UPDATES

വായിച്ചോ‌

ഡോ.അരവിന്ദ് ഭതേജ: സൈക്ലിംഗിലൂടെ സൗജന്യ ശസ്ത്രക്രിയ

സൗജന്യമായോ കുറഞ്ഞ നിരക്കിലോ ആയി 97 സ്‌പൈനല്‍ ഓപ്പറേഷനുകള്‍ ഭതേജ നടത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഭതേജ ഫണ്ട് കണ്ടെത്തുന്നത് സൈക്ലിംഗിലൂടെയാണ്.

രാജ്യത്തെ പ്രധാന ന്യൂറോസര്‍ജന്‍മാരില്‍ ഒരാളാണ് ബംഗളൂരു സ്വദേശിയായ ഡോ.അരവിന്ദ് ഭതേജ. 3000ല്‍ അധികം ശസ്ത്രക്രിയകള്‍ അരവിന്ദ് ഭതേജ നടത്തിയിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും നേടി. സൗജന്യമായോ കുറഞ്ഞ നിരക്കിലോ ആയി 97 സ്‌പൈനല്‍ ഓപ്പറേഷനുകള്‍ ഭതേജ നടത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഭതേജ ഫണ്ട് കണ്ടെത്തുന്നത് സൈക്ലിംഗിലൂടെയാണ്. ഇന്ത്യയിലെ മികച്ച അമച്വര്‍ സൈക്ലിസ്റ്റുകളില്‍ ഒരാള്‍ കൂടിയാണ് അരവിന്ദ് ഭതേജ.

ബംഗളൂരുവില്‍ സീത ഭതേജ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അരവിന്ദ് ഭതേജയുടെ ഉടമസ്ഥതയിലുള്ളതാണ്. സൈക്ലിംഗും ആരോഗ്യപ്രവര്‍ത്തനവും ഹൃദയത്തില്‍ ചേര്‍ത്ത് പിടിക്കുന്നു. ടൂര്‍ ഓഫ് നീല്‍ഗിരീസ് (ടിഎഫ്എന്‍) ടൂര്‍ണമെന്‌റിന്‌റെ ഏറ്റവും പുതിയ എഡിഷനില്‍ കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലൂടെ 800 കിലോമീറ്റര്‍ അരവിന്ദ് ഭതേജ സൈക്കിളോടിച്ചു. ആറ് ദിവസത്തെ സൈക്കിളോട്ടത്തില്‍ ഒന്നാമതെത്തിയ ഭതേജ നിര്‍ദ്ധനരായ രോഗികളുടെ സ്‌പൈനല്‍ സര്‍ജറികള്‍ക്കായി 3.5 ലക്ഷം രൂപ മത്സരത്തിലൂടെ കണ്ടെത്തുകയും ചെയ്തു.

തുടക്കത്തില്‍ കുറഞ്ഞ നിരക്കിലോ സൗജന്യമായോ ശസ്ത്രക്രിയ നടത്തിക്കൊടുത്തിരുന്നു. എന്നാല്‍ പിന്നീട് ഇതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ബോദ്ധ്യമായി. ടെക്‌നോളജിക്കും ഉപകരണങ്ങള്‍ക്കുമെല്ലാം വലിയ തോതില്‍ പണം മുടക്കേണ്ടിയിരുന്നു. ഇത് മൂലം രോഗികളെ സഹായിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടി വന്നു. ഇങ്ങനെയാണ് സൈക്ലിംഗ് ടൂര്‍ണമെന്‌റ് വഴി ഫണ്ട് ശേഖരിക്കാന്‍ തീരുമാനിക്കുന്നത്. 2013ല്‍ ഒന്നര ലക്ഷം രൂപ, 2014ല്‍ മൂന്നര ലക്ഷം, 2015ല്‍ 10 ലക്ഷം – ഇങ്ങനെ ധനസമാഹരണം ഉയര്‍ന്നു. 2016ലെ ടൂര്‍ണമെന്‌റില്‍ സമ്മാനമായി കിട്ടിയ ട്രെക്് സൈക്കിളും വേറൊരു ഹീറോ എംടിബി സൈക്കിളും അടക്കമുള്ളവ ഭതേജ ഫണ്ടിലേയ്ക്ക് സംഭാവന ചെയ്തു.

സ്‌പൈനല്‍ സര്‍ജറി ഇപ്പോഴും ആളുകള്‍ക്ക് ധാരണ കുറവുള്ളതും ഭയമുണ്ടാക്കുന്നതുമാണെന്ന് അരവിന്ദ് ഭതേജ അഭിപ്രായപ്പെട്ടു. സബ്‌സിഡി നല്‍കുകയോ സൗജന്യ ചികിത്സ നല്‍കുകയോ ചെയ്യുന്ന രോഗികളോട് യാതൊരു വിവേചനവും കാണിക്കുന്നില്ലെന്ന് അരവിന്ദ് ഭതേജ പറയുന്നു. എല്ലാവര്‍ക്കും തുല്യ ചികിത്സയാണ്. ആരുടേയും ചികിത്സയില്‍ കുറവ് വരുത്തുകയോ ഉദാസീനത പുലര്‍ത്തുകയോ ചെയ്യാറില്ല.

2009ലാണ് അരവിന്ദ് ഭതേജ ആദ്യമായി റേസില്‍ പങ്കെടുത്തത്. തിരക്കിട്ട ജീവിതത്തിനിടെ സൈക്കിള്‍ പരിശീലനത്തിന് ഭതേജ സമയം കണ്ടെത്തുന്നുണ്ട്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ രണ്ട്് മണിക്കൂര്‍ വീട്ട് മുറ്റത്ത് പരിശീലനം. അതുകഴിഞ്ഞ് ആശുപത്രിയിലേയ്ക്ക്. മിക്കവാറും ദിവസം തീരുന്നത് വരെ അവിടെ. ഒഴിവ് ദിവസങ്ങളില്‍ ടീം അംഗങ്ങള്‍ക്കൊപ്പം പുറത്ത് പോയി മൂന്ന് മണിക്കൂറോളം സൈക്കിളോടിക്കും. തന്‌റെ സാമൂഹ്യജീവിതം പരിമിതമാണെന്നാണ് അരവിന്ദ് ഭതേജയുടെ അഭിപ്രായം. അത് ശരിയാവാന്‍ സാദ്ധ്യതയില്ല. കാരണം നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഡോ.ഭതേജയ്ക്ക് കഴിയുന്നുണ്ട്.

വായനയ്ക്ക്: https://goo.gl/rDYyvP

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍