UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതുകൊണ്ട് കെജ്രിവാള്‍ ഒരു നരേന്ദ്ര മോദി ആകരുത്

Avatar

ടീം അഴിമുഖം

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വായിച്ചിട്ടില്ലെങ്കില്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമുണ്ട്: ‘Team of Rivals: The Political Genius of Abraham Lincoln’. പ്രത്യേകിച്ച് ഡല്‍ഹി മുഖ്യമന്ത്രി എന്നതിനേക്കാള്‍ ദേശീയ തലത്തില്‍ വമ്പന്‍ റോള്‍ കളിക്കാന്‍ വെമ്പുന്ന ഒരാള്‍ എന്ന നിലയില്‍. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ഏറെ പ്രചോദിപ്പിച്ച പുസ്തകങ്ങളിലൊന്നാണിത്. 2005-ല്‍ ഇറങ്ങിയ ഈ പുസ്തകത്തിലൂടെ അമേരിക്കന്‍ ചരിത്രകാരനായ Doris Kearns Goodwin പുലിസ്റ്റര്‍ സമ്മാനത്തിനും അര്‍ഹനായി. എബ്രഹാം ലിങ്കനെ കുറിച്ചും 1861 മുതല്‍ 1865 വരെ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ചിലരെ കുറിച്ചുമാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. ഇതില്‍ മൂന്നു പേര്‍- അറ്റോര്‍ണി ജനറല്‍ എഡ്വാഡ് ബെയ്റ്റ്‌സ്, ട്രഷറി സെക്രട്ടറി സാല്‍മണ്‍ പി. ചേസ്, സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് വില്യം എച്ച്. സീവാഡ്- 1860-ലെ തെരഞ്ഞെടുപ്പില്‍ ലിങ്കനെതിരെ മത്സരിച്ചവരാണ്. 

ലിങ്കണ്‍ ചെയ്തത് ശക്തന്മാരായ തന്റെ എതിരാളികളെ സ്വന്തം ടീമിലേക്ക് കൊണ്ടുവരികയും അങ്ങനെ ഭരണം നടത്തുകയും എന്നതായിരുന്നു. ഉടക്കി നിന്നവരെ ഒരുമിപ്പിക്കാനും രാഷ്ട്രീയ ഭിന്നിപ്പുകള്‍ക്ക് പരിഹാരം കണ്ടെത്താനും കഴിഞ്ഞതു വഴി ലോകചരിത്രത്തിലെ തന്നെ വലിയൊരു പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനും കഴിഞ്ഞു. അടിമത്തം ഇല്ലാതാക്കുക: ഒരു പക്ഷേ ലിങ്കന്റെ ഭരണകാലത്തെ ഏറ്റവും വലിയ കാര്യങ്ങളിലൊന്നും.

തന്റെ സഹപ്രവര്‍ത്തകരുമായി ഇടപെടുന്ന കാര്യത്തില്‍ കെജ്രിവാള്‍ മാതൃകയാക്കേണ്ടത് ലിങ്കനെയാണ്, അല്ലാതെ മഹാത്മാ ഗാന്ധിയെ അല്ല. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപകാംഗങ്ങള്‍ കൂടിയായ പ്രശാന്ത് ഭൂഷനേയും യോഗേന്ദ്ര യാദവിനേയും കെജ്രിവാള്‍ ക്യാമ്പ് കൈകാര്യം ചെയ്ത രീതി- ഒരു ജേര്‍ണലിസ്റ്റുമായുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്ത് ഉപയോഗിക്കുന്നത് ഉള്‍പ്പെടെ- പരിഹാസ്യവും വിലകുറഞ്ഞതുമായ ഒന്നാണെന്ന് പറയാതെ വയ്യ. ഇങ്ങനെയല്ല, മികച്ച നേതൃത്വങ്ങള്‍ ഉണ്ടാകുന്നതും അവര്‍ മുന്നോട്ടു പോകുന്നതും.

പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ തീര്‍ച്ചയായും മുഖവിലയ്‌ക്കെടുക്കേണ്ടവ തന്നെയാണ്. ആം ആദ്മി പാര്‍ട്ടി ഒരു വ്യക്തികേന്ദ്രീകൃത പാര്‍ട്ടിയാകണോ? അതിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരേണ്ടതല്ലേ? സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അടക്കം മറ്റു പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി ആം ആദ്മി പാര്‍ട്ടിക്ക് നിലപാട് സ്വീകരിക്കാന്‍ കഴിയില്ലേ? അവസരവാദ രാഷ്ട്രീയത്തില്‍ നിന്നുണ്ടാകുന്ന കാര്യങ്ങള്‍ക്കായി അനുരഞ്ജനം ആവശ്യമുണ്ടോ? പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന സ്വരാജ് പാര്‍ട്ടിക്കുള്ളിലും ആവശ്യമുള്ളതല്ലേ? സംസ്ഥാന ഘടകങ്ങള്‍ക്ക് അവിടുത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കേണ്ടതില്ലേ?  ഇതൊക്കെയാണ് ഇരുവരും കെജ്രിവാള്‍ ക്യാമ്പിനോട് ഉന്നയിച്ച കാര്യങ്ങളുടെ ചുരുക്കം.

പാര്‍ട്ടിയില്‍ അച്ചടക്കം വേണ്ടതുതന്നെയാണ്. മാധ്യമങ്ങള്‍ക്കു മുമ്പാകെയല്ല പാര്‍ട്ടിയിലെ കാര്യങ്ങള്‍ പറയേണ്ടതും. പക്ഷേ, പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഒരു ജേര്‍ണലിസ്റ്റുമായുള്ള ടെലിഫോണ്‍ സംഭാഷണം റിക്കോര്‍ഡ് ചെയ്യുകയും അത് വ്യക്തിപരമായി അവഹേളിക്കുന്ന വിധത്തില്‍ പുറത്തുവിടുകയും ചെയ്യുക എന്നതും ഒരുപോലെ അപലപനീയമാണ്: നമ്മള്‍ ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്രീയ മാന്യതകളെ കുറിച്ചുമൊക്കെയാണ് ചര്‍ച്ച ചെയ്യുന്നതെങ്കില്‍. ഇരുവരും ഉന്നയിച്ച കാര്യങ്ങളുടെ കഴമ്പിലേക്ക് കടക്കാതെ കെജ്രിവാളിനെതിരായ നീക്കം എന്ന വ്യക്തികേന്ദ്രീകൃത രീതിയിലേക്ക് കാര്യങ്ങള്‍ മാറ്റിയെടുക്കാനും അദ്ദേഹത്തിന്റെ ക്യാമ്പ് ശ്രമിച്ചു.

അതേ സമയം, തങ്ങള്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളോട് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും പ്രതികരിച്ച രീതികള്‍ കുറെക്കൂടി സമചിത്തതയോടെയായിരുന്നു. തങ്ങളുടേത് ഇപ്പോള്‍ പിറന്നുവീണ പാര്‍ട്ടിയാണെന്നും അപ്പോള്‍ നടന്നു തുടങ്ങുമ്പോള്‍ ചില ഇടര്‍ച്ചകള്‍ സ്വാഭാവികമാണെന്നുമായിരുന്നു അവയുടെ ചുരുക്കം. പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായങ്ങള്‍ക്കും സ്ഥാനമുണ്ടെന്നും അവ കൂടി ഉള്‍പ്പെടുമ്പോഴേ അര്‍ഥവത്തായ മുന്നോട്ടു പോക്ക് നടപ്പാകൂ എന്നും അവര്‍ പറഞ്ഞുവച്ചു. തനിക്കെതിരെ വ്യക്തിപരമായി ആരോപണങ്ങള്‍ ഉന്നയിച്ച ഡല്‍ഹി സംസ്ഥാന സെക്രട്ടറി ദിലീപ് പാണ്ഡെയ്‌ക്കെതിരെ പോലും യാദവ് പ്രതികരിച്ചത്: അദ്ദേഹം പാര്‍ട്ടിക്ക് വേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുള്ളയാളാണ്, അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം, അത് താന്‍ വ്യക്തിപരമായി എടുക്കുന്നില്ല എന്നുമാണ്. എന്നാല്‍ ഭൂഷണ്‍ കുടുംബത്തിനെതിരെയുള്ള ആശിഷ് ഖേതാന്‍ അടക്കമുള്ളവരുടെ പ്രതികരണങ്ങള്‍ അത്ര ആശാസ്യമായ രീതിയില്‍ ആയിരുന്നുമില്ല. പ്രശ്‌നം മുഴുവന്‍ കെജ്രിവാളിനെ ദേശീയ സെക്രട്ടറി സ്ഥാനത്തു നീക്കാന്‍ ശ്രമം നടക്കുന്നു എന്ന രീതിയില്‍ സഞ്ജയ് സിംഗ് വ്യാഖ്യാനിച്ചതും ശ്രദ്ധിക്കേണ്ടതാണ്.

കെജ്രിവാള്‍ ഗാന്ധിയെ മാതൃകയാക്കിയായിരിക്കണം പ്രവര്‍ത്തിക്കുന്നത്, ആളുകളോട് നേരിട്ട് സംവദിക്കുക, ലാളിത്യം, ജീവിതത്തോട് മൊത്തത്തിലുള്ള മനോഭാവം ഒക്കെ അത് പ്രകടമാക്കുന്നതാണ്. എന്നാല്‍ മഹാത്മാ ഗാന്ധി ഒരിക്കലും മറ്റുള്ളവരെ ഒപ്പം ചേര്‍ത്തു നടത്തുന്നതില്‍ വിജയിച്ചയാളല്ലായിരുന്നു. അക്കാലത്തെ ഏറ്റവും മിടുക്കനായ യുവനേതാവ് നേതാജി സുഭാഷ് ചന്ദ്രബോസുമായി പോലും നല്ല ബന്ധം നിലനിര്‍ത്താന്‍ ഗാന്ധിക്ക് സാധിച്ചിരുന്നില്ല.

കെജ്രിവാള്‍ മാതൃകയാക്കേണ്ടത് ലിങ്കണെയാണ്, അല്ലെങ്കില്‍ ഇങ്ങേയറ്റത്ത് ഒബാമയെ. തന്റെ എതിരാളിയായിരുന്ന ഹിലാരി ക്ലിന്റണെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഒബാമ ഒരു മികച്ച ഭരണാധികാരിയുടെ മാതൃക കാട്ടിയത്. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ മുന്നോട്ടു പോകണമെങ്കില്‍ കെജ്രിവാള്‍ പഠിക്കേണ്ടത് ഇത്തരം ചില കാര്യങ്ങളാണ്. അദ്ദേഹം 100 മീറ്റര്‍ സ്പ്രിന്റ് അല്ല, മാരത്തോണ്‍ ഓടാനാണ് പോകുന്നതെങ്കില്‍.

നരേന്ദ്ര മോദിയെ ബി.ജെ.പിയിലെ സര്‍വാധികാരിയായി വാഴിക്കുന്നതിനു മുമ്പ് 2012-ല്‍ മുംബൈയില്‍ പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം നടന്നിരുന്നു. അന്ന് ആര്‍.എസ്.എസിലെ തന്റെ പ്രഖ്യാപിത എതിരാളിയായ സഞ്ജയ് ജോഷിയെ പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് മാറ്റിയിട്ടു മാത്രമേ യോഗത്തില്‍ പങ്കെടുക്കാന്‍ മോദി തയ്യാറായുള്ളൂ. പാര്‍ട്ടിയിലെ നിര്‍ണായക എക്‌സിക്യൂട്ടീവ് സമയത്ത് ദേശീയ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് രാജി പ്രഖ്യാപനം നടത്തി വിലപേശിയ കെജ്രിവാളിന്റെ നടപടി മറ്റൊരു മോദിയെ സൃഷ്ടിക്കുന്നതാകാതിരിക്കട്ടെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍