UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍ ജി ഒ മുതലാളിമാര്‍ ഭരണകര്‍ത്താക്കളാകുമ്പോള്‍: കെജ്രിവാള്‍ നല്‍കുന്ന പാഠം

ജനാധിപത്യമാണ് എന്‍ ജി ഒ പ്രവര്‍ത്തകരുടെ ശ്വാസം. ജനാധിപത്യമില്ലെങ്കില്‍ ശ്വാസം കിട്ടാതെ മരിക്കും. അതുകൊണ്ട് അവര്‍ ജനാധിപത്യത്തിനുവേണ്ടി ജനാധിപത്യരീതിയില്‍ പൊരുതും. പൊരുതുക എന്നാല്‍ ആശയവിപ്ലവം തന്നെ. വിപ്ലവത്തിനു വേണ്ടി മരണം വരെ വിപ്ലവകാരിയായിരുന്ന ഗാന്ധിയോ (മോഹന്‍ദാസ് കരംചന്ദ് ഗാന്ധി) മരണം പോലും വിപ്ലവമാക്കിയ ചെ ഗുവരെയോ ആണ് മോഡലുകള്‍. ഇന്ത്യയില്‍ മിക്കവാറും എന്‍ ജി ഒപ്രവര്‍ത്തകര്‍ ഗാന്ധിയെയാണ് മോഡലാക്കിയിരിക്കുന്നത്. കാരണം ഗാന്ധിയുടെ ജീവിതം തന്നെ ഒരൊന്നാന്തരം dialetic materialism ആണ്; Non-vioient revolution. അതുകൊണ്ട് ഗാന്ധിയെ മോഡലാക്കിയാല്‍ ഒരു വെടിയ്ക്ക് രണ്ടു പക്ഷി. വിപ്ലവകാരിയുമാകാം. അഹിംസാവാദിയുമാകാം.

വിമര്‍ശനത്തിലൂന്നിയാണ്‌ എന്‍ ജി ഒപ്രവര്‍ത്തകര് പിച്ചവയ്ക്കുന്നതും വളരുന്നതും. ആഹാര- വസ്ത്രരീതികളെ വിമര്‍ശിച്ച്, പഠനരീതികളെ വിമര്‍ശിച്ച്, അധ്യാപകരേയും സ്‌കൂളിനേയും സര്‍വ്വകലാശാലയെയും വിമര്‍ശിച്ച്, വിമര്‍ശന ശരം തൊടുത്തും വിമര്‍ശനശരമേറ്റും അവര്‍ വീട്ടിനുള്ളിലും പുറത്തുമായി പിച്ചവച്ചുവളരുന്നു. വ്യവസ്ഥിതി തെറ്റ്. സമൂഹത്തിന്റെ കാഴ്ചപ്പാട് തെറ്റ്. പരിപാലിച്ചുപോരുന്ന മൂല്യങ്ങള്‍ തെറ്റ്. ഭരണം ശരിയല്ല. ഭരണകര്‍ത്താക്കള്‍ തീരെ ശരിയല്ല. മാറ്റം കൂടിയേ തീരൂ. മാറ്റത്തിന് തന്നേക്കാള്‍ മെച്ചപ്പെട്ട മറ്റൊരു ഉത്തമന്‍ വേറെയില്ല. ഈ ചിന്തയില്‍ നിന്നാണ്  ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം ഒരു സ്ഥാപനം രജിസ്റ്റര്‍ ചെയ്യുന്നത്. അതോടെ അശരണര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഒരു ദൈവദൂതന്‍ എത്തിക്കഴിഞ്ഞു.

പക്ഷെ, അശരണര്‍ക്ക് ശരണം കൊടുക്കാനും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സര്‍ക്കാരുകളുടെ സുതാര്യത ഉറപ്പുവരുത്തുവാനും, ഭരണരംഗത്തുനിന്ന് അഴിമതി തുടച്ചുനീക്കാനും, മലകളേയും പുഴകളേയും കാടുകളേയും സംരക്ഷിക്കാനും, എന്തിനേറെ അഴിമതി നിലനിര്‍ത്തുന്നതിനു പോലും പണം വേണം.

പണം വേണമെന്നു മാത്രമല്ല, പണം മറ്റുള്ളവന്റേതാകണം എന്നും നിര്‍ബന്ധമുണ്ട്. സ്വന്തം പണം മുടക്കി ആരും സാമൂഹ്യപ്രവര്‍ത്തനം നടത്താറില്ല. അതൊക്കെ പഴയ കഥ. ഇത് ന്യൂജെന്‍ ആണ്. ഞങ്ങള്‍ സോഷ്യല്‍ ആക്റ്റിവിസ്റ്റുകള്‍, പ്രകൃതി സ്‌നേഹികള്‍, അയഞ്ഞ പരുത്തിവസ്ത്രങ്ങളേ ധരിയ്ക്കൂ എങ്കിലും വിമാനത്തിലെ യാത്ര ചെയ്യൂ. ലാപ്‌ടോപ്പും ഐപാഡും ഫോര്‍ ജി മൊബൈലും അവശ്യവസ്തുക്കളാണ്. നല്ല ഒരു ഓഫീസ് വേണം. അത് എയര്‍കണ്ടീഷന്റ് ആകണം. ഇതിനൊക്കെ പണം വേണം- ഫണ്ടിംഗ്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്യുമ്പോള്‍ സര്‍ക്കാരിന്‌റെ ഫണ്ടിംഗിന് പോകുന്നത് ശരിയല്ല. അധാര്‍മ്മികം. Conflict of interest. അതുകൊണ്ടാണ് വിദേശ ഫണ്ടിംഗ് തേടുന്നത്. സംഭവം വളരെ എളുപ്പമാണ്. സര്‍ക്കാരിന്റെ സുതാര്യത ഉറപ്പാക്കുക, അക്കൌണ്ടബിലിറ്റി ഉറപ്പാക്കുക തുടങ്ങിയ  മെഗാ പ്രോജക്റ്റുകള്‍ നേടിയെടുത്താല്‍ കാര്യം എളുപ്പമായി. അതോടെ സ്വന്തം സ്ഥാപനത്തിന്റെ സുതാര്യത പരണത്തു വയ്ക്കാം. ആരോടും അക്കൌണ്ടബിള്‍ ആകാതെ തന്നെ മറ്റുള്ളവരെ അക്കൌണ്ടബിള്‍ ആക്കാം.

ആദ്യത്തെ കുറച്ചുവര്‍ഷത്തെ ബദ്ധപ്പാടേയുള്ളു. പിന്നെ, സുഖമാണ്. പല ഏജന്‍സികളും ഫണ്ടുമായി സമീപിക്കും. സ്ഥാനത്തിനു കീഴില്‍ അടുത്ത തലമുറയിലെ സോഷ്യല്‍ ആക്റ്റിവിസ്റ്റുകള്‍ പ്രവര്‍ത്തിച്ചുകൊള്ളും. സ്വന്തം honorarium (ശമ്പളം വാങ്ങാറില്ല, സാധാരണയായി സോഷ്യല്‍ ആക്ടിവിസ്റ്റുകള്‍) ഒരു ലക്ഷം രൂപ വരെ ആകാം. രണ്ടും മൂന്നും ലക്ഷമൊക്കെ honorarium കൈപ്പറ്റുന്ന, അയഞ്ഞ പരുക്കുന്‍ കുപ്പായമിടുന്ന, എന്‍ ജി ഒ മുതലാളിമാര്‍ ധാരാളമുണ്ട്. അവര്‍ മരണം വരെ സര്‍ക്കാരിന് സമാന്തരമായി സാമൂഹ്യപ്രവര്‍ത്തനരംഗത്ത് ഉണ്ടാകും.

ഈ കാലയളവിനുള്ളില്‍ സോഷ്യല്‍ ആക്റ്റിവിസ്റ്റ് എന്‍ ജി ഒ മുതലാളിയായി മാറിയിരിക്കും. മരണം വരെ സ്വന്തം സ്ഥാപനത്തിന്റെ തലവനായിരിക്കും. തന്നെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്തവണ്ണം സ്ഥാപനത്തിന്റെ ചട്ടക്കൂട് ഉടച്ചുവാര്‍ത്തിരിക്കും.

ഇതൊക്കെയാണ് ഒരു ശരാശരി ഇന്ത്യന്‍ സോഷ്യല്‍ ആക്ടിവിസ്റ്റിന്റെ growth trajectory. എന്നാല്‍, ഈ നടന്നുമടുത്ത വഴികള്‍ വിട്ട് ഒരല്പം മാറി നടക്കാന്‍ ശ്രമിച്ചവരാണ് ഇന്ന് ഡല്‍ഹി ഭരിക്കുന്നത്.

ആം ആദ്മി പാര്‍ട്ടി എന്നാല്‍ സാധാരണക്കാരന്റെ പാര്‍ട്ടി. ഹിറ്റ്‌ലര്‍ തൊട്ട് സദാം ഹുസൈന്‍ വരെ, ചെഷസ്‌ക്യൂ തൊട്ട് പ്രകാശ് കാരാട്ട് വരെ, നരേന്ദ്ര മോദി മുതല്‍ രാഹുല്‍ ഗാന്ധി വരെ എല്ലാവരും ആവശ്യാനുസരണം എടുത്തുപയോഗിക്കുന്ന അതേ സാധാരണക്കാരന്‍ തന്നെ (The Bloody Common Man). എന്നാല്‍ AAP എന്ന ചുരുക്കപ്പേര് ഹിന്ദിയില്‍ പറയുമ്പോള്‍ ‘ആപ്പ്’ ആകും. ‘ആപ്പ്’ എന്നാല്‍ ഹിന്ദിയില്‍ ‘അങ്ങ്’, ‘താങ്കള്‍’ എന്നൊക്കെയാണ് അര്‍ത്ഥം. സാധാരണക്കാരനെ താങ്കള്‍ ആക്കുന്ന സാധാരണക്കാരന്റെ പാര്‍ട്ടി.

പേരിടുന്നതില്‍ സൗന്ദര്യബോധം മാത്രം പോര. തുളച്ചുകയറുന്ന ബുദ്ധിശക്തിയും വേണം. അല്ലെങ്കില്‍ കെ.കരുണാകരന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ സംഭവിച്ചു പോയ പേരിടല്‍ തമാശ പോലെയാകും. പുതിയ പാര്‍ട്ടിക്ക് നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) എന്നാണ് പേര് ഉദ്ദേശിച്ചത്. ഇന്ദിര എന്ന പേരിന് ഇന്ദിരയുടെ കരുത്തും ഗാന്ധിയുടെ സ്വീകാര്യതയും ഉണ്ടെന്നും അതിന് കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇപ്പോഴും മാര്‍ക്കറ്റുണ്ടെന്നും കരുണാകരന്‍ മനസ്സിലാക്കിയിരുന്നു. എന്നാല്‍, ആ പേരിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം കൊടുക്കാതെ വന്നപ്പോള്‍ ദില്ലിയില്‍ പോയ ടി.എം.ജേക്കബ് മറ്റൊരു പേര് നിര്‍ദ്ദേശിച്ചു. ആ കാലത്ത് കരുണാകരന്റെ വലംകൈയ്യായിരുന്നു എങ്കിലും ജേക്കബിന് പേരിടലിന്റെ തത്വശാസ്ത്രം അറിയില്ലായിരുന്നു. അതുകൊണ്ട്, ഇന്ദിരാ ഗാന്ധിയുടെയും കരുണാകരന്റെയും പേരുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് Democratic Indira Congress (Karunakaran) എന്ന പേര് നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പേര് അംഗീകരിച്ചു. DIC(K). വാസ്തവത്തില്‍ കരുണാകരന്റെ പുതിയ പാര്‍ട്ടിയുടെ സഞ്ചയനമായിരുന്നു ആ പേരിടീലിലൂടെ നടന്നത്. എതിരാളികള്‍, പ്രത്യേകിച്ചും രമേശ് ചെന്നിത്തല, പുതിയ പാര്‍ട്ടിയെ ‘ഡിക് കോണ്‍ഗ്രസ്’ എന്ന് വിളിച്ചു. Dick എന്ന വാക്കിന്റെ അര്‍ത്ഥം  അറിയാവുന്നവര്‍ മൂക്കത്ത് വിരല്‍വച്ചു. എന്ത് അന്വര്‍ത്ഥമായ പേര്!

ആപ്പിന് (AAP) ഒറ്റ അജണ്ടയേയുള്ളു. അഴിമതി വിരുദ്ധത. അത് പലരീതിയില്‍ പറയുന്നു എന്നേയുള്ളു. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തേക്കാള്‍ ആയുസ്സുള്ളത് അഴിമതി വിരുദ്ധതയ്ക്കാണ്. (അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാലം കഴിഞ്ഞാലും ആപ് കാണും. അവസാനത്തെ മനുഷ്യന്‍ മരിച്ചുവീഴുന്നതുവരെ). ഇതിനപ്പുറം ആപ്പിന് മറ്റു പ്രഖ്യാപിത രാഷ്ട്രീയ ലക്ഷ്യമൊന്നും ഇല്ല. സുതാര്യത, താഴേത്തട്ടില്‍ നിന്നുള്ള ജനാധിപത്യം, തുല്യത തുടങ്ങിയവയൊക്കെ മേമ്പൊടികള്‍ മാത്രം. അവയ്ക്ക് പ്രത്യേകിച്ച് അസ്തിത്വമൊന്നുമില്ല. ഏതു കള്ളനും കൊള്ളക്കാരനും ഇതൊക്കെ തന്റെ ശൈലിയാണെന്നു പറയാം. (ഉമ്മന്‍ചാണ്ടി എന്നും ഈ തന്ത്രങ്ങളൊക്കെ തന്നെയല്ലേ ഉരുക്കഴിയക്കുന്നത്!). ആപ്പിന് കൊടിയില്ല. ആകെയുള്ളത് ഒരു ചിഹ്നം. ചൂല്. ഫ! ചൂലേ എന്നൊക്കെ സുരേഷ് ഗോപി വിളിയ്ക്കുന്ന അര്‍ത്ഥത്തിലല്ല. ചൂലു കണ്ടാല്‍ അപശകുനമാണെന്ന മലയാളി ബോധവുമല്ല അതിനര്‍ത്ഥം. വൃത്തിയാക്കുന്നത് അഴിമതി നിറഞ്ഞ ഇന്ത്യന്‍ രാഷ്ട്രീയം തന്നെ. അറിയാനുള്ള അവകാശം ‘ആപ്പി’ന് പ്രധാനമാണ്. വില്ലേജ് ഓഫീസ് മുതല്‍ പ്രസിഡന്റിന്റെ ഓഫീസ് വരെ നടക്കുന്ന എല്ലാ കാര്യങ്ങളും അറിയാന്‍ ജനത്തിന് അവകാശമുണ്ട്. അറിഞ്ഞാലേ അഴിമതി കാണാനാകൂ. എന്നിട്ടു വേണം അഴിമതി മുഴുവന്‍ ചൂലുകൊണ്ട് തൂത്തു വൃത്തിയാക്കാന്‍.

എല്ലാം കൂടി ഒത്തുചേര്‍ത്തു നോക്കുമ്പോള്‍ ആകെ ഒരാനച്ചന്തം. ആരും വീണുപോകും. പോരാത്തതിന് കോണ്‍ഗ്രസ് അഴിമതി കൊണ്ട് ഉഴുതുമറിച്ചിട്ട മണ്ണാണ്. വിതച്ചാല്‍ പത്തരമാറ്റ് കൊയ്യാം. മോദിയാണെങ്കില്‍ ചായക്കടയുടെ പാരമ്പര്യം പറയുകയും പതിനഞ്ചു ലക്ഷത്തിന്റെ കോട്ടിടുകയും ചെയ്യുന്ന വന്‍പുള്ളി. സാധാരണക്കാര്‍ക്ക് വേണ്ടിയാണ് സാധാരണക്കാരില്‍ ഒരാളായ താന്‍  അധികാരത്തില്‍ ഇരിക്കുന്നത് എന്നു പറയുമ്പോഴും സാധാരണക്കാരന് മോദിയെ കാണാന്‍ കഴിയില്ല. എട്ടോ പത്തോ സെക്യൂരിറ്റി വലയങ്ങള്‍ കടന്നുവേണം മുഖം കാണിക്കാന്‍. സെക്യൂരിറ്റി വലയങ്ങള്‍ തീര്‍ത്തിരിക്കുന്നത് കോര്‍പ്പറേറ്റ് സ്രാവുകളായതു കൊണ്ട് വലയം ഭേദിക്കാമെന്ന് കരുതുകയേ വേണ്ട. സാധാരണക്കാരന്റെ നെഞ്ചത്ത് പൊങ്കാലയിടുക എന്നതാണ് കോര്‍പ്പറേറ്റുകളുടെ ഒരു ഇഷ്ടവിനോദം. മൃഗയ. അങ്ങനെയാണ് സാധാരണക്കാര്‍ തങ്ങളെ ‘താങ്കള്‍’ എന്ന് വിളിക്കുന്ന ആപ്പിന് വോട്ടുചെയ്തത്. (അഞ്ച് ലക്ഷം മുടക്കി പടമെടുത്ത സന്തോഷ് പണ്ഡിറ്റിന് അഞ്ച് കോടി സമ്പാദ്യമുണ്ടാക്കിക്കൊടുത്ത മലയാളികളെപ്പോലെ).

70 സീറ്റില്‍ 67 എന്നത് ദൈവത്തിന് പോലും കിട്ടുന്ന ഭൂരിപക്ഷമല്ല. തകര്‍ത്തു ഭരിയ്ക്കാം. അഴിമതി തുടച്ചുനീക്കി മാര്‍ബിള്‍ പാകാം. അടിവസ്ത്രം പോലും കാണാവുന്ന രീതിയില്‍ ഭരണം സുതാര്യമാക്കാം. ഓരോ ദില്ലിക്കാരന്റെയും ആവശ്യമനുസരിച്ച് പ്രകടന പത്രിക ഇറക്കാം. ഓരോ പൗരന്റെ അറിവും ജീവിതാനുഭവവും മേല്‍ത്തട്ടുവരെ എത്തിച്ച് ജനാധിപത്യത്തെ സ്വര്‍ഗ്ഗതുല്യമാക്കാം. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഓടി ഒളിയ്ക്കും. അതോടെ, ദില്ലിക്ക് പുറത്തേക്കും ആപ്പിന് കടക്കാം. ദില്ലിപോലെ ഇന്ത്യയിലാകമാനം തൂവെള്ള മാര്‍ബിള്‍ പാകാം. അഴിമതിയില്ലാത്ത ഇന്ത്യ.

പക്ഷെ, എല്ലാം തുലച്ചുകളഞ്ഞു. താങ്കള്‍ എന്ന് അര്‍ത്ഥമാക്കുന്ന ‘ആപ്’ മലയാളത്തിലെ ആപ്പായി. വിടവില്‍ അടിച്ചുറപ്പിയ്ക്കുവാനുള്ള മരച്ചീള്. അതോടെ, ‘ആപ്പി’ലെ വിടവുകളെല്ലാം ഇനി അടയാംവണ്ണം തുറന്നുവന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷവും ലോക്‌സഭാകാലത്തും പാര്‍ട്ടിയ്ക്കുള്ളില്‍ ഉണ്ടായ ചെറിയ വിള്ളലുകള്‍ വാ തുറന്നു. അങ്ങനെയാണ് യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും ശാന്തിഭൂഷണും കെജരിവാളുമൊക്കെ ഉണ്ടാക്കിവച്ച കൊച്ചുകൊച്ചു വിള്ളലുകള്‍ ദേശീയ മാധ്യമങ്ങളുടെ മുന്‍പേജ് വാര്‍ത്തകളായത്.

രാഷ്ട്രീയം പിടിയില്ലാത്ത രാഷ്ട്രീയക്കാരാണ് ‘ആപ്പു’കാര്‍. അവര്‍ക്കറിയാവുന്നത് എന്‍ ജി ഒ പ്രവര്‍ത്തനമാണ്. ഒരു എന്‍ ജി ഒ മറ്റൊരു എന്‍ ജി ഒയെ കശാപ്പുചെയ്യുന്നതിനെക്കുറിച്ചാണ് സാധാരണ ചിന്തിയ്ക്കാറ്. അവര്‍ ഒരുമിച്ച് ഇരിക്കും. ചര്‍ച്ച ചെയ്യും. പക്ഷേ, ഓരോരുത്തരും മറ്റൊരാളെ ഇല്ലാതാക്കുന്നതിനുള്ള വഴിയായിരിക്കും തിരയുന്നത്. Co-existence അല്ല mutual annihilation ആണ് എന്‍ ജി ഒയെ നയിക്കുന്നത്.

അതുപക്ഷേ ജനാധിപത്യ രീതിയിലായിരിക്കും. പ്രത്യേകിച്ച് മിണ്ടാനുള്ള പഴുതുകള്‍ പോലും ജനാധിപത്യം കൊണ്ട് അടച്ചിരിക്കും. Right to dissent, Inclusiveness, Transparency എന്നൊക്കെ എന്‍ ജി ഒക്കാര്‍ പറയും. പക്ഷേ സ്വന്തം എന്‍ ജി ഒയില്‍ ഇതൊന്നും അനുവദിക്കില്ല. എതിര്‍ശബ്ദത്തെ ഉള്‍ക്കൊള്ളില്ല. പുകച്ചു പുറത്തുചാടിക്കും. ജനാധിപത്യം ഒരു വ്യക്തിയില്‍ കേന്ദ്രീകരിയ്ക്കും. സുതാര്യത കടല്‍ഭിത്തിപോലെ ഘനമേറിയതാകും. ആരോടും വിധേയത്വമില്ലാത്ത, ആരോടും എന്തും ചെയ്യാവുന്ന, എന്‍ ജി ഒ ആരുമില്ലെങ്കിലും ഒറ്റയ്ക്കു നില്‍ക്കുന്ന വ്യക്തിയായി മാറും. പണം മുടങ്ങാതെ വരാനുള്ള വഴികള്‍ ഒഴിച്ച് ബാക്കിയെല്ലാം കൊട്ടിയടയ്ക്കും.

ഏതാണ്ട് ഇതേ അവസ്ഥയാണ് ഇന്ന് ‘ആപ്പി’ന്റേത്. സ്ഥാപകനേതാക്കളായ യോഗേന്ദ്ര യാദവും  പ്രശാന്ത് ഭൂഷണും രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് പുറത്ത്. മറ്റു ചില സ്ഥാപകനേതാക്കളില്‍  നേരത്തെതന്നെ പുറത്തുപോയിരുന്നു. ‘ആപ്പ്’ ഇപ്പോള്‍ കെജ്രിവാളിന്റെയും മനീഷ് സിസോദിയയുടെയും കൈകളിലാണ്. രണ്ടുപേരും കറകളഞ്ഞ എന്‍ ജി ഒ മുതലാളിമാരായിരുന്നു; രാഷ്ട്രീയത്തില്‍ വരുന്നതിന് മുമ്പ്.എന്‍ ജി ഒ മുതലാളിമാരായിത്തുടരുന്നു, രാഷ്ട്രീയത്തില്‍ വന്നശേഷവും.

യോഗേന്ദ്ര യാദവും പ്രശാന്ത്ഭൂഷണും പറഞ്ഞത് പാര്‍ട്ടിയിലേക്ക് വരുന്ന പണത്തിന്റെ സ്രോതസ്സ് അറിയണമെന്നും പണം കൊടുത്ത് വോട്ടുവാങ്ങുന്നവരെ സ്ഥാനാര്‍ത്ഥികള്‍ ആക്കരുതെന്നുമായിരുന്നു. സാധാരണഗതിയില്‍, ഇക്കാര്യങ്ങളൊന്നും ‘ആപി’ല്‍ ചര്‍ച്ച ചെയ്യേണ്ട കാര്യം പോലുമില്ല.  കാരണം. ‘ആപ്’ നില്‍ക്കുന്നത് തന്നെ ഇതിനൊക്കെ എതിരായാണ്. പക്ഷെ, ഭരണം കയ്യാളുന്ന ‘ആപ്’ സംഗതി വേറെയാണ്. അതുകൊണ്ട് പ്രശ്‌നം ചര്‍ച്ച ചെയ്തില്ലെന്ന് മാത്രമല്ല; പ്രശ്‌നം കൊണ്ടു വന്നവരെ പുറത്താക്കുകയും ചെയ്തു. വിഷയം പത്രങ്ങള്‍ക്ക് ‘ലീക്ക്’ ചെയ്തു എന്നതാണ് കുറ്റം. രാഷ്ട്രീയ പാര്‍ട്ടികളുടെ മീറ്റിംഗുകള്‍ പോലും സുതാര്യമാണെന്നു വാദിച്ചവരാണ് ‘ആപ്പു’കാര്‍. ഇപ്പോള്‍, സ്വന്തം പാര്‍ട്ടിയ്ക്ക് രഹസ്യമുണ്ട്. അത് സാധാരണക്കാര്‍ അറിഞ്ഞുകൂട. അറിയിച്ചാല്‍ അറിയിച്ചവന്റെ കഥ തീര്‍ന്നു.

വാസ്തവത്തില്‍ ഇതൊക്കെ തന്നെയാണ് മറ്റു രാഷ്ട്രീയപാര്‍ട്ടികളും ചെയ്തുപോരുന്നത്. പാര്‍ട്ടി രഹസ്യം പുറത്തുപറയരുത്. കാരണം, പുറത്തു മുഴുവന്‍ പാര്‍ട്ടിയുടെ ശത്രുക്കളാണ്. പാര്‍ട്ടി എന്നാല്‍, നേതൃത്വം. നേതൃത്വം എന്നാല്‍, നേതാവ്. (രാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ചശേഷവും ടി.എച്ച്. മുസ്തഫയെ ഉള്‍ക്കൊള്ളുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഇതിനേക്കാള്‍ എത്ര ഭേദം!)

സര്‍വ്വ അധികാരങ്ങളും ഇന്ന് ഒരു വ്യക്തിയിലാണ്. കെജ്രിവാള്‍. ജനാധിപത്യം പോയ പോക്ക്!  നരേന്ദ്ര മോദി പോലും അദ്വാനിയേയും ബി.ജെ.പി.യെയും മറ്റു സ്ഥാപകനേതാക്കളെയും അടിച്ചിരുത്തിയതേയുള്ളു. അടിച്ചുതകര്‍ത്തില്ല. മോദിപോലും പ്രധാനമന്ത്രി സ്ഥാനവും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും വേണമെന്ന് ശഠിച്ചില്ല. തന്റെ man friday-യെ പാര്‍ട്ടി പ്രസിഡന്റാക്കുകയാണ് ചെയ്തത്. കെജ്രിവാള്‍ പക്ഷെ, മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമാണ്. അധികാരം ഒരാളില്‍ മാത്രമായി ഭവിയ്ക്കുമ്പോഴാണത്രെ ജനാധിപത്യം സാര്‍ത്ഥകമാകുന്നത്. I am the State. I am the Party. I am the People.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍