UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെജ്രിവാള്‍, ദൂതനെ വെടിവയ്ക്കുന്നതല്ല ഭരണം; മാധ്യമങ്ങള്‍ നിങ്ങളുടെ അടിമകളുമല്ല

Avatar

എഡിറ്റോറിയല്‍/ടീം അഴിമുഖം

നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായതോടെ, അദ്ദേഹത്തോട് ‘നീതി ചെയ്യാനാ’യി ഇന്ത്യന്‍ മാധ്യമങ്ങള്‍ മോദിയുടെ പ്രചാരണവണ്ടിയില്‍ സ്ഥാനം പിടിച്ചു. ഒരിക്കല്‍ ഗുജറാത്തിന്റെ കശാപ്പുകാരന്‍ എന്ന് മോദിയെ വിശേഷിപ്പിച്ച ദേശീയ മാധ്യമങ്ങള്‍, പൊതുതിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണം ശക്തിപ്രാപിച്ചതോടെ, മോദിയോട് ഭയഭക്തി ബഹുമാനം പ്രകടിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍, കുത്തക-മാധ്യമ അച്ചുതണ്ടിനെ കുറിച്ച് വൃത്തിയായി അറിയാവുന്ന മോദി, കഥയുടെ ഗതിയില്‍ തന്റെ പങ്ക് കൃത്യമായും നിര്‍വഹിച്ചു. എന്നാല്‍ മോദിയില്‍ നിന്നും വ്യത്യസ്തമായി, അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്കും പാര്‍ട്ടിയുടെ പ്രചാരത്തിനും ഒക്കെ മാധ്യമങ്ങളെ വളരെയധികം ആശ്രയിക്കേണ്ടി വന്നു. അശുതോഷ് മുതല്‍ ആശിഷ് ഖേതാന്‍ വരെയുള്ളവരും ജര്‍ണയില്‍ സിംഗ് മുതല്‍ നാഗേന്ദ്ര ശര്‍മ വരെയുള്ളവരും എന്തിന് കെജ്രിവാളിന്റെ വലംകൈയായ മനീഷ് സിസോദിയ വരെ മാധ്യമരംഗത്ത് ഒരുകൈ പയറ്റിയവരാണ്. ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനത്തിലും ഇത്രയധികം മാധ്യമപ്രവര്‍ത്തക സാന്നിധ്യം കാണാന്‍ സാധിക്കില്ല. 

ആത്മനീതിയുടെ രാഷ്ട്രീയമാണ് കെജ്രിവാളിന്റേത്. ഉത്കണ്ഠയുടേയും രോഷത്തിന്റെയും മിശ്രിതത്തിനൊപ്പം, ഒപ്പം മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം അഴിമതിക്കാരാണെന്നും ജനങ്ങളെ നികൃഷ്ടമായി പറ്റിക്കുകയാണെന്നും കൂടി ആ രാഷ്ട്രീയം വിശദീകരിക്കുന്നു. അതായത് താനും തന്റെ പാര്‍ട്ടിയും മാത്രമാണ് ശരിയെന്ന് വാദിക്കുന്ന തരം രാഷ്ട്രീയം. എണ്ണമില്ലാത്ത ക്യാമറാമാന്മാരുടെ അദ്ധ്വാനവും ടെലിവഷന്‍ ചാനലുകളിലെ മുഖ്യസമയവും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ സംപ്രേക്ഷണം ചെയ്യുന്നതിനായി മാറ്റിവയ്ക്കപ്പെട്ടു. അവര്‍ ആത്മനീതിയുടെ ഈണത്തിനനുസരിച്ച് നൃത്തം വച്ചു. കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ കെജ്രിവാള്‍ മാധ്യമങ്ങളോട് പുലര്‍ത്തുന്ന അസഹിഷ്ണുത, അത് കാലഘട്ടത്തിലെ ഏറ്റവും വലിയ വിരോധാഭാസമായി മാറുന്നു. 

ഇപ്പോള്‍, മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളുടെയും സര്‍ക്കാരിന്റെയും സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന ഏതുതരം വാര്‍ത്തയും സംപ്രേക്ഷണം ചെയ്യുകയോ പ്രസിദ്ധീകരിക്കയോ ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ അപകീര്‍ത്തി കേസ് കൊടുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.

സംസ്ഥാന വിവരപ്രചാരണ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം, പ്രസിദ്ധീകരിക്കപ്പെടുകയോ സംപ്രേക്ഷണം ചെയ്യപ്പെടുകയോ ചെയ്ത ഏതെങ്കിലും ഒരിനം തനിക്കും സര്‍ക്കാരിനും അപകീര്‍ത്തികരമാണെന്ന് ഡല്‍ഹി സര്‍ക്കാരുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു ഉദ്യോഗസ്ഥ(ന്‍)യ്ക്ക് തോന്നിയാല്‍, ഉടന്‍ തന്നെ ആ ഉദ്യോഗസ്ഥ(ന്‍) പ്രന്‍സിപ്പല്‍ സെക്രട്ടറിക്ക് (ആഭ്യന്തരം) പരാതി സമര്‍പ്പിക്കേണ്ടതാണ്. 

‘അത്തരം സാഹചര്യങ്ങളില്‍, വസ്തുതാ വിരുദ്ധതയുടെ വിശദാംശങ്ങള്‍, പ്രസിദ്ധീകരിക്കപ്പെട്ട രീതി, അപകീര്‍ത്തികരമെന്ന് പരിഗണിക്കാനുണ്ടായ കാരണങ്ങള്‍ എന്നിവ അടങ്ങുന്ന പരാതി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് (ആഭ്യന്തരം) സമര്‍പ്പിക്കേണ്ടതും തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പരാതിയുമായി ബന്ധപ്പെട്ട നിയമനടപടികളുടെ സാധ്യതകളെ കുറിച്ച് പ്രോസിക്യൂഷന്‍ ഡയറക്ടറുടെ അഭിപ്രായം തേടേണ്ടതുമാണ്,’ ഒരു ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറയുന്നു. 

സര്‍ക്കുലര്‍ പ്രകാരം, മുന്നോട്ട് പോകാനുള്ള നിര്‍ദ്ദേശമാണ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ നല്‍കുന്നതെങ്കില്‍, വിഷയം നിയമ വകുപ്പിന്റെ പരിഗണനയ്ക്ക് വിടുകയും അതിന് ശേഷം സര്‍ക്കാരിന്റെ അനുമതിയോട് കേസ് ഫയല്‍ ചെയ്യുകയും ചെയ്യും. 

കെജ്രിവാള്‍ സര്‍ക്കാരിന്റെ ദുഷ്പ്രവര്‍ത്തികള്‍ മാധ്യമങ്ങള്‍ തുടര്‍ച്ചയായി തുറന്ന് കാട്ടിയതിന്റെ ഫലമാണിതെന്ന് സര്‍ക്കുലറിനെ വിമര്‍ശിച്ചുകൊണ്ട് ബിജെപി പറഞ്ഞു. കെജ്രിവാള്‍ സര്‍ക്കാരിന്റെ അരാജകത്വ, ഏകാധിപത്യ സമീപനത്തിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും ബിജെപി കുറ്റപ്പെടുത്തി. 

ഈ ആഴ്ച ആദ്യം, വ്യാജനിയമ ബിരുദം ഉണ്ടാക്കിയതിന്റെ പേരില്‍ ആരോപണവിധേയനായ തന്റെ നിയമമന്ത്രി ജിതേന്ദ്ര സിംഗ് തോമറിനെ ന്യായീകരിച്ചുകൊണ്ട്, മാധ്യമങ്ങളെ പൊതുവിചാരണയ്ക്ക് വിധേയമാക്കണമെന്ന് കെജ്രിവാള്‍ ആഹ്വാനം ചെയ്തിരുന്നു. 

‘മാധ്യമങ്ങളെ പൊതുവിചാരണയ്ക്ക് പാത്രമാക്കുകയും അവരുടെ പക്ഷപാതിത്വം പുറത്തുകൊണ്ടുവരികയും ചെയ്യണം’ എന്ന് കെജ്രിവാള്‍ പറഞ്ഞു. ഹിന്ദിയില്‍ പ്രസംഗിച്ച അദ്ദേഹം പൊതുവിചാരണ എന്ന പദം കൃത്യമായി ഇംഗ്ലീഷില്‍ ഉപയോഗിക്കുകയും ചെയ്തു. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

‘മാധ്യമങ്ങളില്‍ ഒരു വിഭാഗം ആം ആദ്മി പാര്‍ട്ടിയെ കരിവാരിത്തേക്കുന്നതിന് ചെയ്യാവുന്നതെല്ലാം ചെയ്തു,’ എന്ന് പറഞ്ഞ അദ്ദേഹം, ചില മാധ്യമ കേന്ദ്രങ്ങള്‍ പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടത്തുന്നതായും ആരോപിച്ചു. 

‘എഎപിക്കെതിരെ കല്ലെറിയാനുള്ള ഒരവസരവും പാഴാക്കാത്ത ടെലിവിഷന്‍ ചാനലുകള്‍ എന്തുകൊണ്ടാണ് ഗഡ്കരി (ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി)യുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിക്കാതിരിക്കുന്നത്? മാധ്യമ പ്രവര്‍ത്തനത്തില്‍ സുതാര്യത ഉണ്ടാവേണ്ടിയിരിന്നു.’

ഇന്ത്യന്‍ മാധ്യമരംഗത്ത് നടക്കുന്നതെല്ലാം സുഗന്ധപൂരിതമാണെന്ന് ആരും വാദിക്കുന്നില്ല. പക്ഷെ ദൂതനെ വെടിവെക്കുന്നതല്ല അത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള വഴി. കെജ്രിവാള്‍ ആത്മനീതിയുടെ സിംഹാസനത്തില്‍ ഇരിക്കുന്നത് കൊണ്ട്, അദ്ദേഹത്തെ മധുരവും സുഗന്ധവ്യജ്‌നങ്ങളും ചേര്‍ത്ത് സൃഷ്ടിച്ചതാണെന്ന് എപ്പോഴും മാധ്യമങ്ങള്‍ വിചാരിച്ചുകൊള്ളണമെന്നില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍