UPDATES

ട്രെന്‍ഡിങ്ങ്

അമ്മ എന്നെ നിരന്തരം തകര്‍ത്തു, നിര്‍മിച്ചു, എന്നെ ഞാനാക്കി- അരുന്ധതി റോയി സംസാരിക്കുന്നു

കുട്ടിക്കാലത്തെക്കുറിച്ച്, അമ്മയെ കുറിച്ച്, 20 വയസിന് ശേഷം ആദ്യമായി കാണുന്ന ഏറെക്കുറെ അപരിചിതനായിരുന്ന അച്ഛനെക്കുറിച്ച്, സ്ത്രീകളുടെ വ്യക്തിജീവിതത്തെ കുറിച്ച്…

പക്വതയും ധൈര്യവുമുള്ള ഒരു സ്ത്രീയായും വ്യക്തിയായും തന്നെ രൂപപ്പെടുത്തിയതില്‍ തന്റെ അമ്മയ്ക്കുള്ള പങ്കിനെ കുറിച്ച് പറയുകയാണ് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്. ബിബിസി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കോട്ടയം മീനച്ചിലാറിന്റെ തീരത്തുള്ള അമ്മയുടെ വീടും കുട്ടിക്കാലവും എല്ലാം അരുന്ധതി ഓര്‍ക്കുന്നു. 20 വയസിന് ശേഷം ആദ്യമായി കാണുന്ന, ഏറെക്കുറെ അപരിചിതനായിരുന്ന അച്ഛനെക്കുറിച്ച്, പുരുഷന്മാരെ കുറിച്ച്, വിവാഹജീവിതത്തെ കുറിച്ച്, സ്ത്രീകളുടെ വ്യക്തിജീവിതത്തെ കുറിച്ച് ഒക്കെ അരുന്ധതി സംസാരിക്കുന്നു:

അമ്മയുടെ പിതാവ് അവരെ ഉപദ്രവിക്കുമായിരുന്നു. അമ്മയുടെ അമ്മയാണെങ്കില്‍ നിസഹായയും. അവര്‍ ദുര്‍ബലയായിരുന്നു, കാഴ്ചാ പ്രശ്‌നങ്ങളുണ്ടായിരുന്നു. അമ്മ മനോഹരമായി വയലിന്‍ വായിക്കുമായിരുന്നു. എന്നാല്‍ അമ്മയുടെ അച്ഛന്‍ അവരുടെ വയലിന്‍ നശിപ്പിച്ചു. പിന്നീട് എന്റെ അച്ഛനെ അവര്‍ വിവാഹം കഴിച്ചു. ഞാന്‍ എന്റെ അച്ഛനെ കാണുന്നത് എന്റെ 20 വയസിന് ശേഷമാണ്. അച്ഛന്‍ എന്നെ സംബന്ധിച്ച് ഒരു പരിചയവുമില്ലാത്ത വ്യക്തിയായിരുന്നു. അച്ഛന്‍ ടീ പ്ലാന്റേഷന്‍ മാനേജരായി ജോലി ചെയ്തിരുന്നു. ആസ്മയടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അമ്മയെ എല്ലായ്‌പ്പോഴും അലട്ടിയിരുന്നു. പോകാന്‍ മറ്റിടമില്ലായിരുന്നു. മുത്തശ്ശിയോടൊപ്പമാണ് അവര്‍ താമസിച്ചത്. അവിടെ എല്ലാവരും ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നത് എന്തുകൊണ്ട് നിങ്ങള്‍ ഇവിടെ നിന്ന് പോകുന്നില്ല, ഇത് നിങ്ങളുടെ വീടല്ല എന്നൊക്കെയായിരുന്നു.

അതുകൊണ്ട് തന്നെ അക്കാലത്ത് മിക്കവാറും വീടിന് പുറത്ത് പുഴക്കരയിലോ മറ്റോ ആയിരിക്കും ഞാന്‍. അവിടെ മീന്‍ പിടുത്തക്കാരുണ്ടാകും. അവരോടൊക്കെ സംസാരിച്ച് അങ്ങനെയിരിക്കും. അമ്മ വളരെ കര്‍ക്കശക്കാരിയായിരുന്നു. എല്ലാവരോടുമുള്ള ദേഷ്യം അവര്‍ തീര്‍ക്കുന്നത് എന്നോടും സഹോദരനോടുമായിരുന്നു. നിരന്തരം ചീത്ത പറയും. പിന്നീട് കെട്ടിപ്പിടിക്കും. അമ്മ ഞങ്ങളെ നിരന്തരം തകര്‍ക്കുകയും നിര്‍മ്മിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവരാണ് എന്നില്‍ മൗലികമായുള്ള ശക്തി. അതാണ് എന്നെ ഞാനാക്കിയത്. അമ്മയുള്ളത് കാരണം അച്ഛന്റെ അഭാവം അറിഞ്ഞില്ല.

ഒരു പുരുഷന്‍ ജീവിതത്തില്‍ ആവശ്യമില്ല എന്നൊന്നും ഞാന്‍ കരുതുന്നില്ല. പക്ഷെ എന്നെ സംബന്ധിച്ച് അച്ഛന്‍ അന്യനായിരുന്നു. എനിക്ക് പുരുഷന്മാരെ ഇഷ്ടമാണ്. പക്ഷെ അവരുടെ ഭാഗത്ത് നിന്നുള്ള വൃത്തികേടുകള്‍ അംഗീകരിക്കാനാവില്ല. ഒരിക്കല്‍ കേരളത്തില്‍ വച്ച് രസകരമായ ഒരനുഭവം ഉണ്ടായി. ഞാനും അമ്മയും ഒരു മീറ്റിംഗില്‍ പങ്കെടുക്കുകയാണ്. സ്ത്രീധനത്തിന്റെ  കാര്യം ഒക്കെയാണ് പറയുന്നത്. നിങ്ങളുടെ മകള്‍ക്ക് എന്തെങ്കിലും കൊടുക്കണമെങ്കില്‍ അത് വിവാഹവുമായി ബന്ധിപ്പിക്കുന്നത് എന്തിനാണ് എന്നു ഞാന്‍ ചോദിച്ചു. അപ്പോള്‍ ആഭരണ വിഭൂഷിതയായ ഒരു സ്ത്രീ വന്നു പറഞ്ഞു, അങ്ങനെ സ്ത്രീകള്‍ക്ക് സ്വത്തു കൊടുത്താല്‍ അവര്‍ വലിയ ബോള്‍ഡ് ആവും. അങ്ങനെ ബോള്‍ഡ് ആയ സ്ത്രീകള്‍ക്ക് സന്തോഷകരമായ വിവാഹ ജീവിതം ഉണ്ടാവില്ല എന്ന്. അങ്ങനെ എങ്കില്‍, എന്നെ വളരെ ബോള്‍ഡ് ആയാണ് വളര്‍ത്തിയിട്ടുള്ളത്, എന്നിട്ട് എനിക്ക് സന്തോഷകരമായ നിരവധി വിവാഹ ജീവിതങ്ങളുണ്ടായല്ലോ – അരുന്ധതി ചിരിക്കുന്നു.

അരുന്ധതി റോയിയുമായി ബിബിസി റേഡിയോ നടത്തിയ സംഭാഷണം – ഓഡിയോ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍