മനുഷ്യ ദൈവമായ ആശാറാം ബാപ്പുവിനെതിരായ ബലാല്‍സംഗ കേസിലെ മുഖ്യ സാക്ഷിയായിരുന്ന കൃപാല്‍ സിംഗ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം ഉത്തരപ്രദേശിലെ ഷാജഹാന്‍പൂരില്‍ വച്ച് വെടിയേറ്റ് ഇദ്ദേഹം ചികിത്സയിലായിരുന്നു. ബൈക്കിലെത്തിയ രണ്ടുപേര്‍ പിന്നില്‍ നിന്ന് കൃപാലിനെ വെടിവയ്ക്കുകയായിരുന്നു. ആസാറാം ബാപുവിന് എതിരായി മൊഴി നല്കിയാല് വെറുതെ വിടില്ലെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ബൈക്കോടിച്ചു പോയി. ചന്തയില്‍ നിന്നും കൃപാല്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം.
74കാരനായ ആശാറാം ബാപു 16കാരിയെ പീഡിപ്പിച്ചുവെന്നതാണ് കേസ്. കൃപാലിന് ഭീഷണി നിലനിന്നിരുന്നുവെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. കേസിലെ മറ്റു സാക്ഷികള്‍ക്ക് നേരേയും ഭീഷണിയും ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. 2013 സെപ്തംബര്‍ മുതല്‍ ആസാറാം ജോധ്പൂരിലെ ജയിലിലാണ്. ഗുജറാത്തിലെ ബാപുവിന്റെ ആശ്രമത്തില്‍ വച്ച് രണ്ട് സഹോദരിമാരെ പീഡിപ്പിച്ചുവെന്ന കേസില്‍ ബാപുവിന്റെ മകന് നാരായണന് സായിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇരുവരും ജയിലില്‍ കഴിയവേ ഒമ്പത് സാക്ഷികള്‍ക്കുനേരേ ആക്രമണം ഉണ്ടാകുകയും രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.