UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു മോദിഭക്തന്റെ കുമ്പസാരം

ഡല്‍ഹി സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തിന്റെ  ഭാഗമായി മുഖ്യമന്ത്രിയുടെ കാര്യാലയത്തില്‍ പരിശോധന നടത്തവേ എന്തുകൊണ്ടാണ് സി ബി ഐ ഒരുതരം പക നിറഞ്ഞ തരത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ തന്റെ കാര്യാലയത്തില്‍ കയറാന്‍ അനുവദിക്കാഞ്ഞത്?

ആദ്യനോട്ടത്തില്‍ ഈ നടപടി ഒരുതരം രാഷ്ട്രീയ ആത്മഹത്യയാണ്. ഡല്‍ഹി സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീന്ദര്‍ കുമാറിന്റെ കാര്യാലയവും പരിസരവും പരിശോധിക്കാന്‍ സി ബി ഐ എടുത്ത തീരുമാനത്തിലെ ശരിതെറ്റുകള്‍ എന്തൊക്കെയായാലും ഒടുവില്‍ മോദി സര്‍ക്കാര്‍ ചെയ്തത് കേജ്രിവാളിനെ ഒരു നായകനാക്കുകയാണ്. അപ്പോള്‍ എന്തിനാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ പെരുമാറിയത്?

ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ അങ്ങേയറ്റം അഴിമതിക്കാരനാണെന്ന് ഒരു വാദത്തിനുവേണ്ടി തത്ക്കാലം കരുതുക. അങ്ങനെയെങ്കില്‍ ഒരു തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ അയാളുടെ കാര്യാലയത്തില്‍ കയറുന്നത് തടസപ്പെടുത്തുന്നതിനെ ന്യായീകരിക്കാന്‍ ആ ഉദ്യോഗസ്ഥനെ കേജ്രിവാള്‍ സംരക്ഷിക്കുന്നു എന്ന ആരോപണം പോലും പ്രാപ്തമാകുമോ എന്നാണ് ചോദ്യം.

പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെതിരെ അഴിമതിയാരോപണം ഉയര്‍ന്നാല്‍ ഇങ്ങനെ പരിശോധനക്ക് സി ബി ഐ തയ്യാറാകുമോ? അങ്ങനെയൊന്നുണ്ടായാല്‍ ഒരു മണിക്കൂര്‍ നേരത്തേക്കെങ്കിലും പ്രധാനമന്ത്രി കാര്യാലയം അടച്ചിടുമോ?

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്കും  അവരുടെ മകന്‍ കൂടിയായ പാര്‍ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും എതിരെ  ഉയര്‍ത്തിയ നാഷണല്‍ ഹെറാള്‍ഡ് കേസിനേക്കാള്‍, പലരും സങ്കല്‍പ്പിച്ചതിനെക്കാളും എത്രയോ വിഭിന്നമായൊരു തലത്തിലേക്ക് പ്രതിപക്ഷ ഐക്യത്തെ ഉയര്‍ത്താനുള്ള ശേഷിയുണ്ട് ഈ ഒരൊറ്റ നടപടിക്ക്.

പല കേന്ദ്രമന്ത്രിമാരും ഇപ്പോള്‍ വാദിക്കുന്നതുപോലെ സി ബി ഐ നടപടികളുമായി സര്‍ക്കാരിന് ബന്ധമൊന്നുമില്ലെന്നും അത് സ്വതന്ത്ര അന്വേഷണ ഏജന്‍സിയാണെന്നുമൊക്കെ വാദിച്ചാലും അതൊന്നും ഏറെപ്പേരെ വിശ്വസിപ്പിക്കാന്‍ ഉതകുന്നതല്ല; കടുത്ത മോദി ഭക്തരെ വരെ.

തങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് നിര്‍ദേശിക്കാന്‍ ഒരൊറ്റ ബി ജെ പി മന്ത്രിയോ സര്‍ക്കാര്‍ അധികൃതരോ തന്നെയോ തനിക്ക് കീഴിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനെയോ വിളിച്ചിട്ടില്ലെന്ന് സി ബി ഐ ഡയറക്ടര്‍ അനില്‍ സിന്‍ഹ പറയുന്നതു നമുക്ക് വിശ്വസിക്കാം. പക്ഷെ ഇതാണോ രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയെക്കുറിച്ചുള്ള പൊതുകാഴ്ച്ചപ്പാട്? നിര്‍ഭാഗ്യവശാല്‍ മോദിയെ സംബന്ധിച്ച് അതങ്ങനെയല്ല.

തീര്‍ത്തും രഹസ്യാത്മകത പുലര്‍ത്തുമെന്ന ഉറപ്പില്‍ ഞാന്‍ അത്തരത്തിലൊരാളുമായി സംസാരിച്ചു. ഈ സംഭവത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ നേരിടുക എന്നത് മോദിയെ സംബന്ധിച്ച് ഏറെ ദുഷ്ക്കരമാകും എന്നാണ് ഞങ്ങള്‍ എത്തിച്ചേര്‍ന്ന നിഗമനം. എന്തുകൊണ്ട്?

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ എന്തെങ്കിലും കാര്യപരിപാടികള്‍ നടക്കുമെന്ന പ്രതീക്ഷ സര്‍ക്കാര്‍ ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. ഇത് പാഴായിപ്പോയ ഒരു സമ്മേളനമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തിങ്കളാഴ്ച്ച (ഡിസംബര്‍ 14) പറഞ്ഞത് ഇതിന്റെ സൂചനയാണ്. മറ്റൊരുതരത്തില്‍ ചൊവ്വാഴ്ച്ച രാവിലെ പാര്‍ലമെന്റില്‍ സംഭവിച്ചത് സര്‍ക്കാര്‍ തിങ്കളാഴ്ച്ച തന്നെ പ്രതീക്ഷിച്ചിരുന്നു.

ഇപ്പോള്‍ ബി ജെ പി വക്താക്കളും സര്‍ക്കാരും പറയുന്ന വാദങ്ങള്‍ക്ക് പുറമെ വന്നേക്കാവുന്ന ചില വാദങ്ങള്‍ക്കൂടി എന്നോടു രഹസ്യമായി സംസാരിച്ചയാള്‍ നിരത്തി.

ഒന്ന്, സ്വന്തം ആളുകള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാനും പാര്‍ടി മടിക്കില്ല. ഉദാഹരണത്തിന്, വ്യാപം തട്ടിപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ലക്ഷ്മീകാന്ത് ശര്‍മയെ പിടികൂടിയത്.

രണ്ട്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരിശോധന നടത്തുമ്പോള്‍ സി ബി ഐ മുഖ്യമന്ത്രിമാരെ മുന്‍കൂട്ടി അറിയിക്കാത്തതില്‍ അസാധാരണമായി ഒന്നുമില്ല. രാജസ്ഥാനില്‍ ഖനന പ്രിന്‍സിപ്പല്‍ സെക്രട്ടറി അശോക് സിങ്ഘ്വിയെ സെപ്റ്റംബറില്‍ പിടികൂടിയത് മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയെ അറിയിച്ചിട്ടായിരുന്നില്ല.

മൂന്ന്, അഴിമതിയാരോപണം നേരിടുന്ന, മുഖ്യമന്ത്രിയുടെ പ്രധാന ഉദ്യോഗസ്ഥര്‍ക്കെതിരെ പരിശോധന നടത്തുമ്പോള്‍ മുഖ്യമന്ത്രിയുമായുള്ള ഫയല്‍ ഇടപാടുകള്‍ (അത് അദ്ദേഹത്തിന്റെ കാര്യാലയത്തിലായാലും) പരിശോധിക്കുക സി ബി ഐയുടെ സാധാരണ നടപടിക്രമമാണ്.

ഇത്രയും പറഞ്ഞതോടെ എന്നോടു സംസാരിച്ച കക്ഷിയുടെ, സി ബി ഐ നടപടിയെ ന്യായീകരിക്കാനുള്ള വാദങ്ങള്‍ തീര്‍ന്നു. രാഷ്ട്രീയ ധ്രുവീകരണപ്രക്രിയ ഇപ്പോള്‍ ഏതാണ്ട് പൂര്‍ണമായെന്ന് അദ്ദേഹം അവസാനം മാന്യമായി സമ്മതിച്ചു.

“ഇതിപ്പോള്‍ ഞങ്ങളും (ബി ജെ പി) എന്‍ ഡി എയിലെ ഞങ്ങളുടെ ചില ഘടകകക്ഷികളും പിന്നെ ഞങ്ങള്‍ക്കെതിരെ രാജ്യത്തെ മറ്റെല്ലാവരും എന്നതാണു അവസ്ഥ. രാഷ്ട്രീയ പ്രതിയോഗികളായ ഇടതുപക്ഷവും തൃണമൂലും, സമാജ് വാദി പാര്‍ടിയും ബഹുജന്‍ സമാജ് പാര്‍ടിയും വരെ ഈ വിഷയത്തില്‍ ഒന്നിക്കുന്നു- ഇത് ഒട്ടതിശയിപ്പിക്കുന്നതും മോദി സര്‍ക്കാരിന് മോശം വാര്‍ത്തയുമാണ്!”

കോണ്‍ഗ്രസ്, ഇടതുപക്ഷം, ബി എസ് പി എന്നിവയെല്ലാം എന്നത്തേക്കാളും ദുര്‍ബ്ബലരായിരിക്കുന്ന ഈ സമയത്ത് ഇന്ത്യയിലെ വിഘടിതരും പ്രതിയോഗികളുമായ പ്രതിപക്ഷത്തെ ഒന്നിപ്പിക്കുക എന്നത് ചില്ലറക്കാര്യമല്ല.

1977 ഒക്ടോബറില്‍ മൊറാര്‍ജി ദേശായ് മന്ത്രിസഭ (ചരണ്‍ സിങ് ആഭ്യന്തര മന്ത്രി) ഇന്ദിരാ ഗാന്ധിയെ തടവിലാക്കാന്‍ തീരുമാനിച്ചത് അവര്‍ക്ക് അപ്രതീക്ഷിതമായ രാഷ്ട്രീയ നേട്ടം നല്കി. ജാമ്യമെടുക്കാന്‍ വിസമ്മതിച്ച അവര്‍ ഒരു രാത്രിയെങ്കിലും തടവറയില്‍ കഴിയാന്‍ നിര്‍ബന്ധം പുലര്‍ത്തി.

രാഷ്ട്രീയ എതിരാളികളാല്‍ വേട്ടയാടപ്പെട്ട ഒരു രക്തസാക്ഷിയായി സ്വയം അവതരിപ്പിക്കാന്‍ അതവര്‍ക്ക് അവസരം നല്കി. അടിയന്തരാവസ്ഥക്കാലത്ത് തന്റെ പേരില്‍ പലരും കാട്ടിയ അതിക്രമങ്ങള്‍ക്ക് തനിക്ക് മാപ്പുനല്‍കേണ്ടതുണ്ടെന്നു പലരെയും വിശ്വസിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചു. അതവരുടെ രാഷ്ട്രീയ മടങ്ങിവരവിന്റെ തുടക്കമായിരുന്നു. 1979 ഡിസംബറില്‍ ദേശീയ പൊതുതെരഞ്ഞെടുപ്പ് നടന്ന് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു അത്.

ചരിത്രത്തില്‍ നിന്നും പാഠം പഠിക്കാത്തവര്‍ ഭൂതകാലത്തെ പിഴവുകള്‍ ആവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന പരഞ്ചോയ് ഗുഹ തകുര്‍ത്ത 35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൂടാതെ അദ്ധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്‍റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പരഞ്ചോയ് 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഗ്യാസ് വാര്‍' എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. പരഞ്ചോയ് ഗുഹ തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ്കോള്‍ കേഴ്സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറായി പ്രവര്‍ത്തിച്ചു വരുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍