UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കീര്‍ത്തി ആസാദ് Vs അരുണ്‍ ജെയ്റ്റ്‌ലി

Avatar

അഴിമുഖം പ്രതിനിധി

ബിജെപിക്കും പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിനും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുകയാണ് കീര്‍ത്തി ആസാദ് എംപിയും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും തമ്മിലുള്ള പോരാട്ടം. പൊതുപ്രസ്താവനകള്‍ക്കപ്പുറം പാര്‍ട്ടിക്കുള്ളിലും ഇത് തീപാറിക്കുന്നു.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) അഴിമതിയെപ്പറ്റി ചെറുതല്ലാത്ത ആരോപണങ്ങളുന്നയിക്കുന്ന കീര്‍ത്തി ആസാദ് തന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകനായ ജയ്റ്റ്‌ലിയെ പേരെടുത്തു പറയുന്നില്ല എന്നു മാത്രമേയുള്ളൂ. 13 വര്‍ഷം സംഘടനയുടെ തലപ്പത്ത് ജയ്റ്റ്‌ലിയായിരുന്നു.

ഡിഡിസിഎ അഴിമതി ആരോപണങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രണ്ടുതവണ ആസാദ്  ഈ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചു. ‘2008നും 2013നുമിടയ്ക്കുള്ള കാലത്ത് ആരായിരുന്നു ഡിഡിസിഎ തലവനെന്ന് നമുക്ക് അറിയാവുന്നതാണല്ലോ’ എന്ന് ജയ്റ്റ്‌ലിക്കെതിരെ പരാമര്‍ശം നടത്തിയാണ് ആസാദ് ലോക്‌സഭയിലെ പ്രസംഗം അവസാനിപ്പിച്ചത്.

ബിജെപിയുടെ ചരിത്രത്തില്‍ ഇത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ഉള്‍പ്പോരുകള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെങ്കിലും ലോക്‌സഭയില്‍ ഒരു മന്ത്രിക്കെതിരെ സ്വന്തം എംപി ആരോപണമുന്നയിക്കുന്നത് ഇതാദ്യം. അതും പ്രതിപക്ഷം ജയ്റ്റ്‌ലിക്കെതിരെ തിരിഞ്ഞിരിക്കുന്ന സമയത്ത്.

ലോക്‌സഭയിലുണ്ടായിരുന്ന ബിജെപിയുടെ മുതിര്‍ന്ന നേതാക്കളാരും തന്നെ ആസാദിനെ തടയാന്‍ ശ്രമിച്ചില്ല. വെള്ളിയാഴ്ച രണ്ടു തവണ ചര്‍ച്ചയ്‌ക്കെത്തിയ അമിത് ഷായുടെ മുന്നറിയിപ്പ് വകവയ്ക്കാതെയായിരുന്നു ആസാദിന്റെ നീക്കം. ഈ വിഷയത്തില്‍ കൂടുതല്‍ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുന്നത് പാര്‍ട്ടിക്കും സര്‍ക്കാരിനും ദോഷമാകുമെന്ന് ആസാദിനെ ധരിപ്പിക്കാനായിരുന്നു അമിത് ഷായുടെ ശ്രമം. എന്നാല്‍ ഒന്നിനും ആസാദിനെ പിന്തിരിപ്പിക്കാനായില്ല.

ഞായറാഴ്ച പത്രസമ്മേളനം നടത്തി ജെയ്റ്റ്‌ലിക്കെതിരെയുള്ള ആരോപണങ്ങള്‍ ശക്തമായി ഉന്നയിച്ച ആസാദിനെതിരെ പാര്‍ട്ടി ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തില്‍ ഇതുവരെ ഇടപെട്ടിട്ടുമില്ല. ആസാദിനെ താക്കീത് ചെയ്യാനോ വിഷയം പാര്‍ട്ടിയുടെ അച്ചടക്കസമിതിക്കു വിടാനോ ഇതുവരെ നീക്കമൊന്നുമില്ലെന്നതും ശ്രദ്ധേയമാണ്.

ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ പട്യാല ഹൗസ് കോടതിയിലെത്തിയ അരുണ്‍ ജെയ്റ്റ്‌ലിക്കൊപ്പം അഞ്ച് കേന്ദ്രമന്ത്രിമാരാണ് ഉണ്ടായിരുന്നത്: ജെ പി നന്ദ, സ്മൃതി ഇറാനി, പിയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, രാജ്യവര്‍ധന്‍ റാഥോഡ്. എല്ലാവരും ജയ്റ്റ്‌ലിയുടെ അടുത്ത വൃന്ദത്തില്‍പ്പെട്ടവര്‍.

പല കേന്ദ്രമന്ത്രിമാരും ജയ്റ്റ്‌ലിക്കനുകൂലമായി പരസ്യപ്രസ്താവന നടത്തിയെങ്കിലും ഉന്നതരില്‍ ആരും ഇതേപ്പറ്റി അഭിപ്രായം പറഞ്ഞിട്ടില്ല. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, വിദേശ മന്ത്രി സുഷമാ സ്വരാജ് എന്നിവരൊക്കെ മൗനം പാലിക്കുകയാണ്.

പാര്‍ട്ടിയില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ പര്യാപ്തമാണ് ഡിഡിസിഎ വിവാദം. ഒരു ദശകത്തോളമായി അരുണ്‍ ജെയ്റ്റ്‌ലിയുമായി അത്ര സുഖകരമായ ബന്ധം പുലര്‍ത്താത്ത പല മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും കീര്‍ത്തി ആസാദുമായി അടുപ്പത്തിലാണ്.

സര്‍ക്കാരില്‍ രാജ്‌നാഥ് സിങ്ങാണ് രണ്ടാമനെന്നു പറയാമെങ്കിലും അധികാരം കൂടുതല്‍ ജെയ്റ്റ്‌ലിക്കാണെന്നതില്‍ പലര്‍ക്കും അമര്‍ഷവുമുണ്ട്.

ബിഹാര്‍ തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കുശേഷം ഇപ്പോള്‍ ആസാദിന്റെ നീക്കം നരേന്ദ്ര മോദിയുടെയും സംഘത്തിന്റെയും കൈപ്പിടിയില്‍നിന്നു പാര്‍ട്ടിയെ കൂടുതല്‍ സ്വതന്ത്രമാക്കാനുള്ള ശ്രമമാണെന്നു കരുതപ്പെടുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും അഞ്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ മാനനഷ്ടക്കേസ് നല്‍കിയ അരുണ്‍ ജെയ്റ്റ്‌ലി പക്ഷേ, ആസാദിനെ കണ്ടതായി നടിച്ചിട്ടില്ല. പേരെടുത്തു പറഞ്ഞവര്‍ക്കെതിരെയാണ് കേസെന്നായിരുന്നു രാജ്യവര്‍ധന്‍ റാഥോഡിന്റെ വിശദീകരണം.

ആസാദിനെ ജെയ്റ്റ്‌ലി കേസില്‍ ഉള്‍പ്പെടുത്താത്തത് പാര്‍ട്ടി അച്ചടക്കനടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണെന്ന് ബിജെപി വൃത്തങ്ങള്‍ കരുതുന്നു. പാര്‍ട്ടി അങ്ങനെയൊരു നടപടിക്കു തുനിയുമോ എന്നതാണ് ഇനിയുള്ള ചോദ്യം.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍