UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇപ്പോള്‍ സന്തോഷകരമായ നിശബ്ദത; മാറിയ ഇന്ത്യയെ ഫേസ്ബുക്കില്‍ വിശദീകരിച്ച് അരുണ്‍ ജെയ്റ്റ്‌ലി

Avatar

അഴിമുഖം പ്രതിനിധി

ഒന്നാം വാര്‍ഷികത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ഫെയ്‌സ് ബുക് പോസ്റ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് ഒരു വര്‍ഷം മുമ്പുവരെ ഇവിടെ നിലനിന്ന സാഹചര്യം എന്തായിരുന്നുവെന്നു നോക്കുക. വിവേചനപരമല്ലാത്ത, ചട്ടങ്ങളനുസരിച്ചുള്ള ഭരണനിര്‍വഹണത്തിന് പകരം എല്ലാ അധികാരങ്ങളും തങ്ങളുടെ കൈകളിലേക്ക് കേന്ദ്രീകരിക്കാനാണ് അന്ന് സര്‍ക്കാര്‍ ശ്രമിച്ചത്. എല്ലാ മന്ത്രാലയങ്ങള്‍ക്ക് മുന്നിലും ‘വില്‍പ്പനയ്ക്ക്’ എന്ന അറിയിപ്പുകള്‍ തൂങ്ങിക്കിടന്നു. വേണ്ടപ്പെട്ട ചുരുക്കം പേര്‍ക്കു സ്‌പെക്ട്രം ചുളുവിലക്ക് വിറ്റുതുലച്ചു. നിക്ഷേപകര്‍ നഷ്ടത്തിലായി. മന്ത്രിമാര്‍, നിക്ഷേപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരൊക്കെ വിചാരണ ചെയ്യപ്പെട്ടു, തടവിലായി. കല്‍ക്കരി പാടങ്ങള്‍ സൗജന്യം പോലെ അനുവദിച്ചു. പാരിസ്ഥിതിക അനുമതികള്‍ വില്‍പ്പനയ്ക്ക് വെച്ചു. 

കോണ്‍ഗ്രസ് നേതാക്കള്‍ കാശ് വാങ്ങുന്നവരും പേര് വായ്പ നല്‍കുന്നവരുമായി. കല്‍ക്കരി പാടം അനുമതി ലഭിച്ച പല കമ്പനികളിലും അവര്‍ പങ്കാളികളായിരുന്നു. ഇത്തരം തട്ടിപ്പുകള്‍ വിചാരണകളിലേക്കും കല്‍ക്കരി മേഖലയുടെ സ്തംഭനത്തിലേക്കും നയിച്ചു. വൈദ്യുതി മേഖല പോലെ അതിന്റെ ഉപയോഗ മേഖലയെ പ്രതികൂലമായി ബാധിച്ചു. യുപിഎ സര്‍ക്കാരിന്റെ ആത്മഹത്യാപരമായ നയങ്ങളുടെ ബാധ്യതയില്‍ നിന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പോലും ഒഴിവാക്കപ്പെട്ടില്ല. കോടതികള്‍ ഇടപെട്ട്, അനുമതികള്‍ റദ്ദാക്കി. 

‘ആദ്യം വന്നവര്‍ക്ക് ആദ്യം’ എന്ന തുരുമ്പെടുത്ത ഒരു നയത്തിനെ അടിസ്ഥാനമാക്കിയാണ് ഖനനത്തിനുള്ള അനുമതി നല്‍കുന്ന സംവിധാനം നീക്കിയത്. സംസ്ഥാന സര്‍ക്കാരുകളെ- ഇന്ത്യയിലെ ഏറ്റവും ദരിദ്രമായവയെ- തീര്‍ത്തൂം അവഗണിച്ചു. തങ്ങളുടെ സംസ്ഥാനത്തെ ഖനികളില്‍ നിന്നുള്ള വരുമാനത്തിന്റെ നാമമാത്ര അംശം മാത്രമാണു അവര്‍ക്ക് ലഭിച്ചത്. സ്വര്‍ണ ഇറക്കുമതി പോലും ചുരുക്കം ചിലര്‍ നിയന്ത്രിച്ചു. 

വ്യാപാരികളും വ്യവസായികളും ആനുകൂല്യങ്ങള്‍ക്കായി മന്ത്രിമാര്‍ക്കും കക്ഷി നേതാക്കള്‍ക്കും മുന്നില്‍ വരിന്നിന്നു. സര്‍ക്കാര്‍ ചെലവില്‍ ആനുകൂലയങ്ങള്‍ നല്‍കേണ്ടവരുടെ പട്ടിക പാര്‍ടി ഭാരവാഹികള്‍ മന്ത്രിമാര്‍ക്ക് കുറിപ്പായി മുറയ്ക്ക് എത്തിച്ചു. 

സംശയകരമായ നിയമനങ്ങള്‍ 
ആകെ അലങ്കോലമായ ഭരണത്തില്‍ സ്വജനപക്ഷപാതം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. അന്വേഷണ ഏജന്‍സികളായ സിബഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലുള്ളവയെ രാഷ്ട്രീയ സ്വാധീനമുള്ളവര്‍ നേരിട്ടു നിയന്ത്രിച്ചു. രാഷ്ട്രീയ എതിരാളികളേയും താത്പര്യമില്ലാത്ത വ്യാപാരികളെയും വേട്ടയാടി. അഴിമതി പുറത്തുകൊണ്ടുവരേണ്ട ഏജന്‍സികള്‍ തന്നെ അഴിമതിയില്‍ മുങ്ങി. കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കാന്‍ പലപ്പോഴും കോടതികള്‍ക്ക് ഇടപെടേണ്ടിവന്നു. നിക്ഷേപകര്‍ രാജ്യം വിട്ടോടിയതില്‍ അത്ഭുതമുണ്ടോ? രാജ്യത്തെ വ്യാപാരാന്തരീക്ഷത്തെ ഇത് തടസപ്പെടുത്തി. 

ഒരു വര്‍ഷത്തിന് ശേഷം നാമെവിടെയാണ് നില്‍ക്കുന്നത്? സൗത്ത് ബ്ലോക്കിനും നോര്‍ത്ത് ബ്ലോക്കിനും മുന്നില്‍ വ്യാപാരി, വ്യവസായികള്‍ വരി നില്‍ക്കുന്ന കാഴ്ച്ച ഇന്നില്ല. ഇടനാഴികള്‍ ശൂന്യമാണ്, സന്തോഷകരമായ നിശബ്ദത. നേരിട്ടുള്ള വിദേശ നിക്ഷേപം $20.8 ബില്ല്യനില്‍ (2013-14)നിന്നും $28.8 ബില്ല്യണ്‍ (2014-15) ഡോളറായി ഉയര്‍ന്നിരിക്കുന്നു. മറ്റുള്ളവ അനുമതിയുടെ അന്തിമ ഘട്ടത്തിലാണ്. വസ്തുതാപരമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അനുമതി നല്‍കുന്ന ഒരു സംവിധാനമനുസരിച്ച് പരിസ്ഥിതി മന്ത്രാലയം പതിവായി അനുമതികള്‍ നല്‍കുന്നു. പാരിസ്ഥിതിക അനുമതികള്‍ക്കുള്ള നിയമത്തിലില്ലാത്ത നികുതി സമ്പ്രദായം അവസാനിച്ചിരിക്കുന്നു. സ്‌പെക്ട്രം ലേലത്തില്‍ ഒരു ലക്ഷം കോടി രൂപയിലേറെയാണ് ലഭിച്ചത്. ചില കല്‍ക്കരി പാടങ്ങള്‍ മാത്രം ലേലം ചെയ്തപ്പോള്‍ രണ്ടു ലക്ഷം കോടിയിലേറെയാണ് വരുമാനം. നയരൂപവത്കരണത്തിലല്ലാതെ മന്ത്രിമാര്‍ക്ക് ഇതില്‍ ഒരിടപെടലുമില്ല. വില നിശ്ചയിക്കുന്നത് വിപണി സംവിധാനത്തിലാണ്, ആര്‍ക്ക് ലഭിക്കും എന്നത് ലേലം നിശ്ചയിക്കുന്നു. അഴിമതി എന്ന വാക്ക് ഇന്ത്യയുടെ രാഷ്ട്രീയ നിഘണ്ടുവില്‍ നിന്നും എടുത്തുനീക്കിയിരിക്കുന്നു. നിക്ഷേപകരെ കുറ്റവിചാരണ ചെയ്യുന്ന അന്തരീക്ഷം ഇപ്പോള്‍ മാറിമറഞ്ഞു. പരിഷ്‌കരണങ്ങള്‍ക്കും ഉദാരവത്കരണത്തിനും ഇപ്പോള്‍ ആക്കമുണ്ട്, എന്നാല്‍ ആശ്രിത മുതലാളിത്തമില്ല, പീഡനവുമില്ല. വെട്ടിപ്പും വിവാദവും, അഴിമതിയും പകവീട്ടലും നിറഞ്ഞ ഭരണം കഴിഞ്ഞുപോയി. 

വരുമാനം വര്‍ദ്ധിച്ചു 
ധനക്കമ്മി കുറയുകയും സര്‍ക്കാരിന്റെ വരുമാനം കൂടുകയും ചെയ്തതോടെ ഇനി ഊന്നല്‍ സാമൂഹ്യ സുരക്ഷാ, ക്ഷേമ പദ്ധതികള്‍ ശക്തിപ്പെടുത്താനാണ്. 15 കോടിയിലേറെ ജന്‍ ധന്‍ അകൗണ്ടുകള്‍ തുറന്നു. ഈ അകൗണ്ടുകളില്‍ പണമെത്തിക്കാനാണ് ഇനി ശ്രമം. കൂടാതെ, പാവപ്പെട്ടവര്‍ക്കായുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, പാചക വാത സബ്‌സിഡി എന്നിവ 12.6 കോടി വരുന്ന ഗുണഭോക്താക്കളുടെ അകൗണ്ടിലേക്ക് നേരിട്ടെത്തുകയാണ്. മെയ് 9നു തുടങ്ങിയ അപകട ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ആദ്യത്തെ 9 ദിവസങ്ങള്‍ക്കുളില്‍ 5.57 കോടി പേര്‍ പോളിസി എടുത്തിരിക്കുന്നു. ഒരു കൊല്ലം 12 രൂപയാണ് ഇതിലെ പ്രീമിയം. പ്രതിവര്‍ഷം 330 രൂപ പ്രീമിയമുള്ള ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ആദ്യ 18 ദിവസത്തിനുള്ളില്‍ 1.74 കോടി വരിക്കാരായി. 

അടല്‍ പെന്‍ഷന്‍ യോജനയും നന്നായി സ്വീകരിക്കപ്പെട്ടു. ഇതുവരെ പെന്‍ഷനില്ലാത്ത ഇന്ത്യയിലെ ഒരു വിഭാഗത്തിന് ഇനി പെന്‍ഷന്‍ ലഭിക്കും. 5.77 കോടി ചെറുകിട സംരഭകര്‍ക്ക് പണം ലഭ്യമാക്കാന്‍ MUDRA ബാങ്ക് സഹായിക്കും. കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് ഉദാരമായ വ്യവസ്ഥകളില്‍ ആശ്വാസം നല്‍കി. MGNREGക്കു അധിക തുക നീക്കിവെച്ചു. രാഷ്ട്രത്തിന്റെ വിപുലീകരിച്ച വിഭവസ്രോതസുകള്‍ അടിസ്ഥാനസൗകര്യ സൃഷ്ടിക്കും, ജലസേചനത്തിനും, സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും ഉപയോഗിച്ചു. യുപിഎയുടെ ആശ്രിത മുതലാളിതവും സ്ഥാപന നശീകരണവും എന്‍ഡിഎയുടെ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും പാവപ്പെട്ടവര്‍ക്കും ദുര്‍ബ്ബലര്‍ക്കും സാമൂഹ്യസുരക്ഷ നല്‍കുകയും ചെയ്യുന്നതിനൊപ്പമുള്ള ഉദാരവത്കരണവും അഴിമതി വിരുദ്ധതയും തമ്മിലുള്ള വ്യത്യാസം ഇതിലാണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍