UPDATES

ആറായിരം വോട്ടുകള്‍ക്ക് വിജയമെന്ന് ഇടത്, ഭൂരിപക്ഷം അയ്യായിരമെന്ന് വലത്, വിജയം ഉറപ്പെന്ന് ബിജെപി

അഴിമുഖം പ്രതിനിധി

അരുവിക്കരയിലെ വിധിയെഴുത്ത് കഴിഞ്ഞതോടെ തങ്ങള്‍ക്കു കിട്ടുന്ന വോട്ടുകളുടെയും ഭൂരിപക്ഷത്തിന്റെയും കണക്കുകളുമായി മുന്നണികള്‍ രംഗത്തെത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാറിന് 55,000 മുതല്‍ 60,000 വരെ വോട്ടുകള്‍ നേടുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ കണക്കുകള്‍ പറയുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശബരി നാഥിന് 52,000 മുതല്‍ 55,000 വോട്ടുകള്‍ നേടുമെന്നും ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ 22,000 മുതല്‍ 25,000 വരെ വോട്ടുകള്‍ നേടുമെന്നും എല്‍എഡിഎഫ് കണക്കു കൂട്ടുന്നു. ആയിരം മുതല്‍ ആറായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയകുമാര്‍ വിജയിക്കുമെന്നും എല്‍ഡഡിഎഫ് ഉറപ്പിക്കുന്നു. അതേസമയം അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ശബരിനാഥന്റെ വിജയം ഉറപ്പിക്കുകയാണ് വലതുമുന്നണി. 55,000 വോട്ടുകള്‍ ശബരിനാഥ് സ്വന്തമാക്കുമെന്നും വലതുമുന്നണി വിലയിരുത്തുന്നു. ബിജെപി 25,000 വരെ വോട്ടുകള്‍ നേടുമെന്നും ബിജെപി സ്വന്തമാക്കുന്ന വോട്ടുകള്‍ ഇടതുപക്ഷത്തിന്റെതായിരിക്കുമെന്നും യുഡിഎഫ് ക്യാമ്പുകള്‍ ഉറപ്പിക്കുന്നു.

ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകളില്‍ ബിജെപി 25,000 ത്തോളം വോട്ടുകള്‍ നേടുമെന്ന് പറയുമ്പോഴും വിജയപ്രതീക്ഷയുണ്ട് എന്നതിനപ്പുറം കണക്കുകളുമായൊന്നും രംഗത്തുവരാന്‍ ബിജെപി ക്യാമ്പ് തയ്യാറാകുന്നില്ല. നാല്‍പ്പത്തയ്യായിരം വോട്ടുകള്‍ കിട്ടിയാല്‍ രാജഗോപാല്‍ ജയിക്കുമെന്നുമാത്രമാണ് ഇതുവരെ ബിജെപി ക്യമ്പില്‍ നിന്ന് കേള്‍ക്കുന്നത്. എങ്കിലും രാജഗോപാല്‍ പിടിക്കുന്ന വോട്ടുകള്‍ ഇരുമുന്നണികള്‍ക്കും വളരെ നിര്‍ണായകമാകുമെന്ന് ഉറപ്പാണ്. അതേസമയം എല്‍ഡിഎഫ് കണക്കുകൂട്ടലുകളനുസരിച്ച് മറ്റുള്ളവര്‍ പിടിക്കുന്ന വോട്ടുകളില്‍, പി സി ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ത്ഥി ദാസ് 15,000 നും 3000 നും ഇടയില്‍ വോട്ടുകള്‍ മാത്രം നേടുമ്പോള്‍ പിഡിപിയുടെ പൂന്തുറ സിറാജിന് 700 മുതല്‍ 1000 വോട്ടുകളെ കിട്ടൂ എന്നു പറയുന്നു.

76.31 ശതമാനം രേഖപ്പെടുത്തി റെക്കോര്‍ഡ് പോളിംഗ് നടന്ന അരുവിക്കരയില്‍ ഇത്തവണ ഒരുലക്ഷത്തി നാല്‍പ്പതിനായിരം വോട്ടുകളാണ് ആകെ ചെയ്തത്. ഇതില്‍ 25,000 വോട്ടുകള്‍ പുതുതായി ഉണ്ടായതാണ്. യുവാക്കളുടെ വോട്ടുകളാണ് പുതുവോട്ടുകളായി രേഖപ്പെടുത്തപ്പെട്ടത്. ഈ വോട്ടുകളില്‍ ഇരുമുന്നണികളും ഒരേപോലെ അവകാശവാദം ഉന്നയിക്കുകയാണ്. ഇതിനൊപ്പം സ്ത്രീവോട്ടര്‍മാരുടെ വോട്ടുകളും സ്ഥാനാര്‍ഥികളുടെ വിജയത്തിന്റെ പ്രധാനാധാരമാകും. കനത്തമഴയെപ്പോലും വകവയ്ക്കാതെയാണ് സ്ത്രീവോട്ടര്‍മാര്‍ ബൂത്തുകളിലെത്തിയത്.ഈ വോട്ടുകള്‍ ആര്‍ക്കനുകൂലമായി വീഴും എന്നതിലാണ് കാര്യം. അഴിമതിയും സരിതയുമെല്ലാം ഭരണവിരുദ്ധ വികാരമായി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഇടതുപക്ഷം വിശ്വസിക്കുമ്പോള്‍ ശബരിനാഥന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ യുവാക്കളുടെയും ജി.കാര്‍ത്തികേയന്റെ ഓര്‍മ്മകളുടെ തരംഗത്തില്‍ സ്ത്രീകളുടെയും വോട്ടുകള്‍ തങ്ങള്‍ക്കു കിട്ടുമെന്നാണ് വലതുപക്ഷം കരുതുന്നത്. പതിവുപോലെ നരേന്ദ്ര മോദി തരംഗത്തിലാണ് ബിജെപി വിശ്വസിക്കുന്നത്.

എന്തായാലും 46,000 ത്തില്‍ അധികം വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ത്ഥിയായിരിക്കും ഇവിടെ വിജയമുറപ്പിക്കുക. നിലവിലെ സാഹചര്യത്തില്‍ കൃത്യമായൊരു പ്രവചനത്തിന് യാതൊരു സാധ്യതയും അരുവിക്കരയില്‍ കാണുന്നില്ല. വിജയം ആര്‍ക്കെന്നത് കത്തിരുന്നുമാത്രമേ അറിയാന്‍ കഴിയൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍