ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ആര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് ആര്യയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. നാലുമണിയോടെയാണ് മരണം. തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച ആര്യയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്. വെള്ളിയാഴ്ച മുതല്‍ ആര്യയുടെ നിലഗുരുതരമായിരുന്നു. ന്യൂമോണിയ ബാധിച്ചതാണ് ആര്യയുടെ ആരോഗ്യനില വഷളാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഒറ്റപ്പാലത്ത് മങ്കരിയിലെ റെയില്‍വേ ട്രാക്കില്‍ കോന്നിയില്‍ നിന്നും കാണാതായ മൂന്ന് പെണ്‍കുട്ടികളില്‍ രണ്ടുപേരെ മരിച്ച നിലയിലും ഒരാളെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയത്. ആര്യയുടെ സുഹൃത്തുക്കളായ രാജിയും ആതിരയും ആണ് സംഭവദിവസം മരിച്ചത്. നാളെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ആര്യയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.