UPDATES

വായന/സംസ്കാരം

വയലാര്‍ പുരസ്‌കാരം ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയ്ക്ക്

ഐതീഹ്യത്തിനൊപ്പം ശ്രീലങ്കന്‍ സര്‍ക്കാരും തമിഴ് വംശജരും തമ്മിലുള്ള പോരാട്ടവുമാണ് ഈ നോവല്‍ ചര്‍ച്ച ചെയ്യുന്നത്

ഈവര്‍ഷത്തെ വയലാര്‍ അവാര്‍ഡ് നോവലിസ്റ്റും വിവര്‍ത്തകനുമായ ടി ഡി രാമകൃഷ്ണന്. അദ്ദേഹത്തിന്റെ സുഗന്ധിയെന്ന ആണ്ടാള്‍ ദേവനായകി എന്ന നോവലിനാണ് പുരസ്‌കാരം. ശ്രീലങ്കയിലെ തമിഴ് വംശജരുടെ പോരാട്ടത്തിന്റെ കഥയും അതോടൊപ്പം ശ്രീലങ്കന്‍ തമിഴരുടെ ചരിത്രവും ഐതീഹ്യവുമാണ് നോവലില്‍ പ്രതിപാദിക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകയും ഫെമിനിസ്റ്റുമായ രജനി തിരണഗാമയുടെ ജീവിത കഥയാണ് നോവലിന് പ്രചോദനം.

ദേശ, വംശ സങ്കല്‍പ്പങ്ങളെക്കുറിച്ചും അത് മനുഷ്യജീവിതത്തില്‍ നടത്തുന്ന സ്വാധീനത്തെക്കുറിച്ചുമാണ് ഈ നോവല്‍ പറഞ്ഞുവയ്ക്കുന്നത്. ചോള സാമ്രാജ്യ കാലത്ത് ജീവിച്ചിരന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ദേവനായകി തമിഴ് വംശജര്‍ അടിച്ചമര്‍ത്തപ്പെടുന്ന ആധുനിക ശ്രീലങ്കയില്‍ പുനര്‍ജനിക്കുന്നുവെന്ന വിശ്വാസത്തില്‍ നിന്നാണ് ഈ നോവല്‍ കഥ പറയുന്നത്. അതിനാല്‍ തന്നെ ഐതീഹ്യത്തിനൊപ്പം ശ്രീലങ്കന്‍ സര്‍ക്കാരും തമിഴ് വംശജരും തമ്മിലുള്ള പോരാട്ടവും നോവല്‍ ചര്‍ച്ച ചെയ്യുന്നു.

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഫ്രാന്‍സിസ് ഇട്ടിക്കോരയാണ് രാമകൃഷ്ണന്റെ മറ്റൊരു കൃതി. ആല്‍ഫ, സിറജുനിസ എന്നിവയാണ് മറ്റ് കൃതികള്‍. മുന്‍ എല്‍ടിടിഇ നേതാവും ശ്രീലങ്കന്‍ തമിഴ് എഴുത്തുകാരനും അഭിനേതാവുമായ ശോഭ ശക്തിയുടെ മ് എന്ന നോവല്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ടിഡിയാണ്. ശാസ്ത്രവുമായി ബന്ധപ്പെടുത്തിയെഴുതിയ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ ചാത്തന്‍ സേവയെക്കുറിച്ചും എട്ടാംകൂര്‍ എന്ന വിഭാഗത്തെക്കുറിച്ചുമായിരുന്നു ചര്‍ച്ച ചെയ്തത്. ഇത് ഏറെ വിവാദങ്ങളുയര്‍ത്തിയ നോവല്‍ ആണ്. മനുഷ്യനിലെ മൃഗവാസനകളാണ് ആല്‍ഫ പങ്കുവയ്ക്കുന്ന ആശയം. മാജിക്കല്‍ റിയലിസമാണ് ടിഡിയുടെ നോവലുകളുടെ പൊതുസ്വഭാവം.

ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്‍പ്പവുമടങ്ങുന്നതാണ് വയലാര്‍ പുരസ്‌കാരം. സാഹിത്യത്തിലെ സംഭാവനകള്‍ക്ക് വയലാര്‍ രാമവര്‍മ്മയുടെ സ്മരണാര്‍ത്ഥം 1977 മുതലാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍