UPDATES

അരുണ്‍ ജെയ്റ്റ്‌ലിയുടെ മായാജാലം ക്ഷേമരാഷ്ട്ര സങ്കല്‍പ്പം തകര്‍ക്കുന്നു; കാരണങ്ങള്‍ നിരത്തി ആര്‍ടിഎഫ്‌സി

പഞ്ചായത്തിരാജിന്റെയും ഭരണഘടനയുടെയും നഗ്നമായ ലംഘനമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്

ഭരണഘടനയുടെയും പഞ്ചായത്തിരാജിന്റെയും അടിസ്ഥാനതത്വങ്ങള്‍ ലംഘിക്കുന്നതും വെറും കണക്കുകള്‍ കൊണ്ടുള്ള മായാജാലവുമാണു കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച 2017-18 സാമ്പത്തികവര്‍ഷത്തിലേക്കുള്ള ബജറ്റെന്ന് റൈറ്റ് റു ഫുഡ് ക്യാമ്പെയ്ന്‍ (ആര്‍ടിഎഫ്‌സി) ആരോപിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ 38(1), (2) അനുശ്ചേദങ്ങള്‍ ഉറപ്പുനല്‍കുന്ന ക്ഷേമ രാഷ്ട്രസങ്കല്‍പം സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്നോട്ട് വലിക്കുന്നതാണ് ബഡ്ജറ്റെന്ന് കോര്‍പ്പറേറ്റുകളെ പ്രോത്സാഹിപ്പിക്കുകയും പ്രാന്തവല്‍കൃതരെ കൂടുതല്‍ ദൈന്യതയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ പോരാടുന്ന സംഘടന അക്കമിട്ടു നിരത്തിയ കാരണങ്ങളിലൂടെ ആരോപിക്കുന്നു.

നോട്ടു നിരോധനം മൂലം വര്‍ദ്ധിച്ചിരിക്കുന്ന ദുരിതങ്ങളും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ല. അടുത്ത വര്‍ഷത്തെ നമ്മുടെ ദൗത്യം യുവാക്കളെ ലക്ഷ്യം വച്ചുകൊണ്ട് അവരെ പരിവര്‍ത്തിക്കുകയും ഊര്‍ജ്ജവത്കരിക്കുകയും ചെയ്യുക എന്നാണു പ്രഖ്യാപിക്കപ്പെട്ടിരുന്നതെങ്കിലും അവരുടെ യഥാര്‍ത്ഥ ശേഷി തുറന്നുവിടുന്ന ഒരു നിര്‍ദ്ദേശവും മുന്നോട്ട് വയ്ക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. മറിച്ച്, പല നിര്‍ദ്ദേശങ്ങളും തൊഴിലില്ലായ്മയെയും പട്ടിണിയെയും പോഷകാഹാരക്കുറവിനെയും ശാശ്വതീകരിക്കാന്‍ ഉദ്ദേശിച്ചുള്ളവയുമാണ്.

കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പരിപാടിക്കുള്ള തുക 9,700 കോടിയില്‍ നിന്നും 10,000 കോടിയായി വര്‍ദ്ധിപ്പിച്ചു എന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍ നാണയപ്പെരുപ്പവുമായി ബന്ധപ്പെടുത്തി കണക്കാക്കുമ്പോള്‍ ഇതൊരു വര്‍ദ്ധനയേ അല്ല. സംയോജിത ശിശുവികസന പദ്ധതിയുടെ ഫണ്ട് 14560 കോടിയില്‍ നിന്നും 15245 കോടിയായി വര്‍ദ്ധിപ്പിച്ചു എന്നു പറയുന്നതും ഇതേ യുക്തിരാഹിത്യം തന്നെയാണു കാണിക്കുന്നത്. ദേശീയ പോഷകാഹാര മിഷന് നല്‍കിയിരിക്കുന്ന 1500 കോടി എന്തിനു വേണ്ടിയാണെന്നോ എങ്ങനെ വിനിയോഗിക്കുമെന്നോ വ്യക്തമാക്കിയിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ ഇതിനായി നീക്കിവച്ചിട്ടുള്ള വിഹിതങ്ങള്‍ ചിലവഴിച്ചിട്ടുമില്ല. ഉദാഹരണത്തിന്, കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഈ പദ്ധതി പ്രകാരം നീക്കിവെച്ചിരുന്ന 400 കോടി രൂപയില്‍ വെറും 39 കോടി രൂപയാണ് ചെലവഴിച്ചത്. പൊതുജനങ്ങളുമായി ചര്‍ച്ച ചെയ്ത് പദ്ധതിയുടെ സുതാര്യത ഉറപ്പാക്കാതെ വകയിരുത്തുന്ന ഇത്തരം ഫണ്ടുകള്‍ ഒരു പ്രയോജനവും ചെയ്യില്ല. ഐസിഡിഎസും പാചകം ചെയ്ത ഉച്ചഭക്ഷണ പദ്ധതിയും ഉപേക്ഷിക്കാനുള്ള ഒരു നിര്‍ദ്ദേശം നിലവിലുണ്ടെന്നാണ് പത്രവാര്‍ത്തകളും കേന്ദ്ര മനേക ഗാന്ധി ഞങ്ങള്‍ക്ക് അനുവദിച്ച അഭിമുഖവും വ്യക്തമാക്കുന്നത്. നല്ല ഗുണനിലവാരമുള്ള, ശുചിയായ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കുക എന്ന വ്യാജേന വന്‍കിട കുത്തകളുടെ സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ സ്‌കൂളുകളില്‍ എത്തിക്കുന്നതിനായി കരാറുണ്ടാക്കാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നത്.

ഓരോ കുട്ടിക്കും 6000 രൂപ വീതം സാര്‍വലൗകിക പ്രസവാവകാശങ്ങള്‍ക്ക് അമ്മമാര്‍ക്ക് 2013ലെ ദേശീയ ഭക്ഷസുരക്ഷ നിയമം ഉറപ്പ് നല്‍കുന്നു. സംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് നാല് മുതല്‍ ആറ് മാസം വരെ പ്രസവാവധിക്കും അര്‍ഹതയുണ്ട്. എന്നാല്‍ 90 ശതമാനം സ്ത്രീകളും അസംഘടിതമേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യയില്‍ വളരെ ചെറിയ ശതമാനത്തിന് മാത്രമേ ഈ നിയമത്തിന്റെ ഗുണം ലഭിക്കാറുള്ളു. അതുകൊണ്ടു തന്നെ ഭക്ഷ്യസുരക്ഷ നിയമത്തിലെ പ്രസവ അവകാശങ്ങള്‍ അസംഘിതമേഖലയ്ക്ക് ചെറിയ രീതിയിലെങ്കിലും ഒരാശ്വാസമാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, പുതുവര്‍ഷ തലേന്ന് പ്രധാനമന്ത്രി നല്‍കിയ വലിയ വാഗ്ദാനങ്ങള്‍ക്ക് ശേഷവും, രാജ്യത്തിലെ എല്ലാ ജില്ലയിലെയും എല്ലാ ഗര്‍ഭിണികള്‍ക്കും ആനുകൂല്യം നല്‍കാന്‍ പര്യാപ്തമായ തുക ബജറ്റില്‍ വകയിരുത്തിയിട്ടില്ല. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ നീക്കി വച്ചിരുന്ന 634 കോടി രൂപയ്ക്ക് പകരം 2700 കോടി രൂപയാണ് ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ രാജ്യത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെങ്കില്‍ 16,000 കോടി രൂപ (മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ രണ്ട് ശതമാനം) ആവശ്യമാണെന്ന് ആര്‍ടിഎഫ്‌സി കണക്കുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ ആശുപത്രികളില്‍ പ്രസവിക്കുന്നവര്‍ക്കും കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തുവര്‍ക്കും മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക എന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ സേവനങ്ങളിലുള്ള പ്രാപ്യത വളരെ ശോചനീയമായ പ്രാന്തവത്കൃത സമൂഹങ്ങളെ ഈ ആനുകൂല്യത്തില്‍ നിന്നും കൂടുതല്‍ ഒഴിവാക്കാനേ ഇത്തരം നിബന്ധനകള്‍ സഹായിക്കു. ഭിന്നശേഷിയുള്ളവരെ ബജറ്റ് പൂര്‍ണമായും അവഗണിച്ചു. 2006 മുതല്‍ ദേശീയ സാമൂഹിക സഹായ പരിപാടിയിലുള്ള കേന്ദ്രത്തിന്റെ സംഭാവന ഒരു വ്യക്തിക്ക് പ്രതിമാസം 200 രൂപയായി തുടരുകയാണ്. എന്‍എസ്എപിക്ക് കഴിഞ്ഞ വര്‍ഷം വകയിരുത്തിയിരുന്ന 9500 കോടി രൂപ തന്നെയാണ് ഈ വര്‍ഷവും വകയിരുത്തിയിരിക്കുന്നത്.

ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ധനമന്ത്രിയുടെ ഏറ്റവും വലിയ പ്രസ്താവന ദേശീയ തൊഴിലുറപ്പ് പദ്ധതിയെ സംബന്ധിച്ചാണ്. 2016-17 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ പത്തുമാസത്തിനുള്ളില്‍ 46,618 കോടി രൂപ ചിലവഴിച്ചുവെന്നും ഈ വര്‍ഷത്തേക്ക് ലഭ്യമായ ഫണ്ട് 50,060 കോടി രൂപയാണെന്നും സര്‍ക്കാര്‍ വെബ്‌സൈറ്റ് തന്നെ വെളിവാക്കുന്നു. എന്നാല്‍ വിഹിതം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് ധനമന്ത്രി പറയുന്നത്. പണപ്പെരുപ്പത്തില്‍ നിന്നുണ്ടാവുന്ന സ്വാഭാവിക കുറവ് അദ്ദേഹം കണക്കിലെടുത്തിട്ടുമില്ല. നോട്ട് നിരോധനം മൂലം അസംഘടിത മേഖലയില്‍ ഉണ്ടായിട്ടുള്ള തൊഴില്‍ നഷ്ടം കൂടി കണക്കിലെടുക്കുമ്പോള്‍ തൊഴിലുറപ്പ് പദ്ധതി വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

ഒമ്പത് ദശലക്ഷം പേര്‍ ഇതര സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്നുണ്ടെന്നാണ് സാമ്പത്തിക സര്‍വെ പറയുന്നത്. നോട്ട് നിരോധനം ഇവരില്‍ കുറഞ്ഞത് 25 ശതമാനത്തെയെങ്കിലും പ്രതികൂലമായി ബാധിച്ചിട്ടുണ്ടാവും. ഇവര്‍ക്ക് നിലവിലെ തൊഴില്‍ നഷ്ടപ്പെടുന്നു എന്ന് മാത്രമല്ല, ഉടനടി തൊഴില്‍ തിരികെ കിട്ടാനുള്ള സാധ്യതയും വിരളമാണ്. ഈ സാഹചര്യത്തില്‍ ഇവരെല്ലാം മാതൃസംസ്ഥാനങ്ങളിലേക്ക് മടങ്ങിയെത്തും. അതായത് തൊഴിലുറപ്പ് പദ്ധതിയില്‍ ഇവരെ കൂടി ഉള്‍പ്പെടുത്തേണ്ടി വരും. ഇതിന് വേണ്ടി മാത്രം 4500 കോടി രൂപ ആവശ്യമായി വരും. തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം 80,000 കോടി രൂപ ആക്കണം എന്നതായിരുന്നു പൗരാവകാശ സംഘടനകളുടെ നിര്‍ദ്ദേശമെങ്കിലും 60,000 കോടി രൂപയെങ്കിലും നീക്കിവെക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. വാര്‍ഷിക വേതനവര്‍ദ്ധന കൂടി കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ വകയിരുത്തിയിരിക്കുന്ന തുക തീരെ അപര്യാപ്തമാണെന്നിരിക്കെയാണ് ധനമന്ത്രി തെറ്റിധാരണജനകമായ കണക്കുകള്‍ നിരത്തുന്നത്. നോട്ട് നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്.

തൊഴിലുറപ്പ് പദ്ധതി പ്രകാരം അഞ്ച് ലക്ഷം കുളങ്ങളും പത്ത് ലക്ഷം കമ്പോസ്റ്റ് കുഴികളും എന്ന ലക്ഷ്യം മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്നും 2017-18 സാമ്പത്തികവര്‍ഷത്തില്‍ അഞ്ച് ലക്ഷം കുളങ്ങള്‍ കൂടി കുഴിക്കുമെന്നുമാണ് ധനമന്ത്രി ബജറ്റില്‍ പറഞ്ഞത്. തൊഴിലുറപ്പ് പദ്ധതിയ്ക്ക് ആസ്തി സൃഷ്ടിക്കല്‍ ലക്ഷ്യങ്ങള്‍ നല്‍കുക വഴി തൊഴിലുറപ്പ് ചട്ടത്തിന്റെയും സംസ്ഥാന പഞ്ചായത്തീരാജ് ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ് നടക്കുന്നത്. ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതിലുള്ള കേന്ദ്രത്തിന്റെ അമിത ഇടപെടല്‍ പഞ്ചായത്തീരാജ് ചട്ടത്തിന്റെ വികേന്ദ്രീകൃത, സ്വയംഭരണാവകാശ തത്വങ്ങളെയുമാണ് കേന്ദ്ര സര്‍ക്കാര്‍ കാറ്റില്‍ പറത്തുന്നത്.

തകര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ കൂടുതല്‍ തളര്‍ത്തുന്നതായിരുന്നു നോട്ട് നിരോധന പ്രഖ്യാപനം. ബജറ്റില്‍ വലിയ കാര്‍ഷിക ആശ്വാസ പദ്ധതികള്‍ ഉണ്ടാവുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. 2014 ല്‍ അദ്ദേഹം പറഞ്ഞ അതേ വാഗ്ദാനം തന്നെ ഈ വര്‍ഷവും ആവര്‍ത്തിച്ചിരിക്കുന്നു. അഞ്ച് വര്‍ഷത്തിനുള്ള കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന്. ഒരിക്കലും നടക്കാത്ത സ്വപ്‌നങ്ങളായി ഇത്തരം വാഗ്ദാനങ്ങള്‍ മാറുന്നു. പാവം കര്‍ഷകര്‍ക്ക് മരണക്കെണിയായി മാറുകയും സമ്പന്നര്‍ക്കും ശക്തര്‍ക്കും മാത്രം ഗുണം ചെയ്യുകയും ചെയ്യുന്ന ഒന്നാണ് കാര്‍ഷിക വായ്പ. കാര്‍ഷിക പ്രതിസന്ധി വര്‍ഷങ്ങളായി പരിഹരിക്കാതിരിക്കെ, വിഹിതം ഒമ്പതില്‍ നിന്നും പത്ത് ലക്ഷം കോടിയായി വര്‍ദ്ധിപ്പിച്ചതുകൊണ്ട് മാത്രം അതെങ്ങനെ പരിഹരിക്കും എന്ന ചോദ്യവും ബാക്കി നില്‍ക്കുന്നു.

ഫസല്‍ ബീമ ഭൂരിപക്ഷം കര്‍ഷകര്‍ക്കും പ്രയോജനം ചെയ്യില്ല. 2019 മാര്‍ച്ചോടെ പകുത കര്‍ഷകരെ പദ്ധതിയില്‍ ചേര്‍ക്കുമെന്നാണ് ബജറ്റ് വിലയിരുത്തല്‍ തന്നെ. ഇന്‍ഷ്വുറന്‍സ് കമ്പനികള്‍ കമ്പോള യുക്തിക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവാണ്. അല്ലാതെ സാമൂഹികക്ഷേമ യുക്തി അവര്‍ക്ക് വഴങ്ങില്ല. വെറും 9000 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത് എന്നതും പരിതാപകരമാണ്. പാട്ടകര്‍ഷകരും പദ്ധതിയുടെ പുറത്തേക്ക് തള്ളപ്പെടും. കരാര്‍ കൃഷി വ്യവസ്ഥയിലൂടെ കര്‍ഷകരെ ചൂഷണം ചെയ്യാനും സബ്‌സിഡികള്‍ നേരിട്ട് വന്‍കിടകുത്തകളുടെ കൈയിലെത്താനുമുള്ള നിയമപരമായ അംഗീകാരം നല്‍കിയിരിക്കുന്നു. മൊത്തത്തില്‍ ക്ഷേമ രാഷ്ട്രം എന്ന വലിയ സങ്കല്‍പത്തെ വെറും കണക്കുകളിലെ കളികള്‍ ഉപയോഗിച്ച് പൂര്‍ണമായും അട്ടിമറിക്കുകയാണ് ധനമന്ത്രി ചെയ്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍