UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അരുവിക്കരയിലെ അരിയിട്ടുവാഴ്ച; കാര്‍ത്തികേയനെ മറക്കുന്ന കോണ്‍ഗ്രസുകാര്‍

Avatar

ജോസഫ് വര്‍ഗീസ്

കോണ്‍ഗ്രസിലെ കുടുംബവാഴ്ച്ചയ്‌ക്കെതിരെ പൊരുതിയ നേതാവിന് ഒടുവില്‍ സ്വന്തം കുടുംബത്തില്‍ നിന്നു തന്നെ തിരിച്ചടി. അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജി കാര്‍ത്തികേയന്റെ മകന്‍ മത്സരിക്കാനിറങ്ങുമ്പോള്‍ അപമാനിക്കപ്പെടുന്നത് ആദര്‍ശധീരനായിരുന്ന നേതാവിന്റെ ആത്മാവ് ആണെന്നതില്‍ തര്‍ക്കമില്ല. അഴിമുഖം മാര്‍ച്ച് 24 പ്രസിദ്ധീകരിച്ച ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നത് പുതിയസാഹചര്യത്തില്‍, അത് ഒരിക്കല്‍ കൂടിവായിക്കപ്പെടേണ്ടതാണെന്ന വിശ്വാസത്തിലാണ്.

അന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് പള്ളിപ്പുറത്തുവച്ച് കാറപകടത്തില്‍ മാരകമായി പരിക്കേറ്റൂ. അമേരിക്കയില്‍ ചികിത്സ നടക്കുമ്പോള്‍ നാട് മുഴുവന്‍ കരുണാകരന്റെ തിരിച്ചു വരവിനായുള്ള പ്രാര്‍ത്ഥനയിലായിരുന്നു; ചിലരാകട്ടെ അന്നേരം ‘യുവരാജാവിനെ’ വാഴിക്കാനുള്ള പരിശ്രമത്തിലും! കരുണാകരന്‍ എന്ന മഹാവൃക്ഷത്തെ വേരോടെ പിഴുതെടുത്ത് ഇത്തിരിപ്പോന്ന ഒരു ചെടിച്ചെട്ടിക്കുള്ളില്‍ പ്രതിഷ്ഠിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരിഹാസ്യമായിരുന്ന കാലത്ത് അതിനെ നീതിബോധത്തോടെയും ധാര്‍മികരോഷത്തോടെയും ചോദ്യം ചെയ്ത ജി കാര്‍ത്തികേയന്‍റെ ചോദ്യങ്ങള്‍ ഇന്നും അന്തരീക്ഷത്തില്‍ മാറ്റൊലി കൊള്ളുന്നുണ്ട്.

രാഷ്ട്രീയത്തിലെ സ്വകാര്യവത്കരണങ്ങള്‍
കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, മറ്റു ബന്ധുക്കള്‍, പേഴ്‌സണല്‍ സ്റ്റാഫ് എന്നിവരൊക്കെ; പൊതുസ്വത്തായി കരുതപ്പെടുന്ന ഒരു നേതാവിനെ പലപ്പോഴും സ്വകാര്യവത്കരിക്കാന്‍ ശ്രമിക്കാറുണ്ട്. ഇത്തരം ശ്രമങ്ങള്‍ അതിജീവിക്കുന്നിടത്താണ് ഒരു നേതാവിന്റെ വിജയം.

എല്ലാത്തരം സ്വകാര്യവത്കരണങ്ങളുടെയും പ്രധാന ലക്ഷ്യം സ്വാര്‍ത്ഥലാഭമാണ്. സ്വകാര്യവത്കരണം രാഷ്ട്രീയത്തിലെത്തുമ്പോഴോ? ജീവച്ചിരിക്കുന്ന മഹാമനുഷ്യര്‍ മൃതതുല്യരാകാനും, മരണത്തെ പുല്‍കി കഴിഞ്ഞവരുടെ ആത്മതേജസിന്റെ ശോഭ കെടുത്താനുമല്ലാതെ മറ്റൊന്നിനും രാഷ്ട്രീയത്തിലെ സ്വകാര്യവത്കരണം ഉപകാരപ്പെടാറില്ല.

പൊതു താല്‍പര്യത്തെ മുന്‍നിര്‍ത്തി, സ്വന്തം നിലനില്‍പ്പ് അപകടത്തിലാക്കുന്ന സാഹചര്യത്തെ ക്ഷണിച്ചു വരുത്തുക വഴി ‘ആപത്കരമായി ജീവിച്ച’ കാര്‍ത്തികേയന്‍ പോലും ബന്ധുക്കള്‍ക്ക് നല്‍കപ്പെടാനിരിക്കുന്ന സ്ഥാനാര്‍ത്ഥിത്വം വഴി ഒരു പടി താഴേയ്ക്കല്ലേ താഴ്ത്തപ്പെടുക?

യുവാക്കളുടെ രാഷ്ട്രീയത്തിനെതിരെ ആശ്രിതരുടെ പടയാരുക്കം
പാര്‍ട്ടിയിലെ സീനിയോറിറ്റിക്കും, പ്രവര്‍ത്തന പരിചയത്തിനും പകരം ‘രക്തബന്ധം’ എന്ന വില്ലന്റെ രാക്ഷസീയ അവതാരത്തെയായിരുന്നു ജി കാര്‍ത്തികേയന്‍ അന്ന് എതിര്‍ത്തു പോന്നത്. യുവാക്കളുടെ രാഷ്ട്രീയത്തെ ഏറെ സ്‌നേഹിച്ചിരുന്ന കാര്‍ത്തികേയന്‍ അതിനാല്‍ തന്നെ അകലങ്ങളിലിരുന്ന് അരുവിക്കരയിലെ സ്ഥാനാര്‍ത്ഥി ആരാണെന്ന് ഉറ്റുനോക്കുന്നുണ്ടാവും. കാര്‍ത്തികേയന്‍റെ ആദര്‍ശം കേവലം പ്രസംഗമല്ല, ജീവിതം തന്നെയെന്നറിയാവുന്ന, കാര്‍ത്തികേയനെ അറിയുന്നവര്‍ അത് കേള്‍ക്കുന്നുമുണ്ടാകും. ഒരു ജീവിതകാലം മുഴുവന്‍ എതിര്‍ത്ത, ആ എതിര്‍പ്പ് വഴി ജീവിതകാലം മുഴുവന്‍ ശ്രദ്ധിക്കപ്പെടുകയും കഷ്ടപ്പെടുകയും എതിര്‍ക്കപ്പെടുകയും ചെയ്ത കാര്‍ത്തികേയന്‍ സ്വന്തം കുടുംബത്തിലെ ഒരാളെ സ്ഥാനാര്‍ത്ഥിയായി കാണുമ്പോള്‍ സ്വയം പരാജിതനായി പോയേക്കും! കുടുംബ ബന്ധം വഴി രാഷ്ട്രീയത്തിലേക്ക് നൂല്‍പ്പാലത്തില്‍ ഇറങ്ങിയവരെ ഇന്ത്യ മുഴുവന്‍ സ്വീകരിച്ചപ്പോഴും കേരളം പുറം തിരിഞ്ഞാണ് നില്‍ക്കുന്നത് എന്നത് കാണാന്‍ ഭൂതക്കണ്ണാടി വേണ്ട.

രാജഭരണം മാറി കമ്പനി ഭരണം, പിന്നെ ജനാധിപത്യം; ഇപ്പോള്‍ ജനാധിപത്യത്തിലെ രാജഭരണം!
രാജ്യഭരണത്തിലെ പിന്തുടര്‍ച്ചാവകാശികളുടെ രാജപദവി രാജഭരണകാലഘട്ടത്തില്‍ പതിവായിരുന്നു. ഇന്ത്യയിലെ അവസാന രാജാവിനെയും കെട്ടു കെട്ടിച്ച ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയെ ജനാധിപത്യ പാര്‍ട്ടികള്‍ നാടു കടത്തി. ശേഷം ജനാധിപത്യം. പക്ഷെ, രാഷ്ട്രീയത്തിലെ പിന്തുടര്‍ച്ചാവകാശികള്‍ വഴി ഇപ്പോള്‍ ജനാധിപത്യത്തിലും രാജഭരണം സാധ്യമായിരിക്കുന്നു! ഇത് കൗതുകകരം മാത്രമല്ല പരിഹാസ്യവുമാണ്.

കോണ്‍ഗ്രസ് എന്ന എംഎല്‍എ നിയന്ത്രിത പാര്‍ട്ടി
ഡിസിസി പ്രസിഡന്റിനും ബ്ലോക് പ്രസിഡന്റിനുമൊക്കെ മുകളില്‍ എംഎല്‍എ പ്രതിഷ്ഠിക്കപ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്! ഒരു രാഷ്ട്രീയ ബന്ധവുമില്ലാത്ത ഒരാള്‍ പുതുതായി എംഎല്‍എ ആയി വരികയും അയാള്‍ തന്നിഷ്ട പ്രകാരം തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കുകയും ചെയ്യുക വഴി പലേടത്തും പാര്‍ട്ടിയുടെ കാര്യം തന്നെ ഒരു തീരുമാനമായിട്ടുണ്ട്. അപമാനകരമായ ആ അവസ്ഥയിലേക്ക് പോകേണ്ട കാര്യം ‘കാര്‍ത്തികേയന്‍റെ സ്വന്തം അരുവിക്കരയ്ക്ക്’ ഉണ്ടോ എന്നതും പ്രസക്തമായ ചോദ്യമാണ്. സാമൂഹ്യബോധവും പ്രതികരണശേഷിയും സംഘടനാപാടവും നേരളവില്‍ മിശ്രണം ചെയ്യപ്പെട്ടു നിര്‍മ്മിക്കപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കു പകരംവെയ്ക്കാന്‍; രാഷ്ട്രീയ നേതാവിന്റെ വ്യക്തി ജീവിതത്തിലെ പങ്കാളി/ആശ്രിതര്‍ മതി എന്നത് ജനാധിപത്യപരമല്ല. ഇന്ത്യ കോണ്‍ഗ്രസ് മുക്തമാക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ കേരളത്തില്‍ എത്തും മുമ്പേ കേരളത്തെ കോണ്‍ഗ്രസ് മുക്തമാക്കാന്‍ മാത്രമേ ഇത്തരം തീരുമാനങ്ങള്‍ പ്രയോജനപ്പെടൂ.

മരുമകള്‍ മകളായത് ഇങ്ങനെ
ഭൂരിപക്ഷം നേടി, ഗവണ്‍മെന്റുണ്ടാക്കാന്‍ വഴിയൊരുക്കി, നഷ്ടപ്രതാപം വീണ്ടെടുത്ത്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആത്മാഭിമാനം തിരികെ പിടിച്ച സോണിയ ഗാന്ധി ഒടുവില്‍ പറഞ്ഞു, ഞാന്‍ ലക്ഷ്യമിട്ടതും പ്രവര്‍ത്തിച്ചതും പ്രധാനമന്ത്രി പദത്തിനു വേണ്ടിയല്ല.

കോണ്‍ഗ്രസ്സിന്റെ തിരിച്ചു വരവും,കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ അന്തസ്സും അരക്കിട്ടുറപ്പിക്കപ്പെട്ട ശേഷമുള്ള ആ ഒരൊറ്റ തീരുമാനം വഴി ശത്രുക്കള്‍ക്ക് പോലും അവര്‍ സ്വീകാര്യയായി മാറി.

ഇന്ത്യയുടെ പ്രധാനമന്ത്രിപദം സ്വയം വേണ്ടെന്നു വച്ച ഒരേയൊരാള്‍, കോണ്‍ഗ്രസ് നേതാക്കളുടെ നേതൃബന്ധുക്കള്‍ക്ക് മാതൃകയാകുമോ? കാര്‍ത്തികേയന്‍റെ ആത്മാവിനോട് ഇവര്‍ക്ക് നീതി പുലര്‍ത്താനാകുമോ?

(രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍