UPDATES

ട്രെന്‍ഡിങ്ങ്

‘ചിലപ്പോള്‍ ഞാന്‍ വരകളെ മനുഷ്യരൂപങ്ങളില്‍ ഉപേക്ഷിക്കാറുമുണ്ട്’; കൊച്ചി ബിനാലെയിലെ ‘സര്‍പ്രൈസ് കണ്ടെത്തല്‍’ പി.ആര്‍ സതീഷ്‌/അഭിമുഖം

ഹൈറേഞ്ചിലെ കര്‍ഷക ജീവിതത്തിലേക്ക് പിന്‍വാങ്ങിയ സതീഷ്, ആ കാലയളവിലും 2012 മുതല്‍ കൊച്ചിയിലെ സ്റ്റുഡിയോയിലുമായി പൂര്‍ത്തിയാക്കിയ വര്‍ക്കുകളാണ് ബിനാലെയില്‍ പ്രദര്‍ശിക്കപ്പെട്ടിട്ടുള്ളത്.

“എന്റെ വര്‍ക്കുകളെ ഞാന്‍ ‘കള്‍മിനേഷന്‍സ് ഓഫ് മിസ്റ്റേക്‌സ്’ എന്ന് വിളിക്കും… ആ തെറ്റുകള്‍ക്കുള്ളില്‍ എവിടെയോ ശരിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനുള്ളില്‍ ജീവിതമുണ്ടാവാം. മറ്റ് പലതുമുണ്ടാവാം. അതിനെയാണ് കാഴ്ചക്കാര്‍ ഐഡന്റിഫൈ ചെയ്യുക. വനത്തില്‍ താമസിക്കുന്ന എനിക്കറിയാം… നമ്മളവിടെ രാത്രിയില്‍ ലൈറ്റിടുകയാണെങ്കില്‍ പലതരം ചിത്ര ശലഭങ്ങളും മറ്റ് ചെറു ജീവജാലങ്ങളും രാവിലെയാകുമ്പോള്‍ ചുറ്റും വന്നടിഞ്ഞിരിക്കുന്നത് കാണാം. അതിന്റെയൊക്കെ ഓരൊ ഡിസൈനുകള്‍ കണ്ടാല്‍ നമ്മള്‍ അത്ഭുതപ്പെടും. നമ്മളൊന്നും ഒരിക്കലും കണ്ടിട്ടില്ലാത്തവ… ഇത്തരം ക്രിയേഷന്‍സിന്റെ രഹസ്യങ്ങളിലേക്ക് ചിന്തിച്ചാല്‍ തന്നെ പിന്നെ നമുക്ക് ബൗണ്ടറി വെച്ച് വരയ്ക്കാന്‍ സാധിക്കില്ല. ഞാനെപ്പോഴും എന്തിനെയോ ഒന്നിനെ വരയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്, അത് മനുഷ്യനാണോ, മൃഗമാണോ എന്ന് എനിക്ക് നിശ്ചയമില്ല. ചിലപ്പോള്‍ അവയെ ചില മനുഷ്യരൂപങ്ങളില്‍ ഉപേക്ഷിക്കാറുമുണ്ട്…”, കൊച്ചി ബിനാലെയുടെ നാലാം പതിപ്പിലേക്ക് ക്യൂറേറ്റര്‍ അനിതാ ദുബെയുടെ സര്‍പ്രൈസ് കണ്ടെത്തെലുകളായി വിശേഷിപ്പിക്കപ്പെടുന്ന ആര്‍ട്ടിസ്റ്റുകളില്‍ ഒന്ന് നിശ്ചയമായും സതീഷ് പി.ആര്‍ എന്ന മലയാളി കലാകാരനാണ്. ട്രിപ്റ്റിക്കുകളായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന നാല് പെയിന്റിങുകളും, പേപ്പറില്‍ ഇങ്ക് ഉപയ്യോഗിച്ചുള്ള മൂന്ന് ഡ്രോയിംഗുകളും ഉള്‍ക്കൊള്ളുന്ന സതീഷിന്റെ പവലിയന്‍ അനിതയുടെ ആത്മവിശ്വാസത്തെ ശരിവയ്ക്കുന്ന ഒന്നാകുന്നു.

കാഴ്ചയുടെ വൈചിത്ര്യ സൗകുമാര്യതകളെ വേര്‍തിരിക്കുക അസാധ്യമാം വണ്ണം അനന്വയിപ്പിക്കുന്നതിലൂടെ സതീഷിന്റെ ചിത്രങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന നവ്യമായ സൗന്ദര്യ രൂപങ്ങള്‍ കൊച്ചി ബിനാലെയുടെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നാണ്. ബിനാലെയിലെത്തുന്നവരില്‍ ദേശി-വിദേശി ഭേദമില്ലാതെ കലയെ ഗൗരവപൂര്‍വ്വം കാണുന്ന ആസ്വാദക ലോകം ഈ വര്‍ക്കുകളെ ഉള്‍ക്കൊണ്ടു എന്നതിന്റെ സൂചനകളാണ് ദേശീയ, വിദേശ മാധ്യമങ്ങളില്‍ ഇതിനോടകം പ്രസിദ്ധീകരിക്കപ്പെട്ട നിരവധി ആസ്വാദനങ്ങള്‍. കാലദേശങ്ങളെ മറികടക്കുന്ന നൈസര്‍ഗ്ഗികതയുടെ ഊര്‍ജ്ജവും തെളിമയുമാണ് സതീഷിന്റെ വര്‍ക്കുകളുടെ കരുത്ത്.

ഘടനാപരിധികളെ അതിലംഘിച്ച് തമ്മില്‍ വിലയിച്ചും വേറിട്ടും അടരടരുകളായി പ്രത്യക്ഷപ്പെടുന്ന ഇമേജ്ജുകളുടെ സംഘാതങ്ങളാണ് സതീഷിന്റെ പെയിന്റിംഗുകള്‍. സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ രൂപഘടനകളുടെ നിയതയുക്തിയെ നിരാകരിക്കുന്ന പ്രതീതി ഭാവത്തിലാണ് ഈ ഇമേജുകള്‍ രചിക്കപ്പെട്ടിട്ടുള്ളത് എന്ന് വായിച്ചറിയാനാകും. അവയില്‍ പ്രകൃതിയും, മൃഗങ്ങളും, പ്രാണികളും, പക്ഷികളും, മനുഷ്യരുമെല്ലാം ഉള്‍പ്പെടുന്നു. വനഭൂമികയുടെ- അടിക്കാടുകളുടെ- മണ്ണിന്റെ ഘടനകളെ ഈ വര്‍ക്കുകള്‍ അനുസ്മരിപ്പിക്കും. കാഴ്ചയനുഭവങ്ങളെ തികച്ചും ജൈവികമാം വിധം പ്രസരിപ്പിക്കാന്‍ ശേഷിയുള്ള വര്‍ണ്ണവിന്യാസം സതീഷിന്റെ പെയിന്റിംഗിന്റെ കരുത്താണ്. ബാധ്യതകളേതുമില്ലാതെ കലയെ നിര്‍ഭയമഭിമുഖീകരിക്കുന്നതിന്റെ ഊര്‍ജ്ജമാണ് സതീഷിന്റെ വര്‍ക്കുകളില്‍ പ്രവഹിക്കുന്നത്. തന്റെ വര്‍ക്കുകളെ തെറ്റുകളുടെ സംഘാതമെന്ന് വിശേഷിപ്പിക്കാന്‍ അദ്ദേഹം മടിക്കുന്നതേയില്ല, തെറ്റുകളുടെ ആവര്‍ത്തനങ്ങള്‍ക്കിടയിലും ശരിയുണ്ടെന്ന ചിന്തയെ സതീഷ് മുറുകെ പിടിക്കുന്നു.

ഇടുക്കി ജില്ലയിലെ മൂന്നാറിനടുത്തുള്ള ബൈസണ്‍വാലി സ്വദേശിയായ സതീഷ്, ഹൈറേഞ്ചിലെ കര്‍ഷക ജീവിതത്തോട് വേര്‍തിരിക്കാന്‍ സാധിക്കാത്ത വിധം ചേര്‍ന്ന് കിടക്കുന്ന പ്രകൃതിയെയാണ് കലയുടെ മുഖ്യസ്രോതസ്സായി രൂപാന്തരപ്പെടുത്തുന്നത്. ഒരേ സമയം വിസ്മയങ്ങളും അപ്പോള്‍ തന്നെ വന്യതയും കെട്ടുപിണയുന്ന വനത്തോട് ചേര്‍ന്നുള്ള കുടിയേറ്റ ജീവിതത്തിലെ ബാല്യത്തിന്റെ ഓര്‍മ്മകളെ കലയിലേക്ക് ആവാഹിക്കുകയാണ് സതീഷ് ചെയ്യുന്നത്. അതേ സമയം അവ ചുറ്റുപാടുകളോട് ഭാവാത്മകമായി സംവദിക്കുകയും ചെയ്യുന്നു. നിത്യ ജീവിതത്തിന്റെ നീക്കിയിരിപ്പുകളായ ഓര്‍മ്മകളും, നേരനുഭവങ്ങളുടെ വേദനയും, ആശങ്കകളും, ഭീതിയുമെല്ലാം സതീഷില്‍ കലാരചനക്ക് ഉപദാനങ്ങളാകുന്നു. 1994ല്‍ തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നിന്നും പെയിന്റിംഗില്‍ ബിരുദം പൂര്‍ത്തിയാക്കി ചെന്നെയിലും, അഹമ്മദാബാദിലും സ്‌ക്കോളര്‍ഷിപ്പ് പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും ഹൈറേഞ്ചിലെ കര്‍ഷക ജീവിതത്തിലേക്ക് പിന്‍വാങ്ങിയ സതീഷ്, ഈ കാലയളവിലും പിന്നീട് 2012 മുതല്‍ കൊച്ചിയിലെ സ്റ്റുഡിയോയിലുമായി പൂര്‍ത്തിയാക്കിയ വര്‍ക്കുകളാണ് ബിനാലെയില്‍ പ്രദര്‍ശിക്കപ്പെട്ടിട്ടുള്ളത്. നഗരകേന്ദ്രിതമായ കലയുടെ മുഖ്യധാരയില്‍ നിന്നും എന്നും ദൂരം പാലിച്ച ഈ കലാകാരന്റെ വര്‍ക്കുകള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ആദ്യ പ്രധാന പ്രദര്‍ശനമാണിതെന്നത് കൗതുകകരമായ വസ്തുതയാണ്. കുടിയേറ്റ ജീവിതത്തിന്റെ പരുക്കന്‍ പരിസരങ്ങളില്‍ നിന്നും ഒരു കലാകാരന്‍ ഉരുവപ്പെട്ടതിനെ കുറിച്ചും, തന്റെ കലാവ്യവഹാരങ്ങളെ കുറിച്ചും, സങ്കല്പനങ്ങളെ കുറിച്ചും സതീഷ് സംസാരിക്കുന്നു.

”1940കളിലാണ്, എന്റെ മുത്തച്ഛന്റെയൊക്കെ ചെറുപ്പകാലത്താകും പാലാ – ഉഴവൂര്‍ പ്രദേശത്ത് നിന്ന് ഞങ്ങളുടെ കുടുംബം ബൈസണ്‍വാലിയിലേക്ക് കുടിയേറുന്നത്. കൂടുതല്‍ ഫലഭൂയിഷ്ടമായ മണ്ണ് തേടിയാണ് അവര് ഈ പ്രദേശത്ത് എത്തിയത്. ദാരിദ്ര്യത്തീന്നാണല്ലോ ഇവരൊക്കെ പോയത്, അപ്പോള്‍ എങ്ങനെയും കൂടുതല്‍ നന്നായിട്ട് കൃഷി ചെയ്യാമെന്നുള്ള തേടലാണ് പുതിയ പുതിയ പ്രദേശങ്ങളിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നത്. അതിന്നും, ഹൈറേഞ്ചിലെ കര്‍ഷകരങ്ങനെ തന്നെയാണ്. നന്നായി ജീവിക്കാനുള്ള വ്യഗ്രതയില്‍ ബാക്കിയുള്ളതെല്ലാം പലപ്പോഴും മറന്ന് പോകും; ഉറുമ്പുകളെ പോലെ സദാ സമയവും പണിയെടുക്കുന്നതിനിടയില്‍ ഔപചാരികതകള്‍ പലതും അവര് മറന്നുവെന്ന് വരാം. അതാണ് ഹൈറേഞ്ചിലെ ജീവിതം.

അച്ഛന്‍ ചെറിയ തോതില്‍ വരയും എഴുത്തും നാടകവുമൊക്കെ ഉള്ള ആളായിരുന്നു. ഞങ്ങളുടേത് പക്കാ കുടിയേറ്റ നാടായിരുന്നു. അവിടെ സാംസ്‌ക്കാരികമായ യാതൊന്നുമില്ല. അവിടെ ആദ്യമായൊരു വായനശാല സ്ഥാപിക്കുന്നത് എന്റെ അച്ഛനാണ്. ‘വനദീപം’ എന്നായിരുന്നു വായനശാലയുടെ പേര്. അച്ഛന് ബുക്കുകളിലൊക്കെ ചെറിയ ചെറിയ സ്‌കെച്ചുകള്‍ ചെയ്യുന്ന ശീലമുണ്ടായിരുന്നു, മിക്കപ്പോഴും ചെറിയ ചെറിയ ഗ്രാമങ്ങളൊക്കെയാകും വരയ്ക്കുക, അതിന്റെ പേരൊക്കെ രസമാണ്. ‘വിജനപുരം’എന്നൊക്കെ… എപ്പോഴും മനുഷ്യര് തീരെ കുറവായിരിക്കും! ഈ സ്‌ക്കെച്ചുകളൊക്കെ എന്നെ ഒരുപാട് ഇന്‍സ്‌പെയര്‍ ചെയ്തിട്ടുണ്ട്. അതല്ലാതെ പലനാടുകളില്‍ നിന്ന് വന്ന ആളുകള്‍ വാസമുറപ്പിക്കുന്ന മലമ്പ്രദേശങ്ങളിലൊന്നും അക്കാലം സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ തീരേയില്ല. ആഘോഷങ്ങള്‍ക്കൊക്കെ എന്താ ചെയ്യേണ്ടതെന്ന് ഹൈറേഞ്ചിലെ ആള്‍ക്കാര്‍ക്കറിയില്ലായിരുന്നു. ചിലര് അവരുടെ നാടുകളില്‍ പതിവുള്ള കോല്‍കളിയൊക്കെ കളിക്കുമെന്നല്ലാതെ നാടിന് പൊതുവായിട്ട് ഒന്നുമുണ്ടായിരുന്നില്ല. ഇങ്ങനെ പലപാട് നിന്നു വന്നവരാണെങ്കില്‍ പോലും നമ്മുടെ നാടിനും അതിന്റേതായ ചില പ്രത്യേകതകളുണ്ടെന്ന് മനസിലാക്കി അതില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊള്ളാനൊന്നും ആര്‍ക്കും സാധിച്ചിരുന്നില്ല. പലരും അന്ന് പറഞ്ഞ് കേട്ടിട്ടുള്ളതും തകഴിയുടെ കഥകളിലൂടെ അറിയാവുന്നതുമൊക്കെ ആയ കുട്ടനാടിലെ കഥകളൊക്കെയാണ് ഹൈറെഞ്ചിലിരുന്ന് അന്ന് എഴുതി കൊണ്ടിരുന്നത്!

ഞങ്ങള്‍ നാല് ആണ്മക്കളായിരുന്നു. എല്ലാരെയും പഠിപ്പിക്കുന്നതില്‍ അച്ഛനുമമ്മയുമൊക്കെ ശ്രദ്ധിച്ചിരുന്നു. നാട്ടിലെ സ്‌കൂളില്‍ തന്നെയാണ് പഠിച്ചത്. അന്നൊന്നും റോഡും വാഹനവുമൊന്നുമില്ല. നടന്നാണ് ഞങ്ങളൊക്കെ പോയി കൊണ്ടിരുന്നത്. ചെറുപ്പത്തിലെ ചില്ലറ വരയും മരത്തില്‍ കൊത്തു പണികളുമൊക്കെ ഞാന്‍ ചെയ്യുമായിരുന്നു. അതിന് പ്രത്യേകിച്ച് പ്രോഹത്സാഹനമൊന്നും ലഭിച്ചിരുന്നില്ല. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് മുവാറ്റുപുഴ നിര്‍മ്മല കോളെജില്‍ പ്രീ-ഡിഗ്രിക്ക് ചേര്‍ന്നു. പല പ്രദേശങ്ങളില്‍ നിന്നുള്ള ഒരുപാട് കുട്ടികളുള്ള വിശാലമായ ലോകം കാണുന്നത് എന്നെ പോലെ തീര്‍ത്തും ഒറ്റപ്പെട്ട നാട്ടില്‍ നിന്നും ചെല്ലുന്ന ഒരാള്‍ക്ക് വല്ലാത്ത അനുഭവമായിരുന്നു. ഇതിനിടെ നാട്ടിലെ ഒരു ഫ്രണ്ട് സാംസണ് ട്രിവാന്‍ഡ്രം ഫൈന്‍ ആര്‍ട്‌സില്‍ സ്‌കള്‍പ്ച്ചറിന് അഡ്മിഷന്‍ കിട്ടിയത് എനിക്ക് വലിയ പ്രചോദനമായി. പ്രീഡിഗ്രി കഴിഞ്ഞ് ഞാന്‍ വേറൊന്നിനെ കുറിച്ചും ആലോചിച്ചില്ല. ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ അഡ്മിഷന് ശ്രമിച്ചു.

അക്കാദമിക്ക് വിഷയങ്ങളില്‍ ഞാന്‍ അത്ര മിടുക്കനൊന്നുമായിരുന്നില്ല. മൂന്ന് തവണ അപേക്ഷിച്ചിട്ടാണ് എനിക്ക് ഫൈന്‍ ആര്‍ട്‌സില്‍ അഡ്മിഷന്‍ കിട്ടിയത്. അന്ന് കാനായി ഒക്കെ ഉള്ള സമയമാണ്. ഓരോ തവണയും ഇന്റര്‍വ്യൂവില്‍ തഴയപ്പെടും. എനിക്ക് എന്റെ തന്നെ യോഗ്യതയെ പറ്റി സംശയമായി. പിന്നെ എങ്ങനെ ആയാലും ഫൈന്‍ ആര്‍ട്‌സില്‍ അഡ്മിഷന്‍ വാങ്ങണമെന്ന് വാശിയായി. അതാണ് നമ്മുടെ റൂട്ട് എന്നൊരു തോന്നല്‍. അപ്പോള്‍ എന്റെ ജ്യേഷ്ഠന്‍ തിരുവനന്തപുരത്തുണ്ട്. അദ്ദേഹം തിരുവനന്തപുരം സ്വദേശിയും, ഇപ്പോള്‍ അസം യൂണിവേഴ്‌സിറ്റിയില്‍ ചിത്രകലാ അധ്യാപകനുമായ ശിവനേയും, ശില്പകല പഠിച്ച ശ്രീകുമാറിനെയും പരിചയപ്പെട്ട് എന്നെ ഫൈന്‍ ആര്‍ട്‌സ് സ്റ്റുഡന്റ്‌സിന്റെ ഒരു ഗ്രൂപ്പിനിടയില്‍ കൊണ്ട് താമസിപ്പിച്ചു. അങ്ങനെയൊരു സാഹചര്യമൊരുക്കി തന്നുവെന്ന് പറയാം. അത് ‘നെഗേഷന്‍സ്’ എന്നൊരു ഗ്രൂപ്പ് ആയിരുന്നു. പെയിന്റര്‍ ഗോപീകൃഷ്ണന്റെ തൊട്ടടുത്ത വീട്ടിലാണ് ഞാനന്ന് താമസം. ഞാനൊരു ഔട്ട്‌സൈഡര്‍ ആയത് കൊണ്ട് തന്നെ അവരെന്നെ ആക്‌സപ്റ്റ് ചെയ്തില്ല. എന്നാലും അഞ്ചാറ് മാസം ഏകലവ്യന്‍ സ്‌റ്റൈലില്‍ പുറമേ നിന്ന് നോക്കി അവരുടെ രീതികളൊക്കെ മനസിലാക്കി. അടുത്ത തവണ സെക്കന്‍ഡ് റാങ്കോടെ എനിക്ക് അഡ്മിഷന്‍ കിട്ടി.

ശരിക്കും സ്‌ക്കള്‍പ്ച്ചറിനാണ് ഞാനവിടെ ചേരുന്നത്. നല്ല കളര്‍ സെന്‍സുണ്ടെന്ന് സുഹൃത്തുക്കള്‍ ഉപദേശിക്കുകയും, എനിക്കാണെങ്കിലും താത്പര്യം കൂടുതല്‍ പെയിന്റിംഗിനോടാണെന്ന് തിരിച്ചറിയുകയും ചെയ്തതോടെ പിന്നീട് ഓപ്ഷന്‍ ചെയ്ഞ്ച് ചെയ്യുകയായിരുന്നു. കോളേജില്‍ അദ്ധ്യാപകര്‍ പലരും വര്‍ക്ക് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നവരായിരുന്നു. പിന്നെ അവിടെ സ്റ്റുഡന്റ്‌സായിട്ടുള്ള ആശാന്മാര് വേറെയുമുണ്ടായിരുന്നു. നേരത്തെ തന്നെ നല്ല ബാക്ക്ഗ്രൗണ്ടുള്ള സുഹൃത്തുക്കള്‍ എന്നെ നന്നായി സഹായിച്ചു. രണ്ട് വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്ക് വര്‍ഷങ്ങള്‍ നീളുന്ന അക്കാദമിക്ക് പരിപാടിയില്‍ എനിക്ക് താത്പര്യം നഷ്ടപ്പെട്ടു. പിന്നെ ഏതായാലും വന്നു, അത് പൂര്‍ത്തിയാക്കിയേക്കാം എന്ന ചിന്തയില്‍ കോഴ്‌സ് കഷ്ടി കംപ്ലീറ്റ് ചെയ്തുവെന്ന് പറയാം. അത് കഴിഞ്ഞിട്ട് ഞാന്‍ ബറോഡയില്‍ ട്രൈ ചെയ്‌തെങ്കിലും കിട്ടിയില്ല. ഞങ്ങള്‍ടെ ബാച്ചിലുണ്ടായിരുന്നതില്‍ രാജനും, സക്കീറും, ദീപക്കുമൊക്കെ ബറോഡയിലേക്ക് പോയി. എന്റെ സുഹൃത്ത് സുമേധ് രാജേന്ദ്രന്‍ ഡല്‍ഹിക്കും, സെബാസ്റ്റ്യന്‍ യു.എസിലെക്കുമൊക്കെയായി സ്‌ക്കാറ്ററായി പോയി. എനിക്കത് കഴിഞ്ഞ് ചെന്നൈയിലെ ഒരു റീജ്യണല്‍ സെന്ററില്‍ സ്‌ക്കോളര്‍ഷിപ്പ് കിട്ടി. അതൊരു ടേണിംഗ് പോയിന്റായി, അവിടെ സിനിമാക്കാരൊക്കെ താമസിക്കുന്ന കോടമ്പാക്കത്തെ ഒരു ലോഡ്ജില്‍ താമസിച്ച്, ഒരു പാട് ഡ്രോയിംഗുകള്‍ ചെയ്തു. പുറത്തൊക്കെ നടന്ന് ഒരുപാട് സ്റ്റഡീസൊക്കെ ചെയ്തു. ശരിക്കും ആര്‍ട്ട് പ്രാക്ടീസിന്റെ തുടക്കം അവിടുന്ന് ആയിരുന്നു. അത് കഴിഞ്ഞ് ബാംഗ്ലൂരിലും, അഹമ്മദബാദ് കനോറിയയിലും കുറച്ച് കാലമുണ്ടായിരുന്നു. അപ്പോഴെല്ലാം ആര്‍ട്ടിസ്റ്റുകളുടെ സാധാരണ നിലയിലുള്ള കരിയര്‍ ഞാന്‍ കാണുന്നുണ്ട്. ഏതെങ്കിലും ഒരു മെട്രോ സിറ്റിയില്‍ ജീവിച്ച്, അതിനോടനുബന്ധിച്ചുള്ള സര്‍ക്കിളുകളില്‍ വര്‍ക്ക് ചെയ്ത് എക്‌സിബിറ്റ് ചെയ്ത് അങ്ങനെ പോകുന്ന രീതി. അതിനോട് എനിക്കത്ര പൊരുത്തം തോന്നിയില്ല. അപ്പോഴേക്കും നാട്ടിലേക്ക് തിരിച്ചു പോരുവാനുള്ള ഒരു ത്വര, ഒരു തരം ഹോംസിക്ക്‌നെസ്സ് എന്നെ പിടികൂടി. തന്നെയുമല്ലാ, നിലനില്‍പിന്റെ പ്രശ്‌നവുമുണ്ടായിരുന്നു. അന്നത്തെ കാലത്ത് പെയിന്റ് ചെയ്ത് മാത്രം ജീവിക്കാനാവില്ലായിരുന്നു.

അങ്ങനെ വീണ്ടും ഹൈറേഞ്ചിലേക്ക് തിരികെ എത്തി. ഹൈറേഞ്ചിലെ ജീവിതം. ഹൈറേഞ്ചിലെ ജീവിത പശ്ചാത്തലമെന്ന് പറയുന്നത് എപ്പോഴും വൈല്‍ഡ് ലൈഫുമായുള്ള എന്‍കൗണ്ടറും, പ്രകൃതിയുടെ വന്യമായ അസന്ദിഗ്ദ്ധതകളെ അതിജീച്ചും ഉള്ളതാണ്. പലപ്പോഴും ഒറ്റപ്പെട്ട ഒരു തോട്ടത്തിലൊക്കെയാണ് നമ്മുടെ ജീവിതം. ഇതിന്റെയൊക്കെ പ്രതിഫലനം നമ്മുടെ കലയിലും ഉണ്ടാകുന്നുണ്ട്. ഒന്നും വേണമെന്ന് വെച്ച് ക്രിയേറ്റ് ചെയ്യുന്നതല്ലെങ്കിലും പിന്നീട് കാണുമ്പോള്‍ പലതിനെയും നമുക്ക് നമ്മുടെ ജീവിതവുമായി ഒരു പരിധിവരെ റിലേറ്റ് ചെയ്യാനാകുന്നുണ്ട്. വര്‍ക്ക് ചെയ്യുമ്പോള്‍ വളരെ സ്‌പോണ്ടേനിയസ് ആയി അതിന്റെ ടെക്ക്‌നിക്കല്‍ വശങ്ങളെ കുറിച്ച് ഒട്ടും ആകുലപ്പെടാതെയാണ് ഞാന്‍ ചെയ്യുക. അത് ഏതാണ്ട് എല്ലാ കാലത്തും അങ്ങനെ ആയിരുന്നു. സ്വാഭാവികമായും ചിലപ്പോള്‍ ചില മാസ്റ്റേഴ്‌സിന്റെ വര്‍ക്കുകളൊക്കെ നമ്മളെ സ്വാധീനിക്കും. അത് വര്‍ക്കിനെയും സ്വാധീനിക്കും. പക്ഷേ കുറെ കഴിയുമ്പോള്‍ നമ്മള്‍ വീണ്ടും മടങ്ങി വരും.

ചെറുപ്പത്തില്‍ ഞാന്‍ ഓര്‍ക്കുന്നുണ്ട്, സ്‌കൂള്‍ വിട്ട് ഞാന്‍ വീട്ടില്‍ വരുമ്പോള്‍ കാണുന്നത്, വീട്ടിലെ ടേബിളില്‍ ഇരിക്കുന്ന് ഒരു കുരങ്ങ് കുഞ്ഞിനെയാണ്! നമ്മുടെ കൈവലുപ്പം പോലുമില്ലാത്ത ഇതിനെ വീട്ടിലെ പട്ടി എടുത്ത് കൊണ്ട് വന്നതാണ്. അവള്‍ (സീത എന്നായിരുന്നു അവള്‍ക്കിട്ട പേര്) മേശപ്പുറത്തിരുന്ന് എന്നെ നോക്കുവാണ്. കുഞ്ഞിനെ കാണാതെ തള്ള കുരങ്ങ് ദിവസവും വനത്തീന്ന് ഇറങ്ങി വരും. തള്ളയുടെ വിഷമം കണ്ടിട്ട് ഞങ്ങള് സ്‌കൂളില്‍ പോകുന്ന നേരം ഇതിനെ തിരിച്ച് കൊടുക്കാന്‍ അമ്മ കൊണ്ടുചെല്ലും. പക്ഷേ കുട്ടി കുരങ്ങ് സമ്മതിക്കില്ല. അമ്മയുടെ പിന്നാലെ തിരികെ പോരും. പിന്നെ അവളുടെ ലൈഫ് ടൈം മുഴുവനും സീത ഞങ്ങളുടെ കൂടെ ജീവിച്ചു. അതൊരു കുരങ്ങിനെ പോലെയല്ല, നമ്മള് പറയുന്നതൊക്കെ ശ്രദ്ധിച്ച് കേള്‍ക്കും, മനസിലാക്കും. ജനിച്ച കാലം മുതല്‍ നമ്മുടെ കൂടെ കഴിഞ്ഞ് അത് നമ്മളുമായി ഇഴുകി ചേര്‍ന്നു. ഞങ്ങള്‍ മക്കളില്‍ ആരാണ് മൂത്തതെന്നൊക്കെ അവള്‍ക്കറിയാം. മൂത്തവര്‍ക്ക് വളരെ റെസ്‌പെക്ട് കൊടുത്ത് മാത്രമെ പെരുമാറൂ. ഞാനാണ് ഇളയതെന്ന് അവള്‍ക്കറിയാം. എന്റെയടുത്താണ് കളി. എന്നെ കടിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. ഒരു കുരങ്ങിന്റെ സ്വാഭാവമൊന്നുമല്ലാ, മനുഷ്യനെ പോലെ. പിന്നെ ഒരു മുള്ളന്‍ പന്നി, വെള്ളക്കുഴിയില്‍ കിടന്ന് കിട്ടിയതാണ് ഒരു കുഞ്ഞ് പന്നിയെ, അതിനെ നമ്മള് വളര്‍ത്തി പത്ത് പതിനഞ്ച് കിലോയൊക്കെ ആയപ്പോള്‍ ഞങ്ങളെടുത്ത് മടിയിലൊക്കെ വെയ്ക്കുമായിരുന്നു. അതും പെണ്ണായിരുന്നു. ഇണ ചേരാനുള്ള സമയമാകുമ്പോഴൊക്കെ കാട് കയറണ പതിവ് അവള്‍ക്കുണ്ടായിരുന്നു. അങ്ങനെ ഒരിക്കല്‍ പോയി മൂന്ന് നാല് ദിവസം കഴിഞ്ഞ് മടങ്ങി വരുമ്പോഴെക്കും ഞങ്ങള്‍ താമസിച്ചിരുന്ന വീട് മാറിയിരുന്നു. പഴയ വീട്ടില്‍ ഞങ്ങളെ കാണാത്തപ്പോള്‍ മണം പിടിച്ച് അവള്‍ പുതിയ വീട്ടിലേക്കും വന്നു. പക്ഷേ അവിടെയുണ്ടായിരുന്ന പട്ടി അബദ്ധത്തില്‍ കയറി പിടിച്ചു. അങ്ങനെ ചത്തു പോയി. പിന്നെയൊരു വെരുക്… അങ്ങനെ മൃഗങ്ങളൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇതൊക്കെയാണ് എന്റെ ഓര്‍മ്മകള്‍. വനം എന്ന് പറയുമ്പോള്‍, അതിന്റെ വന്യത എന്ന് പറയുന്നത് വളരെ ഫ്രഷ് ആണ്. ഒരു ഗാര്‍ഡന്‍ എന്ന് പറയുന്നത് ഒരു ഡിസൈനാണ്. പക്ഷേ കാടെന്ന് പറഞ്ഞാല്‍ എപ്പോഴും പുതിയ പുതിയ കാഴ്ചകള്‍ തരുന്ന ഒന്നാണ്. ഈ നവ്യത നമ്മളിലെ ക്രിയേറ്റിവിറ്റിയെ വല്ലാതെ പ്രചോദിപ്പിക്കും.

ഞാന്‍ വര്‍ക്ക് ചെയുമ്പോള്‍ എന്താണ് ഉണ്ടായി വരുന്നതെന്ന് കാണാന്‍ വല്ലാത്തൊരു ജിജ്ഞാസ എനിക്കുണ്ടായിരുന്നു. മനുഷ്യരെല്ലാരും പലതരത്തിലുള്ള ജീവിതാനുഭവങ്ങളിലൂടെ കടന്ന് വരുന്നവരാണല്ലോ? അപ്പോള്‍ നമ്മളെ സംബന്ധിച്ചാണെങ്കില്‍ നമ്മുക്ക് ആര്‍ട്ട് എന്നൊരു മീഡിയമുണ്ട്. ആ മീഡിയത്തിലൂടെ വളരെ സ്വതന്ത്രമായി നമ്മള്‍ എക്‌സ്പ്രസ് ചെയ്യുമ്പോള്‍ അതെങ്ങനെ രൂപാന്തരപ്പെട്ട് വരുമെന്ന് കാണാനൊരു ജിജ്ഞാസ എനിക്കുണ്ടായിരുന്നു. ഈ വര്‍ക്കുകളൊക്കെ ഇങ്ങനെ ചെയ്ത് കൂട്ടീട്ട് എന്തിനാണെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷേ എനിക്കങ്ങനെയൊരു ആശങ്കയില്ലായിരുന്നു. എല്ലാദിവസവും വര്‍ക്ക് ചെയ്യാനുള്ള ത്വര എങ്ങനെയോ എന്നിലുണ്ട്. അത് ഞാന്‍ പരമാവധി ആസ്വദിക്കുന്നൂന്ന് പറയാം. ഒരു ഡ്രോയിംഗ് പോലും ചെയ്യാത്ത ദിവസം എന്റെ ജീവിതത്തില്‍ വളരെ കുറവാണ്. ഇപ്പോള്‍ തന്നെ കൊച്ചി ബിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വര്‍ക്കുകള്‍ പ്രദര്‍ശിപ്പിച്ചു എന്നല്ലാതെ, ആ നിലയിലൊരു പ്ലാനിങ്ങൊന്നും എനിക്കില്ലായിരുന്നു.

ഇപ്പോള്‍ അഞ്ചെട്ട് കൊല്ലങ്ങളായി – 2012 മുതല്‍ക്ക് കൊച്ചിയിലെ സ്റ്റുഡിയോയില്‍ വര്‍ക്ക് ചെയ്യുന്നു. മൂന്ന് തലങ്ങളിലാണിപ്പോള്‍ ജീവിതം കടന്നു പോകുന്നത്. മൂന്നാറിലെ മലയോര ജീവിതത്തിന്റെയും കൃഷിയുടെയും ലോകം ഒന്ന്, ഭാര്യയും രണ്ട് ആണ്മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം കോട്ടയത്ത് സമതലപ്രകൃതിയില്‍ മറ്റൊന്ന്, പിന്നെ കൊച്ചിയിലെത്തുമ്പോള്‍ തീരദേശ ജീവിതവും. ഈ അനുഭവവൈവിധ്യം ക്രിയേറ്റിവിറ്റിയെ സഹായിക്കുന്നുണ്ടാകാം. ഏതായാലും ഇന്നിപ്പോള്‍ കൂടുതല്‍ ജനവാസമുള്ള നഗരത്തോടിടപഴകാന്‍ എന്നിക്ക് കൗതുകമുണ്ട്. പലതരത്തിലെ ജീവിതാനുഭവങ്ങളില്‍ കൂടെ പലയിടങ്ങളിലെ ജീവിതങ്ങളിലൂടെ കടന്നുവന്നതിന്റെ മാറ്റങ്ങള്‍ എന്റെ വര്‍ക്കുകകളില്‍ ഇപ്പോള്‍ എനിക്ക് തന്നെ കാണാന്‍ കഴിയും. ഈ വര്‍ക്കുകളില്‍ അവ്യവസ്ഥതകളെ കാഴ്ചക്കാര്‍ വായിച്ചെടുക്കുന്നുണ്ടാകാം. ഞാനൊന്നിനെയും തടഞ്ഞ് നിറുത്താറില്ല. അത് സംഭവിക്കുന്നതാണ്. എന്നെ സംബന്ധിച്ചിടത്തോളം വര്‍ക്കെന്ന് പറയുന്നത് പുറമെ കാണുന്ന സാമൂഹിക ജീവിതവുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല. അതില്‍ പ്രകൃതിയുമായുള്ള താദാത്മ്യപ്പെടല്‍ നിശ്ഛയമായും സംഭവിക്കുന്നുണ്ട്.

വനത്തില്‍ താമസിക്കുന്ന എനിക്കറിയാം… നമ്മളവിടെ രാത്രിയില്‍ ലൈറ്റിടുകയാണെങ്കില്‍ പലതരം ചിത്ര ശലഭങ്ങളും മറ്റ് ചെറു ജീവജാലങ്ങളും രാവിലെയാകുമ്പോള്‍ ചുറ്റും വന്നടിഞ്ഞിരിക്കുന്നത് കാണാം. അതിന്റെയൊക്കെ ഓരൊ ഡിസൈനുകള്‍ കണ്ടാല്‍ നമ്മള്‍ അത്ഭുതപ്പെടും. നമ്മളൊന്നും ഒരിക്കലും കണ്ടിട്ടില്ലാത്തവ.. ഇത്തരം ക്രിയേഷന്‍സിന്റെ രഹസ്യങ്ങളിലേക്ക് ചിന്തിച്ചാല്‍ തന്നെ പിന്നെ നമുക്ക് ബൗണ്ടറി വച്ച് വരയ്ക്കാന്‍ സാധിക്കില്ല. ഞാനെപ്പോഴും എന്തിനെയോ ഒന്നിനെ വരയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്, അത് മനുഷ്യനാണോ, മൃഗമാണോ എന്ന് എനിക്ക് നിശ്ചയമില്ല. ചിലപ്പോള്‍ അവയെ ചില മനുഷ്യരൂപങ്ങളില്‍ ഉപേക്ഷിക്കാറുമുണ്ട്. അതേ കുറിച്ച് വരയ്ക്കുന്ന നേരത്ത് ഞാന്‍ ബോധവാനല്ല. പിന്നീട് നോക്കുമ്പോള്‍ അതില്‍ പലവിധ അര്‍ത്ഥതലങ്ങള്‍ അടരടരുകളായി കിടക്കുന്നത് എനിക്ക് വായിച്ചെടുക്കാന്‍ പറ്റാറുണ്ട്. ക്യാന്‍വാസിലുള്ള ഈ വ്യാപാരം നന്നായി ആസ്വദിക്കാന്‍ എനിക്ക് സാധിക്കാറുണ്ട്. കലചെയ്യുമ്പോള്‍ ഇതൊക്കെയും ഓരോരുത്തരുടെയും ചോയിസുകളാണെന്ന് എനിക്ക് തോന്നീട്ടുണ്ട്. ഒരുപാട് വൈഡായിട്ടുള്ള മേഖലകളില്‍ കയറി മേയുന്ന രീതി എനിക്കില്ല. എന്നെ സ്വാധീനിക്കുന്നത് വളരെ ചെറിയ ഘടകങ്ങളാണ്. അതിലൊന്ന് പ്രകൃതിയാണ്. വാസ്തവത്തില്‍ റീജിയണല്‍ ആയ കണ്‍സേണുകള്‍ എന്നില്‍ വളരെ കുറവാണ്. എന്റെ ചിത്രങ്ങള്‍ കണ്ടാലും കാണാം സ്‌ട്രെയ്റ്റ് ലൈന്‍സൊക്കെ തീരെ കുറവാണ്. ഞാനെപ്പോഴും അവയെ ഡിസോള്‍വ് ചെയ്യിക്കാന്‍ ശ്രമിക്കും. രാജ്യങ്ങളായും ഭൂഖണ്ഡങ്ങളായും നമ്മുടെ ചിന്തകളെ നമുക്ക് വീതിക്കാനാവില്ല. പ്രാദേശികതകളോടെനിക്ക് മടുപ്പാണ്. എല്ലാ കാലത്തും എല്ലാ ഇടങ്ങളിലുമുള്ള ആളുകള്‍ക്ക് നമ്മുടെ വര്‍ക്കുകളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കണം.

ഡ്രോയിംഗുകളാണ് എന്റെ ഫേവറൈറ്റ്. ഡ്രോയിംഗ് ചെയ്യുമ്പോളാണ് ഞാനൊരുപാട് സ്വാതന്ത്ര്യം അനുഭവിക്കുന്നത്. എണ്ണാന്‍ പറ്റാത്തത്രയും ഡ്രോയിംഗുകള്‍ ഒരുപക്ഷേ ഞാന്‍ ചെയ്തിട്ടുണ്ടാകും. അതിങ്ങനെ ചെയ്യും, തെറ്റുകളെ എനിക്ക് ഭയമില്ല. എന്റെ വര്‍ക്കുകളെ ഞാന്‍ ‘കള്‍മിനേഷന്‍സ് ഓഫ് മിസ്റ്റേക്ക്‌സ്’ എന്ന് വിളിക്കും. ആ തെറ്റുകള്‍ക്കുള്ളില്‍ എവിടെയോ ശരിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനുള്ളില്‍ ജീവിതമുണ്ടാകാം, മറ്റ് പലതുമുണ്ടാകാം അതിനെയാണ് കാഴ്ചക്കാര്‍ ഐഡന്റിഫൈ ചെയ്യുക. അത് ഞാന്‍ ഐഡിന്റിഫൈ ചെയ്യുന്നത് പോലെയാകണമെന്നുമില്ല. ഓരോരുത്തരും താന്താങ്ങളുടെ നിലയില്‍ എന്റെ വര്‍ക്കുകളെ വ്യാഖ്യാനിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമാണ്. ഞാനത് ആസ്വദിക്കും. ഒരിക്കലും കാര്യങ്ങളെ വളരെ ഡിസ്റ്റിംഗ്റ്റീവ് ആക്കാന്‍ ഞാന്‍ ശ്രമിക്കാറില്ല. അത് മിസ്റ്ററി ഉണ്ടാക്കാനായി ബോധപൂര്‍വ്വം ചെയ്യുന്നതല്ല. ഇത്തരത്തിലുള്ള അബ്‌സ്ട്രാക്ഷന്‍സ് എനിക്ക് വളരെ ഇഷ്ടമാണ്. അതിപ്പോള്‍ നമ്മള്‍ നമ്മുടെ ചുറ്റുപാടുകളിലേക്ക് നോക്കിയാലും കാര്യങ്ങള്‍ അത്രയധികം സ്‌പെസിഫിക്ക് ഒന്നുമല്ല. എല്ലാം കൃത്യവും നിയതവുമൊന്നുമല്ല. ഒരു പ്രത്യേകതരം അബ്‌സ്ട്രാക്ഷന്‍ എല്ലാറ്റിലുമുണ്ട്. അതുകൊണ്ട് തന്നെ പെയിന്റ് ചെയ്യുമ്പോള്‍ ചില ഏരിയകളെ ചില പ്രത്യേക നിലയില്‍ ഉപേക്ഷിച്ച് ഞാന്‍ വേറെ ഏരിയയിലേക്ക് നീങ്ങും, അത് എന്റെ രീതിയാണ്. കാണുന്നവര്‍ക്ക് അതില്‍ ഒരു മിസ്റ്ററി തോന്നുന്നുവെങ്കില്‍, അതിവിടെ ഉള്ളത് തന്നെയാണ്, അത് ക്ലിയര്‍ ചെയ്യാനൊന്നും നമ്മള്‍ ആളല്ല”.

സുനില്‍ ഗോപാലകൃഷ്ണന്‍

സുനില്‍ ഗോപാലകൃഷ്ണന്‍

എഴുത്തുകാരന്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍