അഴിമുഖം പ്രതിനിധി
ഇന്ത്യന്‍ ജനതയെ ആഴത്തില്‍ സ്വാധീനിച്ച വ്യക്തിത്വങ്ങളെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്യുന്ന പ്രവണത തുടര്‍ന്നു വരികയാണെന്ന് പ്രമുഖ രാഷ്ട്രീയ ചിന്തകനായ ആശിഷ് നന്ദി. “ഇന്ത്യന്‍ ജനതയെ ഏറ്റവും ആഴത്തില്‍ സ്വാധീനിച്ച വ്യക്തിത്വമാണ് ഗാന്ധിജി. അദ്ദേഹത്തിന്റെ പൈതൃകം വിവിധ തലങ്ങളില്‍ നേടിയെടുക്കാന്‍ രാഷ്ട്രീയ സമൂഹം ശ്രമിച്ചിട്ടുണ്ട്”, ആശിഷ് നന്ദി പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ലെറ്റ്‌സ് ടോക്ക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആശിഷ് നന്ദി.
ഗാന്ധിജിയുടെ വിവിധ പ്രതിഛായകളില്‍ നിന്നും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് ഉള്‍ക്കാഴ്ചയാണ് ലഭിക്കുന്നതെന്ന് പ്രമുഖ ഗാന്ധിയന്‍ ചിന്തകന്‍ പ്രൊഫ. വിനയ് ലാല്‍ ആമുഖമായി ചോദിച്ചു. മരണത്തിന് ഏഴുപതിറ്റാണ്ടിനു ശേഷവും മോഹന്‍ദാസ് ഗാന്ധിയെന്ന വ്യക്തിത്വം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബിംബമായി നിലനില്‍ക്കുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, ദളിത്-സാമൂഹ്യ-മത സംഘടനകള്‍ എന്നിവ അവരുടെ ദര്‍ശനങ്ങള്‍ ഗാന്ധിസവുമായി ഇടകലര്‍ത്താന്‍ ശ്രമിച്ചിരുന്നു. നളന്ദയിലെ ബുദ്ധസാദൃശ്യമുള്ള ഗാന്ധി പ്രതിമയാണ് വിനയ് ലാല്‍ അതിന്റെ ഉദാഹരണമായി എടുത്തുകാട്ടിയത്.
സിനിമകളും ഗാന്ധി ചിത്രങ്ങളില്ലാതെ പൂര്‍ണമാവുകയില്ല. 1950 മുതല്‍ ഒട്ടു മിക്ക എല്ലാ ഇന്ത്യന്‍ സിനിമകളിലും ഗാന്ധിയുടെ ഏതെങ്കിലും ഒരു ദൃശ്യമുണ്ടാകുമെന്നും വിനയ് ലാല്‍ സമര്‍ത്ഥിച്ചു. ആര്‍ കെ ലക്ഷ്മണിന്റെ കാര്‍ട്ടൂണുകളിലും ഗാന്ധി ഒരു പ്രധാന കഥാപാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത ആര്‍ട്ടിസ്റ്റും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറിയുമായ റിയാസ് കോമു പരിപാടിയില്‍ പങ്കെടുത്തു. കൊച്ചി ബിനാലെ ഫൗണ്ടേഷനും പണ്ഡിത കൂട്ടായ്മയായ ബാക് വാട്ടേഴ്‌സ കളക്ടീവ് ഓണ്‍ മെറ്റാ ഫിസിക്‌സ് ആന്‍ഡ് പൊളിറ്റിക്‌സ്, കിരണ്‍ നാടാര്‍ മ്യൂസിയം ഓഫ് ആര്‍ട്ട് എന്നിവയും സംയുക്തമായാണ് ചര്‍ച്ച സംഘടിപ്പിച്ചത്.