UPDATES

വായന/സംസ്കാരം

‘കഥകളി പഠിപ്പിക്കുന്നിടത്ത് പെയിന്‍റ് പണിക്കാര്‍ക്കെന്ത് കാര്യം?’ അഥവാ ആര്‍എല്‍വി കോളേജിലെ ജാതിമേലാളന്മാര്‍ക്കെന്ത് കല?

ആര്‍എല്‍വി കോളേജില്‍ ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തിനോട് വിവേചനം; നിരാഹാര സത്യഗ്രഹവുമായി വിദ്യാര്‍ഥികള്‍

“ഞങ്ങള്‍ ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥികള്‍ ചെളിപ്പണിക്കാരാണെന്നും പെയിന്റ് പണിക്കാരാണെന്നുമാണ് കോളേജിലെ ചില അധ്യാപകര്‍ പറയാറ്. പകുതിയിലേറെയും ദലിത് വിദ്യാര്‍ഥികളും സാമ്പത്തികമായി താഴെ നില്‍ക്കുന്ന സാധാരണ കുടുംബങ്ങളിലെ വിദ്യാര്‍ഥികളും പഠിക്കുന്ന ഫൈന്‍ ആര്‍ട്‌സ് കോഴ്‌സുകളായ സ്കള്‍പ്ച്ചര്‍, അപ്ലൈഡ് ആര്‍ട്, പെയിന്റിംഗ് എന്നീ ക്ലാസുകളിലെ വിദ്യാര്‍ഥികളോടുള്ള വിവേചനം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. പഠിപ്പിക്കുന്നതിന് വേണ്ടത്ര അധ്യാപകരില്ല, ക്ലാസ് മുറികളുടെ അഭാവം, കാലം കഴിഞ്ഞ സിലബസ്, പോരാത്തതിന് ഫൈന്‍ ആര്‍ട്‌സിനെ തന്നെ കോളേജില്‍ നിന്ന് പുറത്താക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് ഞങ്ങള്‍ വിദ്യാര്‍ഥികള്‍ നേരിടുന്നത്.” തൃപ്പൂണിത്തുറ രാധാലക്ഷ്മി വിലാസം സ്‌കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് കോളേജിലെ (ആര്‍.എല്‍.വി കോളേജ്) ബിഎഫ്എ പെയിന്റിംഗ് നാലാം വര്‍ഷ വിദ്യാര്‍ഥിയായ എം. റിതുന്‍ അഴിമുഖത്തോട് പറഞ്ഞു.

തുറവൂര്‍ സ്വദേശിയായ റിതുന്‍ ജനിച്ചത് ഒരു കലാ കുടുംബത്തിലാണ്. കൊത്തുപണികള്‍ ചെയ്ത് ഉപജീവനം കഴിക്കുന്ന അച്ഛനെ കണ്ടാണ് റിതുന്‍ വളര്‍ന്നത്. അങ്ങനെയാണ് എംജി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള തൃപ്പുണിത്തുറ ആര്‍എല്‍വി കോളേജില്‍ ചേര്‍ന്നതും. പെയിന്റിംഗിനോടായിരുന്നു ഇഷ്ടം. എന്നാല്‍ കോളജിലെത്തിയപ്പോള്‍ അനുകൂല സാഹചര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് റിതുന്‍ പറയുന്നു.

“സാധാരണ കോളേജുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇവിടുത്തെ രീതികളെല്ലാം. വിദ്യാര്‍ഥികള്‍ പഠനത്തിന്റെ ഭാഗമായി കലാസൃഷ്ടികള്‍ നടത്താന്‍ ഉപയോഗിക്കുന്ന ക്ലെ, സ്‌റ്റോണ്‍, വുഡ്, പച്ചിംഗ് ഷീറ്റ്, എച്ചിംഗ് പ്ലേറ്റ്, വുഡെന്‍ ബ്ലോക്ക്, ആസിഡ്, എയര്‍ ഗണ്‍, കളര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കോളജ് ചിലവില്‍ നല്‍കണമെന്നാണ്. എന്നാല്‍ ഇവിടെ കോളജ് അധികൃതര്‍ ഇതിന് തയാറാകാറില്ല”; പോരാത്തതിന് ഞങ്ങള്‍ വിദ്യാര്‍ഥികള്‍ സൃഷ്ടിച്ചെടുത്ത കലാസൃഷ്ടികളെ തെല്ലും വിലയില്ലാതെ ഈ ചെളിക്കുണ്ടങ്ങള്‍ എങ്ങോട്ടെങ്കിലും മാറ്റിക്കൂടെ എന്നാണ് കോളജിലെ മുന്‍ പ്രിന്‍സിപ്പലുള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടുള്ളതെന്നും റിതുന്‍ പറയുന്നു.

കോളജ് അധികൃതരുടെ വരേണ്യ മനോഭാവത്തിനെതിരെ അംബേദ്ക്കര്‍, അയ്യങ്കാളി തുടങ്ങിയ സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ ചിത്രങ്ങള്‍ പ്രിന്‍സിപ്പലിന്റെ മുറിയുടെ മുന്‍വശത്തുള്‍പ്പെടെ വരച്ച് സര്‍ഗാത്മക പ്രതിഷേധത്തിന് തുടക്കമിട്ടതും റിതുന്‍ ആയിരുന്നു. റിതുനെ പോലെ കലയോടുള്ള അതിയായ ഇഷ്ടം കൊണ്ട് ഇവിടെ പഠിക്കാന്‍ വന്നവരാണ് ഏറെയും. എന്നാല്‍ സര്‍ക്കാര്‍ കോളേജായിട്ടും ചില സ്ഥാപിത താത്പര്യങ്ങളാണ് കോളേജില്‍ നടപ്പാക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

ഫൈന്‍ആര്‍ട്‌സ് വിദ്യാര്‍ഥികളെ അവഗണിക്കുന്ന കോളേജ് അധികൃതരുടെ നിലപാടിനെതിരെ 15 ദിവസമായി തുടരുന്ന സമരത്തിനൊടുവില്‍ റിലേ നിരാഹാര സമരം നടത്തുകയാണ് വിദ്യാര്‍ഥികള്‍. കാലഹരണപ്പെട്ട സിലബസ്, സ്ഥിരം അധ്യാപകരുടെ അഭാവം, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മ, കോളേജധികൃതരുടെ ജാതി വിവേചനം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോളേജിന് പുറത്ത് പൊരിവെയിലിനെയും അവഗണിച്ച് വിദ്യര്‍ഥികള്‍ സമരം ചെയ്യുന്നത്. കോളേജിന് അവധിയായിട്ടും ഫൈന്‍ ആര്‍ട്‌സിലെ വിദ്യാര്‍ഥികള്‍ പല ദിവസങ്ങളിലായി എത്തിയാണ് നിരാഹാര സമരം നടത്തുന്നത്.

കഥകളി പിജി കോഴ്‌സിന് ക്ലാസ് മുറികളില്ലെന്ന പേരില്‍ ബിഎഫ്എ ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തിന്റെ ക്ലാസ് റൂം വിട്ടുകൊടുക്കാന്‍ പ്രിന്‍സിപ്പല്‍ ഉത്തരവിറക്കിയതോടെയാണ് സമരത്തിന്റെ തുടക്കം.

കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലക്കു കീഴിലുള്ള സർക്കാർ കോളേജ് ആയ ആര്‍.എല്‍.വിയില്‍ സംഗീതം, പെര്‍ഫോമിങ് ആര്‍ട്‌സ്, ഫൈന്‍ ആര്‍ട്‌സ് എന്നീ മൂന്നു ഫാക്കല്‍റ്റികളിലായി 13 കലകളാണ് പഠിപ്പിക്കുന്നത്. സംഗീതത്തിനും പെര്‍ഫോമിങ് ആര്‍ട്‌സിനുമാണ് കോളേജ് പ്രാധാന്യം നല്‍കുന്നത്. ഫൈന്‍ ആര്‍ട്‌സിനോട് സര്‍വകലാശാലക്കും കോളേജ് അധികൃതര്‍ക്കുമുള്ള അവജ്ഞയ്ക്കു കാലങ്ങളുടെ പഴക്കമുണ്ട്. ഫൈന്‍ ആര്‍ട്‌സിലെ സിലബസ് 2013ല്‍ സര്‍വകലാശാല പരിഷ്‌കരിച്ചിരുന്നു. എന്നാല്‍ പുതിയ സിലബസ് നടപ്പാക്കാന്‍ അഞ്ചു വര്‍ഷമാകുമ്പോഴും കോളേജ് അധികൃതര്‍ തയാറായിട്ടില്ല. കോളേജിന്റെ തുടക്കകാലത്തുള്ള സിലബസാണ് ഇപ്പോഴും തുടരുന്നത്. കോളേജിലെ അഡ്മിനിസ്‌ഷ്രേന്‍ വിഭാഗം പുതിയ സിലബസ് കൊണ്ടുവരുന്നതിന് വേണ്ട നടപടി ക്രമങ്ങള്‍ ചെയ്യുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഫൈന്‍ ആര്‍ട്‌സ് വിഭാഗങ്ങളോടുള്ള വേര്‍തിരിവും സര്‍ക്കാര്‍ കോളേജ് ആയതു കൊണ്ടും ഇതിനെല്ലാം പുറകെ നടക്കാന്‍ ആരും തന്നെ മുന്നോട്ട് വരാറില്ലാത്തതുമാണ് കോളേജിന്റെ പ്രശന്ങ്ങള്‍ക്ക് കാരണമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍ എംജി സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ആണെങ്കിലും സര്‍വകലാശാല തലത്തില്‍ ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ വിദഗ്ധരില്ലെന്നും ഇക്കാര്യത്തില്‍ കോളേജ് അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിന്റെ കെടുകാര്യസ്ഥതയും ഉണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലും കോളേജിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന് മടിയാണ്. ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റുഡിയോകള്‍ പഴക്കം ചെന്നവയും പരിമിത സൗകര്യങ്ങള്‍ ഉള്ളവയുമാണ്. അധ്യാപക നിയമനത്തിലും ഇതേ നിസ്സംഗത കാണാം. സ്ഥിരം അധ്യാപകരെ നിയമിക്കണമെന്ന ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല. ഫാക്കല്‍റ്റിയിലേറെയും താല്‍ക്കാലിക അധ്യാപകരാണ്. ഇവരുടെ ശമ്പളം, കുട്ടികളുടെ ഗ്രാന്റ്, സ്‌കോളര്‍ഷിപ്പ് എന്നിവ കൃത്യമായി വിതരണം ചെയ്യാറുമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായ കോളജിന് വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റല്‍ സൗകര്യമില്ല. സാമ്പത്തിക ബുദ്ധിമുട്ടു മൂലം പല വിദ്യാര്‍ഥികളും കോളേജിലെ വരാന്തകളിലാണ് അന്തി ഉറങ്ങുന്നത്. ഇതിനിടെയാണ് ഫൈന്‍ ആര്‍ട്‌സ് ക്ലാസ് റൂമുകള്‍ സംഗീതത്തിനും കഥകളിക്കുമായി ഒഴിഞ്ഞുകൊടുക്കാന്‍ അടുത്തിടെ വിരമിച്ച പ്രിന്‍സിപ്പല്‍ ഉത്തരവിട്ടത്. ഇനിയും മിണ്ടാതിരുന്നാല്‍ ഫൈന്‍ ആര്‍ട്‌സിനെ പുറത്താക്കുമെന്ന് മനസിലാക്കിയ വിദ്യാര്‍ഥികള്‍ സമരം ആരംഭിക്കുകയായിരുന്നു. സമരത്തിന് പൂര്‍വ വിദ്യാര്‍ഥികളുടെയും ഏതാനും അധ്യാപകരുടെയും പിന്തുണ ലഭിച്ചു. എന്നാല്‍ കോളേജിനകത്തെ സമരത്തിനെതിരെ പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കോളേജ് മുന്നിലേക്ക് സമരം മാറ്റുകയായിരുന്നു.

ഗായകന്‍ യേശുദാസിനെ പുറകിലത്തെ ബഞ്ചില്‍ കൊണ്ടിരുത്തിയ കോളജ്; ജാതി വിവേചനം ഇപ്പൊഴും തുടരുന്നു

“1936 ല്‍ തൃപ്പൂണിത്തുറയിലെ രാജകുടുംബത്തിപ്പെട്ടവര്‍ക്ക് വേണ്ടിയിട്ട് സംഗീതവും, ചിത്രകലയും പഠിപ്പിക്കുന്നതിന് വേണ്ടി ഫൈന്‍ ആര്‍ട്‌സ് അക്കാദമി എന്ന പേരില്‍ തുടങ്ങിയതായിരുന്നു ഇപ്പോഴത്തെ ആര്‍എല്‍വി കോളേജ്. പിന്നീട് 56 ല്‍ സര്‍ക്കാര്‍ എറ്റെടുക്കുമ്പോള്‍ അക്കാദമിയുടെ രാധാലക്ഷ്മി വിലാസം എന്ന പേര് മാറ്റരുതെന്ന ആവശ്യവും ഉണ്ടായിരുന്നു. കോളേജ് എഡ്യൂക്കേഷന്റെ കീഴില്‍ വരുകയും ചെയ്തത്. 56 ല്‍ ഇത് തമിഴ് ബ്രാഹ്മണ സംഗീതത്തിനായി ഒരു സ്ഥാപനം എന്ന രീതിയിലാണ് കണ്ടിരുന്നത്. അന്ന് മുതല്‍ ഫൈന്‍ ആര്‍ട്‌സിനോട് വിവേചനം ഉണ്ടായിരുന്നു. ഇതിനെ ശുദ്ധകലയെന്ന രീതിയില്‍ കണ്ടിരുന്നില്ല. അതിനാല്‍ സംഗീതവും ഫൈന്‍ ആര്‍ട്‌സും രണ്ട് തട്ടില്‍ നിര്‍ത്തിയിരുന്നു. പീന്നീട് തൃപ്പൂണിത്തുറയിലെ നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് സംഗീതവും ഫൈന്‍ആര്‍ട്‌സും ഒന്നിച്ചു ഒരു ക്യാപസില്‍ വരുത്തിയത്.” കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു മുതല്‍ കോളേജില്‍ സവര്‍ണ പ്രശ്‌നം ഉടലെടുത്തിരുന്നെന്ന് കോളേജിലെ പൂര്‍വവിദ്യാര്‍ഥിയും ശില്‍പിയുമായ പി.എച്ച് ഹോച്ച്മിന്‍ പറയുന്നു.

‘ഉന്നതകല’യില്‍ ദളിതര്‍ക്കെന്ത് കാര്യം? തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ദളിത്‌ നൃത്താധ്യാപികയെ പുറത്തുനിര്‍ത്തുമ്പോള്‍

രണ്ടാം വര്‍ഷ സംഗീത വിദ്യാര്‍ഥിയായിരിക്കെ നസ്രാണിയുടെ നാവില്‍ സംഗീതം വരില്ലെന്നു പറഞ്ഞു ഗായകന്‍ യേശുദാസിനെ പുറകിലത്തെ ബഞ്ചില്‍ കൊണ്ടിരുത്തിയ കോളേജായിരുന്നു ആര്‍എല്‍വി. തുടര്‍ന്നാണ് അദ്ദേഹം തിരുവനന്തപുരം സ്വാതി തിരുനാള്‍ കോളേജില്‍ ചേര്‍ന്നത്. ദളിത് കുട്ടികളെ പുറകിലിരുത്തുക, അധ്യാപകരുടെ വീട്ടില്‍ വെച്ച് നല്‍കുന്ന ട്യൂഷന് ദലിത് കുട്ടികളെ പങ്കെടുപ്പിക്കാതിരിക്കുക, ഇങ്ങനെ സംഗീത വിദ്യാര്‍ഥികള്‍ക്ക് നേരെ നിരവധി വിവേചനങ്ങള്‍ നടന്നിട്ടുള്ളതായും ഇദ്ദേഹം പറയുന്നു. ഫൈന്‍ ആര്‍ട്‌സിനെ കോളേജില്‍ നിന്ന് ഒഴിവാക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന നീക്കം ഇപ്പോഴും തുടരുന്നു. സംഗീത അധ്യാപക സംഘടനയായ മ്യൂസിക്ക് അസോസിയേഷനിലെ ചില അധ്യാപകരുടെ സ്ഥാപിത താത്പര്യമാണ് ഈ നീക്കങ്ങള്‍ക്കെല്ലാം പിന്നിലെന്ന് ഹോച്ച്മിന്‍ പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് കോളേജ് എഡ്യൂക്കേഷനില്‍ ഉള്‍പ്പെടെ ഇടപെടല്‍ നടത്തി കോളേജില്‍ ജോലിക്ക് പ്രവേശിക്കുമ്പോള്‍ ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തില്‍ ജോലിക്കെത്തുന്നവര്‍ക്ക് ജൂനിയര്‍ ലെക്ചര്‍ പോസ്റ്റില്‍ പ്രവേശനം കൊടുക്കുകയും പ്രമോഷന്‍ ലക്ചര്‍ വരെ നിജപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതേസമയം സംഗീതമുള്‍പ്പെടെയുള്ള കോഴ്‌സുകളില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ലെക്ചര്‍ പോസ്റ്റില്‍ പ്രവേശനം വെച്ചതും പ്രമോഷന്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാന്‍ വേണ്ടിയായിരുന്നു. ഇതിനെല്ലാം പിന്നില്‍ പല ലക്ഷ്യങ്ങളുണ്ടായിരുന്നു. ഫൈന്‍ ആര്‍ട്‌സ് അധ്യാപകര്‍ ഒരിക്കലും കോളേജിന്റെ പ്രധാനധ്യാപക തസ്തികയിലേക്ക് വരാതിരിക്കാനുള്ള നീക്കമായിരുന്നു ഇതെന്നും ഹോച്ച്മിന്‍ പറഞ്ഞു.

കലയ്ക്ക് ജാതി ഇല്ലെന്നോ? ആര്‍എല്‍വി കോളേജിലെ ജാതി പീഡനം; കൂടുതല്‍ വെളിപ്പെടുത്തലുകള്‍

ഇരുപതോളം അധ്യാപക തസ്തികകളില്‍ സ്ഥിരഅധ്യാപകന്‍ ഒരാള്‍ മാത്രം

ഇരുപതോളം അധ്യാപക തസ്തികള്‍ ഉണ്ടെങ്കിലും കോളേജില്‍ ഫൈന്‍ആര്‍ട്‌സ് വിഭാഗത്തില്‍ ഒരു സ്ഥിര അധ്യാപക നിയമനം നടന്നതല്ലാതെ ഫൈന്‍ ആര്‍ട്‌സില്‍ മറ്റ് നിയമനങ്ങളൊന്നും നടന്നട്ടില്ല. താത്കാലികമായി ഒരു വര്‍ഷത്തേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുകയാണ് കോളേജ് ചെയ്യുന്നത്. ഇതില്‍ പല അധ്യാപകരും ഒരു വര്‍ഷം ആകുന്നതിന് മുന്നേ ജോലി ഉപേക്ഷിച്ച് പോകുന്നു. വിദ്യാര്‍ഥികള്‍ക്ക് വര്‍ഷത്തില്‍ നാലുമാസം മാത്രമാണ് ക്ലാസുകള്‍ കിട്ടുന്നത്. സിലബസിലെ ഭാഗങ്ങള്‍ പോലും പൂര്‍ത്തിയാക്കുന്നില്ലെന്നുമാണ് വിദ്യാര്‍ഥികളുടെ പരാതി. കോളേജിലെ ചില വിഭാഗങ്ങള്‍ തഴയപ്പെടുകയും സംഗീതം, പെര്‍ഫോമിംഗ് എന്നീ കലകള്‍ക്ക് മുഖ്യപരിഗണന കൊടുക്കുകയും ചെയ്യുന്നതിനെതിരെ പ്രതിഷേധങ്ങള്‍ 30 വര്‍ഷമായി നടക്കുന്നു. കൂടാതെ ഫൈന്‍ ആര്‍ട്‌സ് പിജി കോഴ്‌സുളള കോളേജില്‍ ആര്‍ട്‌സ് ഹിസ്റ്ററി, ഏസ്തറ്റിക് എന്നിവയക്കു ഒരു തസ്തിക പോലും ഇല്ല. ഗസ്റ്റ് അധ്യാപകരെ വെച്ചാണ് ഇവിടെ ക്ലാസുകള്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ ശമ്പളം കുറവായതിനാല്‍ ഈ അധ്യാപകര്‍ ഒരു വര്‍ഷത്തെ കരാറിലാണ് ജോലിക്ക് പ്രവേശിക്കുന്നതെങ്കിലും കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഇവര്‍ ജോലി ഉപേക്ഷിച്ച് പോകുന്നു.

വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പൂര്‍ണമായും ശരിയല്ലെന്ന് ആക്ടിംഗ് പ്രിന്‍സിപ്പല്‍

ആര്‍എല്‍വി കോളജില്‍ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പൂര്‍ണമായും ശരിയല്ലെന്നും കോളജിലെ കഥകളി കോഴ്‌സിലെ വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തിലെ രണ്ട് എച്ച്ഒഡി മാരുടെ മുറികള്‍ ഒഴിയാനാണ് ആവശ്യപ്പെട്ടതെന്ന് ആക്ടിംഗ് പ്രിന്‍സിപ്പല്‍ എ.ആര്‍ ദേവി അഴിമുഖത്തോട് പറഞ്ഞു. ഇത് സംബന്ധിച്ച് കോളജ് ഡയറക്ടറേറ്റാണ് ഉത്തരവിറക്കിയത്. ഫൈന്‍ ആര്‍ട്‌സിലെ എച്ച്ഒഡിമാര്‍ക്ക് ഇരിക്കുന്നതിനായി കോളജിലെ മറ്റ് വിഭാഗങ്ങളിലെ എച്ച്ഒഡിമാര്‍ ഇരിക്കുന്ന ഓഫീസ് മുറിയില്‍ സൗകര്യം ചെയ്തിരുന്നു. എന്നാല്‍ ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തിന്റെ മുറികള്‍ കഥകളി ക്ലാസാക്കണമെന്ന കോളജ് നേരത്തെ ഇറക്കിയ ഉത്തരവ് വിദ്യാര്‍ഥികളുടെ എതിര്‍പ്പു മൂലം പിന്‍വലിച്ചിരുന്നു. വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പോലെ ജാതീയമായ വേര്‍തിരിവ് കോളജിന്റെ ഭാഗത്തു നിന്ന് ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കോളജിലെ ആക്ടിംഗ് പ്രിന്‍സിപ്പല്‍ എ.ആര്‍ ദേവി പറഞ്ഞു. അതേസമയം മാര്‍ച്ച് 31 ന് വിരമിച്ച വി.കെ. രമേശന്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന സമയത്തു നടന്ന സംഭവങ്ങളായതിനാല്‍ ഈ വിഷയത്തില്‍ കൂടുതലൊന്നും തനിക്കറിയില്ലെന്നും എ.ആര്‍ ദേവി പ്രതികരിച്ചു. അതേസമയം ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തിന്റെ മുറികള്‍ ഒഴിപ്പിക്കാന്‍ താന്‍ ഉത്തരവിറക്കിയിട്ടുണ്ടെങ്കില്‍ തെളിവുകള്‍ ഹാജരാക്കട്ടെയെന്നും ഈ വിഷയത്തില്‍ കൂടുതല്‍ പറയാന്‍ തനിക്ക് ഇപ്പോള്‍ അധികാരമില്ലെന്നും റിട്ട പ്രിന്‍സിപ്പല്‍ വി.കെ രമേശന്‍ പറഞ്ഞു.

അധ്യാപകന്റെ പ്രതികാരം; ആര്‍എല്‍വി കോളേജ് വിദ്യാര്‍ത്ഥികളുടെ ഉപരി പഠനം പ്രതിസന്ധിയില്‍

ആര്‍ട്ട് എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റ് സ്ഥാപിക്കണമെന്ന് ആവശ്യം

കേരളത്തിലെ മുഴുവന്‍ കലാ സ്ഥാപനങ്ങളെയും കോര്‍ത്തിണക്കി ആര്‍ട്ട് എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റ് സ്ഥാപിക്കണമെന്നാണ് വിദ്യാര്‍ഥികളുടെയും ഈ രംഗത്തെ അധ്യാപകരുടെയും ആവശ്യം. കോളേജ് എഡ്യൂക്കേഷന്റെ കീഴിലുള്ള ഫൈന്‍ ആര്‍ട്‌സ് സ്ഥാപനങ്ങളെയും സംഗീത സ്ഥാപനങ്ങളെയും ടെക്‌നിക്കല്‍ എഡ്യൂക്കേഷനു കിഴിലുള്ള ഫൈന്‍ ആര്‍ട്‌സ് സ്ഥാപനങ്ങളെയും ആര്‍ട് എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റിന് കിഴിലാക്കുകയും ഭരണസംവിധാനം സുഗമമാക്കുകയാണ് ചെയ്യണം. ആര്‍എല്‍വി കോളേജില്‍ ഫൈന്‍ ആര്‍ട്‌സ് ഫാക്കല്‍റ്റി, മ്യൂസിക്ക് ഫാക്കല്‍റ്റി, പെര്‍ഫോമിംഗ് ഫാക്കല്‍റ്റി എന്നിവയ്്ക്ക് മൂന്നു തലവന്‍മാരെ നിശ്ചയിക്കാനും മുന്നിനും കൂടി ഒരു ഡയറക്ടറെ നിയമിക്കണമെന്നും അധ്യാപകര്‍ പറയുന്നു.

ജാതി പീഡനത്തിന്റെ കാര്യത്തില്‍ കേരളവും പിന്നോക്കമൊന്നുമല്ല: കെ. സോമപ്രസാദ് എം.പി/അഭിമുഖം

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍