UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നരേന്ദ്ര മോദി ഒഴിവാക്കേണ്ട ശത്രുവായിരുന്നു അരുണ്‍ ഷൂരി- ഫ്രൈഡേ റിവ്യൂ

ടീം അഴിമുഖം / ഫ്രൈഡേ റിവ്യൂ

പ്രമുഖ പത്രാധിപര്‍ ടി എന്‍ നൈനാന്റെ ‘The Turn of the Tortoise’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ്. വേദിയില്‍ നൈനാന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി ശ്യാം സരണ്‍, സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍, മാധ്യമപ്രവര്‍ത്തനത്തില്‍നിന്നു രാഷ്ട്രീയത്തിലെത്തിയ അരുണ്‍ ഷൂരി. എന്‍ ഡി ടി വിയിലെ ശ്രീനിവാസന്‍ ജെയിനാണ് ചര്‍ച്ച നിയന്ത്രിക്കുന്നത്. 

സദസ് അതീവസമ്പന്നം. മുന്‍നിരയിലെ സീറ്റില്‍ ഒറ്റയ്ക്കിരിക്കുന്നത് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. പ്രമുഖ സാമ്പത്തിക വിദഗ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ എന്നിങ്ങനെ പ്രമുഖരെല്ലാം നിരന്നിരിക്കുന്നു.

‘അഭിപ്രായങ്ങള്‍ മാത്രമല്ല, വസ്തുതകള്‍ തന്നെ’ എന്ന് പുസ്തകത്തെ വിശേഷിപ്പിച്ചശേഷം അരുണ്‍ ഷൂരി സീറ്റില്‍ മടങ്ങിയെത്തിയപ്പോള്‍ ശ്രീനിവാസന്‍ ജെയിന്‍ ചര്‍ച്ചയ്ക്കു തുടക്കമിട്ടു. ആദ്യചോദ്യം ഷൂരിയോടു തന്നെ: നരേന്ദ്ര മോദി സര്‍ക്കാരിനെക്കുറിച്ചുള്ള അഭിപ്രായം. ‘ജനങ്ങള്‍ ഇപ്പോള്‍ മന്‍മോഹന്‍ സിങ്ങിനെ ഓര്‍ത്തുതുടങ്ങിയിരിക്കുന്നു’ എന്നായിരുന്നു പ്രതികരണം. ഒരു നിമിഷത്തിന് ശേഷം നിസംഗമായ മുഖത്തോടെ ഷൂരി കൂട്ടിച്ചേര്‍ത്തു. ‘നരേന്ദ്ര മോദി സര്‍ക്കാര്‍ എന്നാല്‍ പല മടങ്ങ് കോണ്‍ഗ്രസും ഒരു പശുവും കൂടിയതാണ്.’

ഷൂരിയുടെ നാവിന്റെ ഇരുതലമൂര്‍ച്ച വീണ്ടും തെളിയിക്കുന്ന പരാമര്‍ശം. സ്വന്തം ആളുകളില്‍നിന്ന് മോദിക്കു നേരിടേണ്ടിവന്ന പ്രഹരങ്ങളില്‍ ഏറ്റവും മാരകമായത്. മന്ത്രിസഭയില്‍ ഇടം കിട്ടാത്തതിന്റെ വിദ്വേഷമാണ് ഷൂരിക്കെന്ന വിമര്‍ശകരുടെ വാദങ്ങള്‍ അദ്ദേഹത്തെ സ്പര്‍ശിക്കുന്നില്ല. വലതുപക്ഷബുദ്ധിജീവികളില്‍ മോദിയുടെ ഏറ്റവും ശക്തനായ, സ്വാധീനശക്തിയുള്ള വിമര്‍ശകനാണ് ഇപ്പോള്‍ ഷൂരി.

ബിഹാര്‍ തിരഞ്ഞെടുപ്പുഫലം വന്ന് മണിക്കൂറുകള്‍ക്കുളിലാണ് ബിജെപിയുടെ തോല്‍വിക്ക് ഉത്തരവാദികള്‍ നരേന്ദ്ര മോദി, അമിത് ഷാ, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരാണെന്ന് ഷൂരി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞത്. പാര്‍ട്ടിക്കുള്ളില്‍ നേതൃത്വത്തിനെതിരെയുള്ള ‘നിശബ്ദമായ നിസഹകരണ പ്രസ്ഥാനം’ ശക്തിപ്പെടുമെന്ന പ്രവചനവും ഷൂരി നടത്തി.

മുന്‍പത്തെ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാല്‍ മോദിയില്‍ കേന്ദ്രീകൃതമായ പ്രചാരണത്തിന് വിശ്വാസ്യത ഉണ്ടാകില്ലെന്നു പറഞ്ഞ ഷൂരി ബി ജെ പിയുടെ ഭിന്നിപ്പിക്കല്‍ തന്ത്രങ്ങള്‍ തെരഞ്ഞെടുപ്പിലെ തകര്‍ച്ചയ്ക്ക് കാരണമായെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദശാബ്ദങ്ങളിലെ ഷൂരിയുടെ പൊതുജീവിതം നിരീക്ഷിക്കുന്നവര്‍ക്ക് ഈ വിമതസ്വരം അപ്രതീക്ഷിതമല്ല. ഇന്ത്യയിലെ വലതുപക്ഷ ബുദ്ധിജീവികളില്‍ ബി ജെ പിയെയും കാവിക്കൂട്ടത്തെയും ന്യായീകരിക്കുന്നതില്‍ മികച്ചയാളായിരുന്നു ഷൂരി. അതുകൊണ്ടുതന്നെ ഇനി നരേന്ദ്ര മോദിയുടെ ഏറ്റവും കടുത്ത വിമര്‍ശകനും ഷൂരിയാകാം.

മോദി ആരാധകന്‍
മോദിയുടെ ആരാധകനായാണ് വളരെക്കാലം ഷൂരി അറിയപ്പെട്ടിരുന്നത്. 2009ല്‍ മോദിയെക്കുറിച്ചുള്ള തന്റെ മതിപ്പ് ഷൂരി ഇങ്ങനെ കുറിച്ചിട്ടു; ‘ആരോഗ്യം, കൃഷി, വിദ്യാഭ്യാസം എന്നിങ്ങനെ എല്ലാ മേഖലകളിലും മോദി വികസനവും വളര്‍ച്ചയും കൊണ്ടുവന്നു. വികസനം എല്ലാവര്‍ക്കും ഗുണം ചെയ്യും. നര്‍മദയിലെ ജലം കൊണ്ടുവന്നാല്‍ അത് എല്ലാവര്‍ക്കും വേണ്ടിയാണ് എന്നാണ് മോദി ഒരിക്കല്‍ പറഞ്ഞത്. രാജ്യത്തെ വിഭവങ്ങളില്‍ മുസ്‌ലിങ്ങള്‍ക്കാണ് ആദ്യ അവകാശമെന്ന പ്രധാനമന്ത്രി മന്‍മോഹന്റെ പ്രസ്താവനയില്‍ നിന്ന് വിഭിന്നമാണത്.’

ഗുജറാത്ത് കലാപത്തിന് പല തലങ്ങളില്‍ ബൗദ്ധിക ന്യായീകരണങ്ങള്‍ നല്കിയ ഷൂരി അത്യാവേശത്തോടെ മോദിയെ സ്വീകരിക്കുകയും ചെയ്തു. ആക്രമണസ്വഭാവമുള്ള ഇന്ത്യന്‍ ഭരണകൂടമെന്ന ഷൂരിയുടെ സങ്കല്‍പ്പത്തിന് തികച്ചും യോജിക്കുന്നതായിരുന്നു മോദിയോടുള്ള ആരാധനയും.

2008-ലെ മുംബൈ ആക്രമണത്തിന് ശേഷം ഷൂരി പറഞ്ഞു, ‘കണ്ണിനു കണ്ണ്, പല്ലിന് പല്ല് എന്നത് ഒട്ടും ശരിയല്ല. ഒരു കണ്ണിന് രണ്ടു കണ്ണുകളും! ഒരു പല്ലിന് താടിയെല്ല് മൊത്തം! ഇന്ത്യക്ക് ആ ഉറപ്പും വ്യക്തതയും ഇല്ലാതിരിക്കുന്നിടത്തോളം നമ്മളിതുപോലെ ചോര വാര്‍ന്നുകൊണ്ടേയിരിക്കും.’

ഗുജറാത്ത് കലാപത്തില്‍ മോദി മാപ്പ് പറയണോ എന്ന ചോദ്യത്തിന് ഷൂരി ഒരിക്കല്‍ ഇങ്ങനെ മറുപടി പറഞ്ഞു, ‘മാപ്പ് പറയുകയും പിന്നെ കൂട്ടക്കൊല നടത്തിയെന്ന് ആരോപിക്കപ്പെടുന്ന അതേ ആളുകള്‍ക്കുതന്നെ ടിക്കറ്റ് നല്കുകയും ചെയ്താല്‍ പിന്നെന്തു പ്രയോജനം?’

മികച്ച സാമ്പത്തിക വിദഗ്ദ്ധനില്‍ നിന്ന് ഇടുങ്ങിയ വര്‍ഗീയ സൈദ്ധാന്തികനിലേക്കുള്ള ഷൂരിയുടെ മാറ്റങ്ങള്‍ അടുത്തുകണ്ടവര്‍ക്കറിയാം. 

ഷൂരിയുമായി സൗഹൃദത്തിലല്ലാത്തതിന്റെ കാരണം ഖുശ്വന്ത് സിങ് ഇങ്ങനെ എഴുതി- ‘ഷൂരിയുടെ ഡല്‍ഹിയിലെ വീട്ടില്‍ ഞാന്‍ പതിവായി അത്താഴം കഴിക്കുന്നൊരു കാലമുണ്ടായിരുന്നു. പ്രമുഖ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ കുല്‍ദീപ് നയ്യാരും ഒരിക്കല്‍ ഇവിടെ വന്നു. സംഭാഷണം മുഖ്യമായും എല്‍ കെ അദ്വാനിയുടെ 1990ലെ രഥയാത്രയെപ്പറ്റിയായിരുന്നു.’ 

ബാബരി മസ്ജിദ് തകര്‍ക്കാനുള്ള ദുഷ്ടലക്ഷ്യത്തോടെയാണ് രഥയാത്ര നടത്തിയതെന്നതില്‍ എനിക്കൊട്ടും സംശയമില്ല. സംഭാഷണമധ്യേ അരുണ്‍ ഷൂരി ചോദിച്ചു: ‘അതൊരു മസ്ജിദാണെന്ന് ആരു പറഞ്ഞു?

ഞാന്‍ ഞെട്ടിപ്പോയി.

കുല്‍ദീപ് നയ്യാര്‍ ചോദിച്ചു, ‘പ്രൊഫസര്‍ സാഹിബ്, അരുണ്‍ പറഞ്ഞത് കേട്ടില്ലേ?’

ഞാന്‍ ഷൂരിയോട് ചോദിച്ചു, ‘അരുണ്‍, മൂന്നു താഴികക്കുടങ്ങളും മക്കയുടെ ദിശയിലേക്ക് ഒരു ചുമരുമായി മസ്ജിദല്ലാതെ ഏതെങ്കിലും കെട്ടിടം നിങ്ങള്‍ കണ്ടിട്ടുണ്ടോ?’ ഷൂരിക്ക് മറുപടിയുണ്ടായില്ല. ഈ സംഭവത്തിനുശേഷം ഞങ്ങള്‍ വിരുദ്ധ ധ്രുവങ്ങളിലാണ്. ഷൂരി മസ്ജിദ് പൊളിക്കുന്നവരുടെ കൂടെ. ഞാന്‍ അവരെ ശിക്ഷിക്കണമെന്ന പക്ഷക്കാരനും.

തുടര്‍ന്ന് ഞാന്‍ അരുണ്‍ ഷൂരിയുമായുള്ള അടുപ്പം ഒഴിവാക്കി. കേന്ദ്രമന്ത്രി, ബി ജെ പിയുടെ സൈദ്ധാന്തികന്‍ എന്നിങ്ങനെ ഷൂരിയുടെ ഉയര്‍ച്ച ഞാന്‍ വായിച്ചറിഞ്ഞു.

ഡോ. ബി.ആര്‍ അംബേദ്കറെപ്പറ്റിയുള്ള ഷൂരിയുടെ പുസ്തകം ദളിതരെ വ്രണപ്പെടുത്തി. മുംബെയില്‍ ഒരു യോഗത്തില്‍ അവര്‍ ഷൂരിയെ കൈയേറ്റം ചെയ്തു. വേദനിപ്പിക്കപ്പെട്ട ഷൂരിയുടെ പിന്നീടുള്ള ലക്ഷ്യം മറ്റുള്ളവരെയും വേദനിപ്പിക്കുക എന്നതായി.– ഖുശ്വന്ത് സിങ് എഴുതുന്നു.

ലോകബാങ്കില്‍ നിന്ന് ബി ജെ പിയിലേക്ക് 
ഉന്നതവിദ്യാഭ്യാസ പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നു വന്ന ഒരാള്‍ ഇങ്ങനെ തീവ്രവര്‍ഗീയതയെ ന്യായീകരിക്കുന്നത് പലരെയും അത്ഭുതപ്പെടുത്തി. 1941 നവംബര്‍ രണ്ടിനു ജനിച്ച ഷൂരി ഐസിഎസ് ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ എച്ച് ഡി ഷൂരിയുടെ തൊഴില്‍ മികവു കണ്ടാണു വളര്‍ന്നത്.

ഉപഭോക്തൃ അവകാശങ്ങള്‍ക്കായി ‘കോമണ്‍ കോസ്’ എന്ന സന്നദ്ധ സംഘടന രൂപീകരിച്ച എച്ച് ഡി ഷൂരി സുപ്രീം കോടതിയിലെ പല സുപ്രധാനമായ വിധിന്യായങ്ങള്‍ക്കും വഴിവച്ച നിരവധി പൊതു താത്പര്യ ഹര്‍ജികള്‍ നല്‍കുകയും ചെയ്തിരുന്നു.

അരുണ്‍ ഷൂരി തുടക്കത്തില്‍ ലോകബാങ്ക് സാമ്പത്തിക വിദഗ്ദ്ധനും ഇന്ത്യയില്‍ ആസൂത്രണ കമ്മിഷനിലെ ഉപദേഷ്ടാവും ദിനപത്രങ്ങളിലെ പംക്തിയെഴുത്തുകാരനുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്താണ് ഷൂരി ഇന്ത്യന്‍ എക്‌സ്പ്രസില്‍ സ്ഥിരമായി എഴുതിത്തുടങ്ങിയത്. ഇന്ദിരാ ഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിനെതിരെയായിരുന്നു അത്. 

യുക്തമെന്നു തോന്നുന്നതെന്തും ചെയ്യാനുള്ള സ്വാതന്ത്ര്യത്തോടെ 1979 ജനുവരിയില്‍ ഗോയങ്ക, ഷൂരിയെ ഇന്ത്യന്‍ എക്‌സ് പ്രസിന്റെ എക്‌സിക്യൂട്ടിവ് എഡിറ്ററായി നിയമിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയും അഴിമതി തുറന്നുകാട്ടുകയും പൗരാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ചെയ്ത ബുദ്ധിമാനും നിര്‍ഭയനുമായ എഴുത്തുകാരനും പത്രാധിപരുമായി ഷൂരി പേരെടുത്തു.

‘അഴിമതി, അസമത്വം, അനീതി എന്നിവക്കെതിരെ തന്റെ തൂലിക ചലിപ്പിക്കുന്ന പൗരന്‍- എന്ന നിലയില്‍ 1982ല്‍ ഷൂരിക്കു മാഗ്സസേ പുരസ്‌കാരം ലഭിച്ചു.

പ്രമുഖ രാഷ്ടതന്ത്രജ്ഞന്‍ ക്രിസ്റ്റഫര്‍ ജാഫ്രെലോട്ട് ഷൂരിയെ വിശേഷിപ്പിച്ചത്, ‘തീവ്രഹിന്ദു പ്രമേയങ്ങളോട് ആഭിമുഖ്യമുള്ള എഴുത്തുകാരന്‍’ എന്നാണ്. ബൗദ്ധിക ദാരിദ്ര്യം അനുഭവിച്ചിരുന്ന വലതുപക്ഷത്തിന്റെ പ്രധാന സൈദ്ധാന്തികനായി തൊണ്ണൂറുകളുടെ പകുതിയായപ്പോഴേക്കും ഷൂരി രംഗത്തുവന്നു. വസ്തുതകളില്‍ ദരിദ്രമെങ്കിലും വര്‍ഗീയ അജന്‍ഡകള്‍ക്ക് ബുദ്ധിപരമായ ന്യായീകരണം നല്‍കുന്ന പുസ്തകങ്ങള്‍ എഴുതി. ബിജെപി രണ്ടുവട്ടം (1998, 2004) ഷൂരിയെ രാജ്യസഭാംഗമാക്കി.

വാജ്‌പേയി സര്‍ക്കാരില്‍ നിനിക്ഷേപം, വാര്‍ത്താവിനിമയം, വിവരസാങ്കേതികവിദ്യ വകുപ്പുകളുടെ മന്ത്രിയായി. ഓഹരിവിറ്റഴിക്കല്‍ മന്ത്രിയായ ഷൂരി മാരുതി, VSNL, ഹിന്ദുസ്ഥാന്‍ സിങ്ക് തുടങ്ങി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ചു അല്ലെങ്കില്‍ എതിരാളികള്‍ ആക്ഷേപിക്കും പോലെ വിറ്റുതുലച്ചു. തീരുമാനങ്ങളില്‍ പലതും പിന്നീട് സി എ ജി ചോദ്യം ചെയ്തു.

സുഹൃത്താക്കാം, ശത്രുവാക്കരുത്
എപ്പോഴും നല്ല ബന്ധം നിലനിര്‍ത്തേണ്ട രണ്ടു പേരാണ് അരുണ്‍ ഷൂരിയും സുബ്രഹ്മണ്യം സ്വാമിയും എന്നാണ് ഡല്‍ഹിയില്‍ അധികാരത്തിന്റെ ഇടനാഴികളിലെ ശ്രുതി. വെറുപ്പിച്ചാല്‍ ഏറ്റവും അപകടകാരികളായ ശത്രുക്കളാണിവര്‍. നരേന്ദ്ര മോദി രണ്ടുപേരെയും വെറുപ്പിച്ചുകഴിഞ്ഞു. അതിന്റെ ഫലങ്ങള്‍ കണ്ടുതുടങ്ങിയിട്ടേയുള്ളൂ.

സ്വന്തം ഭൂതകാലത്തോടായാലും തര്‍ക്കിക്കാനുള്ള ഷൂരിയുടെ അപാരശേഷിക്ക് 2003ല്‍ മുംബൈ സാക്ഷ്യം വഹിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസിലായിരിക്കുമ്പോള്‍ റിലയന്‍സ് ഗ്രൂപ്പിനെതിരെ ഷൂരിയും എസ് ഗുരുമൂര്‍ത്തിയും രൂക്ഷമായ അന്വേഷണാത്മക പ്രവര്‍ത്തനമാണ് നടത്തിയത്. എന്നാല്‍ വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരിക്കെ ഷൂരി അംബാനിയെ പുകഴ്ത്തി. ധിരുഭായ് അംബാനി അനുസ്മരണ പ്രഭാഷണച്ചടങ്ങില്‍ ‘അദ്ദേഹത്തെപ്പോലുള്ള മനുഷ്യര്‍ രാജ്യത്തിന് വലിയ സേവനമാണ് ചെയ്തത്,’ എന്നാണ് ഷൂരി പറഞ്ഞത്.

ഡല്‍ഹിയില്‍ ഭരണം തുടങ്ങി അധികനാളാകാത്ത മോദി ഒഴിവാക്കേണ്ട ശത്രുവായിരുന്നു ഷൂരി. 2014ല്‍ മോദി മന്ത്രിസഭയിലെ സാധ്യതാപട്ടികയില്‍ ധനമന്ത്രിയാകുമെന്ന് കരുതപ്പെട്ടിരുന്ന ഷൂരി ആരുമായില്ല.

എഴുത്തിലേക്കു പിന്‍വലിഞ്ഞ ഷൂരി മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ പുറത്തിറക്കാനുള്ള പുസ്തകത്തിന്റെ അവസാന മിനുക്കുപണികളിലാണ്. ഷൂരിയെക്കൂടി മന്ത്രിസഭയില്‍ എടുക്കാമായിരുന്നു എന്നാലോചിച്ച് വിഷമിക്കുക മാത്രമേ ഇനി മോദിക്ക് ചെയ്യാനുള്ളൂ.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

മാധ്യമ പ്രവര്‍ത്തകന്‍. വയനാട് സ്വദേശി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍