UPDATES

സയന്‍സ്/ടെക്നോളജി

കുഞ്ഞുങ്ങളേ, ഇതാ വരുന്നു നിങ്ങളോട് സംസാരിക്കുന്ന ഒരു ദിനോസര്‍ ചങ്ങാതി

Avatar

ഡൊമിനിക് ബസുല്‍ടോ 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

വൈദ്യം മുതല്‍ വ്യോമയാന സാങ്കേതികത വരെയുള്ള മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന കൃത്രിമബുദ്ധി (Artificial Intelligence –AI)ഈ വര്‍ഷം കുട്ടികളുടെ കളിപ്പാട്ടക്കടകളിലും കടന്നുവരും. Mattel അടക്കമുള്ള കളിപ്പാട്ട നിര്‍മ്മാണ കമ്പനികള്‍ AI സഹായത്തോടെയുള്ള കളിപ്പാട്ടങ്ങള്‍ 3 വയസ് മുതലുള്ള കുട്ടികള്‍ക്കായി ഇറക്കാനുള്ള തയ്യാറെടുപ്പിലാണ്.

മാറ്റേലിന്റെ Hello Barbiieയാണ് എല്ലാവരും കാത്തിരിക്കുന്ന ഒരു കളിപ്പാട്ടം. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ ToyTalk എന്ന കമ്പനിയാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍. നവംബര്‍ മാസം കടകളിലെത്തിയ ഈ പാവയുടെ വില 74.99 ഡോളറാണ്. 

1959 മുതല്‍ വിപണിയിലുള്ള ബാര്‍ബീ പാവയുടെ പുതിയ വേഷപ്പകര്‍ച്ചയായ Hello Barbie യില്‍ സംഭാഷണങ്ങള്‍ ആലേഖനം ചെയ്യാന്‍ ഒരു മൈക്രോഫോണ്‍, ആ സംഭാഷണങ്ങള്‍ ഒരു കമ്പ്യൂട്ടര്‍ സെര്‍വറിലേക്കയക്കാന്‍ WiFi, കുട്ടി പറഞ്ഞതെന്തെന്ന് തിരിച്ചറിയാന്‍ ശബ്ദം തിരിച്ചറിയുന്ന സോഫ്റ്റ്‌വയര്‍ സംവിധാനം, മറുപടി എന്താണ് പറയേണ്ടതെന്ന് നിശ്ചയിക്കാനുള്ള algorithm എന്നിവയെല്ലാമുണ്ട്. മൂന്നിനും ഒമ്പതിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ള ഈ പാവയില്‍ കുട്ടിയും പാവയും തമ്മില്‍ ഏതാണ്ട് 200 സംഭാഷണങ്ങള്‍ വരെ നടത്താവുന്നതാണ്. 

കുട്ടി ചോദിച്ചേക്കാം,’ഒരു കളി കളിക്കണോ?’ ഹലോ ബാര്‍ബീ ഉടന്‍തന്നെ ഒരു കുട്ടിയുമായുള്ള സംഭാഷണത്തില്‍ വരാവുന്ന 8,000 മറുപടികളിലൊന്നിനെ തിരിച്ചുവിടുന്നു. ഉത്തരം പറയാനായില്ലെങ്കില്‍ ഏത് സാഹചര്യത്തിനും പറ്റുന്ന ഒരു മറുപടിയുണ്ട്;’ശരിക്കും? ഒരു രക്ഷയുമില്ല!.’

മുമ്പുണ്ടായ സംഭാഷണങ്ങളെ വരെ ഈ പാവ ഓര്‍ത്തിരിക്കും. ഉദാഹരണത്തിന്, കുട്ടിക്ക് സഹോദരങ്ങളുണ്ടോ, എന്നാണ് അവസാനമായി കളിച്ചത് എന്നൊക്കെ. 

ഇതേ മാതൃകയില്‍ CogniTsoy ശൃംഖലയുടെ സ്ഥാപകന്‍ എലെമെന്റല്‍ പാത് ഡിസംബറോടെ ഒരു സംസാരിക്കുന്ന ദിനോസാറിനെ പുറത്തിറക്കും. IBN Watsonമായി ചേര്‍ന്നാണ് ഇത് തയ്യാറാക്കുന്നത്. 5 വയസുവരെയുള്ള കുട്ടികളെ ഉദ്ദേശിച്ചാണിത്. ദിനോസാറിനുള്ള ആദ്യഗഡു ചോദ്യോത്തരങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ദിനോസറിനെ വയര്‍ലെസ് ഇന്റര്‍നെറ്റ് വഴി ബന്ധിപ്പിച്ചതിനാല്‍ നേരത്തെ തയ്യാറാക്കി കയറ്റിവിട്ട ചോദ്യങ്ങളല്ലെങ്കിലും അതേ സമയം ഉത്തരം കിട്ടും. 

കുട്ടി ചോദിക്കുന്നു,’ചന്ദ്രനിലേക്ക് എത്ര ദൂരമുണ്ട്?’ അല്ലെങ്കില്‍ ‘പ്രകാശത്തിന്റെ വേഗമെത്ര?’ കുട്ടിയുടെ പ്രായവും മനസിലാക്കാനുള്ള ശേഷിയും അനുസരിച്ചുള്ള ഉത്തരം തയ്യാറാണ്. കുട്ടിയോട് സംസാരിക്കുന്ന ഒരു ദിനോസര്‍ കൂട്ടുകാരനെ സങ്കല്‍പ്പിച്ചു നോക്കൂ. 

ഒരു പ്ലാസ്റ്റിക് കളിപ്പാട്ടത്തില്‍ നിന്നുള്ള തത്സമയ ഉത്തരങ്ങള്‍ കൃത്രിമബുദ്ധിയാണോ, ഇത്തരം കളിപ്പാട്ടങ്ങള്‍ മുമ്പും ഉണ്ടായിട്ടില്ലേ എന്നൊക്കെ സംശയം തോന്നാം. പക്ഷേ ഈ Green Dino,Hello Barbie പാവകള്‍ അല്‍പ്പം വ്യത്യസ്തരാണ്. അവര്‍ക്ക് സംഭാഷണം മനസിലാക്കാനാകും, ബുദ്ധിപൂര്‍വം മറുപടി നല്‍കും, കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കും. ലളിതമായ ചോദ്യങ്ങള്‍ക്ക് ഒറ്റവാക്കുത്തരങ്ങളല്ല അവ. 

‘Reclaiming Conversation: The Power of Talk in a Digital Age,’ എന്ന പുസ്തകമെഴുതിയ MITയിലെ ഷെറി ടര്‍കില്‍ പറയുന്നതു ഒരു സമൂഹം എന്ന നിലയില്‍ നാമൊരു ‘യന്ത്രമനുഷ്യ നിമിഷം’ അനുഭവിക്കുകയാണ് എന്നാണ്. പൂര്‍ണമായും മനുഷ്യരാകുന്ന തരത്തിലുള്ള യന്ത്രമനുഷ്യരെ നാമിപ്പോള്‍ പ്രതീക്ഷിക്കുന്നില്ല. ‘ഏതെങ്കിലും തരത്തില്‍ നമ്മെ സ്‌നേഹിക്കുകയോ രൂപപ്പെടുത്തുകയോ ചെയ്യുന്ന യന്ത്രങ്ങള്‍ നാം കണ്ടുപിടിച്ചു എന്നല്ല. പക്ഷേ അവ അങ്ങനെയാണ് എന്നു വിശ്വസിക്കാന്‍ നാം തയ്യാറാണ് എന്നാണ്.’

ഭാവിയിലെ AI പാവകള്‍ ശബ്ദം തിരിച്ചറിയുക മാത്രമല്ല പ്രത്യേക ആംഗ്യങ്ങളും മനസിലാക്കാന്‍ കഴിവുള്ളവയായിരിക്കും. ഉദാഹരണത്തിന് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ സെന്‍സറുകള്‍, ക്യാമറ, മൈക്രോഫോണ്‍, WiFi എന്നിവയെല്ലാമുള്ള ഒരു പാവ കരടിയുടെ പേറ്റന്റ് ഗൂഗിള്‍ പ്രസിദ്ധീകരിച്ചു. ചുറ്റുപാടുകളെ നിയന്ത്രിക്കാന്‍ ശേഷിയുള്ള ഒന്നാകും ഇതെന്ന് ഗൂഗിള്‍ സൂചിപ്പിക്കുന്നു. 

ആംഗ്യങ്ങള്‍ മനസിലാക്കാന്‍ കഴിവുള്ള സാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ചേര്‍ന്നാല്‍ സ്വാഭാവിക പെരുമാറ്റങ്ങളെ എങ്ങനെ ഉദ്ദീപിപ്പിക്കും എന്നതിന്റെ സൂചന ഈ വര്‍ഷം ആദ്യം WowWee ഇറക്കിയ MiPosaur എന്ന പാവയിലുണ്ട്. നല്ല പരിശീലനം കിട്ടിയ ഒരു വളര്‍ത്തുമൃഗത്തെപ്പോലെ മനുഷ്യന്റെ കൈകളുടെയോ അല്ലെങ്കില്‍ ഒരു സംവേദന സഹായിയായ പന്തിന്റെയോ ചലനങ്ങളോട് ഈ യന്ത്ര ദിനോസറുകള്‍ പ്രതികരിക്കുന്നു. 

ഇതൊക്കെ പാവകളാണ് എന്നുള്ളതുകൊണ്ടു എളുപ്പം തള്ളിക്കളയേണ്ട വിഷയങ്ങളല്ല. Hello Barbie പാവ ഇതിനോടകം സ്വകാര്യത അവകാശത്തിന്റെ പ്രായോക്താക്കളുടെ വിമര്‍ശനം ഏറ്റുവാങ്ങി. 13 വയസിനു താഴെയുള്ള കുട്ടികളുടെ സ്വകാര്യതയെ ഇത് ലംഘിക്കുന്നു എന്നാണ് ആരോപണം. ഗൂഗിള്‍ ടെഡി ബെയറിനെ ബി ബി സി വിശേഷിപ്പിച്ചത് ‘ഒരു വിചിത്ര ഇന്റര്‍നെറ്റ് പാവ’ എന്നാണ്. 

ഇന്റെര്‍നെറ്റുമായി ബന്ധപ്പെട്ട ഏത് സാധനത്തെയും പോലെ ഇതിലും നുഴഞ്ഞുകയറാം എന്നൊരു അപായസാധ്യതയുണ്ട്. വിദഗ്ധര്‍ പറയുന്നത് ഇത്തരം പാവകള്‍ കുട്ടികള്‍ക്ക് ദോഷം ചെയ്യും എന്നാണ്. കുട്ടികളുടെ ഭാവനാശക്തി കുറയ്ക്കുകയും നിഷേധാത്മകമായ സ്വഭാവവിശേഷങ്ങള്‍ കുട്ടികളില്‍ വളരാനുള്ള സാധ്യതയുമുണ്ട്. 

ഈ പാവകളുടെ വിചിത്ര സ്വഭാവത്തെ മറികടക്കുകയും ചുറ്റുപാടുമുള്ള ആളുകളോടും വസ്തുക്കളോടും നാം ഇടപഴകുന്ന രീതിയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാക്കാനുള്ള അവയുടെ സാധ്യതകളെ അഭിമുഖീകരിക്കുകയും ചെയ്താല്‍ മാത്രമേ ഇത്തരം കൃത്രിമ ബുദ്ധി പാവകള്‍ക്ക് മുന്നോട്ട് പോകാനാവൂ. 

മനുഷ്യനെ സവിശേഷമാക്കുന്ന എല്ലാ ഘടകങ്ങളെയുമാണ് ഈ പാവകള്‍ അപനിര്‍മ്മിക്കുന്നത്. പകരം വെക്കുന്നത് സെന്‍സറുകള്‍, കമ്പ്യൂട്ടര്‍ സെര്‍വറുകള്‍, സോഫ്റ്റ്‌വെയര്‍, അല്‍ഗോരിതം; അങ്ങനെ പോകുന്നു. പാവകളുടെ ഭാവി, ലോകത്തെ ഏറ്റവും കര്‍ശനക്കാരായ വിമര്‍ശകര്‍-കുട്ടികള്‍- നിശ്ചയിക്കും.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍