UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെജ്രിവാള്‍, കുടുംബം നോക്കല്‍ മാത്രമല്ല സ്ത്രീകളുടെ പണി

Avatar

കവിത കൃഷ്ണന്‍

അന്താരാഷ്ട്ര വനിതാ ദിനത്തില്‍, സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും നീതിക്കും വേണ്ടി പൊരുതുന്ന സ്ത്രീ സംഘടനകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന ഒരു സന്ദേശം നല്‍കാനല്ല ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തയ്യാറായത്. മറിച്ച്, പുരുഷനെ സേവിക്കുകയും പിന്തുണയ്ക്കുകയും ചെയ്തുകൊണ്ട് കുടുംബ ചുമതലകള്‍ നിര്‍വഹിക്കുന്ന സ്ത്രീയുടെ വാര്‍പ്പുമാതൃക ഉറപ്പിക്കുന്ന തരത്തിലുള്ള ഒരു പുരുഷകേന്ദ്രീകൃത വീക്ഷണം തന്റെ സന്ദേശത്തില്‍ ഉള്‍പ്പെടുത്താനാണ് അദ്ദേഹം ശ്രദ്ധിച്ചത്.

തന്റെ ഭാര്യയും അമ്മയും കുടുംബം നോക്കുന്നതിനെ കുറിച്ചും അങ്ങനെ അഴിമതിക്കെതിരായ തന്റെ പോരാട്ടത്തില്‍ തന്നെ പിന്തുണയ്ക്കുന്നതിനെ കുറിച്ചും കെജ്രിവാള്‍ വാചാലനാകുന്നു. ‘പുരുഷന്‍ നയിക്കുകയും സ്ത്രീകള്‍ കുടുംബം നോക്കുകയും നയിക്കുന്ന പുരുഷനെ പിന്തുണയ്ക്കുകയും ചെയ്യും,’ എന്ന മുദ്രാവാക്യത്തിന് തുല്യമാണിത്. സ്ത്രീകളെ കുടുംബം നോക്കാനല്ലാതെ മറ്റൊന്നിനും കൊള്ളില്ല എന്ന വിശ്വാസം കൊണ്ടാണോ അദ്ദേഹത്തിന്റെ മന്ത്രിസഭയിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യസമിതിയിലും ഒരു സ്ത്രീ പോലും ഇല്ലാതെ പോയത്?

‘ഒരു പരാതിയുമില്ലാതെ സ്ത്രീകള്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ ആത്മാര്‍ത്ഥമായി നിര്‍വഹിക്കുന്നതിനെ’ അദ്ദേഹം പ്രകീര്‍ത്തിക്കുന്നു. പക്ഷെ കെജ്രിവാള്‍, നിങ്ങള്‍ ഒന്നും കേള്‍ക്കുന്നില്ല. തൊഴിലിലെ ലിംഗവിഭജനത്തെ കുറിച്ച്, ‘സ്ത്രീകളുടെ ജോലി’ മാത്രമാണെന്ന് മുദ്രകുത്തപ്പെട്ട് കുടുംബ ചുമതലകള്‍ മുഴുവന്‍ വഹിക്കേണ്ടി വരുന്നതിനെ കുറിച്ച്, ഇന്ത്യയിലും ലോകത്തെമ്പാടുമുള്ള തങ്ങളുടെ അസംഖ്യം സഹോദരിമാര്‍ക്കൊപ്പം ഡല്‍ഹിയിലെ ആയിരക്കണക്കിന് സ്ത്രീകള്‍ പരാതി പറയുന്നത് നിങ്ങള്‍ കേള്‍ക്കുന്നില്ല! പരാതി പറയാത്ത സ്ത്രീകളെ നിങ്ങള്‍ പ്രകീര്‍ത്തിക്കുന്നതിലൂടെ, ഒരു നൂറ്റാണ്ട് നീണ്ട് നിന്ന ‘പരാതികളുടെയും’ പോരാട്ടങ്ങളുടെയും വാര്‍ഷികം ആഘോഷിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പാരമ്പര്യത്തെ നിങ്ങള്‍ അപമാനിക്കുകയാണ് ചെയ്യുന്നത്!

പ്രിയ കെജ്രിവാള്‍, ‘സ്ത്രീകളുടെ പാറ പോലെ ഉറച്ച സഹിഷ്ണുതയെ’ നിങ്ങള്‍ പ്രകീര്‍ത്തിക്കുന്നു. എന്തിനോടുള്ള സഹിഷ്ണുത? അനീതിയും അസമത്വവും അസ്വാതന്ത്ര്യവും ‘സഹിക്കുന്നതിന്’ സ്ത്രീകളെ പ്രകീര്‍ത്തിക്കേണ്ട സന്ദര്‍ഭമാണോ അന്താരാഷ്ട്ര വനിതാ ദിനം?

പുരുഷന്മാര്‍ക്ക് ഒരു സന്ദേശം നല്‍കാനുള്ള ഒരവസരമായി അന്താരാഷ്ട്ര വനിതാ ദിനത്തെ നിങ്ങള്‍ തിരഞ്ഞെടുത്തു. പക്ഷെ എന്തുകൊണ്ട് ഒരു ‘സുരക്ഷ’ സന്ദേശം? വീട്ടുജോലികളും ശിശുസംരക്ഷണവും പാചകവും സ്ത്രീകളോടൊപ്പം പങ്കിടേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പുരുഷന്മാരോട് ഒന്നും പറയാതിരുന്നത് എന്തുകൊണ്ടാണ്? സ്വന്തം കുടുംബങ്ങള്‍ക്കുള്ളില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യണം എന്ന് എന്തുകൊണ്ട് പുരുഷന്മാരെ ഉപദേശിച്ചില്ല? ‘ഡല്‍ഹി സ്ത്രീകള്‍ക്ക് സുരക്ഷിതമാക്കുക,’ എന്ന് പുരുഷന്മാരോട് പറയുന്നതുകൊണ്ട് മാത്രം സ്ത്രീകളെ സുരക്ഷിതരാക്കുന്നു എന്ന വ്യാജേന സ്വന്തം കുടുംബങ്ങളില്‍ നിന്നും പുരുഷന്മാര്‍ അവരുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്ന യാഥാര്‍ത്ഥ്യത്തെ മാറ്റിമറിക്കാനാവില്ല!

സ്വന്തം സഹോദരിയെയോ മാതാവിനെയോ ബഹുമാനിക്കുന്നത് പോലെ കുടുംബത്തിന് വെളിയിലും സ്ത്രീകളോട് ബഹുമാനം കാണിക്കണം എന്ന പുരുഷകേന്ദ്രീകൃത ആശയം ഊട്ടിയുറപ്പിക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. പക്ഷെ ‘സഹോദരി, അമ്മ, ഭാര്യ’ കടമകള്‍ക്കപ്പുറവും സ്ത്രീകള്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട്. തങ്ങളുടെ ഭാര്യമാരുടെയും സഹോദരിമാരുടെയും അമ്മമാരുടെയും പുത്രിമാരുടെയും ജീവിതം നിയന്ത്രിക്കാനും അവരില്‍ നിന്നും സേവനങ്ങള്‍ ലഭിക്കാനും തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പുരുഷന് തോന്നുന്നത് കൊണ്ടാണ് സ്ത്രീകളെ ലൈംഗികമായി പീഢിപ്പിക്കാനും ബലാല്‍സംഗം ചെയ്യാനും തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് പുരുഷന് തോന്നുന്നത്.

*Views are Personal

(ഇടതുപക്ഷ പ്രവര്‍ത്തകയാണ് ലേഖിക)

അരവിന്ദ് കെജ്രിവാള്‍ ഹിന്ദിയില്‍ നല്കിയ വനിതാ ദിന സന്ദേശത്തിന്‍റെ മലയാള വിവര്‍ത്തനം താഴെ കൊടുക്കുന്നു. (ആം ആദ്മി കേരളയുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചത്)

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയുടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തന്റെ ജനങ്ങളോട് ഒരു അപേക്ഷയേയുള്ളൂ- സ്ത്രീകള്‍ക്ക് സുരക്ഷിതത്വബോധത്തോടെയും സ്വതന്ത്രമായും സന്തോഷത്തോടെയും ജീവിക്കാനുള്ള അവസരമൊരുക്കണം. റേഡിയോയിലൂടെ നടത്തിയ ഒരു സംഭാഷണത്തിലൂടെയാണ് കെജ്രിവാള്‍ ഈ അപേക്ഷ ജനങ്ങളുടെ മുന്നിലേക്ക് നല്‍കിയത്.

ഇന്ന് താനെത്തിയിരിക്കുന്ന എല്ലാ സ്ഥാനങ്ങള്‍ക്കും ക്രെഡിറ്റ് തന്റെ ഭാര്യയ്ക്കും അമ്മയ്ക്കുമാണെന്നും പറഞ്ഞുകൊണ്ടാണ് കെജ്‍രിവാള്‍ സംസാരം തുടങ്ങിയത്. ”എനിക്കൊപ്പമുള്ള രണ്ട് സ്ത്രീകളാണ് ഇന്ന് ഞാനെന്താണോ അതിനെല്ലാം കാരണം. അതെന്റെ ഭാര്യയും അമ്മയുമാണ്. അഴിമതിക്കെതിരായ എന്റെ പോരാട്ടത്തിനിടയ്ക്ക് എന്റെ ഭാര്യയാണ് വീടും മക്കളെയും സംരക്ഷിച്ചത്. എന്റെ അമ്മയാണ് എനിക്ക് എല്ലാതരത്തിലുമുള്ള പിന്തുണ നല്‍കിയത്.”

സ്ത്രീകളില്‍ നിന്ന് പുരുഷന്മാര്‍ ഏറെ പഠിക്കാനുണ്ടെന്ന് പറഞ്ഞാണ് ഡല്‍ഹി മുഖ്യമന്ത്രി വിഷയത്തിലേക്ക് കടന്നത്.

”എനിക്ക് പുരുഷന്മാര്‍ക്ക് ഒരു സന്ദേശം നല്‍കാനുണ്ട്. സ്ത്രീകള്‍ തങ്ങളുടെ ഉത്തരവാദിത്വം സത്യസന്ധമായി നിറവേറ്റുന്നു. അതും യാതൊരു പരാതിയും പരിഭവവും കലഹവുമില്ലാതെ. അതില്‍ അവരെ സ്തുതിക്കണം. അമ്മ, മകള്‍, ഭാര്യ, സഹോദരി, മരുമകള്‍ എന്നിങ്ങനെ നിരവധി റോളുകളാണ് സ്ത്രീകള്‍ക്ക് ജീവിതത്തിലുള്ളത്. അവര്‍ അവരുടെ ജോലി ചെയ്യുന്നു, കുടുംബത്തിലുള്ള ഓരോരുത്തരെയും സംരക്ഷിക്കുകയും ചെയ്യുന്നു. കല്ലുപോലെ ഉറച്ചതാണ് അവരുടെ സഹനശക്തി. അതിനെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. പുരുഷന്മാര്‍ അവരില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. പക്ഷേ അതിന് പകരം ചില പുരുഷന്മാര്‍ അവരുടെ വസ്ത്രത്തെകുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തുകയും അവരുടെ സ്വഭാവത്തെ മോശമായി വിലയിരുത്തുകയും ചെയ്യുന്നു. അവര്‍ സംസാരിക്കുന്നത് മൊത്തം അവളെ കുറിച്ച് അബദ്ധങ്ങളും ബുദ്ധിക്ക് നിരക്കാത്തതുമാണ്. കൂടാതെ അവളെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്യുന്നു. സമൂഹത്തില്‍ സ്ത്രീകളെ ബഹുമാനിക്കാത്ത പുരുഷന്‍ അവരുടെ വീട്ടിലുള്ള സ്ത്രീകളെ ബഹുമാനിക്കാത്തവരാണ്.”

ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള സംഭാഷണത്തിലൂടെയാണ് കെജ്‍രിവാള്‍ ഇതെല്ലാം പറഞ്ഞിരിക്കുന്നത്. നഗരത്തെ സുരക്ഷിതമായി സംരക്ഷിക്കണമെന്ന് അദ്ദേഹം ഓരോ ഡല്‍ഹി നിവാസികളോടും അഭ്യര്‍ത്ഥിച്ചു. ”സ്ത്രീകള്‍ക്ക് സ്വതന്ത്രമായും സന്തോഷമായും ജീവിക്കാനുള്ള അവസ്ഥയിലേക്ക് ഡല്‍ഹിയെത്തണം എന്നതാണ് എന്റെ ആഗ്രഹം. വനിതാദിനത്തിന്റെ ഈ വൈകുന്നേരം, ഞാന്‍ ഡല്‍ഹിയിലെ എല്ലാ സ്ത്രീകളെയും സല്യൂട്ട് ചെയ്യുന്നു. എല്ലാവര്‍ക്കും വനിതാ ദിനാശംസകള്‍.”

Video Link: 
Watch “Arvind Kejriwal’s Message To Men On International Women’s Day” – https://www.facebook.com/video.php?v=662370187196078

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍