UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മിസ്റ്റര്‍ ജെയ്റ്റ്‌ലി, ഇത് കാപട്യമാണ്!

Avatar

ടീം അഴിമുഖം

കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ നടന്ന വര്‍ഷകാല സമ്മേളനത്തില്‍ പാര്‍ലമെന്റ് ഭക്ഷ്യ സുരക്ഷ ബില്‍ ചര്‍ച്ചക്കെടുത്തു. സമ്മേളനത്തിന് ദിവസങ്ങള്‍ക്ക് മുമ്പേ നിയമം നടപ്പാക്കാന്‍ ഓര്‍ഡിനന്‍സിന്റെ വഴി തെരഞ്ഞെടുത്ത യു പി എ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ അന്നത്തെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ആഞ്ഞടിച്ചു.

 

‘ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള അധികാരത്തിന്റെ ദുരുപയോഗമാണ് ഭക്ഷ്യ സുരക്ഷ ഓര്‍ഡിനന്‍സ്’, അദ്ദേഹം പറഞ്ഞു. ഒരു നിയമപണ്ഡിതന്‍ കൂടിയായ ജെയ്റ്റ്‌ലി, സര്‍ക്കാരിന് ഓര്‍ഡിനന്‍സിന്റെ വഴി തെരഞ്ഞെടുക്കാവുന്നത് എപ്പോഴൊക്കെയാണെന്ന് വിശദീകരിച്ചു.

‘അടുത്ത പാര്‍ലമെന്റ് സമ്മേളനം വരെ കാത്തിരിക്കാന്‍ ആവാത്തത്ര കടുത്ത അടിയന്തിരപ്രാധാന്യമുള്ള വിഷയങ്ങള്‍ വരുമ്പോഴാണ് ആര്‍ട്ടിക്കിള്‍ 123 അനുസരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്ന ദിവസത്തിനും പാര്‍ലമെന്റ് സമ്മേളനദിവസത്തിനും ഇടക്കുള്ള ദിവസങ്ങള്‍ കാത്തിരിക്കാന്‍ കഴിയാത്തവണ്ണം നിര്‍ണായകമായിരിക്കണം ആ വിഷയം. ഇപ്പോള്‍ ഈ സംഭവത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത് 2013 ജൂലായ് അഞ്ചിനും പാര്‍ലമെന്റ് സമ്മേളനം പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയത് 2013 ആഗസ്റ്റ് അഞ്ചിനുമാണ്. ബില്ലിന് നിയമനിര്‍മാണസഭയുടെ അംഗീകാരം തേടാനും നിയമനിര്‍മാണസഭയില്‍ ചര്‍ച്ച നടത്താനും കഴിയാത്തവണ്ണം ഈ 30 ദിവസത്തിനുള്ളില്‍ എന്തായിരുന്നു സംഭവിക്കുമായിരുന്നത്, ‘അദ്ദേഹം ചോദിച്ചു. ‘ഇത് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള അധികാരത്തിന്റെ കടുത്ത ദുരുപയോഗമാണ്’.

ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും കാര്യങ്ങളാകെ മാറി. ധനമന്ത്രിയെന്ന നിലയില്‍ ജെയ്റ്റ്‌ലി ഓര്‍ഡിനന്‍സ് മാര്‍ഗത്തെ പിന്തുണക്കുന്നു. TRAI മുന്‍ അധ്യക്ഷനെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത് മുതല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ 49% നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നതടക്കമുള്ള അര ഡസനോളം ഓര്‍ഡിനന്‍സുകളാണ് ആറ് മാസത്തിനുള്ളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപപരിധി 26 ശതമാനത്തില്‍ നിന്നും 49 ശതമാനമാക്കാനുള്ള ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയ ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം, കല്‍ക്കരിപ്പാടം വിട്ടുനല്‍കുന്നത് വീണ്ടും തുടങ്ങാനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയും ചെയ്തു.

ഇന്‍ഷുറന്‍സും, കല്‍ക്കരിപ്പാടം അനുമതിയും പോലുള്ള നിര്‍ണായക പരിഷ്‌കരണ നടപടികള്‍ സര്‍ക്കാര്‍ മുന്നോട്ട് നീക്കവേ, പാര്‍ലമെന്റിന്റെ ഏതെങ്കിലും ഒരു സഭയെങ്കിലും ‘അനന്തമായി സ്തംഭിക്കുകയാണെങ്കില്‍’ രാജ്യത്തിന് കാത്തിരിക്കാനാവില്ലെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.

അടുത്ത സമ്മേളനത്തില്‍ രാജ്യസഭ ഇന്‍ഷുറന്‍സ് ബില്ലിന് വീണ്ടും തടയിടുകയാണെങ്കില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിക്കാനും സര്‍ക്കാര്‍ മടിക്കില്ലെന്ന് ബി ജെ പിയുടെ പ്രധാന തന്ത്രജ്ഞന്‍മാരിലൊരാള്‍ കൂടിയായ ജെയ്റ്റ്‌ലി സൂചിപ്പിച്ചു. ഭരണകക്ഷിക്ക് നിലവില്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ല.

 

‘പരിഷ്‌കരണങ്ങളോട് സര്‍ക്കാരിനുള്ള ഉറച്ച പ്രതിബദ്ധതയും നിശ്ചയദാര്‍ഢ്യവുമാണ് (ഇന്‍ഷുറന്‍സ്) ഓര്‍ഡിനന്‍സ് കാണിക്കുന്നത്. ഏതെങ്കിലും ഒരു സഭ അതിന്റെ അജണ്ട എടുക്കാന്‍ അനന്തമായി വൈകുകയാണെങ്കില്‍പ്പോലും ഈ രാജ്യത്തിന് കാത്തിരിക്കാനാവില്ലെന്നാണ് അത് നിക്ഷേപകരടക്കമുള്ള ബാക്കി ലോകത്തിന് മുന്നില്‍ പ്രഖ്യാപിക്കുന്നത്,’ മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി.

‘പാര്‍ലമെന്റിനെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ തീരുമാനങ്ങളെടുക്കുന്നത് നിലയ്ക്കാതിരിക്കാനാണ് ഭരണഘടന ശില്പികള്‍ ഈ ഒരു വ്യവസ്ഥ ഉള്‍പ്പെടുത്തിയത്,’ അദ്ദേഹം പറഞ്ഞു. ഒരു സഭ നടപടി അംഗീകരിച്ചില്ലെങ്കിലും ‘അപ്പോഴും ഒരു സംവിധാനമുണ്ടെ’ന്ന് സംയുക്ത സമ്മേളനത്തെ പരാമര്‍ശിക്കാതെ ജെയ്റ്റ്‌ലി പറഞ്ഞു.

 

ശീതകാല സമ്മേളനം കഴിഞ്ഞ് ഒരു ദിവസത്തിനുള്ളില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള തിരക്ക് എന്തായിരുന്നു എന്ന ചോദ്യത്തിന് ‘വല്ലാതെ വൈകി. അതുകൊണ്ടാണ് തിരക്കിട്ടത്’, എന്നായിരുന്നു ജെയ്റ്റ്‌ലിയുടെ മറുപടി. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുഖ്യാതിഥിയായി യു എസ് പ്രസിഡന്റ് ബരാക് ഒബാമ എത്തുന്നതിന് മുന്നോടിയായാണ് ഇന്‍ഷുറന്‍സ് മേഖലയിലെ പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ തിരക്കിട്ട് നടപ്പാക്കിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍