UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

എം ബി സന്തോഷ്

ന്യൂസ് അപ്ഡേറ്റ്സ്

കെജ്രിവാളില്‍നിന്ന് കാരാട്ടിലേക്കുള്ള ദൂരം

അങ്ങനെ, ഡല്‍ഹിയില്‍ കോണ്‍ഗ്രസും സി.പി.എമ്മും തുല്യരായി. വേണമെങ്കില്‍ ഇരുകൂട്ടരും ‘സംപൂജ്യരായി’ എന്നും പറയാം.സി.പി.എമ്മിന് നേരത്തേയും നഷ്ടപ്പെടാന്‍ അവിടെ ഒന്നുമുണ്ടായിരുന്നില്ല. എല്ലാ മണ്ഡലങ്ങളിലും മത്സരിക്കണമെങ്കില്‍ കേരളത്തില്‍നിന്നോ ബംഗാളില്‍നിന്നോ ത്രിപുരയില്‍നിന്നോ ആളെ ഇറക്കുമതി ചെയ്യണമായിരുന്നു. ഇപ്പോള്‍, ബംഗാളിനെ ഈ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ സി.പി.എം പോളിറ്റ്ബ്യൂറോയുടെ ‘കരുത്തുറ്റ’ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞു! അവിടത്തെ കാര്യം പറഞ്ഞ് ഇപ്പോള്‍ ശവത്തില്‍ കുത്തുന്നത് ശരിയല്ലല്ലോ. എങ്കിലും, സി.പി.എമ്മിനെ പത്തുവര്‍ഷമായി നയിക്കുന്ന ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് ഒരിക്കല്‍പോലും സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ വോട്ടുചെയ്യാന്‍ കഴിയാത്തത് കഷ്ടംതന്നെ എന്ന് പറയാതിരിക്കാന്‍ പറ്റില്ല. 

കോണ്‍ഗ്രസിന്റെ കാര്യമാണ് ബഹുകേമം. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ഗ്രഹണകാലത്തും തൃശൂരില്‍ പാര്‍ട്ടി ജയിക്കുമായിരുന്ന രണ്ട് ലോക്‌സഭാ സീറ്റുകളും നഷ്ടപ്പെടുത്തിയ പി.സി.ചാക്കോയെയാണ് ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ ചുമതല ഏല്‍പ്പിച്ചത്. പ്രചാരണത്തിന് കൊണ്ടുവന്നതാരെയാണ്? അഴിമതി ഏതുവഴിപോയാലും ഓടിച്ചിട്ട് സ്വന്തമാക്കുമെന്നുമാത്രമല്ല അത് ആടയാഭരണമായി അണിയാനും മടിക്കില്ലെന്ന് കേരളത്തിലെ കൊച്ചുകുട്ടികള്‍പോലും വിശ്വസിക്കുന്ന സാക്ഷാല്‍ ഉമ്മന്‍ചാണ്ടി. രണ്ടുപേരുടെ കുറവുണ്ടായിരുന്നു – ‘കേരള കല്‍മാഡി’ എന്ന് ഇതിനകം ഓമനപ്പേര് വീണ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ബാറുകള്‍ തുറക്കാനും  അടയ്ക്കാനും ഒരേസമയം പണം വാങ്ങാമെന്ന ‘അനന്തസാദ്ധ്യത’  കണ്ടെത്തിയ, മൂന്നുമാസംമുമ്പുവരെ നിയുക്തമുഖ്യമന്ത്രിയും ‘കേരള കാള്‍മാര്‍ക്‌സു’മായിരുന്ന കെ.എം.മാണിയുടെയും. ഇവര്‍ രണ്ടുപേരുംകൂടി എത്തിയിരുന്നെങ്കില്‍ ഡല്‍ഹി ഫലം ഇങ്ങനെയൊന്നുമാവില്ലായിരുന്നു! എന്തായാലും പി.സി.ചാക്കോക്ക് മുമ്പേതന്നെ ഈ തിരഞ്ഞെടുപ്പുഫലത്തെപ്പറ്റി അറിയാമായിരുന്നുവെന്നുവേണം കരുതാന്‍. അതുകൊണ്ടായിരിക്കും കോണ്‍ഗ്രസ് ഇത്തവണ ആരെയും പിന്തുണയ്ക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ഒരാളെങ്കിലും ജയിച്ചാലല്ലേ പിന്തുണയ്ക്കാന്‍ പറ്റൂ.പതിനഞ്ചുകൊല്ലം തുടര്‍ച്ചയായി ഡല്‍ഹിവാണ കോണ്‍ഗ്രസിനെ പല മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തുപോലുമില്ല. അനിക്‌സ്‌പ്രേയുടെ പരസ്യത്തില്‍ പറയുന്നതുപോലെ ‘പൊടിപോലുമില്ല കണ്ടുപിടിക്കാന്‍’  എന്നതാണവസ്ഥ.

പാര്‍ലമെന്റില്‍ കൊടുത്താല്‍ നിയമസഭയില്‍ കിട്ടുമെന്ന് ഇപ്പോള്‍ ബി.ജെ.പിക്കും ബോദ്ധ്യമായിട്ടുണ്ടാവും.ലോക്‌സഭാ സീറ്റുകളുടെ പത്തുശതമാനമായ 54 നുപകരം 44 കിട്ടിയ കോണ്‍ഗ്രസിന് പാര്‍ലമെന്റിലെ പ്രതിപക്ഷ നേതൃപദവി കൊടുക്കാന്‍ വിസമ്മതിച്ച ബി.ജെ.പിക്ക് ഡല്‍ഹി നിയമസഭയില്‍ കിട്ടിയത് കഴിഞ്ഞ തവണത്തെ 31 സീറ്റിന്റെ 10 ശതമാനമായ മൂന്ന്! പ്രമുഖ എഴുത്തുകാരനായ ചേതന്‍ഭഗത് കളിയാക്കിയതുപോലെ ‘ബി.ജെ.പി എം.എല്‍.എമാര്‍ക്കെല്ലാംകൂടി ഡല്‍ഹി നിയമസഭാസമ്മേളനത്തിന് പോകാന്‍ ഒരു ഓട്ടോറിക്ഷ മതി’! ഹരിയാനയില്‍ നാല് സീറ്റില്‍നിന്ന് 47 സീറ്റുനേടി ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ അത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയം. മഹാരാഷ്ട്രയില്‍ ശിവസേനയെകൂടാതെ ഒറ്റയ്ക്ക് മത്സരിച്ച് ഭൂരിപക്ഷത്തിനടുത്തെത്തിയതും നരേന്ദ്രമോദിയുടെ നേട്ടം. കാശ്മീരിലും മെച്ചപ്പെട്ടതിന് കാരണം നരേന്ദ്രമോദി. അപ്പോള്‍, കേന്ദ്രഭരണം നേരിട്ടറിയുന്ന ഡല്‍ഹിയുടെ അവസ്ഥക്കുത്തരവാദിമാത്രം നരേന്ദ്രമോദി ആവാതിരിക്കുന്നതെങ്ങനെ? നരേന്ദ്രമോദി സ്വന്തംപേര് പത്തുലക്ഷം രൂപയുടെ കോട്ടില്‍ തുന്നിപ്പിടിപ്പിച്ചപ്പോള്‍ അരവിന്ദ് കെജ്രിവാള്‍ സ്വന്തം പേര് ജനങ്ങളുടെ ഹൃദയത്തില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയരുമ്പോള്‍ ഏതാനുംമാസം മുമ്പ് അവിടെയാകെ വരവേല്‍പ്പിന്റെ വാഗ്‌ധോരണികള്‍ മാത്രമായിരുന്നുവെന്ന് മറക്കരുത്.

നക്‌സലൈറ്റെന്നും ഒളിച്ചോട്ടക്കാരനെന്നും അരവിന്ദ് കെജ്രിവാളിനെ പരിഹസിച്ചവര്‍ക്കുള്ള കൃത്യമായ മറുപടിയാണ് ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം. കേരളത്തില്‍ സര്‍ക്കാരിനെതിരെ ഏതെങ്കിലും സമരരംഗത്തുള്ളവര്‍ മുഴുവന്‍ മാവോയിസ്റ്റുകളാണ്. സി.പി.എം ഇതൊന്നും അറിയുന്നേയില്ല. കേരളം മുഴുവന്‍ നടുങ്ങുകയും നാണക്കേടുകൊണ്ട് തലകുനിക്കുകയും ചെയ്യുന്ന അഴിമതികളെക്കുറിച്ച് ഓരോ ദിവസവും വാര്‍ത്ത വരുമ്പോള്‍ സി.പി.എം എന്ന പാര്‍ട്ടിയെ കാണാനേയില്ല. വൈദ്യുതിനിരക്കും ,വെള്ളക്കരവും ഉള്‍പ്പെടെ കൂട്ടിയതിനെതിരെ അവ ഒടുക്കാതെ നികുതി നിഷേധ സമരത്തിന് സി.പി.എമ്മും എല്‍.ഡി.എഫും ആഹ്വാനം ചെയ്തു. പിന്നെ, ആ നേതാക്കളെ കണ്ടതേയില്ല. നേതാക്കള്‍ കൂട്ടിയ നിരക്കില്‍ ബില്ലടച്ചു. ജനം ഇവിടെ ഒറ്റപ്പെട്ടു. ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയപ്പോള്‍ അതൊടുക്കരുതെന്ന് പറഞ്ഞ് ജനങ്ങളോടൊപ്പം നിന്ന് അരവിന്ദ് കെജ്രിവാള്‍ സമരം ചെയ്തതിന് കിട്ടിയ അംഗീകാരമാണ് ഈ ഉജ്ജ്വല വിജയം. ജനങ്ങള്‍ക്കുവേണ്ടി രണ്ടും കല്പിച്ചിറങ്ങുന്ന പാര്‍ട്ടിയായിരുന്നു മുമ്പ് സി.പി.എം. അന്ന് ‘നഷ്ടപ്പെടുവാനില്ലൊന്നും ഈ കൈവിലങ്ങുകളല്ലാതെ’ എന്നതായിരുന്നു പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടേയും നേതാക്കളുടേയും ലൈന്‍. ഇന്നങ്ങനെയല്ല. പ്രാദേശിക സഹകരണ സംഘങ്ങളിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം മുതല്‍ രാജ്യസഭാംഗത്വംവരെ നഷ്ടപ്പെടാനുണ്ട്. അതുകൊണ്ടുതന്നെ ബ്രാഞ്ച് മുതല്‍ സംസ്ഥാന കമ്മിറ്റിവരെ അതാതിന്റെ സെക്രട്ടറിയുടെ വാക്കുകള്‍ ശരിവയ്ക്കുന്നതിനപ്പുറം ഒരു ചര്‍ച്ചയും നടക്കാത്ത പാര്‍ട്ടിയായി ഇത് മാറി. അഭിപ്രായങ്ങള്‍ മുഖം നോക്കാതെ പറയുന്നവരില്‍ പലര്‍ക്കും പുറത്തേക്ക് പോവേണ്ടിവന്നു. അല്ലെങ്കില്‍ ഉപരിക്കമ്മിറ്റികളില്‍നിന്നോ അര്‍ഹതപ്പെട്ട സ്ഥാനമാനങ്ങളില്‍നിന്നോ ഒഴിവാക്കപ്പെട്ടു. ഏറാന്‍മൂളി സംസ്‌കാരം പാര്‍ട്ടിയെ ഗ്രസിച്ചപ്പോള്‍ ജനം ഈ പാര്‍ട്ടിയില്‍നിന്ന് അകലുകയായിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടേണ്ട സ്ഥാനത്ത് അഴിമതി ഉള്‍പ്പെടെ എല്ലാ മലീമസാവസ്ഥകളോടും മത്സരിക്കുന്ന ഒരു മുന്നണി എല്‍.ഡി.എഫിനെക്കാള്‍ ഭേദമെന്ന് ജനങ്ങള്‍ എന്തുകൊണ്ട് തീരുമാനിച്ചുവെന്ന് സത്യസന്ധമായി വിലയിരുത്താന്‍ സി.പി.എമ്മിന് ഇനിയും കഴിഞ്ഞില്ലെന്നുവേണം ഔദ്യോഗിക പത്രക്കുറിപ്പുകളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഡല്‍ഹി സര്‍വകലാശാലയിലും ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെ.എന്‍.യു)യിലും സി.പി.എമ്മിനോട് ആഭിമുഖ്യമുള്ള എസ്.എഫ്.ഐ ദീര്‍ഘവര്‍ഷങ്ങള്‍ യൂണിയന്‍ ഭരണം കൈയാളിയിരുന്നു. ജെ.എന്‍.യുവില്‍ പിഎച്ച്.ഡി ചെയ്ത പ്രകാശ്കാരാട്ടാണ് പത്തുവര്‍ഷമായി സി.പി.എം ജനറല്‍ സെക്രട്ടറി. ജെ.എന്‍.യുവില്‍നിന്ന് ധനതത്ത്വശാസ്ത്രത്തില്‍ പി.ജി ഒന്നാം ക്‌ളാസ്സോടെ വിജയിച്ച് അവിടെ പിഎച്ച്.ഡിക്ക് ചേര്‍ന്നയാളാണ് അടുത്ത ജനറല്‍ സെക്രട്ടറി എന്നു കരുതുന്ന  സീതാറാം യെച്ചൂരി. ഇവരിരുവരും സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍മാരും(യെച്ചൂരി മൂന്നുതവണ ചെയര്‍മാനായിരുന്നു!) എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമാരുമായിരുന്നു.എന്നിട്ടും, ഇവരിരുവരും വിചാരിച്ചിട്ട് ഈ രണ്ട് സര്‍വകലാശാലകളിലും ഉണ്ടായിരുന്ന എസ്.എഫ്.ഐ കേഡര്‍മാരെ സി.പി.എമ്മിലേക്ക് ആകര്‍ഷിച്ച് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. അതേസമയം,റൂര്‍ക്കി ഐ.ഐ.ടിയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് കഴിഞ്ഞ് ലഭിച്ച ടാറ്റാ സ്റ്റീലിലെ കൊതിപ്പിക്കുന്ന ജോലി ഉപേക്ഷിച്ച് സിവില്‍ സര്‍വീസ് ലക്ഷ്യം വയ്ക്കുകയും മൂന്നുവര്‍ഷത്തിനുശേഷം ഐ.ആര്‍.എസ് നേടുകയും ചെയ്ത് ആദായനികുതിവകുപ്പില്‍ ജോയിന്റ് കമ്മിഷണറായ അരവിന്ദ് കെജ്രിവാള്‍ അഴിമതി സഹിക്കാനാവാതെ സമൂഹത്തില്‍ മാറ്റം ആഗ്രഹിച്ച് ജോലി രാജിവച്ച് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. അദ്ദേഹം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒറ്റയ്ക്ക് അഴിമതിക്കെതിരേ പോരാട്ടവഴിയിലിറങ്ങി റിലയന്‍സിനെപ്പോലുള്ള കുത്തകകളെ വെല്ലുവിളിച്ചു. അധികാരത്തിലുള്ള കോണ്‍ഗ്രസിനെയും ബി.ജെ.പിയേയും അവരുടെ കോട്ടകൊത്തളങ്ങളില്‍ നിര്‍ഭയത്തോടെ ആക്രമിച്ചുപൊരുതി വീഴ്ത്തി. കിട്ടിയ ഒന്നരമാസത്തെ അധികാരം ജനങ്ങള്‍ക്ക് എത്രമാത്രം പ്രയോജനകരമായി വിനിയോഗിച്ചുവെന്ന് കാരാട്ടിനെയും യെച്ചൂരിയേയും മാത്രമല്ല ഡല്‍ഹിയിലുള്ള നമ്മുടെ സ്വന്തം എസ്.രാമചന്ദ്രന്‍ പിള്ളയേയും വൃന്ദാകാരാട്ടിനേയും ഒക്കെ കാട്ടിക്കൊടുത്തു.സര്‍ക്കാരുദ്യോഗസ്ഥനെപ്പോലെ ബാഗുംതൂക്കി ഓഫീസില്‍ വരികയും വൈകുന്നേരം വീട്ടില്‍പോവുകയും ചെയ്യുന്നതിനപ്പുറം പണിയൊന്നുമില്ലാതിരുന്ന ഡല്‍ഹിയിലെ ‘അവയ്‌ലബിള്‍ പിബി’സംഘത്തിന് കേരളത്തിലെയോ ബംഗാളിലെയോ ഭരണം ജനോപകാരപ്രദമായി വേണമെന്നോ കുത്തകകളെ കണക്കില്ലാതെ പ്രീണിപ്പിക്കരുതെന്നോ ഒരിക്കല്‍പോലും പറയാന്‍ തോന്നിയില്ല. ഇടപെടേണ്ട സമയത്ത് ഉപരിഘടകത്തിന്റെ ഇടപെടല്‍ രാഷ്ട്രീയത്തിലെ ശരിയാണ്. അതിനുപകരം തറവാട് കത്തുമ്പോഴും നിസ്സംഗനായി കണ്ടിരിക്കുകയും എല്ലാം കഴിഞ്ഞ് ചാരംമാത്രം ശേഷിക്കുമ്പോള്‍ തീ കെടുത്താന്‍ വെള്ളം കോരാന്‍ കുടമന്വേഷിക്കുകയും ചെയ്യുന്ന പഴയ നാട്ടിന്‍പുറത്തുകാരന്റെ അവസ്ഥയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി മാറിയതിനാലാണ് അദ്ദേഹത്തിന് ഒരിക്കല്‍പോലും സ്വന്തം ചിഹ്നത്തില്‍ വോട്ടുചെയ്യാനുള്ള അവസ്ഥ ഉണ്ടാകാത്തത്. അതുകൊണ്ട് , ഇടതുപക്ഷത്തിന്റെ മൂന്ന് തുരുത്തുകളില്‍ രണ്ടും ജനം കൈവിട്ടു. അവശേഷിക്കുന്ന ഇത്തിരിപ്പോരംപോന്ന ത്രിപുരയിലെ മുഖ്യമന്ത്രി  മണിക് സര്‍ക്കാര്‍ അവിടത്തെ കെജ്രിവാളായതിനാല്‍ മുന്നോട്ട് പോവുന്നു.

ജനങ്ങളെ വിശ്വസിച്ച് അവര്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ചതിനാല്‍ അരവിന്ദ് കെജ്രിവാളിനെ ജനം ഹൃദയം നല്‍കി സ്വീകരിച്ചു. തങ്ങളുടെ വിഴുപ്പുകള്‍ പേറാനുള്ളവരാണ് ജനങ്ങളെന്ന് കരുതിയവരെ തിരുത്താന്‍ തയ്യാറാകാത്തതിനാലാണ് പ്രകാശ്കാരാട്ടിന് ‘ഏറ്റവും തിരിച്ചടിയേറ്റ സി.പി.എം ജനറല്‍ സെക്രട്ടറി’  എന്ന നിലയില്‍ ഒഴിയേണ്ടിവരുന്നത്. അരവിന്ദ് കെജ്രിവാള്‍ ഒരു മാതൃകയായി സി.പി.എം ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ ചെങ്കൊടിയെ ഇനിയും ഹൃദയത്തിലേറ്റാന്‍ ജനക്കൂട്ടം ഇരമ്പിയെത്തും. അതോ, സി.പി.എമ്മിന് കോണ്‍ഗ്രസിന്റെ അവസ്ഥ മതിയോ എന്നതിന് ഇനിയുള്ള സി.പി.എം സംസ്ഥാന സമ്മേളനങ്ങളും പാര്‍ട്ടി കോണ്‍ഗ്രസും ഉത്തരം നല്‍കും.

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍