UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അരുവിക്കരയ്ക്കുശേഷം വിഎസ്ഡിപി ഇടത്തേക്ക്

Avatar

ടി ജി സജിത്

രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിനുശേഷം ഇടതുമുന്നണിയുമായി സഹകരിക്കുമെന്ന വ്യക്തമായ സൂചന നല്‍കി പ്രമുഖ നാടാര്‍ സമുദായ സംഘടനയായ വിഎസ്ഡിപിയുടെ ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍. ഉപതെരഞ്ഞെടുപ്പിന് ശേഷം ഇടതുമുന്നണിയുമായി സഹകരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം പരിശോധിക്കുകയാണെന്ന് വിഷ്ണുപുരം ചന്ദ്രശേഖരന്‍ ‘അഴിമുഖ’ത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കേരളത്തിലെ പ്രബല രാഷ്ട്രീയ നേതൃത്വങ്ങള്‍ സമുദായത്തോട് അവഗണന കാട്ടിയ ചരിത്രമാണ് ഉള്ളതെങ്കിലും തമ്മില്‍ ഭേദം  ഇടതുമുന്നണിയാണന്ന തിരിച്ചറിവാണ് വിഎസ്ഡിപിയെ ഈ രാഷ്ട്രീയ നീക്കത്തിന് പ്രേരിപ്പിക്കുന്നതെന്നും വിഷ്ണുപുരം വ്യക്തമാക്കുന്നു. വിഎസ്ഡിപി, ഡിഎച്ച്ആര്‍എം, ബിഎസ്പി തുടങ്ങിയവര്‍ ഉള്‍പെടുന്ന അഴിമതി വിരുദ്ധ ജനാധിപത്യമുന്നണിയുടെ (എസിഡിഎഫ്) നേതൃത്വത്തിലായിരിക്കും രാഷ്ട്രീയ നീക്കങ്ങള്‍. അരുവിക്കര ഉപതെരഞ്ഞെടുപ്പിന്  ശേഷം ഇടതുമുന്നണിയുമായുളള ചര്‍ച്ചകള്‍ക്ക് തുടക്കമിടും. 

അരുവിക്കരയില്‍ സ്വന്തം സ്ഥാനാര്‍ഥി
ഇടതുമുന്നണിയുമായുള്ള സഹകരണ സന്നദ്ധത തുറന്നുപറയുമ്പോഴും അരുവിക്കരയില്‍ സ്വന്തം സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കുമെന്ന് ചന്ദ്രശേഖരന്‍ വ്യക്തമാക്കുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പ്  അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ റിഹേഴ്‌സലായിരിക്കും. മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന അരുവിക്കര മണ്ഡലത്തില്‍ നാടാര്‍ സമുദായത്തിനൊപ്പം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സംഘടനകളും അണിചേരും. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളില്‍ നാടാര്‍ സമുദായത്തിന് ജനപ്രതിനിധികളുണ്ട്. ഇടത്, വലത് മുന്നണികള്‍ക്കും ബിജെപിക്കുമൊപ്പം എസിഡിഎഫിന്റെ സ്ഥാനാര്‍ഥിയും അണിനിരക്കുന്നതോടെ ചതുഷ്‌കോണമല്‍സരത്തിന് അരുവിക്കര ഒരുങ്ങും. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട് തുടങ്ങി കേരളത്തിലെ അഞ്ചിലധികം ജില്ലകളില്‍ നാടാര്‍ സമുദായത്തിന് സ്വാധീനമുണ്ടെന്ന് വിഷ്ണുപുരം അവകാശപ്പെടുന്നു. അഴിമതി വിരുദ്ധ മുന്നണിയുടെ നേതൃത്വത്തില്‍ മറ്റ് സംഘടനകളും അണിചേരുന്നതോടെ പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പിലടക്കം വലിയ രാഷ്ട്രീയ ശക്തിയാവാനുള്ള ഒരുക്കത്തിലാണ്  തങ്ങളെന്ന് വിഷ്ണുപുരം ചന്ദ്രശേഖരന്‍ വ്യക്തമാക്കുന്നു.

അറുത്തുമാറ്റിയ ബന്ധം 
യുഡിഎഫുമായി അവശേഷിക്കുന്ന എല്ലാ ബന്ധവും അറുത്തുമാറ്റുന്ന തെരഞ്ഞെടുപ്പായിരിക്കും അരുവിക്കരയിലേതെന്ന് വിഎസ്ഡിപി വ്യക്തമാക്കുന്നു. പരമ്പരാഗതമായി കോണ്‍ഗ്രസ്സിന് വോട്ട്‌ചെയ്തിരുന്ന നാടാര്‍ സമുദായത്തിന്റെ ശക്തി തിരിച്ചറിയുന്ന തെരഞ്ഞെടുപ്പാവും അരുവിക്കരയില്‍ എന്നും വിഎസ്ഡിപിയുടെ മുന്നറിയിപ്പ്. വാഗ്ദാന ലംഘനം നടത്തിയ മുന്നണിയാണ് യുഡിഎഫ്. നെയ്യാറ്റിന്‍കരയില്‍ തങ്ങളുടെ വോട്ട് വാങ്ങാന്‍ നല്‍കിയ ഉറപ്പുകള്‍ ഒന്നുപോലും പാലിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. നാടാര്‍ സമുദായത്തിന് മന്ത്രിസ്ഥാനം, ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ എന്നിങ്ങനെ കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല നേരിട്ടെത്തി നല്‍കിയ ഉറപ്പുകള്‍ നിരവധി. വൈകുണ്ഠ സ്വാമി ചരമദിനം നിയന്ത്രിത അവധി ദിനമാക്കിയ സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായി വിഷ്ണുപുരം വെളിപ്പെടുത്തുന്നു. നാടാര്‍ സമുദായംഗങ്ങള്‍ക്കു വേണ്ടി മാത്രമായി അവധി ദിനം  ഒതുക്കിയത് കടുത്ത  അവഹേളനമാണ്. സമൂഹ്യ പരിഷ് കര്‍ത്താവായ വൈകുണ്ഠ സ്വാമിയെ സര്‍ക്കാര്‍ ഈ തീരുമാനത്തിലൂടെ അപമാനിച്ചു.

പിസി ജോര്‍ജ് നേതാവ്
പിസി ജോര്‍ജ് നടത്തുന്ന അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിഎസ്ഡിപിയുടെ പൂര്‍ണ്ണ പിന്‍തുണയുണ്ടാകുമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരന്‍ വ്യക്തമാക്കുന്നു. നിലവില്‍ അഴിമതി വിരുദ്ധ ജനാധിപത്യമുന്നണിയുടെ ചെയര്‍മാനാണ് പിസിജോര്‍ജ്. ആരെയും കൂസാതെയുള്ള പിസിയുടെ തുറന്നു പറച്ചിലുകളാണ് തങ്ങളെ ആകര്‍ഷിക്കുന്നത്. യുഡിഎഫിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുന്ന ജോര്‍ജിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം തങ്ങളുണ്ടെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ വ്യക്തമാക്കുന്നു. ഇടതുമുന്നണിയുമായുള്ള സഹകരണ സന്നദ്ധത വ്യക്തമാക്കുമ്പോഴും കേരളത്തില്‍ ഇനിയും ഒരു ബദല്‍ രാഷ്ട്രീയ സഖ്യത്തിനു ള്ള സാദ്ധ്യതയും വിഎസ്ഡിപി തള്ളികളയുന്നില്ല.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(ഇന്ത്യാവിഷനില്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററാണ് ടി ജി സജിത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍