UPDATES

ആശാന്‍ പുരസ്‌കാരം സിറിയന്‍-ലബനീസ് കവി അഡോണിസിന്

അഴിമുഖം പ്രതിനിധി

ഈ വര്‍ഷത്തെ ആശാന്‍ വിശ്വപുരസ്‌കാരം സിറിയന്‍-ലബനീസ് കവി അഡോണിസിന്. മൂന്നുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം മേയ് മൂന്നിന് കായിക്കരയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ജൂറി ചെയര്‍മാന്‍ കെ.ജയകുമാര്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മൂന്നുവര്‍ഷം കൂടുമ്പോഴുള്ള ആശാന്‍പുരസ്‌കാരം 2012ല്‍ പ്യൂട്ടോറിക്കന്‍ കുടിയേറ്റ കവി ജാക് അഗ്യൂറോസിനാണ് ലഭിച്ചത്. 1981ലാണ് കുമാരനാശാന്റെ പേരില്‍ സാര്‍വദേശീയ കവിതാപുരസ്‌കാര പദ്ധതിക്ക് തുടക്കമിട്ടത്. കവിതയ്ക്ക് മാത്രമായി ഇന്ത്യയില്‍ നിന്നുള്ള ഏക സാഹിത്യ സമ്മാനമാണ് ആശാന്‍ പുരസ്‌കാരം. കായിക്കരയിലെ ആശാന്‍ മെമ്മോറിയില്‍ അസോസിയേഷന്‍ നല്‍കിവരുന്ന പുരസ്‌കാരം മലയാളത്തില്‍ കമലാദാസിന് മാത്രമാണ് ലഭിച്ചിട്ടുള്ളത്.

പുരസ്‌കാര സമര്‍പ്പണം ജനകീയോത്സവമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. പുരസ്‌കാരസമര്‍പണത്തിന്റെ ഭാഗമായി സംസ്ഥാന തല എണ്ണച്ഛായ ചിത്രരചനാ മത്സരം, ഏകാങ്കനാടക മത്സരം, സാഹിത്യ ശില്‍പശാല, അക്കാദമിക സെമിനാര്‍, സാംസ്‌കാരിക സംവാദ സദസ്സ്, ആശാന്‍ യുവകവി പുരസ്‌കാരം, സാഗരോദ്യാന സമര്‍പ്പണം എന്നിവ നടക്കും.

അലി അഹമ്മദ് സെയ്ദ് എസ്ബര്‍ എന്നാണ് അഡോണിസിന്റെ മുഴുവന്‍ പേര്. 1930ല്‍ സിറിയയില്‍ ജനനം. സിറിയന്‍ ,സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ തടവറക്കുള്ളിലായി. 1976ല്‍ ഡമാസ്‌ക്കസ് സര്‍വകലാശാലയില്‍ വിസിറ്റിംങ് പ്രൊഫസര്‍. സ്വന്തം രാജ്യത്ത് ഭീഷണി നിലനില്‍ക്കുതിനാല്‍ 1986ല്‍ പാരീസിലേക്ക് കുടിയേറി. കുമാരനാശാന്റെ കവിതകളിലേതുപോലെ മാനവികതയും മിസ്റ്റിസിസവും ഇഴചേരുന്നതാണ് അഡോണിസിന്റേയും കവിതകള്‍ എന്ന് ജയകുമാര്‍ പറഞ്ഞു.

കെ.ജയകുമാറിന് പുറമേ ഡോ.എം.എം.ബഷീര്‍, ഡോ.ടി.പി.രാജീവന്‍ തുടങ്ങിയവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ ആശാന്‍ മെമ്മോറിയില്‍ അസോസിയേഷന്‍ സെക്രട്ടറി എസ്.ശശാങ്കന്‍, പ്രൊഫ.എസ്.സുധീഷ്, ഡോ.ആര്‍.മോഹന്‍കുമാര്‍, ഡോ.ബി.ഭുവനചന്ദ്രന്‍, വി.ലൈജു എിവര്‍ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍