UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അരുണാചലിലെ ബി ജെ പി സ്പോണ്‍സേര്‍ഡ് കസേര കളി

Avatar

ടീം അഴിമുഖം

അരുണാചല്‍ പ്രദേശിലെ രാഷ്ട്രീയ കസേരകളിക്ക് പല ഇഴകളുണ്ട്. കൂട്ട കൂറുമാറ്റവും ബിജെപിയുടെ ഇതോടനുബന്ധിച്ച പരാമര്‍ശങ്ങളും അരുണാചല്‍ ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ കോണ്‍ഗ്രസ് മുക്തമാക്കാന്‍ പ്രവര്‍ത്തിക്കുമെന്ന ബിജെപി പ്രസിഡന്റ് അമിത് ഷായുടെ ‘ദൗത്യ’പ്രസ്താവനയെ ഉറപ്പിക്കുന്നതാണ്.

ഈ ദൗത്യം നടപ്പാക്കാന്‍ വേണ്ടിയാണ് കഴിഞ്ഞ മേയില്‍ ഷാ നോര്‍ത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയന്‍സ് (നേഡ)യ്ക്കു രൂപം നല്‍കിയത്. കാവിക്കറ പുരളുന്നതിനെപ്പറ്റിയുള്ള ആശങ്കയില്ലാതെ തന്നെ കേന്ദ്രത്തിലെ നാഷനല്‍ ഡമോക്രാറ്റിക് അലയന്‍സുമായി സഹകരിക്കാന്‍  പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളെ പ്രേരിപ്പിക്കാനായിരുന്നു ഇത്.

ചെറിയ രാഷ്ട്രീയ കക്ഷികള്‍ക്ക് ന്യൂഡല്‍ഹിയുമായുള്ള ഇടപെടലുകളില്‍ കൂടുതല്‍ വിലപേശല്‍ ശക്തി ലഭിക്കുമെന്നതായിരുന്നു ഈ ആശയത്തിനു പിന്നില്‍. അതുകൊണ്ടുതന്നെ അരുണാചല്‍ പ്രദേശിലെ സംഭവവികാസങ്ങള്‍ ഷായുടെയും ശര്‍മയുടെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള രാം മാധവിന്റെയും മികച്ച രാഷ്ട്രീയ വിജയമായാണു വീക്ഷിക്കപ്പെടുന്നത്.

‘നിയമസഭാംഗങ്ങളെ ഞങ്ങള്‍ നേഡയിലേക്കു സ്വാഗതം ചെയ്യുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ചേര്‍ന്ന പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ (പിപിഎ) നേഡ അംഗവും എന്‍ഡിഎയുടെ സഖ്യകക്ഷിയുമാണ്,’ മാധവ് ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.

രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് ഇത് നല്ല വാര്‍ത്തയല്ല. പാര്‍ട്ടിയുടെ ഇന്നത്തെ പരിതാപസ്ഥിതിയെ ഇത് കൂടുതല്‍ പ്രകടമാക്കുന്നു.

കോണ്‍ഗ്രസിന് അധികാരം തിരിച്ചുനല്‍കിയ സുപ്രിംകോടതി വിധി എംഎല്‍എമാരെ പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ സഹായിച്ചില്ല എന്നതാണ് ഇറ്റാനഗര്‍ നല്‍കുന്ന രാഷ്ട്രീയസന്ദേശം. പിന്നീട് സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലി സംബന്ധിച്ചും പ്രശ്‌നങ്ങളുണ്ടായിരുന്നു. സംസ്ഥാനത്ത് മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ സംബന്ധിച്ചായിരുന്നു പലതും. കൂട്ട കൂറുമാറ്റം കാണിക്കുന്നത് പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തെ കൂടെനിര്‍ത്തുന്നതിലുള്ള പരാജയമാണ്. കൂറുമാറ്റത്തിന്റെ തോതും അതു സംഭവിച്ച രീതിയും മറക്കാവുന്നതല്ല. 44 എംഎല്‍എമാരില്‍ മുഖ്യമന്ത്രി പേമ ഖണ്ഡു ഉള്‍പ്പെടെ 43 പേരും ബിജെപിയോട് സഖ്യത്തിലുള്ള പ്രാദേശിക പാര്‍ട്ടിയിലേക്കു കൂറുമാറിയതോടെയാണ് ഈ വര്‍ഷം രണ്ടാംവട്ടം കോണ്‍ഗ്രസിന് അധികാരം നഷ്ടമാകുന്നത്.

മുന്‍മുഖ്യമന്ത്രി നബാം തുകി മാത്രമാണ് ഇനി പാര്‍ട്ടിയില്‍ അവശേഷിക്കുന്നത്. ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മുന്‍ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിന്റെ മകനാണ് പേമ ഖണ്ഡു.


പേമ ഖണ്ഡു

‘ജനവിധി കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. ബിജെപി ആശയങ്ങള്‍ക്കു വേണ്ടിയല്ല നിയമസഭാംഗങ്ങള്‍ വോട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുമാണ് ഈ അട്ടിമറിയുടെ ശില്‍പികള്‍’, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ഡല്‍ഹിയില്‍ പറഞ്ഞു.

‘സര്‍ക്കാരിന്റെ വിഷമകരമായ സാമ്പത്തികസ്ഥിതിയില്‍നിന്നു രക്ഷപെടാനും സംസ്ഥാനത്തിന്റെ വികസനത്തിനും വേണ്ടിയാണ്’ താന്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് 42 എംഎല്‍മാര്‍ക്കൊപ്പം സ്പീക്കറെ കാണാനെത്തിയ ഖണ്ഡു പറഞ്ഞത്.

ബിജെപി സഹായത്തോടെ അല്‍പകാലം മുഖ്യമന്ത്രിയായിരുന്ന കലിഖോ പുല്ലിന്റെ മരണത്തിനും രണ്ട് എംഎല്‍എമാരുടെ രാജിക്കും ശേഷം അരുണാചല്‍ നിയമസഭയില്‍ 57 അംഗങ്ങളാണുള്ളത്. ഈയിടെ ന്യൂഡല്‍ഹിയിലെത്തിയ ഖണ്ഡു പ്രധാനമന്ത്രി മോദിയോടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോടും സന്ദര്‍ശനാനുമതി തേടിയിരുന്നതായി മുന്‍ മന്ത്രിസഭാംഗവും നേഡ കണ്‍വീനറുമായ ഹിമാന്ത ബിശ്വ ശര്‍മ ടിവി ചാനലുകളോടു പറഞ്ഞിരുന്നു.

അവധി ദിനമായിട്ടും മോദി ഞായറാഴ്ച തന്നെ കണ്ടെന്നും സ്വന്തം പാര്‍ട്ടിയില്‍നിന്നുള്ള മുഖ്യമന്ത്രിയായിട്ടും രാഹുല്‍ ചൊവ്വാഴ്ച മാത്രമാണ് സന്ദര്‍ശന അനുമതി നല്‍കിയതെന്നും ഖണ്ഡു തന്നോടു പറഞ്ഞതായി ശര്‍മ പറഞ്ഞു. ‘ ഈ വ്യത്യാസം കാണുമ്പോള്‍ എന്തുകൊണ്ടാണ് രാഹുലിന്റെ നേതൃത്വത്തിനെതിരെ വികാരമുണ്ടാകുന്നത് എന്നു മനസിലാകുമല്ലോ,’ ശര്‍മ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍