UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നമുക്ക് മോദിയെ നോക്കിക്കാണാനുള്ള കണ്ണാടിയാണ് കെജ്രിവാള്‍

Avatar

ടീം അഴിമുഖം

മാനവചരിത്രം എഴുതുന്നതിന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ഒരോ കാലഘട്ടത്തിലെയും യാഥാര്‍ത്ഥ്യങ്ങളെയും നിര്‍ണായ നിമിഷങ്ങളെയും പ്രതിഫലിപ്പിക്കുന്ന ചരിത്രം സൃഷ്ടിച്ച പ്രസംഗങ്ങളിലൂടെ അതിനെ നോക്കിക്കാണുക എന്നതാണ് അതില്‍ ഒരു രീതി. 

ബിസി 335ല്‍, അലക്‌സാണ്ടര്‍ ചക്രവര്‍ത്തി പഴയ ഗ്രീക്ക് നഗരങ്ങള്‍ തിരിച്ചുപിടിച്ചുകൊണ്ട് തന്റെ സാമ്രാജ്യം വികസിപ്പിക്കാനുള്ള തേരോട്ടം ആരംഭിക്കുകയും ഒടുവില്‍ ഈജിപ്തും ഗ്രീസും മാത്രമല്ല പേര്‍ഷ്യന്‍ സാമ്രാജ്യം മുഴുവനായും തന്റെ കാല്‍ക്കീഴിലാക്കുകയും ചെയ്തു. ഒരു പ്രധാനപ്പെട്ട യുദ്ധവും തോല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് അദ്ദേഹം തന്റെ പ്രയാണം തുടരുകയും ജേലും നദിയുടെ (ഗ്രീക്കുകാര്‍ക്ക് ഹൈഡാസ്‌പെസ്) തീരങ്ങളില്‍ എത്തുകയും ചെയ്തു. ഏകദേശം ഒരു പതിറ്റാണ്ടോളം നീണ്ടു നിന്ന യുദ്ധത്തില്‍ ക്ഷീണിതരായിരുന്ന അദ്ദേഹത്തിന്റെ പട്ടാളക്കാര്‍ക്ക് പോറസ് രാജാവിനെയും അദ്ദേഹത്തിന്റെ സേനയേയും നേരിടാനുള്ള മനോവീര്യം ഉണ്ടായിരുന്നില്ല. 

ഈ ഘട്ടത്തില്‍ തന്റെ കുട്ടിക്കാലത്ത് പഠിച്ച പാഠങ്ങള്‍ കൂട്ടിയിണക്കി അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഒരു പ്രചോദന പ്രസംഗം നടത്തുകയുണ്ടായി. ജേലും നദിയുടെ കരയില്‍ വച്ച് ബിസി 326ല്‍ നടത്തിയ പ്രസംഗത്തില്‍, തന്റെ പടയാളികളെ അവസാനമായി പ്രചോദിപ്പിക്കാന്‍ അലക്‌സാണ്ടര്‍ ഒരു ശ്രമം നടത്തി: ‘അധികാരത്തിന്റെ സമൃദ്ധിയെക്കുറിച്ചുള്ള നിങ്ങളുടെ ഏറ്റവും ഉത്തുംഗമോഹങ്ങളെ പോലും നമ്മള്‍ മറികടന്നിരിക്കുന്നു. അതുകൊണ്ട് തന്നെ മടങ്ങി പോകാന്‍ ആഗ്രഹിക്കുന്നവരെ അതിനനുവദിക്കുന്നതായിരിക്കും. എന്നോടൊപ്പമോ അല്ലെങ്കില്‍ ഞാനില്ലാതെയോ. എന്നാല്‍, എന്നാല്‍ മടങ്ങി പോയവര്‍ക്ക് അസൂയ തോന്നുന്ന വിജയമായിരിക്കും എന്നോടൊപ്പം തുടരുന്നവര്‍ക്ക് ഞാന്‍ നല്‍കുക.’ പക്ഷെ അത് വിജയിച്ചില്ല. ശേഷം ചരിത്രം. 

വലിയ പ്രസംഗങ്ങളില്‍ മൂന്ന് ഘടകങ്ങള്‍ ഉണ്ട്: ശൈലി, ഉള്ളടക്കം, പ്രഭാവം. അത് ഭാവനപൂര്‍ണമായി നിര്‍മ്മിച്ചെടുത്തതാവണം, അത് ആലങ്കാരികമായും സ്വാധീനശക്തിയോടും അവതരിപ്പിക്കപ്പെടുന്നതായിരിക്കണം, ചില പുതിയ ആശയങ്ങള്‍ അല്ലെങ്കില്‍ യാഥാര്‍ത്ഥ്യങ്ങളിലൂടെ പ്രേക്ഷകരെ വശീകരിക്കുന്നതായിരിക്കണം. 
മികച്ച പ്രസംഗങ്ങള്‍ ഹൃദയങ്ങളെയും മനസുകളെയും മാറ്റിമറിക്കും. നൂറ്റാണ്ടുകള്‍ക്കോ പതിറ്റാണ്ടുകള്‍ക്കോ ശേഷവും അത് ആദ്യമായി കേള്‍ക്കുന്നത് പോലെ പുതിയ വെളിപ്പെടുത്തലുകള്‍ അടങ്ങുന്നതായിരിക്കും. 

അതുകൊണ്ടാണ് 1863 നവംബര്‍ 19ന് ഗെറ്റിസ്ബര്‍ഗില്‍ എബ്രഹാം ലിങ്കണ്‍ നടത്തിയ വളരെ ചെറിയ പ്രഭാഷണം എക്കാലത്തെയും വലിയ പ്രസംഗങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നത്. ‘ഈ രാജ്യത്തില്‍ ഒരു നവ സ്വാതന്ത്ര്യ സൃഷ്ടി കൈവന്നിരിക്കുന്നു, ജനങ്ങളില്‍ നിന്നും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും ഒരിക്കലും മാഞ്ഞുപോകില്ല,’ എന്ന ലിങ്കണ്‍ന്റെ പ്രസിദ്ധ വാക്യങ്ങള്‍ അവിടെയാണ് പിറന്നു വിണത്. 

മഹത്തായ പ്രസംഗങ്ങള്‍ക്കെല്ലാം ജനങ്ങളെ പ്രചോദിപ്പിക്കാനുള്ള അനന്യ ശേഷിയുണ്ടായിരിക്കും. 1940 ജൂണ്‍ നാലിന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഹൗസ് ഓഫ് കോമണ്‍സിനെ അഭിസംബോധന ചെയ്യുമ്പോള്‍ ബ്രിട്ടണ്‍ മാത്രമല്ല പാശ്ചാത്യലോകം ആകെ തന്നെയും ഹിറ്റ്‌ലറുടെ ജര്‍മ്മനിയുടെ കൈകളില്‍ നിന്നും അനിവാര്യ പരാജയത്തെ മുഖാമുഖം കാണുകയായിരുന്നു. 

ചര്‍ച്ചില്‍ ഗര്‍ജ്ജിച്ചു: ‘നമുക്ക് അവസാനം വരെ പോകാം. നമുക്ക് ഫ്രാന്‍സില്‍ പോരാടാം. നമുക്ക് സമുദ്രങ്ങളിലും കരകളിലും പോരാടാം. വളരുന്ന ആത്മവിശ്വാസത്തോടെയും നിലവില്‍ വളര്‍ന്ന് വരുന്ന ശക്തിയോടെയും നമുക്ക് പോരാടാം. നമ്മുടെ മണ്ണിനെ നമുക്ക് സംരക്ഷിക്കാം. അതിന് എന്ത് ത്യാഗം സഹിക്കേണ്ടി വന്നാലും. നമുക്ക് സമുദ്രതീരങ്ങളില്‍, വിമാനത്താവളങ്ങളില്‍, കൃഷിഭൂമികളില്‍, തെരുവുകളില്‍, കുന്നിന്‍പുറങ്ങളില്‍ ഒക്കെ വച്ച് ശത്രുവിനെ നേരിടാം; നമുക്കൊരിക്കലും കീഴടങ്ങാതിരിക്കാം.’

‘വിധിയുമായുള്ള കൂടിക്കാഴ്ച’ എന്ന തന്റെ പ്രസംഗത്തിനായി 1947 ഓഗസ്റ്റ് 14 വൈകിട്ട് നിയമനിര്‍മാണ സഭയില്‍ ജവഹര്‍ലാല്‍ നെഹ്രു എഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹം കാവ്യാത്മകവും പ്രചോദനാത്മകവുമായ മാനസികാവസ്ഥയിലായിരുന്നു. യാഥാര്‍ത്ഥ്യങ്ങളുമായി ചിലയിടങ്ങളിലെങ്കിലും പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്ന ആ പ്രസിദ്ധ പ്രസംഗത്തിലെ വരികള്‍ ഇങ്ങനെ: ‘അര്‍ദ്ധരാത്രിയില്‍ ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍ ഇന്ത്യ ജീവിതത്തിലേക്ക് സ്വാതന്ത്ര്യത്തിലേക്കും ഉയിര്‍ത്തെഴുന്നേല്‍ക്കും. ചരിത്രത്തില്‍ വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ആ മുഹൂര്‍ത്തം കടന്നുവരും. പഴമയില്‍ നിന്നും പുതുമയിലേക്ക് നമ്മള്‍ ചുവട് വയ്ക്കുമ്പോള്‍, ഒരു യുഗം അവസാനിക്കുമ്പോള്‍, ദീര്‍ഘകാലമായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഒരു രാജ്യത്തിന്റെ ആത്മാവ് സ്പന്ദിക്കാന്‍ ആരംഭിക്കുമ്പോള്‍ ആ മുഹൂര്‍ത്തം കടന്നുവരും.’ നെഹ്രു പറഞ്ഞു. 

ഡല്‍ഹി മുഖ്യമന്ത്രിയായി പുതുതായി ചുമതലയേറ്റ അരവിന്ദ് കെജ്രിവാള്‍, ശനിയാഴ്ച സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം നടത്തിയ പ്രസംഗത്തിന് ഈ ഗുണഗണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രസംഗം ഒരു വലിയ പ്രഭാഷണം എന്ന നിലയില്‍ ചരിത്രത്തില്‍ സ്ഥാനം പിടിക്കില്ല എന്ന് മാത്രമല്ല ഒരു പക്ഷെ ഏതാനും മാസങ്ങള്‍ക്കപ്പുറം അത് ഓര്‍മ്മിക്കപ്പെടാനും സാധ്യതയില്ല. പക്ഷെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നാടകീയമായി ബാധിക്കാന്‍ സാധ്യയുള്ള ചിലത് ആ പ്രസംഗത്തില്‍ അടങ്ങിയിട്ടുണ്ടായിരുന്നു. 

വൈകാരികവും നേരിട്ടുള്ളതുമായിരുന്ന കെജ്രിവാളിന്റെ പ്രസംഗം. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്ന ഒരാളാണ് അദ്ദേഹം എന്ന തോന്നല്‍ ആ പ്രസംഗം കേട്ട ആര്‍ക്കും ഉണ്ടായില്ല. ഡല്‍ഹി തെരുവുകളിലും ചര്‍ച്ചാ വേദികളിലും എല്ലാവരും കെജ്രിവാളിന്റെ സത്യസന്ധതയെ അംഗീകരിക്കുകയായിരുന്നു. തന്റെ പ്രസംഗം അവസാനിപ്പിച്ചു കൊണ്ട് ഒരു ഗാനം ആലപിക്കാനും പുതിയ മുഖ്യമന്ത്രി സന്നദ്ധനായി. 

ഈ പ്രസംഗത്തിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഒരു പുതിയ പ്രഭവകേന്ദ്രം സംഭാവന ചെയ്തിരിക്കുകയാണ് കെജ്രിവാള്‍. വൈകാരികത തീരെയില്ലാത്ത പൊള്ളയായ ഒരു അഭിനേതാവ് മാത്രമായി മോദി പെട്ടെന്ന് ചുരുങ്ങുന്നതായി കാണപ്പെട്ടു. കുടിലതന്ത്രങ്ങള്‍ പയറ്റുന്ന ഒരു സാധാരണ ഇന്ത്യന്‍ രാഷ്ട്രീയക്കാരന്‍ മാത്രമാണ് മോദിയെന്ന് ദിനംപ്രതി തിരിച്ചറിയപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ അദ്ദേഹം അങ്ങനെയാണ് താനും. മോദി ഒരു വികസന മിശിഹയല്ല എന്നതോ പോകട്ടെ അദ്ദേഹം ഒരു ആധുനിക നേതാവ് പോലുമല്ല. ആത്മാര്‍ത്ഥത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ശരാശരി ഇന്ത്യന്‍ രാഷ്ട്രീയക്കാരന്‍ മാത്രമാണ് അദ്ദേഹം. മാത്രമല്ല, മോദിയെ നോക്കിക്കാണുന്നതിനായി ഒരു വലിയ, സുതാര്യ കണ്ണാടി കെജ്രിവാള്‍ ജനങ്ങള്‍ക്ക് സംഭാവന ചെയ്യുകയും ചെയ്തിരിക്കുന്നു. 

മോദിയുടെ മധുചന്ദ്രിക മാത്രമല്ല, ഇന്ത്യന്‍ സമ്മതിദായകരില്‍ അദ്ദേഹം ഉണര്‍ത്തിയ വശ്യതയും നാം വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ മാഞ്ഞുപോവുകയാവാം. ശനിയാഴ്ച ഉച്ചയ്ക്ക് രാംലീല മൈതാനിയില്‍ കെജ്രിവാള്‍ നടത്തിയ അതിസാധാരണമായ പ്രസംഗം ഇതില്‍ ഒരു വലിയ പങ്ക് വഹിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍