UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെയ്റ്റ്ലി വീഴാതെ സ്വാമിക്ക് വിശ്രമമില്ല

Avatar

ടീം അഴിമുഖം

സുബ്രഹ്മണ്യം സ്വാമിയുടെ ഭ്രാന്തുകള്‍ക്ക് ഒരു പ്രത്യേക രീതിയുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിനു വേണ്ടി ചെയ്തുകൂട്ടുന്ന നിരവധി വൃത്തികേടുകള്‍ക്കിടയിലാണ് ബുധനാഴ്ച സ്വാമി തന്റെ അടുത്ത ലക്ഷ്യമായ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനെതിരെ നീങ്ങിയത്. എന്നാല്‍ ഒരുനിമിഷം പോലും വൈകാതെ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പ്രസ്താവന നിഷേധിച്ചുകൊണ്ട് രംഗത്തെത്തി. 

 

എന്നാല്‍ ഈ കാര്യങ്ങളിലൊന്നും സ്വാമിയെ കുറിച്ച് അധികം പറയാനില്ല. പക്ഷേ പറയാനുള്ളത് മറ്റൊരാളെക്കുറിച്ചാണ്: ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. പാര്‍ട്ടിയിലും സര്‍ക്കാരിലും ജയ്റ്റ്‌ലി ഒറ്റപ്പെടുന്നുവെന്നും ശത്രുക്കള്‍ വര്‍ധിക്കുന്നുവെന്നതുമാണ് സ്വാമിയുടെ പുതിയ നടപടികളിലൂടെ തെളിയുന്ന ഒരു കാര്യം.

 

മോദിക്ക് വേണ്ടിയുള്ള സ്വാമിയുടെ ഈ കളികള്‍ ഇപ്പോഴൊന്നും തുടങ്ങിയതല്ല. രാജ്യസഭയിലേക്ക് സ്വാമി കാലെടുത്തുവച്ചപ്പോള്‍ തന്നെ ഇത് മനസിലായിത്തുടങ്ങിയതാണ്. ഗാന്ധി-നെഹ്‌റു കുടുംബത്തിനെതിരെ വളരെ മോശപ്പെട്ട രീതിയിലുള്ള ആരോപണങ്ങളുടെ പെരുമഴയായിരുന്നു അന്ന് മുതല്‍. 

 

ഇതിനു തൊട്ടുപിന്നാലെയാണ് സ്വാമി തന്റെ തോക്ക് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് നേരെ തിരിച്ചത്. അങ്ങനെ മോദി തിരക്കഥയില്‍ വിരിഞ്ഞ നാടകത്തിലൂടെ രഘുറാം രാജന്‍ ആര്‍.ബി.ഐ പടി ഇറങ്ങുകയും ചെയ്യുന്നു.

 

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനായിരുന്നു അടുത്ത ടാര്‍ഗറ്റ്. ഇവിടെയുള്ള ഒരേയൊരു വ്യത്യാസം രഘുറാം രാജനെ നിയമിച്ചത് കഴിഞ്ഞ യു.പി.എ സര്‍ക്കാരാണെങ്കില്‍ അരവിന്ദ് സുബ്രഹ്മണ്യനെ നിയമിച്ചത് മോദി സര്‍ക്കാരാണ് എന്നതാണ്. അതുകൊണ്ടു തന്നെ അരവിന്ദ് സുബ്രഹ്മണ്യന്റെ കാര്യത്തില്‍ മോദി സര്‍ക്കാരിന് സ്വയം പ്രതിരോധിക്കേണ്ടി വന്നു.

 

സ്വാമിയുടെ ആരോപണം വന്നതിനു തൊട്ടു പിന്നാലെയായിരുന്നു ബി.ജെ.പിയുടെ നിഷേധക്കുറിപ്പും വന്നത്. സ്വാമിയുടേത് വ്യക്തിപരമായ അഭിപ്രായമാണ് എന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ തൃപ്തരാണെന്നും സര്‍ക്കാരിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ വളരെ വിലപിടിപ്പുള്ളതാണെന്നും ജയ്റ്റ്‌ലി തന്നെ വ്യക്തമാക്കുകയും ചെയ്തു.

 

കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു സ്വാമിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്, ഇക്കാര്യത്തില്‍ പാര്‍ട്ടി ഒന്നും പറഞ്ഞിട്ടില്ല, സര്‍ക്കാര്‍ ഒന്നും പറഞ്ഞിട്ടില്ല, ജനാധിപത്യത്തില്‍ ഇന്നത് പറയണം, പറയരുത് എന്ന് ഉത്തരവിറക്കാന്‍ പറ്റില്ല, സര്‍ക്കാരോ പാര്‍ട്ടിയോ ഇക്കാര്യത്തില്‍ എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ മറുപടി പറയാം എന്നാണ്. കേന്ദ്ര ധനസഹമന്ത്രി ജയന്ത് സിന്‍ഹയുടെ ജയ്റ്റ്‌ലിയുടെ മാതൃകയില്‍ അരവിന്ദ് സുബ്രഹ്മണ്യന്റെ പ്രവര്‍ത്തനത്തില്‍ തങ്ങള്‍ തൃപ്തരാണെന്ന് വ്യക്തമാക്കുകയുണ്ടായി.

 

പക്ഷേ, പാര്‍ട്ടി വക്താക്കളുടെ ഇന്നലത്തെ മുഴുവന്‍ ശ്രമവും ഇക്കാര്യത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ശക്തമായി തന്നെ സ്വാമിയുടെ വാക്കുകളെ തള്ളിക്കളയുന്നു എന്നു പറയാനും അതേ സമയം, സ്വാമിയെ അധികം തള്ളിപ്പറയാതിരിക്കാനുമായിരുന്നു. പാര്‍ട്ടിയില്‍ മറ്റൊരു ആഭ്യന്തരവഴക്ക് എന്നതിലേക്ക് കാര്യങ്ങള്‍ മാറാതിരിക്കാനുള്ള ശ്രമമായിരുന്നു അത്.

 

 

അതേ സമയം, പുതിയ വിവാദത്തിന്റെ പുറകിലുള്ള, ജേര്‍ണലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അറിയാവുന്ന, എന്നാല്‍ എഴുതാന്‍ കഴിയാത്തതാണ് യഥാര്‍ഥ സ്‌റ്റോറി. അതായത്, സ്വാമിയുടെ യഥാര്‍ഥ ഉന്നം അരുണ്‍ ജയ്റ്റ്‌ലിയാണ്.

 

കൃത്യമായ മീഡിയ മാനേജ്‌മെന്റിലൂടെ എങ്ങനെ നന്നായി രാഷ്ട്രീയം കളിക്കാമെന്ന് ഏറെക്കാലമായി തെളിയിച്ചുകൊണ്ടിരിക്കുന്ന ആളാണ് ജയ്റ്റ്‌ലി. എതിരാളികളെ നാണംകെടുത്തിയുമൊക്കെ അത് ചെയ്യുമ്പോഴും അദ്ദേഹത്തിന്റെ പ്രതിച്ഛായ ക്ലീന്‍ ആയിരിക്കും. ഈ ചെയ്തികളുടെയൊക്കെ മറുഭാഗത്ത് പല പ്രാവശ്യങ്ങളിലായി വന്നവരാണ് സ്വാമി, അരുണ്‍ ഷൂരി, റാം ജത്മലാനി, സുഷമ സ്വരാജ് ഒക്കെ.

 

ബി.ജെ.പിയില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍ അനുസരിച്ചാണെങ്കില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി പോലും പാര്‍ട്ടിയിലെ ജയ്റ്റ്‌ലി വിരുദ്ധ ഗ്രൂപ്പിന് പിന്തുണയുമായി ഇറങ്ങിയിട്ടുണ്ട്. തനിക്കെതിരെയുള്ള കരുനീക്കങ്ങളെ ഇതുവരെ ജയ്റ്റലി പ്രതിരോധിച്ചു പോന്നിട്ടുണ്ട്. എന്നാല്‍ ഇത് എത്രകാലം അങ്ങനെ തുടരാന്‍ അദ്ദേഹത്തിന് കഴിയും എന്നതാണ് ചോദ്യം. 

 

ജയ്റ്റലി വീഴാതെ സ്വാമിക്ക് വിശ്രമമുണ്ടാകില്ല എന്നതാണ് യാഥാര്‍ഥ്യം. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, മോദിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനും ജെയ്റ്റ്ലി മുഖ്യ ഉപദേശകനുമായിരുന്നു ഇത് വരെ. ഷായും ജെയ്റ്റ്ലിയും തമ്മില്‍ അസ്വാരസ്യം ഉണ്ടെന്നുള്ളത് ഏറെക്കാലമായി പുറത്തുവരുന്ന വാര്‍ത്തകളാണ്. ഇതിനിടെയാണ് സ്വാമിയുടെ രംഗപ്രവേശം. അപ്പോള്‍, ഇതിലൊക്കെ മോദിയുടെ റോള്‍ എന്തായിരിക്കും?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍