UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വ്യാജമുട്ടയും ചൈനീസ് മുട്ടയും; കോഴിമുട്ടയിലെന്താ മായം കലര്‍ത്തിക്കൂടെ?

Avatar

പ്രിയന്‍ അലക്‌സ്

അനിതാ നായര്‍ എഴുതിയ ലേഡീസ് കൂപ്പേ എന്ന നോവലില്‍ മുട്ട കഴിക്കുന്നതിന്റെ ആസ്വാദ്യകരമായ ആദ്യാനുഭവത്തെക്കുറിച്ച് അഖില എന്ന കേന്ദ്രകഥാപാത്രത്തിന്റെ ചിന്തകളുണ്ട്. മുട്ടത്തോടു പൊളിക്കുന്നതാണ് ഏറ്റവും ആനന്ദകരമായ പ്രവൃത്തി എന്നാണ് അഖില കരുതുന്നത്. മുട്ട മലബാറിലെത്തുമ്പോള്‍ പൂങ്ങിയമുട്ടയോ (മുട്ട പുഴുങ്ങിയത്) കോയിദോശയോ(ഓംലെറ്റ്) ആണ്. പഴംപൊരി രണ്ടായി കീറി കീശയില്‍ കൊണ്ടുനടന്ന് ഉച്ചഭക്ഷണത്തിനായി മിച്ചം പിടിച്ച കൊച്ചിയിലെ പഴയകാലത്തെക്കുറിച്ച് ഗാനഗന്ധര്‍വ്വന്‍ യേശുദാസ് പറഞ്ഞിട്ടുമുണ്ട്. അതുപോലെ ഒരോംലെറ്റ് കഴിച്ച് രാത്രിവിശപ്പടക്കുന്ന അവിവാഹിതര്‍ക്ക് കനത്ത വെല്ലുവിളിയാണീ വാര്‍ത്ത. പരീക്ഷണങ്ങളുടെ കാലമാണല്ലോ മുത്തപ്പാ. പത്തുരൂപയുടെ മാഗി ന്യൂഡില്‍സാണ് ആദ്യം ചതിച്ചത്. ഇപ്പോ വ്യാജമുട്ടയും.

വ്യാജമുട്ടയോ ചൈനീസ് മുട്ടയോ ആവട്ടെ. രണ്ടും സത്യമല്ലാതിരിക്കട്ടെ. മുട്ടക്കൊതിയന്മാരും അത്താഴപ്പട്ടിണിയാവാതിരിക്കാന്‍ തട്ടുകടയിലെ ഓംലെറ്റ് കഴിച്ച് വിശപ്പൊതുക്കുന്നവരും ആശ്വസിക്കാനിടവരട്ടെ. പക്ഷെ മുട്ട വ്യാജമല്ല, വ്യാജമുട്ടയുണ്ടാക്കാന്‍ ഒരുപാട് പണച്ചെലവുവരും. ചൈനയില്‍നിന്ന് മുട്ട ഇറക്കുമതി ഇല്ലല്ലോ എന്നൊക്കെ പറയാനാവും. എന്നാല്‍ മായം കലര്‍ത്താനുള്ള, കലരാനുള്ള സാധ്യത അവശേഷിക്കുന്നുണ്ട്. മുട്ട കേടുകൂടാതെ ദീര്‍ഘകാലം സൂക്ഷിക്കാനായി അത്തരം സൂത്രങ്ങള്‍ പ്രയോഗിക്കാനിടയുണ്ട്. വ്യാജമുട്ട കോഴിമുട്ടയാണോ എന്ന് പരിശോധിച്ച ഗവേഷണകേന്ദ്രങ്ങള്‍ക്ക് അതെ കോഴിമുട്ടയാണ് എന്ന ഉത്തരം ലഭിച്ചുകാണും. അതോടെ എല്ലാ അന്വേഷണങ്ങളും അവസാനിക്കുന്നില്ല. അവര്‍ നടത്തിയ പരീക്ഷണങ്ങളുടെ പ്രോട്ടോക്കോള്‍ പുറത്തുവിടട്ടെ. ഇതെഴുതുമ്പോള്‍ വെറ്ററിനറി യൂണിവേഴ്‌സിറ്റി എല്ലാ ആശങ്കയും അസ്ഥാനത്താണെന്ന് പ്രസ്താവിച്ച പത്രവാര്‍ത്ത മുന്നിലുണ്ട്. മുട്ട കോഴിമുട്ടയാണ് എന്നുറപ്പുവരുത്തിയാല്‍ എല്ലാ ആശങ്കകളും പ്രശ്‌നങ്ങളും അവസാനിക്കുകയില്ലല്ലോ.

കോഴിമുട്ട, നല്ല വിപണിയുള്ള, ശക്തമായ വില നിയന്ത്രണമുള്ള ഒരുത്പന്നം കൂടിയാണ്. നാഷണല്‍ എഗ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് മുട്ടവില നിയന്ത്രിക്കുന്നതും ദൈനംദിന വില സംബന്ധിച്ച് അറിയിപ്പ് നല്‍കുന്നതും. മുട്ട വിതരണത്തിനും വില്‍പ്പനയ്ക്കും മാത്രമായി ചെറുപട്ടണങ്ങളില്‍ വരെ മുട്ടവ്യാപാരികളുണ്ട്. അതുകൊണ്ട് തന്നെ കേടുകൂടാതെ മുട്ട സൂക്ഷിക്കാനും അതുവഴി വില നിയന്ത്രിക്കാനും ശ്രമമുണ്ടാവും. മുട്ട എത്ര ദിവസം കേടുകൂടാതെ ഇരിക്കും? നാലാഴ്ച്ച മുതല്‍ അഞ്ചാഴ്ച്ച വരെ എന്നുത്തരം പറയാം. അതില്‍ക്കൂടുതല്‍ ദിവസവും ഇരിക്കും. നമ്മുടെ ചന്തമൂലയിലെ ഏതു പീടികക്കാരന്‍ ഫ്രിഡ്ജില്‍ വെക്കുന്നു? എന്നാലും ഫ്രിഡ്ജില്‍ വെച്ചാല്‍ കൂടുതല്‍ ദിവസമിരിക്കും, ചില രാസവസ്തുക്കള്‍ പുരട്ടിയാല്‍ അതിലും കൂടുതല്‍ ദിവസമിരിക്കും (അതിനെക്കുറിച്ച് വഴിയെ പറയാം). മുട്ട പാക്ക് ചെയ്ത് ലേബല്‍ ചെയ്ത് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. വിറ്റാമിനുകളും സെലിനീയവും അടങ്ങിയത് എന്ന് അവകാശപ്പെടുന്ന ബ്രാന്‍ഡഡ് ഡിസൈനര്‍ മുട്ടകളുമുണ്ട് (ഈ മുട്ട വ്യാജമുട്ടയാണോ, എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ഒരു പരിശോധന ആവശ്യപ്പെട്ടാലും കോഴിമുട്ടയാണ് എന്നുമാത്രം പരിശോധന റിപ്പോര്‍ട്ട് നല്‍കിക്കളയും നമ്മുടെ ചില ഗവേഷണകേന്ദ്രങ്ങള്‍. ഇനി ഇതില്‍ എത്ര ഗ്രാം സെലീനിയവും വൈറ്റമിനും കൂടുതലായുണ്ട്, അതിനും സത്യസന്ധമായ ഒരുത്തരമുണ്ടാവില്ല).

 

കൂട്ടത്തിലൊന്നു പറയട്ടെ, മുട്ടയുടെ എക്‌സ്‌പേറി ഡേറ്റ് രേഖപ്പെടുത്തി അവ നിഷ്‌കര്‍ഷിക്കുമ്പോലെ പാലിക്കണമെന്ന് അമേരിക്കയില്‍പ്പോലും നിയമമില്ല. ഫെഡറല്‍ നിയമങ്ങളെക്കാള്‍ അത്ര ശക്തമൊന്നുമല്ലല്ലോ നമ്മുടെ ഭക്ഷ്യസുരക്ഷാനിയമങ്ങള്‍. കൂട്ടത്തില്‍ മറ്റൊന്നുപറയട്ടെ, മത്തിയുടെ തല കഴിച്ചാണ് നമ്മുടെ നാട്ടില്‍ പൂച്ചകള്‍ ഈയിടെയായി മരിക്കുന്നത്. ഒരു പത്രക്കാരനും ഇതൊന്നുമെഴുതുന്നില്ല, അറിയുന്നില്ല. മീന്‍ സൂക്ഷിക്കാന്‍ ഫോര്‍മാലിന്‍ ഉപയോഗിക്കുന്നതാണ് കാരണം. ഫോര്‍മാലിനില്‍ മുക്കിയാല്‍ മുട്ടയും വളരെ നാള്‍ കേടുകൂടാതെ ഇരിക്കും. ഒരാഴ്ച്ച കൂടുതല്‍ ഇരിക്കുമെങ്കില്‍ അത്രയും നല്ലത് എന്നാണല്ലോ ചിന്ത. ഫോര്‍മാലിന്‍ ശവം സൂക്ഷിക്കാന്‍ അനാട്ടമി ലാബിലുപയോഗിക്കുന്ന ഒരു രാസവസ്തു എന്നതാണ് നമുക്കറിയുന്നത്. അതിനും മറ്റുപയോഗങ്ങള്‍ ഉണ്ടായി വരികയാണ് (ഓര്‍മ്മയില്‍പ്പോലും ഫോര്‍മാലിന്‍ ഗന്ധമുള്ള അനാട്ടമിലാബിലെ മുല്ലപ്പൂവിന്റെ നിറമുള്ള ടീച്ചറുടെ ശാസനയുടെ നേര്‍ത്തമഴ എന്നൊക്കെ പണ്ടൊരു കൂട്ടുകാരന്‍ കോളേജ് മാഗസിനിലെഴുതിയിരുന്നു. പ്രേമം സിനിമയിലെ ജോര്‍ജ്, മേരിക്ക് കത്തെഴുതുമ്പോഴും ചാള പൊരിക്കണമെന്ന് അമ്മയോട് ആവശ്യപ്പെടുന്നു. ഓര്‍മ്മയില്‍പ്പോലും ഫോര്‍മാലിന്‍ ഗന്ധമുള്ള ചാള കഴിച്ചാണ് നമ്മുടെ നാട്ടില്‍ പൂച്ചകള്‍ ചാവുന്നത്).

കോഴിമുട്ടയുടെ തോടിന്റെ പുറത്ത് അഴുക്ക് പുരട്ടി താറാമുട്ടയാക്കുന്ന നാടന്‍ ടെക്‌നിക്കുകളെ അത്ര അപകടകരമല്ലെന്ന് നാം എന്നും തള്ളിക്കളഞ്ഞിരുന്നു. പക്ഷെ മുട്ട കഴുകി രണ്ടു മൂന്ന് മിനുട്ട് ചൂടുവെള്ളത്തില്‍ മുക്കിയശേഷം കുറച്ചു കൂടുതല്‍ ആഴ്ച്ചകള്‍ മുട്ട കേടുകൂടാതെ സൂക്ഷിക്കാം എന്ന് അമ്മമാര്‍ക്ക് അറിയാമല്ലോ. അതൊക്കെ നാട്ടറിവാണുതാനും. മുട്ടയുടെ ക്യൂട്ടിക്കിള്‍ എന്ന ആവരണം കട്ടിപിടിക്കുന്നതുകൊണ്ട് കൂടുതല്‍ നാള്‍ മുട്ട കേടുകൂടാതെയിരിക്കുന്നതാണ് കാരണമെന്ന് ശാസ്ത്രവും പറയും. മുട്ടയ്ക്കുമേലെ എണ്ണയുടെയോ പാരഫിന്റെയോ ആവരണം നല്‍കിയാല്‍പ്പോലും വളരെ നാള്‍ റെഫ്രിജെറേഷനില്ലാതെ സൂക്ഷിക്കാനാവും. ഇവ, മുട്ടത്തോടിലെ സുഷിരങ്ങളിലൂടെ ഉള്ളിലേക്ക് പ്രവേശിക്കാനും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാനുമിടയുണ്ട്. കാരണം മുട്ട ശ്വസിക്കുന്ന ഒരു കോശമാണ്. ഈ ക്യൂട്ടിക്കിള്‍ കട്ടിയാക്കുന്ന ഏതെങ്കിലും ടെക്‌നിക്ക് പ്രയോഗിച്ചാല്‍ മുട്ട പിന്നെ ഒരിക്കലും കോഴിക്കുഞ്ഞാവില്ല. അല്ലെങ്കില്‍ത്തന്നെയും വ്യാവസായികമായുള്ള ഫാമുകളിലെല്ലാം പൂവന്‍ കോഴിയുടെ സാന്നിധ്യമില്ലാതെയാണ് മുട്ടയുത്പ്പാദനം. മുട്ടയുത്പ്പാദിക്കാന്‍ പൂവന്റെ ആവശ്യമേയില്ല, നമ്മുടെ നാടന്‍ കോഴികള്‍ക്കുപോലും. അതുകൊണ്ട് മുട്ട വിരിഞ്ഞു കോഴിക്കുഞ്ഞുണ്ടാവുന്നതൊക്കെ നമ്മുടെ നഴ്‌സറിപ്പാട്ടുകളില്‍ മാത്രമാണ് ഹേ!

മുട്ട കേടുകൂടാതെ സൂക്ഷിക്കാനുപയോഗിച്ചേക്കാവുന്ന കെമിക്കലുകളില്‍ സോഡിയം ഹൈപ്പോക്ലോറൈറ്റ്, സോഡിയം ഹൈഡ്രോക്‌സൈഡ്, ഹൈഡ്രോക്ലോറിക്ക് ആസിഡ് മുതല്‍ ബ്ലീച്ചിങ്ങ് പൗഡര്‍ വരെയുണ്ടാവും. ഇതില്‍പ്പലതും തീരെച്ചെലവു കുറഞ്ഞ രീതികളുമാണ്. ബ്ലീച്ചിങ്ങ് പൌഡര്‍ ലായനിയില്‍ മുക്കിയ മുട്ട കേടുകൂടാതെ വളരെ നാള്‍ ഇരിക്കും. എന്നാല്‍ ക്ലോറിനടങ്ങിയ മുട്ട കഴിച്ചാല്‍ വയറുവേദന ഉറപ്പാണ്. മഞ്ഞളിട്ട് മുട്ടപൊരിക്കാനായി വേണമെങ്കില്‍ അമ്മമാരെ ഉപദേശിക്കാം അടുത്തപ്രാവശ്യം. പക്ഷെ അതൊക്കെ വനിതക്കാരും ഗൃഹലക്ഷ്മിക്കാരും ചെയ്‌തോട്ടെ. മുട്ടത്തോടിന്റെ അകവശത്ത് ക്ലോറിനടങ്ങിയ മുട്ടയെങ്കില്‍ നിറവ്യത്യാസമുണ്ടാവാറുണ്ട്. തോടിന് നിറവ്യത്യാസമുണ്ട് എന്നൊക്കെ ഇപ്പോഴത്തെ ചൈനീസ് മുട്ടവിവാദത്തില്‍ ആളുകള്‍ പരാതിപ്പെട്ടതായി വാര്‍ത്തയില്‍ കാണുന്നുമുണ്ട്. (‘വെറും ചൈനീസ്’ എന്ന് പണ്ട് ആളുകള്‍ തമാശയ്ക്ക് പറഞ്ഞതൊക്കെ നേരാവുകയാണ്. വളരെ ചീപ്പായി ലാഭമുണ്ടാക്കാന്‍ ചിലര്‍ പ്രയോഗിക്കുന്ന ചൈനീസ് സൂത്രങ്ങളാണ് കുഴപ്പമാവുന്നത്). മറ്റൊന്നുകൂടിയുണ്ട്, മുട്ടയില്‍ എന്തു ടെക്‌നിക്ക് പ്രയോഗിച്ചാലും അവ ഫാമില്‍ നിന്ന് ശേഖരിച്ച് അധികസമയമാവും മുമ്പ് ചെയ്യാന്‍ കഴിയുന്നതിനാലാണ് ഇവയൊക്കെ വിജയകരമാവുന്നത്. അതായത് നാടന്മുട്ടയ്ക്ക് നന്മയേറും എന്നര്‍ത്ഥം.

മുട്ട വ്യാജനല്ലെന്ന് സമ്മതിക്കാം. ഇനി ഗവേഷണസ്ഥാപനങ്ങളിലെ സാറന്മാരും സാറന്മാരത്തികളും പറയുമ്പോലെ കോഴിമുട്ടതന്നെ എന്നും സമ്മതിക്കാം. എന്നാല്‍ മറ്റ് രാസവസ്തുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന പരിശോധനയാണ് വേഗത്തില്‍ ഉണ്ടാവേണ്ടത്. അതിനു കാരണമുണ്ട്. കീടനാശിനിയുടെ അംശമുണ്ടോ എന്നതടക്കം പരിശോധിക്കണം. മുട്ട കേടായതാണോ, അതില്‍ ബാക്ടീരിയ എത്രത്തോളമുണ്ട്, ലോഹങ്ങളുടെ സാന്നിധ്യം എത്രത്തോളമുണ്ട് ഇവയും പരിശോധിക്കണം (ചെമ്പ് അടങ്ങിയ ചില സംയുക്തങ്ങളുടെ മിശ്രിതങ്ങളും വളരെ ചെലവ് കുറഞ്ഞ രീതിയില്‍ മുട്ടത്തോടിന്റെ പുറത്ത് പ്രയോഗിച്ചാല്‍ കേടുകൂടാതെയിരിക്കുമെന്ന് പറയപ്പെടുന്നു). അങ്ങനെ മാത്രമേ ഓംലെറ്റ് കഴിച്ച് രാത്രിജീവിതം തള്ളിനീക്കുന്ന ബാച്ചിലേഴ്‌സിനെയും, മുട്ടത്തോട് പൊളിച്ച്, അതിലെ മഞ്ഞയൂറിക്കുടിച്ച് അത് തന്നെ ഏറ്റമാസ്വാദ്യകരം എന്ന് കരുതുന്ന ലേഡീസ് കൂപ്പെയിലെ അഖിലമാരും നമുക്കിടയില്‍ ഉണ്ടാവുകയുള്ളൂ. മുട്ട ഒരു സമ്പൂര്‍ണ്ണ പ്രോട്ടീന്‍ ആഹാരമാണെന്നും, വിറ്റാമിന്‍ ഡി ധാരാളമുണ്ടെന്നും പെട്ടെന്നൊരു ബ്രേക്ക്ഫാസ്റ്റ് പോഷകസമ്പുഷ്ടമാക്കാന്‍ മുട്ട വേണമെന്നും ചൊട്ടയിലേ നമ്മള്‍ പഠിച്ചുപോയി. പ്രശ്‌നം കോഴിമുട്ടയാണോ എന്നതല്ല, മുട്ടയില്‍ മായം കലര്‍ത്തുന്നതാണ്. മുട്ടത്തോടിന് കട്ടികൂടി മുട്ട ഏറെനാള്‍ കേടുകൂടാതെയിരിക്കാനും ലാഭമുണ്ടാക്കാനും അവര്‍ എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് പാവം മുട്ടക്കൊതിയന്മാരായ നമ്മളറിയുന്നില്ല. നമ്മുടെ ഗവേഷണസ്ഥാപനങ്ങള്‍ കണ്ണുതുറന്നുനോക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഈ ഗവേഷണസ്ഥാപങ്ങള്‍ മാത്രമല്ല പാവം പൌരനും ഭക്ഷ്യസുരക്ഷാനിയമക്കാരും നല്ല ഒന്നാന്തരം കോമഡിയായി മാറും.

(പ്രിയന്‍ അലക്‌സ് പയ്യന്നൂരില്‍ വെറ്ററിനറി സര്‍ജനായി ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍