UPDATES

ജാതി വിവേചനത്തിനെതിരെ കബഡി മത്സരം; ഒടുവില്‍ ദളിതര്‍ക്ക് മര്‍ദ്ദനം

അഴിമുഖം പ്രതിനിധി

ഗുഡ്ഗാവില്‍ കബഡി മത്സരത്തിനിടെ ദളിതര്‍ക്കെതിരെ അക്രമം. യാദവരുടെയും ദളിതരുടെയും ടീമുകള്‍ തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ആക്രമണം. ദളിത് കളിക്കാര്‍ വിജയിക്കുമെന്നായപ്പോള്‍ യാദവ് വിഭാഗക്കാര്‍ അക്രമമഴിച്ചു വിടുകയായിരുന്നു. ഇവര്‍ ദളിതര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു. അക്രമത്തില്‍ 10 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 32 വയസ്സുകാരനായ വിജേന്ദറിന് തലയ്ക്ക് ഗുരുതരമായി മുറിവേല്‍ക്കുകയും 24കാരന്‍ യോഗേന്ദറിന്റെ കൈകള്‍ക്ക് ഒടിവ് സംഭവിക്കുകയും ചെയ്തു. പരിക്കേറ്റ എല്ലാവരെയും സമീപമുള്ള ഉമ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എട്ടു യാദവ് വിഭാഗക്കാര്‍ക്കെതിരെ സെക്ടര്‍ 29 പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ഐപിസി  147, 149, 323, 325, 506 ആയുധ നിയമം 25, 54, 59, എസ് സി/ എസ്ടി ആക്റ്റ് 3, 33, 89 എന്നീ വകുപ്പുകള്‍ പ്രകാരവും ആണ് കേസ് എടുത്തിരിക്കുന്നത്. 

സമീപ ഗ്രാമങ്ങളിലുള്ള ദളിത്‌, യാദവ്, ജാട്ട്, ഗുരിയ, ബനിയ, അഗര്‍വാള്‍ എന്നീ വിഭാഗക്കാര്‍ തമ്മിലായിരുന്നു കബഡി മത്സരം. ഗുഡ്ഗാവിലെ സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ചായിരുന്നു മത്സരം നടന്നത്.

‘യാദവ് ടീം സിക്കന്ദര്‍പൂരില്‍ നിന്നുമായിരുന്നു. പക്ഷേ ഞങ്ങളുടെ ഗ്രാമത്തിലുള്ളവരും അവരെ പിന്തുണച്ചു. ഞങ്ങള്‍ ജയിക്കുമെന്നായപ്പോള്‍ യാദവ് ടീം അംഗങ്ങള്‍ കോപാകുലരാവുകയും ഞങ്ങളുടെ ടീമിലുള്ളവരെ മര്‍ദ്ദിക്കുകയായിരുന്നു. തടസ്സം പിടിക്കാന്‍ വന്നവരെയും അവര്‍ ഉപദ്രവിച്ചു’  ദളിത്‌ ടീം അംഗമായ ബിട്ടു സിംഗ് പറയുന്നു.

എന്നാല്‍ ഇതിനെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നമായി കാണേണ്ടതില്ല എന്നാണ് സ്ഥലം കൌണ്‍സിലര്‍ സുനില്‍ യാദവ് അഭിപ്രായപ്പെടുന്നത്. യുവാക്കള്‍ തമ്മിലുള്ള മത്സരം അതിര് വിട്ടതാണ് ഇത് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍