമായും ശീതികരിച്ച നാടകശാലയില്‍ 320 പേര്‍ക്ക് ഇരുന്ന് നാടകം ആസ്വദിക്കാന്‍ കഴിയും. താഴെയാണ് സ്റ്റേജ്. സ്റ്റേജില്‍ നിന്ന് ബാല്‍ക്കണി പോലെ ഉയര്‍ന്ന് നില്‍ക്കുന്നിടത്താണ് കാണികള്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് (Thrust stage). അര്‍ദ്ധവൃത്താകൃതിയിലുള്ള ബഞ്ചുകളാണ് കാണികള്‍ക്ക് ഇരിപ്പിടമായിട്ടുള്ളത്. ഓരോ നാടകത്തിന് ശേഷവും അണിയറ പ്രവര്‍ത്തകരുമായും അഭിനേതാക്കളുമായി സംവദിക്കാനും കാണികള്‍ക്ക് അവസരമുണ്ട്.

ചൂടന്‍ ചര്‍ച്ചകളിലെ കഫ്റ്റീരിയ
രംഗശങ്കര സന്ദര്‍ശിക്കുന്ന ഭക്ഷണപ്രിയരുടെ കണ്ണുടക്കുന്ന ഒരു സ്ഥലമാണ് തിയേറ്ററിന്റെ ഇടത് വശത്തായി സ്റ്റെയര്‍കെയ്‌സിന്റെ താഴെയായി നിര്‍മ്മിച്ചിട്ടുള്ള അഞ്ജുസ് കഫെ. ഓപ്പണ്‍ സ്‌പെയിസില്‍ ഒരു വശം മുളകള്‍ കോണ്ട് മറച്ച് കലാപരമായി അലങ്കരിച്ചാണ് ഈ കഫേയുടെ രൂപകല്‍പ്പന. അഞ്ജു സുദര്‍ശന്‍ എന്ന സ്ത്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കഫേയ്ക്ക് രംഗശങ്കരയുടെ അതേ വയസാണ്. കന്നഡികരുടെ തനത് വിഭവമായ അക്കി റോട്ടിയാണ് ഇവിടുത്തെ പ്രധാന കഥാപാത്രം. ഇത് കൂടാതെ എല്ലാത്തരം ജ്യൂസുകളും വടകളും ദോശകളുമൊക്കെ നാടകം കാണാന്‍ എത്തുന്നവര്‍ക്ക് ഇവിടെ രുചിക്കാന്‍ സൗകര്യമുണ്ട്. അഞ്ജുസ് കഫേ സന്ദര്‍ശിക്കുവര്‍ തങ്ങളുടെ രുചി തേടുന്നതിനൊപ്പം നാടകത്തെക്കുറിച്ച് സംസാരിക്കാനും താല്‍പര്യമുള്ളവരാണ്. രാവിലെ പതിനൊന്ന് മണി മുതല്‍ വൈകുന്നേരം ഒന്‍പത് മണി വരെ പ്രവര്‍ത്തിക്കുന്ന ഈ കഫേയുടെ പലകോണുകളില്‍ നിന്നും നാടക ചര്‍ച്ചകള്‍ എപ്പോഴും ഉയരാറുണ്ട്.

ഉത്തര്‍പ്രദേശുകാരനായ അശോക് കുമാര്‍, രംഗശങ്കര ഇടയ്ക്കിടെ സന്ദര്‍ശിക്കുന്ന ഒരാളാണ്. ബംഗളൂരുവിലെ ഒരു എന്‍ജിഒ സ്ഥാപനത്തില്‍ ജോലി ചെയുന്ന അശോക് കുമാര്‍ പാര്‍ട്ട് ടൈം തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയാണ്. ബംഗളൂരുവിലെ നാടക സംസ്‌കാരത്തെക്കുറിച്ച് വളരെ പോസറ്റീവ് ആയിട്ടുള്ള കാര്യങ്ങളാണ് അശോക് അഴിമുഖം പ്രതിനിധിയുമായി പങ്കുവച്ചത്.

ബംഗളൂരുവിലെ നാടക പ്രസ്ഥാനങ്ങളുടെ ഭാവിയേക്കുറിച്ച് ആശങ്കപ്പെടേണ്ട ഒരു കാര്യവും ഇല്ലെന്നാണ് അശോകിന്റെ കാഴ്ചപ്പാട്. വിവിധ തരത്തിലുള്ള കലാരൂപങ്ങളെ സ്വീകരിക്കാന്‍ തക്കവിധം ഹൃദയ വിശാലതയുള്ളവരാണ് ബെംഗളൂരു നിവാസികള്‍ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതിനോടൊപ്പം നാടകങ്ങളും ബംഗളൂരു ജനത നെഞ്ചിലേറ്റുന്നവരാണ്. മികച്ച ആശയങ്ങളുടെ പിന്‍ബലത്തോടെ രൂപീകരിക്കുന്ന നിരവധി അമേച്വര്‍ തിയേറ്റര്‍ ഗ്രൂപ്പുകളാണ് യഥാര്‍ത്ഥത്തില്‍ നഗരത്തില്‍ നാടകങ്ങളെ സജീവമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നതെന്നും അശോക് പറയുന്നു.

ബംഗളൂരു പോലുള്ള നഗരത്തില്‍ സ്വീകാര്യത കൂടുതല്‍ ഹാസ്യ നാടകങ്ങള്‍ക്കാണെന്നാണ് അശോകിന്റെ നിരീക്ഷണം. എന്നിരുന്നാലും പരീക്ഷണ നാടകങ്ങളും ജനങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദി, ഗുജറാത്തി നാടകങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇംഗ്ലീഷ് നാടകങ്ങള്‍ക്കാണ് കൂടുതല്‍ സ്വീകാര്യത. അത് പോലെ തന്നെ കന്നഡ നാടകങ്ങള്‍ കാണാനും ആളുകള്‍ ഉണ്ട്. ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലെ തിയേറ്ററുകളെ അപേക്ഷിച്ച് കൂടുതല്‍ പ്രൊഫഷണല്‍ ആണ് ബംഗളൂരുവിലെ തിയേറ്റര്‍ ഗ്രൂപ്പുകള്‍. ലിറ്റില്‍ തിയേറ്റര്‍, വീ മൂവ് തിയേറ്റര്‍, സാര്‍ഥക് തിയേറ്റര്‍, ടീം എ പ്രൊഡക്ഷന്‍ തുടങ്ങിയ തിയേറ്റര്‍ ഗ്രൂപ്പുകളാണ് ബംഗളൂരുവിലെ ഏറ്റവും സജീവമായ നാടക പ്രസ്ഥാനങ്ങളെന്നും അശോക് പറയുന്നു.

അതേസമയം, നാടക പ്രസ്ഥാനങ്ങള്‍ ബെംഗളൂരുവില്‍ സജീവമായി നിലനില്‍ക്കുമ്പോള്‍ തന്നെ, അത് കലാകാരന്മാര്‍ക്കുള്ള ഒരു ജീവിത മാര്‍ഗമായി മാറുന്നില്ല എന്നാണ് ബംഗളൂരുവിലെ ഒരു പബ്ലിക്കേഷന്‍ സ്ഥാപനത്തില്‍ ജോലി നോക്കുന്ന വിജയ് മരാളിയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ മിക്ക നാടക നടന്മാരും പാര്‍ട്ട് ടൈം ആയി മാത്രമെ നാടകത്തെ കാണുന്നുള്ളുവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഐ ടി മേഖലകളില്‍ ജോലി ചെയ്യുന്ന പലരും പാര്‍ട്ട് ടൈം ആയി നാടക പ്രസ്ഥാനങ്ങളുമായി സഹകരിക്കുന്നുണ്ട്. നാടകത്തോടുള്ള അവരുടെ അഭിനിവേശം മാത്രമല്ല, ജോലിത്തിരക്കുളില്‍ നിന്നുള്ള ഒരു റിലാക്‌സ് ആയിട്ടും നാടക അഭിനയത്തെ കാണുന്നവരും ബംഗളൂരുവില്‍ നിരവധിയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മനീഷ് എംജെ

മനീഷ് എംജെ

ഓൺലൈൻ ജേർണലിസ്റ്റ് , ജനകീയ സിനിമ പ്രവർത്തകൻ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍