ടീം അഴിമുഖം/ചോദ്യോത്തരം
അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി പെമ ഖണ്ഡു ഇറ്റാനഗറില്‍ ഞായറാഴ്ച്ച അധികാരമേല്‍ക്കും. ഭരണഘടന മാര്‍ഗനിര്‍ദേശങ്ങളെല്ലാം ലംഘിച്ച് 2016 ജനുവരി 29 മുതല്‍ ഫെബ്രുവരി 19 വരെ ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച രാഷ്ട്രപതി ഭരണത്തിനും തുടര്‍ന്നുണ്ടായ മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനും ശേഷമാണിത്. ചരിത്രപ്രധാനമായ ഒരു വിധിയിലൂടെ സുപ്രീം കോടതി അരുണാചല്‍ പ്രദേശിലെ നിയമനിര്‍മാണസഭ പ്രതിസന്ധിക്കൊരു പരിഹാരമുണ്ടാക്കിയിരിക്കുകയാണ്.
എങ്ങനെയാണ് അരുണാചല്‍ പ്രതിസന്ധി തുടങ്ങിയത്?
അരുണാചലിലെ കോണ്‍ഗ്രസ് ഏറെക്കാലമായി ഗ്രൂപ്പുവഴക്കുകള്‍ കൊണ്ട് വലയുകയാണ്. മുന്‍ മുഖ്യമന്ത്രി നബാം ടുകി ഈ വിമതരില്‍ ഒരാളാണ്. ഏപ്രില്‍ 2011-നു അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി ദോര്‍ജീ ഖണ്ഡു ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ഖണ്ഡുവിന്റെ അടുത്ത അനുയായി ജര്‍ബോം ഗാംലിന്‍ മുഖ്യമന്ത്രിയായി. എറേതാമസിയാതെ ടുകി ഗാംലിനെതിരെ തിരിഞ്ഞു. ആഴ്ച്ചകള്‍ നീണ്ട പ്രതിസന്ധിക്കൊടുവില്‍ 2011 ഒക്ടോബറില്‍ ഗാംലിന് രാജിവെക്കേണ്ടിവന്നു.
തന്റെ പിന്‍ഗാമിയായി ഗാംലിന്‍ ധനമന്ത്രിയായിരുന്ന കലിക്കോ പൂലിന്റെ പേരാണ് നിര്‍ദേശിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് ഇത് തള്ളി ടുകിയെ മുഖ്യമന്ത്രിയാക്കി. മൂന്നുകൊല്ലം ഭരിച്ച ടുകിക്കെതിരെ 2014 അവസാനത്തോടെ വിമതനീക്കം ശക്തമായി. സംസ്ഥാനം കടക്കെണിയിലേക്ക് വീണു. സാമ്പത്തിക കെടുകാര്യസ്ഥത ടുകി മന്ത്രിസഭയിലെ പുല്‍ വരെ ആരോപിച്ചു. ഏപ്രില്‍ 25-നു പുലിനെ മന്ത്രിസഭയില്‍ നിന്നും പിന്നീട് പാര്‍ടിവിരുദ്ധ നടപടികള്‍ക്ക് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. രാജിവെച്ച നിരവധി കോണ്‍ഗ്രസ് എം എല്‍ എമാര്‍ അയാളുടെ കൂടെക്കൂടി വിമതസംഘമുണ്ടാക്കി.
ഗവര്‍ണറുടെ രാഷ്ട്രീയക്കളി എന്താണ്?
2015 മെയ് മാസത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ മുന്‍ അസം ചീഫ് സെക്രട്ടറിയായിരുന്ന ജ്യോതി പ്രസാദ് രാജ്ഖോവയെ അരുണാചല്‍ ഗവര്‍ണറായി നിയമിച്ചു. ടുകി സര്‍ക്കാരുമായി രാജ്ഖോവ വളരെ പെട്ടന്നു അഭിപ്രായവ്യത്യാസത്തിലായി. ഗവര്‍ണര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നുവെന്നും സ്പീക്കറുടെ അധികാരത്തെ മറികടക്കാന്‍ ശ്രമിക്കുന്നുവെന്നും ടുകി ആരോപിച്ചു.

നബാം ടുകി
നിയമസഭയുടെ ശീതകാല സമ്മേളനം 2016 ജനുവരി 14 മുതല്‍ 18 വരെ ചേരാനായിരുന്നു നിശ്ചയിച്ചത്. എന്നാല്‍ ഡിസംബര്‍ 2015-നു ഗവര്‍ണര്‍ പൊടുന്നനെ സമ്മേളനം ഡിസംബര്‍ 16-ലേക്ക് നേരത്തെയാക്കി നിശ്ചയിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ടി എന്‍ തോങ്ദോകീനോട് രണ്ടു കാര്യങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തി സമ്മേളനം നടത്താനും ഗവര്‍ണര്‍ ആവശ്യപ്പെട്ടു-സ്പീക്കര്‍ നബാം റെബിയയുടെ ഇംപീച്മെന്റ് (ടുകിയുടെ സഹോദരന്‍), ടുകി സര്‍ക്കാരിന്റെ വിശ്വാസവോട്ട്. ഇത് നിരസിച്ച റെബിയ ഗവര്‍ണറുടെ നടപടിക്കെതിരെ ഗുവാഹാത്തി ഹൈക്കോടതിയെ സമീപിച്ചു. വിശ്വാസവോട്ടെടുപ്പ് നേരിടാതിരിക്കാന്‍ എന്നു കരുതുന്നു, ടുകി നിയമസഭാ സമ്മേളനം വൈകിപ്പിച്ചു. ഭരണഘടനപ്രകാരം 6 മാസത്തിനുള്ളില്‍ സഭ വിളിച്ചുചേര്‍ക്കുന്നതില്‍ റെബിയക്കും കഴിഞ്ഞില്ല.
ഡിസംബര്‍ 16-നു 21 വിമത കോണ്‍ഗ്രസ് എം എല്‍ എമാരും 2 സ്വതന്ത്രരും ബി ജെ പിയുമായി കൈകോര്‍ത്ത് സ്പീക്കര്‍ നബാം റെബിയയെ ഒരു താത്ക്കാലിക സഭ ചേര്‍ന്ന് ഇംപീച്ച് ചെയ്യാനൊരുങ്ങി. റെബിയ നിയമസഭമന്ദിരം അടച്ചിട്ടതിനാലാണ് താത്ക്കാലിക സൌകര്യം ഏര്‍പ്പെടുത്തിയത്. വിമതനായ ഡെപ്യൂട്ടി സ്പീക്കര്‍ അധ്യക്ഷത വഹിച്ച ‘സമ്മേളനം’ സ്പീക്കറെ ഇംപീച്ച് ചെയ്യുകയും മുഖ്യമന്ത്രി ടുകിക്കെതിരെ ഒരു അവിശ്വാസ പ്രമേയം അംഗീകരിക്കുകയും പുലിനെ സഭാ നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തു. ടുകിയും അയാളെ അനുകൂലിക്കുന്ന എം എല്‍ എമാരും ഈ സമ്മേളനവും തീരുമാനങ്ങളും നിയമവിരുദ്ധവും ഭരണഘടനവിരുദ്ധവും ആണെന്ന് പറഞ്ഞു. ‘സമ്മേളനത്തിലെ’ എല്ലാ തീരുമാനങ്ങളും ഹൈക്കോടതി താത്ക്കാലികമായി മരവിപ്പിച്ചു.
കേന്ദ്ര മന്ത്രിസഭ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തു. കോണ്‍ഗ്രസ് ഈ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും അധികാരത്തില്‍ തുടരാനായി മുഖ്യമന്ത്രിയും സ്പീക്കറും ഒത്തുകളിക്കുന്നു എന്നാണ് ഗവര്‍ണര്‍ രാജ്ഖോവ കോടതിയില്‍ പറഞ്ഞത്. പിന്നീട് സംസ്ഥാനത്തുനിന്നും രാഷ്ട്രപതിഭരണം നീക്കി. വിമതരുടെയും ബി ജെ പിയുടെയും പിന്തുണയോടെ കലികോ പുല്‍ ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റു. നിയമസഭാ സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാനോ നേരെതെയാക്കാനോ ഉള്ള ഗവര്‍ണറുടെ വിവേചനാധികാരം സംബന്ധിച്ച ഒരു കൂട്ടം ഹര്‍ജികളില്‍ വിധിപറയുന്നത് സുപ്രീം കോടതി മാറ്റിവെച്ചു.

കലിക്കോ പൂലി
സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ വിധി എന്താണ്?
ജൂലായ് 13, 2016-നു തന്റെ ഭരണഘടനാപരമായ അധികാരപരിധികള്‍ ലംഘിച്ചതിന് സുപ്രീം കോടതി ഗവര്‍ണറെ നിശിതമായി വിമര്‍ശിച്ചു. പ്രതിപക്ഷകക്ഷികള്‍ ഭരിക്കുന്ന ഒരു സംസ്ഥാനത്തെ ഇടപെടലുകളുടെ പേരില്‍ സുപ്രീം കോടതി ബി ജെ പി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ മാറ്റി കേന്ദ്രഭരണം ഏര്‍പ്പെടുത്തിയ നടപടി പരമോന്നത കോടതി റദ്ദാക്കിയിരുന്നു.
ടുകി സര്‍ക്കാരിനെ പുന:സ്ഥാപിച്ച കോടതി ഗവര്‍ണറുടെ തീരുമാനങ്ങള്‍ അസാധുവാണെന്നും പ്രഖ്യാപിച്ചു. “ഗവര്‍ണറുടെ തീരുമാനങ്ങളെ പിന്തുടര്‍ന്ന് അരുണാചല്‍ പ്രദേശ് നിയമ നിര്‍മാണ സഭ എടുത്ത എല്ലാ നടപടികളും തീരുമാനങ്ങളും നിലനില്‍ക്കാത്തതും അതിനാല്‍ റദ്ദാക്കപ്പെട്ടതുമാകുന്നു,” കോടതി വ്യക്തമാക്കി. ടുകി സര്‍ക്കാരിനെ വീഴ്ത്തിയ വിമതനീക്കത്തിന് ചുക്കാന്‍ പിടിച്ച പുലിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കാനും കോടതി നിര്‍ദ്ദേശിച്ചു.
ഗവര്‍ണര്‍ രാജ്ഖോവയുടെ പങ്ക്, അയാളുടെ പക്ഷപാതിത്തിനും അധികാര ദുര്‍വിനിയോഗത്തിന്റെയും പേരില്‍ പരിശോധനാവിധേയമായി. ഗവര്‍ണറുടെ ഭരണഘടനവിരുദ്ധമായ അധികാര ദുര്‍വിനിയോഗം മതിയായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാന്‍. “ആരും നിയമത്തിന് അതീതരല്ല എന്നപോലെത്തന്നെ നിയമത്തിന് മുന്നില്‍ ഉത്തരം പറയേണ്ടാത്തവരായും ആരുമില്ല,” വിധിന്യായത്തില്‍ ജസ്റ്റിസ് മദന്‍ ബി ലോകുര്‍ പറഞ്ഞു. അത്യപൂര്‍വമായ സാഹചര്യങ്ങളിലെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താവൂ എന്നുപറഞ്ഞ കോടതി, അത്തരം സാഹചര്യങ്ങളില്‍ ഗവര്‍ണര്‍ “രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍ നിന്നും മോശമായ രാഷ്ട്രീയ കുതന്ത്രങ്ങളില്‍ നിന്നും അവയുടെ മൂല്യശോഷണത്തിന്റെ തലം നോക്കാതെ ഒഴിഞ്ഞുനില്‍ക്കണം,” എന്നും നിര്‍ദേശിച്ചു.
രാഷ്ട്രപതി ഭരണത്തിലേക്ക് നയിച്ച ഗവര്‍ണറുടെ തീരുമാനങ്ങള്‍ റദ്ദാക്കിയ ആദ്യകോടതിവിധി മാത്രമല്ല പഴയ സര്‍ക്കാരിനെ പുന:സ്ഥാപിക്കുക കൂടി ചെയ്ത ആദ്യവിധിയാണ് ബുധനാഴ്ച്ചത്തേത്. ജനാധിപത്യത്തില്‍ സഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടതെന്ന് ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്ന വിധി, ഗവര്‍ണറടക്കം മറ്റേത് അധികാരകേന്ദ്രത്തിനും സഭാനടപടികള്‍ എങ്ങനെ നടത്തണമെന്ന് സ്പീക്കറോട് നിര്‍ദ്ദേശിക്കാനാകില്ലെന്ന് പറയുകയും നിയമസഭാ സ്പീക്കറുടെ പങ്ക് എന്താണെന്ന് വ്യക്തമാക്കുകയും ചെയ്തു.

പെമ ഖണ്ഡു
സുപ്രീം കോടതി വിധിക്കുശേഷം പുന:സ്ഥാപിക്കപ്പെട്ട മുഖ്യമന്ത്രി ടുകിയെ മാറ്റി പെമ ഖണ്ഡു കോണ്‍ഗ്രസ് നിയമസഭകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെടാനുള്ള കാരണമെന്താണ്?
സുപ്രീം കോടതി വിധി കോണ്‍ഗ്രസ് സര്‍ക്കാരിനെ തിരിച്ചുകൊണ്ടുവന്നെങ്കിലും അനിശ്ചിതത്വം ഒഴിഞ്ഞിരുന്നില്ല. മുഖ്യമന്ത്രിയായി പുനഃസ്ഥാപിക്കപ്പെട്ടു എന്നു കാണിച്ച് നിലവില്‍ അരുണാചല്‍ ഗവര്‍ണറുടെ ചുമതല വഹിക്കുന്ന തഥാഗത റോയ് നബാം ടുകിക്ക് സന്ദേശം നല്കുകയും 2016 ജൂലായ് 16-നകം ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
തന്റെ കയ്യില്‍ ഒട്ടും സമയമില്ലെന്ന് മനസിലാക്കിയ ടുകി ഡല്‍ഹിയിലെ അരുണാചല്‍ ഭവനില്‍ വെച്ച് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തു. ഭൂരിപക്ഷം തെളിയിക്കാന്‍ 10 ദിവസം തരാന്‍ താത്ക്കാലിക ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജൂലായ് 25, 26 എന്നീ രണ്ടു ദിവസങ്ങളും മന്ത്രിസഭ നിര്‍ദ്ദേശിച്ചു. ഗവര്‍ണര്‍ പക്ഷേ തരിമ്പും കനിഞ്ഞില്ല.
ഇത് വെള്ളിയാഴ്ച്ച രാത്രി നാടകീയതയുടെ ആഴം കൂട്ടി. രണ്ടു എം എല്‍ എമാരുടെ രാജിയോടെ അരുണാചല്‍ നിയമസഭയുടെ നിലവിലെ അംഗബലം 58-ആയിരുന്നു. നാടകത്തിന്റെ അന്തിമഘട്ടത്തില്‍ ടുകി 15, പുല്‍ 30 ബി ജെ പി 11 സ്വതന്ത്രര്‍-2 എന്നിങ്ങനെയായി ബലാബലം. പക്ഷേ ഖണ്ഡു വിഭാഗത്തിലെ 11 എം എല്‍ എമാര്‍ ചില ഉപാധികളോടെ കോണ്‍ഗ്രസിലേക്കുള്ള മടക്കത്തിന് തയ്യാറായതോടെ പുല്‍ പക്ഷം ശിഥിലമാകാന്‍ തുടങ്ങി. ഇത് കോണ്‍ഗ്രസ് അംഗബലം 26-ലെത്തിച്ചു. ചൌന മെയിന്‍റെ 5 പേരുടെ ചെറുവിഭാഗം ഖണ്ടുവിന്റെ നേതൃത്വം അംഗീകരിക്കാന്‍ തയ്യാറായതോടെ സംഖ്യ 31 ആയി. അങ്ങനെ കോണ്‍ഗ്രസിന് 58 എം എല്‍ എമാരുടെ സഭയില്‍ ഭൂരിപക്ഷവുമായി. ഇതോടെ മറ്റ് കോണ്‍ഗ്രസ് എം എല്‍ എമാരും തിരികെ എത്താന്‍ തുടങ്ങി. കോണ്‍ഗ്രസിന് 45 പേരുടെ സൌകര്യപ്രദമായ ഭൂരിപക്ഷം വീണ്ടും ലഭിച്ചു. പുലിനെ തനിക്ക് പകരം മുഖ്യമന്ത്രിയാക്കില്ല എന്നുറപ്പുണ്ടെങ്കില്‍ താന്‍ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് ടുകി സമ്മതിച്ചു. ഇതോടെ മുന്‍ അരുണാചല്‍ മുഖ്യമന്ത്രിയായിരുന്ന ദോര്‍ജീ ഖണ്ടുവിന്റെ മകന്‍ 36-കാരനായ പെമ ഖണ്ടുവിന്റെ മുഖ്യമന്ത്രി കസേരയിലേക്കുള്ള വഴി തുറന്നു.