UPDATES

സിനിമ

അഷറഫ്, ചലച്ചിത്രമേളയുടെ സ്വന്തം ഓട്ടോ ചേട്ടന്‍

Avatar

വിഷ്ണു എസ് വിജയന്‍

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയ്‌ക്കെത്തുന്നവര്‍ക്ക് ഏറെ പരിചിതനായൊരു ഓട്ടോറിക്ഷ ഡ്രൈവറുണ്ട്. ദീര്‍ഘനാളത്തെ പരിചയും സൗഹൃദവും ചേര്‍ന്ന് ആ ഡ്രൈവര്‍ക്ക് ഒരു വിളിപ്പേരും സിനിമാസ്വാദകര്‍ നല്‍കിയിട്ടുണ്ട്; ഓട്ടോ ചേട്ടന്‍. അഷറഫ് പാലമേല്‍ എന്ന ഈ ഓട്ടോച്ചേട്ടന്‍ പക്ഷെ സവാരിക്ക് പോകേണ്ടവരെ കാത്ത് കിടക്കുന്ന വെറുമൊരു ഓട്ടോഡ്രവര്‍ അല്ല. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഐ എഫ് എഫ് കെയുടെ സ്ഥിരം പ്രേക്ഷകനാണ്, ഔദ്യോഗിക ഡ്രൈവറും. അതിനുമപ്പുറം സിനിമയുമായി ബന്ധമുള്ളൊരു കലാകാരനും. സിനിമയില പഴയ കലാസംവിധാന സഹായി.

ടാഗോര്‍ തിയേറ്ററിനു മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന തന്റെ ഓട്ടോയില്‍ ഇരുന്നാണ് അഷറഫ് പഴയകാലത്തിന്റെ റീലുകള്‍ നിവര്‍ത്തിയത്.

ഏഴാം വയസില്‍ മദിരാശിക്കു വണ്ടി കയറി. അന്ന് മദിരാശി എന്നാല്‍ സിനിമ നഗരമാണെന്നൊന്നും അറിയില്ല. പട്ടിണി കിടക്കാതെ ജീവിക്കണം, അതായിരുന്നു ലക്ഷ്യം. മദ്രാസിലെ ഒരു സ്വാമിയുടെ ഹോട്ടലില്‍ സപ്ലെയര്‍ ആയി ജീവിതം ആരംഭിച്ചു. ആ ജോലിക്ക് അഷറഫിന് വാങ്ങിക്കൊടുക്കുന്നത് ഒരു സിനിമാക്കാരനായിരുന്നു. കല്ലയം കൃഷ്ണദാസ്. കൃഷ്ണദാസ് അന്ന് സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ്. ആ പരിചയം തന്നെയാണ് അഷറഫിനെയും ഒരു സിനിമാനടന്‍ ആക്കുന്നത്. ആദ്യവേഷം ബാലനടനായി. ആദ്യമായി അഭിനയിച്ച സിനിമ ജോണ്‍ എബ്രഹാമിന്റെ വിദ്യാര്‍ത്ഥികളെ ഇതിലേ ഇതിലേ… രണ്ടാമതൊരിക്കല്‍ കൂടി അഷറഫ് ജോണിന്റെ പടത്തില്‍ അഭിനിയിച്ചു; അഗ്രഹാരത്തില്‍ കഴുതൈ. ഇങ്ങനെ സിനിമ എടുക്കുന്ന ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല; ജോണ്‍ എബ്രഹാമിനെപ്പറ്റി ചോദിച്ചാല്‍ അഷറഫ് എന്നും അത്ഭുതത്തോടെ പറയുന്നൊരു കാര്യമിതാണ്. അങ്ങേരെപ്പോലെ അങ്ങേര്‍ക്കേപ്പറ്റൂ; തമിഴ് ചുവകലര്‍ന്ന തിരുവനന്തപുരം മലയാളത്തില്‍ അഷറഫ് സാക്ഷ്യപ്പെടുത്തുന്നു.

ജോണിന്റെ സിനിമകള്‍ക്ക് ശേഷം ബാലനടന്റെ വേഷങ്ങള്‍ പിന്നെയും അഷറഫിനെ തേടിവന്നൂ. നൃത്തശാല, ഇന്റര്‍വ്യൂ തുടങ്ങി പലതിലും അഷറഫ് അഭിനയിച്ചു. പക്ഷേ മുതിര്‍ന്നപ്പോള്‍ അഷറഫ് ഒരു സത്യം മനസ്സിലാക്കി, ഈ കളി തനിക്കൊരു ജീവിതം ഉണ്ടാക്കി തരാന്‍ പോകുന്നില്ല. എന്നാലും സിനിമയില്‍ നിന്നു മാറാന്‍ തയ്യാറായില്ല, സിനിമയിലെ തന്നെ മറ്റൊരു രംഗത്തേക്ക് ചുവടുമാറ്റി. കലാസംവിധാനരംഗത്തേക്ക്. അവിടെ സഹായിയായി കൂടി. ആദ്യമൊക്കെ വലിയ പാടായിരുന്നു. തൂണിലൊക്കെ വലിഞ്ഞു കയറണം, എടുത്താല്‍ പൊങ്ങാത്ത ഭാരം ചുമക്കണം. ജീവനും കൈയില്‍ പിടിച്ചുകൊണ്ടുള്ള പണിയായിരുന്നു. ഇന്നത്തെ ടെക്നോളജിയൊന്നും ഇല്ലല്ലോ, ഓട്ടോയുടെ സൈഡ് മിറര്‍ നേരെയാക്കി കൊണ്ട് അഷറഫ് പറഞ്ഞു.

പിന്നീട് അങ്ങോട്ട് സിനിമാസെറ്റുകളില്‍ ആയിരുന്നു ജീവിതം. അങ്ങനെയാണ് 1971 ല്‍ സെറ്റ് ജീവനക്കാര്‍ക്കു വേണ്ടി യൂണിയന്‍ ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചു. ആ ഉദ്യമം ലക്ഷ്യത്തിലെത്തിയെങ്കിലും അഷറഫ് വ്യഥയോടെയാണ് ആ കാര്യങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുന്നത്; സ്ഥാപകരെയെല്ലാം അവരങ്ങു മറന്നുപോയി. തിരസ്‌കാരത്തിന്റ കയ്പ്പുനീര്‍ കുടിച്ചവന്റെ ആത്മദുഖം ആ മുഖത്ത് പടര്‍ന്നു.

യൂണിയന്‍ വന്നശേഷമാണ് പതിനാറു മണിക്കൂര്‍ ജോലി എന്നത് എട്ടുമണിക്കൂര്‍ ആക്കി നിജപ്പെടുത്തിയത്. ദിവസക്കൂലിക്കായി പത്തുരൂപയും കിട്ടി. സഹജീവികളുടെ ക്ഷേമത്തിനായി ഇറങ്ങി തിരിച്ചപ്പോഴും പട്ടിണിയും ദാരിദ്ര്യവും ഒപ്പം കൂടെയുണ്ടായിരുന്നു. നാട്ടിലുള്ള ഉമ്മയെ കുറിച്ചോര്‍ത്തപ്പോള്‍ ജീവിതം ഒരു കരയ്ക്കടുപ്പിക്കേണ്ടതിന്റെ ആവശ്യകത അഷറഫിന് ബോധ്യമായി. അങ്ങനെയാണ് കടല്‍ കടക്കാന്‍ തീരുമാനിക്കുന്നത്. നാട്ടിലെ പുരയിടം വിറ്റുകിട്ടിയ കാശുമായി ഗള്‍ഫിലേക്ക്. ബോംബെയില്‍ നിന്നു പതിനൊന്നു പേരുമായി ഒരു ലോഞ്ചിലായിരുന്നു മണലാരണ്യത്തിലേക്കുള്ള യാത്ര. ഏഴു ദിവസമാണ് കടലില്‍ അലഞ്ഞത്. ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്നറിയില്ല. ഏഴിന്റന്നാണ് കര കാണുന്നത്. കപ്പല്‍ കരയിലോട്ട് അടുക്കില്ല, കര പിടിക്കാന്‍ നീന്തുക, ലോഞ്ചിലുള്ളവര്‍ ആവശ്യപ്പെട്ടു. മനസില്‍ ഒരുപാട് സ്വപ്‌നങ്ങളും നിറച്ച് ഉപ്പുവെള്ളത്തിന്റെ കട്ടി വകഞ്ഞുമാറ്റി ഞങ്ങള്‍ നീന്തി. പക്ഷേ പിന്നീടുള്ള കാര്യം മലയാളി മറക്കാത്തൊരു സിനിമയുടെ കഥപോലെയായിരുന്നു. ഞങ്ങള്‍ എത്തിയത് ഗള്‍ഫില്‍ ആയിരുന്നില്ല. മുന്നില്‍ കണ്ടത് അണ്ണ സദക്കം! എത്തിയിരിക്കുന്നത് ഗള്‍ഫില്‍ അല്ലെന്നും മദ്രാസില്‍ ആണെന്നും മനസ്സിലായി. ഇത് ഞാന്‍ ഉണ്ടാക്കി പറഞ്ഞ കഥയല്ല, കടലു നീന്തി കടന്നെത്തിയ മദ്രാസ് ഗള്‍ഫ് ആക്കി മാറ്റിയവര്‍ ഒന്നോരണ്ടോ അല്ല ഒത്തിരിയുണ്ട്.

ഒരര്‍ത്ഥത്തില്‍ സിനിമയില്‍ നിന്നു ജീവിതം തേടിപ്പോയ അഷറഫിനെ വിധി വീണ്ടും സിനിമയിലേക്കു തന്നെ കൊണ്ടു വരികയായിരുന്നു. മദ്രാസിലേക്കുള്ള രണ്ടാം വരവിലും അഷറഫ് ജീവിതോപാധിയായി സിനിമയെ തന്നെ കണ്ടു. വീണ്ടും കലാസംവിധാന സഹായിയുടെ കുപ്പായം എടുത്തിട്ടു. സിനിമ കൈയില്‍ ഉള്ളതുകൊണ്ട് പട്ടിണി കിടക്കേണ്ടി വന്നില്ല; അഷറഫ് പറഞ്ഞു. ആ വേഷം പ്രിയദര്‍ശന്റെ വന്ദനം വരെ നീണ്ടു. ആകസ്മികമായിരുന്നു ആ വിടവാങ്ങല്‍. സെറ്റ് വര്‍ക്കിനിടയ്ക്ക് ഉണ്ടായ വീഴ്ച്ച ശരീരം തളര്‍ത്തി. ജോലി ചെയ്യാന്‍ വയ്യാതായതോടെ കേരളത്തിലേക്കു മടങ്ങി. 

ഇവിടെയെത്തിയശേഷം അണിഞ്ഞ വേഷമാണ് ഈ ഓട്ടോ ഡ്രൈവറുടെത്. ജീവിതവുമായി പുതിയ ഓട്ടം തുടരുമ്പോഴാണ് യാദൃശ്ചികമായി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമാകുന്നത്. ഫെസ്റ്റിവല്‍ ബുക്ക് വില്‍ക്കുന്ന ചെറിയ ജോലി തരപ്പെട്ടു. അഞ്ചാമത്തെ ഫെസ്റ്റിവലായിരുന്നു അത്. ഏഴാം വര്‍ഷമായപ്പോള്‍ ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഓട്ടോഡ്രൈവറാക്കി. അക്കാലങ്ങളില്‍ ഫിലിം പെട്ടികള്‍ കൊണ്ടുവരുന്നതു മുതല്‍ സംവിധായകരെയും ഡലിഗേറ്റുകളെയും കൊണ്ടുവരുന്നതിന്റെ ഉത്തരവാദിത്വം ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ കാലം മാറി, കാഴ്ച്ചകളും; അര്‍ദ്ധവിരാമത്തില്‍ സംഭാഷണം നിര്‍ത്തി അഷറഫ് തന്റെ ഉത്തരവാദിത്വത്തിലേക്ക് ഗിയര്‍ ചെയ്ഞ്ചു ചെയ്തു.

(അഴിമുഖം റിപ്പോര്‍ട്ടര്‍ ട്രയിനിയാണ് ലേഖകന്‍)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍