UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനാധിപത്യത്തെ അവഹേളിക്കുന്നത് മോദി നിര്‍ത്തുക തന്നെ വേണം

ടീം അഴിമുഖം/എഡിറ്റോറിയല്‍

അരുണാചല്‍ പ്രദേശില്‍ 2016 ജനുവരി 14നു നടക്കേണ്ടിയിരുന്ന നിയമസഭാ സമ്മേളനം 2015 ഡിസംബര്‍ 16നു നടത്താന്‍ ഗവര്‍ണര്‍ ജെപി രാജ്‌ഖോവ എടുത്ത തീരുമാനം ബുധനാഴ്ച സുപ്രിം കോടതിയുടെ ഭരണഘടനാബഞ്ച് അസാധുവാക്കി. തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് കോടതി ഇങ്ങനെ പറഞ്ഞു: ‘നിശ്ചിത കാര്യങ്ങളിലൊഴികെ ഭരണകാര്യങ്ങളിലോ നിയമസഭാകാര്യങ്ങളിലോ ഗവര്‍ണറുടെ ഭരണാധികാരം മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചും നിയമസഭ നിര്‍മിക്കുന്ന നിയമങ്ങള്‍ അനുസരിച്ചും മാത്രം നടപ്പാക്കേണ്ടവയാണ്. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥനായതിനാലും ഭരണഘടനയുടെ 163ാം വകുപ്പ് ഉപയോഗിക്കാനാകില്ലെന്നതിനാലും ഗവര്‍ണര്‍ക്ക് ഇക്കാര്യങ്ങളില്‍ വിവേചനാധികാരമില്ല. 163ാം വകുപ്പ് അനുസരിച്ച് ഗവര്‍ണര്‍ക്കു ലഭ്യമായ ഏക വിവേചനാധികാരം അതിനായി നല്‍കപ്പെടുന്ന കാര്യങ്ങളിലോ അല്ലെങ്കില്‍ ഭരണഘടന അനുസരിച്ച് മന്ത്രിസഭയുമായോ ജുഡീഷ്യറിയുമായോ ബന്ധമില്ലാത്ത കാര്യങ്ങളിലോ മാത്രമാണ്.’ അങ്ങനെ നിയമസഭയുടെ രക്ഷാധികാരി സ്പീക്കറാണെന്ന കാര്യം കോടതി ഉയര്‍ത്തിക്കാട്ടി.

ജനാധിപത്യ ശക്തികളെയും രാജ്യത്ത് ഭരണഘടനാനിയമ പാലനം നടന്നുകാണാന്‍ ആഗ്രഹിക്കുന്നവരെയും സന്തുഷ്ടരാക്കുന്നതാണ് വിധി. 1959 മുതല്‍ കേന്ദ്രത്തിലെ ഏകാധിപത്യപ്രവണതകളുടെ ഉപകരണങ്ങളായാണ് ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തനം. ഇപ്പോഴത്തെ വിധി ഗവര്‍ണര്‍മാരുടെ അധികാരം പരിമിതപ്പെടുത്തുന്ന നാഴികക്കല്ലാണെന്നു പറയാം.

സുപ്രിം കോടതിവിധി നരേന്ദ്ര മോദി സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്. ഉത്തരാഖണ്ഡ് സംഭവത്തിന്റെ തുടര്‍ച്ചയായ ഈ  വിധി കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ രാഷ്ട്രീയ ധാര്‍മികതയും ചുമതലാബോധവും സംബന്ധിച്ച് ഒഴിവാക്കാനാകാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഭരണഘടനാവിരുദ്ധമായ ഈ നടപടിക്ക് ഉത്തരം പറയേണ്ടതും കുറ്റക്കാരെ കണ്ടെത്തേണ്ടതും കേന്ദ്രസര്‍ക്കാരാണ്. 

മോദിയുടെ ഏകാധിപത്യമോഹങ്ങള്‍ തകര്‍ക്കുന്ന ചരിത്രവിധിയാണിത്. ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളിലെല്ലാം സര്‍ക്കാരുകള്‍ക്ക് മുമ്പെങ്ങുമില്ലാത്ത വിധം തടസങ്ങള്‍ സൃഷ്ടിക്കാനായിരുന്നു മോദി സര്‍ക്കാരിന്റെ ശ്രമം. മുന്‍ കോണ്‍ഗ്രസ്, സഖ്യ കക്ഷി സര്‍ക്കാരുകളെപ്പോലെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണറുടെ ഓഫിസ് ഉപയോഗിച്ച മോദി സര്‍ക്കാര്‍ ജനാധിപത്യത്തെത്തന്നെ അപമാനിക്കുകയായിരുന്നു.

നബാം ടുക്കി സര്‍ക്കാരിനു രാജിവയ്‌ക്കേണ്ടിവന്നത് ഗവര്‍ണറുടെ നടപടികള്‍ മാത്രം കൊണ്ടല്ല. സംസ്ഥാനത്ത് അങ്ങനെയൊരു സ്ഥിതി വരാന്‍ കാരണം കോണ്‍ഗ്രസിലെ ഉള്‍പ്പോരും കൂടിയാണ്. ബിജെപിക്കാരാല്‍ ചാക്കിട്ടുപിടിക്കപ്പെടാന്‍ തയാറായിരുന്നു കോണ്‍ഗ്രസ് അംഗങ്ങള്‍. എന്നാല്‍ അത്തരം മാര്‍ഗങ്ങളിലൂടെ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുന്നതിനെ സുപ്രിം കോടതി വിധി ചോദ്യം ചെയ്യുന്നു.

സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ മോദി സര്‍ക്കാര്‍ നടത്തിവരുന്ന പരീക്ഷണങ്ങള്‍ക്കു ലഭിക്കുന്ന രണ്ടാമത്തെ തിരിച്ചടിയാണ് അരുണാചല്‍ പ്രദേശില്‍ നബാം ടുക്കി സര്‍ക്കാരിനെ പുനസ്ഥാപിച്ചുകൊണ്ടുള്ള വിധി.  ഉത്തരാഖണ്ഡില്‍ പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തിയത് മേയില്‍ സുപ്രിം കോടതി അസാധുവാക്കിയിരുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍