UPDATES

സജിന്‍ പി.ജെ

കാഴ്ചപ്പാട്

സജിന്‍ പി.ജെ

യാത്ര

അശോക് എന്ന മുതുവാന്‍ കവിയുടെ ജീവിതം

അശോക് മറയൂര്‍ എന്ന പേര് മലയാള കവിതയുടെ മറ്റൊരു പേരാണ്. അല്ലെങ്കില്‍ ആകണം, തീര്‍ച്ച. ഞാന്‍ അശോകിനെ പരിചയപ്പെടുന്നത് കൂട്ടുകാരന്‍ സുരേഷ് വഴിയാണ്. തനിക്ക് അശോക് എന്ന പേരില്‍ ഒരു ഫേസ്ബുക്ക് സുഹൃത്തുണ്ടെന്നും അയാളുടെ കവിതകള്‍ വായിക്കാന്‍ രസമുണ്ടെന്നും സുരേഷ് പറഞ്ഞതനുസരിച്ചാണ് ഞാന്‍ അയാളെ എഫ്.ബിയില്‍ തിരയുന്നത്. പിന്നെ പലപ്പോഴായി ഞങ്ങള്‍ സംസാരിച്ചു. ഇടമലക്കുടിയിലെ ട്രൈബല്‍ പ്രൊമോട്ടര്‍ ആയിട്ടാണ് അശോക് ജോലി നോക്കുന്നത് എന്നറിഞ്ഞപ്പോള്‍ അവിടുത്തെ മനുഷ്യജീവിതങ്ങളെ അടുത്തറിയാന്‍ കാലങ്ങളായിട്ടുള്ള എന്റെ ആഗ്രഹം ഞാന്‍ അയാളോട് പറഞ്ഞു. ഇതിനിടയില്‍ അഴിമുഖത്തിലെ എന്റെ ലേഖനങ്ങള്‍ വായിച്ചിരുന്നതിനാല്‍ തനിക്കറിയാവുന്ന കുറെ ജീവിതങ്ങളെക്കുറിച്ച് അശോക് എന്നോട് പറയുകയും ചെയ്തിരുന്നു. ഇടമലക്കുടിയിലെ മനുഷ്യരെ കാണാനാണ് ഞാനും സുരേഷും കൂടി കഴിഞ്ഞ മാസം പത്താം തീയതി മൂന്നാറിലേയ്ക്ക് പോയത്. അശോക് ഞങ്ങളെ കാത്ത് മൂന്നാറില്‍ നിന്നിരുന്നു. ഫോറസ്റ്റുകാരുടെ അനുവാദമില്ലാതെ കേരളത്തിലെ ഏക ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയിലേയ്ക്ക് പ്രവേശനം സാധ്യമല്ല. ഇതൊരു വിരോധാഭാസമാണ്. കേരളത്തിലെ തന്നെ മറ്റേതൊരു പഞ്ചായത്തും സന്ദര്‍ശിക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ലെന്നിരിക്കെ ഇടമലക്കുടിയും അവിടുത്തെ ജീവിതങ്ങളും ഭരണകൂടം എന്തിനിങ്ങനെ പൊതിഞ്ഞു പിടിക്കണം? ഉത്തരം ലളിതമാണ്. മറച്ചുവെക്കാന്‍ ഒരുപാടുണ്ടവിവിടെ. അതു വേറെ ഒരു കഥയാണ്. അതേക്കുറിച്ച് വേറെ തന്നെ എഴുതാം.

ഞാനും അശോകും സുരേഷും കൂടി മൂന്നാറിലെ എല്ലാ ഫോറസ്റ്റ് ഓഫീസുകളും കയറിയിറങ്ങി. നേരത്തെ തന്നെ അനുവാദം ചോദിച്ചുകൊണ്ട് ഞാനൊരു മെയില്‍ അയാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അതിനു കഴിഞ്ഞിരുന്നില്ല. പോരാത്തതിനു അസംബ്ലി ഇലക്ഷന്‍ നടക്കാന്‍ പോകുന്നതിന്റെ അങ്കലാപ്പുകളും. എന്തായാലും ഞങ്ങളുടെ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടു. ഇതിനിടയിടയില്‍ വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ എന്റെ പഴയകാല സുഹൃത്ത് കുമാറിനെ ദേവികുളം ഫോറസ്റ്റ് ഓഫീസില്‍ വച്ച് കണ്ടുമുട്ടി. ഞങ്ങളുടെ വരവിന്റെ ഉദ്ദേശ്യം വ്യക്തമാക്കിയപ്പോള്‍ അടുത്ത വരവിന് ഇടമലക്കുടിയിലേയ്ക്കുള്ള യത്ര തരപ്പെടുത്തി തരാം എന്ന് കുമാര്‍ ഉറപ്പു തന്നു. നേരം നന്നേ വൈകിയിരുന്നു. മഴ ഇടിച്ചുകുത്തി പെയ്യുകയാണ്. മടക്കയാത്ര ഇന്നിനി നടക്കില്ല. എന്തു ചെയ്യണം എന്നറിയാതെ നിന്നപ്പോള്‍ കുമാര്‍ ആണ് അവന്റെ പരിചയത്തിലുള്ള ആളെ വിളിച്ച് റൂം തരപ്പെടുത്തിയത്. രാത്രി ആ ഒറ്റമുറിയില്‍ നേരം വെളുക്കുവോളം ഞാന്‍ അശോകിനോട് സംസാരിച്ചു. അയാള്‍ ആദ്യമൊക്കെ സ്വയം തുറക്കാന്‍ വിസ്സമ്മതിച്ചെങ്കിലും പിന്നീട് പുറത്തെ മഴയുടെ താളത്തില്‍, ചിലപ്പോള്‍ കാറ്റിന്റെ വേഗതയില്‍, മറ്റു ചിലപ്പോള്‍ ഇരുട്ടിന്റെ കനത്തില്‍ സ്വന്തം ജീവിതകഥ എനിക്കു പറഞ്ഞു തന്നു.

അശോക് മറയൂര്‍ എന്ന അശോകമണിയുടെ ജീവിതം മൂന്നാറിന്റെയും മറയൂരിന്റെയും ചിന്നാറിന്റെയും നിമ്‌നോന്നതങ്ങളില്‍ ചെന്നു തിരഞ്ഞാലേ കണ്ടെടുക്കാനാവൂ. അവിടങ്ങളിലേയ്ക്കാണ് സംസാരിച്ചു തുടങ്ങിയപ്പോള്‍ അശോക് എന്നെ കൂട്ടിക്കൊണ്ടു പോയത്. കാടിനുള്ളിലെ നിഗൂഡമായ അള്ളുകളില്‍ സ്വയം ഒളിപ്പിച്ചുവെച്ചിരുന്ന ഒരു നദി ഉറവപൊട്ടുന്നതിന്റെ ശാന്തതയോടെയാണ് അയാള്‍ പറഞ്ഞു തുടങ്ങിയത്. മറയൂരിലെ കുണ്ടള ആദിവാസി കോളനിയില്‍ ശിവനും മല്ലികയ്ക്കും മൂന്നാമത്തെ മകനായി അശോക് ജനിക്കുന്നത് 1988-ലാണ്. മുന്‍പ് ഇവിടം എലുമ്പള എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷുകാര്‍ വന്നതിനു ശേഷമാണ് കുണ്ടള എന്നറിയപ്പെടാന്‍ തുടങ്ങിയത്. അള എന്നാല്‍ ഗുഹ എന്നര്‍ത്ഥം. പണ്ട് വസൂരിക്കാലത്ത് ഒരു കുഞ്ഞിനേയും തള്ളയേയും പായില്‍ പൊതിഞ്ഞ് അളയില്‍ തള്ളിയ സ്ഥലം, അവിടമാണ് എലുമ്പള. അശോക് പ്ലസ് ടു വരെ പഠിച്ചിട്ടുണ്ട്. പിന്നീട് കുറച്ചുനാള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സിനു പോയി. ഫീസ് അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. തന്റെ വിദ്യാഭ്യാസ കാലത്തെക്കുറിച്ച് അശോകിന് ഒരുപാടു പറയാനുണ്ടായിരുന്നു. കുടിയിലെ മറ്റു കുട്ടികള്‍ ആരും തന്നെ സ്‌കൂളില്‍ പോകാന്‍ കൂട്ടാക്കാതിരുന്ന കാലത്ത് അശോകും സഹോദരങ്ങളും പള്ളിക്കൂടത്തിലേയ്ക്ക് പോയതിന്റെ ഒരേയൊരു കാരണം അവരുടെ അച്ഛന്‍ ശിവന്‍ ആയിരുന്നു. ശിവന്റെ യഥാര്‍ത്ഥ പേര് സ്റ്റീഫന്‍ എന്നാണ്. സ്റ്റീഫന്റെ മുത്തച്ഛന്‍ ഡേവിഡ് വിന്‍സന്റ് മൂന്നാറില്‍ തേയിലത്തോട്ടത്തില്‍ റൈട്ടറായിട്ട് വന്നതാണ്. അയാളുടെ മകന്‍ എഡ്‌വേര്‍ഡിന്റെ അഞ്ചാമത്തെ മകനാണ് സ്റ്റീഫന്‍ എന്ന ശിവന്‍. ശിവന്‍ പത്താം ക്ലാസ്സ് ജയിച്ച ആളാണ്. അയാളുടെ അച്ഛനും മുത്തച്ഛനും കാറും ഡബില്‍ ബാരല്‍ തോക്കും സ്വന്തമായുണ്ടായിരുന്നു. അവരുടെ എസ്റ്റേറ്റില്‍ കൂലിപ്പണിക്കുവന്ന ഒരു ആദിവാസി പെണ്ണായിരുന്നു ശിവന്റെ അമ്മ. അവരെ തോക്കു ചൂണ്ടി ഭയപ്പെടുത്തി സ്വന്തമാക്കിയതാണ് ശിവന്റെ അച്ഛന്‍. അയാളുടെ ബന്ധുക്കളെല്ലാം ഇപ്പോള്‍ നല്ല നിലയിലാണ്. ചിലര്‍ വിദേശരാജ്യങ്ങളില്‍ പോലും ഉണ്ട്. പിന്നെങ്ങനെ ശിവന്‍ മാത്രം ഇടമലക്കുടിയില്‍ ചെന്നുപെട്ടു?

 

 

പത്താം ക്ലാസ്സ് പഠനം കഴിഞ്ഞ സമയത്താണ് താന്‍ അനുഭവിക്കുന്ന സ്വത്തുക്കള്‍ മുഴുവനും തങ്ങളുടെ തന്നെ പുരയിടത്തിലും എസ്റ്റേറ്റിലും പണിയെടുക്കുന്ന ആദിവാസികളുടേതാണെന്ന് ശിവന് മനസ്സിലാവുന്നത്. അങ്ങനെ വീടു വിട്ടിറങ്ങി. ആ യാത്ര അവസാനിക്കുന്നത് ഇടമലക്കുടിയിലാണ്. അവിടെ വെച്ചാണ് മല്ലികയെ കാണുന്നത്. അവള്‍ ‘പുതപ്പുകെട്ടി’ നടന്നിരുന്ന കാലമാണത്. ആദിവസികള്‍ ഇന്നത്തെപ്പോലെ സാരിയൊന്നും അന്നുടുത്തിരുന്നില്ല. കട്ടിയുള്ള ഒരു പുതപ്പുകൊണ്ട് നാണം മറയ്ക്കും. അതിനാണ് പുതപ്പുകെട്ടുക എന്നു പറയുന്നത്. മല്ലികയെ ശിവന്‍ പ്രണയിച്ചു. പക്ഷെ ശിവന്റേത് ഊരുവിലക്കുള്ള കുടുംബമായിരുന്നു. അയാളുടെ മുത്തശ്ശി ജാതിക്കു പുറത്ത് ഒരു ക്രിസ്ത്യാനിയെ കല്യാണം കഴിച്ചതുകൊണ്ട് മല്ലികയെ സ്വന്തമാക്കുക ഒരുവിധത്തിലും സാധ്യമായിരുന്നില്ല. പക്ഷെ അവര്‍ ഒളിച്ചോടി വിവാഹം കഴിച്ചു. പിന്നേയും ഊരുവിലക്ക്. ഇടമലക്കുടിയില്‍ നിന്നും ശിവനും മല്ലികയും കുണ്ടളയില്‍ ചെന്നു. അവിടെയും ഊരുവിലക്കുണ്ടായിരുന്നതിനാല്‍ കുടിക്കുവെളിയില്‍ ആനക്കാട്ടില്‍ ഒരു കുടില്‍ കെട്ടി താമസം തുടങ്ങി. അവര്‍ക്ക് മൂന്നു കുട്ടികളും പിറന്നു. ശിവന് പഠനത്തിന്റെ വില നന്നായി അറിയാമായിരുന്നു. അതുകൊണ്ടു തന്നെ കുട്ടികളെ എല്ലാവരെയും പഠിക്കാന്‍ അയച്ചു. പക്ഷെ ശിവന്റെ മക്കള്‍ക്ക് വ്യവസ്ഥാപിത പഠനസമ്പ്രദായത്തിന്റെ എലുകകള്‍ക്കുള്ളില്‍ ജീവിതം അത്ര സുഖകരമായിരുന്നില്ല. ഒരു നാട്ടുമ്പുറത്തുകാരന്റെ കുട്ടിയെപ്പോലും വരിഞ്ഞുകെട്ടി പീഡിപ്പിക്കുന്ന നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ ഒരു കാട്ടുമ്പുറത്തുകാരനോട് എങ്ങനെയാവും പെരുമാറുക എന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളല്ലോ!

എല്‍.പി സ്‌കൂള്‍ പഠനത്തിനായി അശോകിനെ ചേര്‍ക്കുന്നത് കുടിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ പുതുക്കുടി സ്‌കൂളിലാണ്. അവിടെ ചേട്ടനും ചേച്ചിയും പഠിക്കുന്നുണ്ടായിരുന്നു. മൂന്നാം വയസ്സിലാണ് ആദ്യമായി സ്‌കൂളില്‍ പോകുന്നത്. അടുത്ത വര്‍ഷം രണ്ടാം ക്ലാസ്സിലേയ്ക്ക് ജയിച്ചപ്പോള്‍ ചേട്ടനും ചേച്ചിയും ആറുകിലോമീറ്റര്‍ അകലെ കുണ്ടള യു.പി സ്‌കൂളിലേയ്ക്കു മാറി. ഈ സമയത്ത് ചേട്ടന് മറയൂര്‍ ട്രൈബല്‍ ഹോസ്റ്റലില്‍ അഡ്മിഷനും കിട്ടി. ചേച്ചിക്ക് മറയൂര്‍ ഗേള്‍സ് ഹോസ്റ്റലിലും. അങ്ങനെ പിന്നീടുള്ള സ്‌കൂള്‍ യാത്രകള്‍ ഒറ്റയ്ക്കായി. അശോക് എന്ന് തമിഴില്‍ എഴുതിയിട്ടുള്ള തൂക്കുപാത്രവും മഴ നനയാതിരിക്കാന്‍ പ്ലാസ്റ്റിക്കുമൊക്കെയായി തനിച്ചുള്ള നടത്തങ്ങള്‍. അഞ്ചാമത്തെ വയസ്സില്‍ മൂന്നാം ക്ലാസ്സിലേയ്ക്കു ജയിച്ചെങ്കിലും പള്ളിക്കൂടത്തില്‍ പോകാന്‍ മടിയായി. രാവിലെ സ്‌കൂളിലേയ്ക്കെന്നും പറഞ്ഞ് ഇറങ്ങിയിട്ട് അടുത്തുള്ള കാട്ടില്‍ പോയിരിക്കും. അച്ഛനും അമ്മയും കൂലിപ്പണിക്കു പോയിക്കഴിഞ്ഞാല്‍ തിരിയെ വീട്ടില്‍ വരും. അക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്‍ റേഡിയോ ആയിരുന്നെന്ന് അശോക് ഓര്‍ക്കുന്നു. രാവിലെ പത്തുമണി വരെ റേഡിയോയില്‍ തമിഴ് പാട്ടുണ്ട്. പത്തുമണിക്ക് സ്റ്റേഷന്‍ പൂട്ടും. പിന്നെ പന്ത്രണ്ട് മണിക്ക് മലയാളം പരിപാടികള്‍ തുടങ്ങും. കുട്ടിക്കാലത്തെ മറ്റൊരു പ്രധാനപ്പെട്ട വിനോദം ഐസ് ഉണ്ടാക്കലാണ്. രാത്രിയില്‍ ഒരു സ്റ്റീല്‍ പാത്രം നിറയെ വെള്ളം മുറ്റത്തു വെക്കും. രാവിലെ ആകുമ്പോള്‍ അത് ഐസ് ആയി മാറും. ”അക്കാലത്തെ എല്ലാ കുട്ടികളുടെയും ഹോബി അതായിരുന്നു. മരം വെട്ടുന്ന കോടാലിക്കാണ് ഐസ് പൊട്ടിക്കുക. അരാണ് ഏറ്റവും കൂടുതല്‍ ഐസ് ഉണ്ടാക്കുന്നത് എന്നതായിരുന്നു പ്രധാനം. ഞാന്‍ നാലു പാത്രം ഐസ് വരെ ഉണ്ടാക്കുമായിരുന്നു.”

അശോക് ഇതു പറയുമ്പോള്‍ ഞാന്‍ ഇക്കാലത്തെ മറയൂരിനെക്കുറിച്ച് ഓര്‍ത്തു. ഇപ്പോള്‍ അവിടെ ഇങ്ങനെ ഐസ് ഉണ്ടാക്കാന്‍ കുട്ടികള്‍ക്ക് കഴിയുമോ? മൂന്നാറില്‍ മൈനസ് ഡിഗ്രിവരെ താപനില താഴുന്നത് ഇപ്പോഴും പതിവാണ്. എന്നാല്‍ അവിടെ നിന്നും 42 കിലോമീറ്റര്‍ അകലെയുള്ള മറയൂര്‍ അത്രയ്ക്കൊന്നും കുളിരുന്നില്ല. അശോകും കൂട്ടുകാരും ഐസ് ഉണ്ടാക്കി കളിച്ചത് നൂറ്റാണ്ടുകള്‍ക്കപ്പുറമൊന്നുമല്ല, 93-94 കാലഘട്ടത്തിലാണ് എന്നോര്‍ക്കണം. എല്ലാം മാറുകയാണ്, എല്ലാം!

അങ്ങനെയിരിക്കെ ഒരു ഓണക്കാലത്ത് അച്ഛന്‍ അശോകിനെ കന്യാസ്ത്രീകള്‍ നടത്തിയിരുന്ന മൈക്കിള്‍ഗിരി സ്‌കൂളില്‍ വീണ്ടും മലയാളം മീഡിയം ഒന്നാം ക്ലാസ്സില്‍ കൊണ്ടുപോയി ചേര്‍ത്തു. കുടിയില്‍ നിന്നും ഒരുപാട് ദൂരെയായിരുന്നതിനാല്‍ ഐ.റ്റി.ഡി.പിയുടെ ഹോസ്റ്റലില്‍ നിന്നാണ് പഠിക്കേണ്ടിയിരുന്നത്. ഹോസ്റ്റലിലേയ്ക്കു പോകും വഴി ഒരു തെങ്ങിന്‍ചോട്ടില്‍ നിന്നും അച്ഛന്‍ ഒരു പൊട്ടിയ സ്ലേറ്റ് എടുത്ത് അശോകിനു കൊടുത്തു. ആരോ ഉപേക്ഷിച്ചുപോയ സ്ലേറ്റായിരുന്നു അത്. ആ സ്ലേറ്റുമായിട്ടാണ് ഹോസ്റ്റലിലേയ്ക്കു ചെല്ലുന്നത്. അവിടെ കിടക്ക പോയിട്ട് തറയില്‍ വിരിക്കാന്‍ ഒരു പായപോലും ഉണ്ടായിരുന്നില്ല. അച്ഛന്‍ ആകെ മേടിച്ചു കൊടുത്തിരുന്നത് ഒരു ബെഡ്ഷീറ്റു മാത്രമാണ്. വെള്ളമില്ല, വൈദ്യുതിയില്ല. 1975-ല്‍ പണിത ഹോസ്റ്റലാണ്. ജനാലകള്‍ക്കൊന്നും ചില്ലുകളില്ല. കക്കൂസിലും കുളിമുറിയിലും ബക്കറ്റോ കപ്പോ ഇല്ല. രാത്രിയായാല്‍ തണുപ്പും കൊതുകുകടിയും മൂലം ഉറങ്ങാനേ കഴിയില്ല. അവിടെ താമസിച്ച നാലുവര്‍ഷവും മെഴുകുതിരിയാണ് ഉപയോഗിച്ചത്. പെട്ടിവെക്കാന്‍ കെട്ടിയ ഷെല്‍ഫുകളിലാണ് കുട്ടികള്‍ അന്തിയുറങ്ങിയിരുന്നത്. അതില്‍ പാകമാകാത്ത മുതിര്‍ന്ന കുട്ടികള്‍ ഉള്ള പായക്കീറുകളില്‍ നിലത്തു കിടക്കും. അന്നു രാത്രി അമ്മയേയും വീടിനേയും ഓര്‍ത്ത് കരഞ്ഞു. ചേട്ടന്‍ അതേ ഹോസ്റ്റലില്‍ തന്നെ ഉണ്ടായിരുന്നെങ്കിലും അവനുമായി അത്രയ്ക്ക് അടുപ്പത്തിലായിരുന്നില്ല. അതിനു പിന്നിലും ഒരു വലിയ കഥയുണ്ട്.

ശിവനും മല്ലികയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നപ്പോള്‍ മുത്തച്ഛന്‍ വന്ന് അവരുടെ മൂത്ത മകനെ കൂട്ടിക്കൊണ്ടു പോയി. അന്നുമുതല്‍ അവിടെ നിന്നും ഇറക്കിവിടുന്നതുവരെ ചേട്ടന്‍ മുത്തച്ഛനോടൊപ്പം ആയിരുന്നു. ചേച്ചിയുണ്ടായി മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അശോക് പിറക്കുന്നത്. അപ്പോഴേയ്ക്കും ചേട്ടന്‍ പൂര്‍ണമായും വീട്ടില്‍നിന്നും അകന്നുകഴിഞ്ഞിരുന്നു. ”സ്വന്തം അമ്മയെ അവന്‍ ‘അക്ക’ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടു തന്നെ അവന് അനിയനെന്നോ അനിയത്തിയെന്നോ വലിയ തോന്നലൊന്നുമില്ല. ഹോസ്റ്റലില്‍ വെച്ച് അഞ്ചാമത്തെ വയസ്സില്‍ തനിയെ തുണി അലക്കണം. അലക്കാനും പിഴിയാനും ഒന്നും അറിയാത്തതുകൊണ്ട് തുണിയൊന്നും നന്നായി ഉണങ്ങില്ല. അങ്ങനെ നാറുന്ന നിക്കറും ഉടുപ്പുമിട്ടാണ് നടപ്പ്. ആ നാറ്റം ഉടലില്‍ മാത്രമല്ല, ഉയിരിലും കൂടി പടരുന്നുണ്ടായിരുന്നു. ഇങ്ങനെയൊക്കെയാണ് സാര്‍ ഞങ്ങള്‍ അന്തര്‍മുഖരായിപ്പോകുന്നത്. പക്ഷെ നിങ്ങള്‍ പൊതുസമൂഹം ഞങ്ങള്‍ക്ക് വൃത്തിയില്ല എന്നു പറയും!”

 

എന്നിട്ടും അശോക് രണ്ടാം ക്ലാസ്സില്‍ പരീക്ഷകളില്‍ രണ്ടാമതായിരുന്നു. പിന്നെ നാലാം ക്ലാസ്സുവരെ ഏതു പരീക്ഷയ്ക്കും ആദ്യപത്തില്‍ ഒരാളായിരുന്നു. ”യു.പി. സ്‌കൂളില്‍ ചേര്‍ന്നത് സെയിന്റ് പയസിലാണ്. ഈ സമയത്താണ് ഹോസ്റ്റല്‍ വാര്‍ഡനായി പ്രദീപ് എന്ന സാര്‍ വരുന്നത്. മുന്‍പുണ്ടായിരുന്നവരില്‍ നിന്നും വ്യത്യസ്തനായിരുന്നു പ്രദീപ് സാര്‍. അയാള്‍ ഹോസ്റ്റലില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തി. മേശ, കസേര, കട്ടില്‍, കിടക്ക, കമ്പിളി എന്നിവ കൊണ്ടുവന്നു. ജനാലകള്‍ക്കെല്ലാം ചില്ലിട്ടു. പ്രദീപ്‌സാര്‍ വരുന്നതിനു മുന്നെ എല്ലാ ദിവസവും കഞ്ഞിയായിരുന്നു. സാര്‍ ഇറച്ചിയും മുട്ടയുമൊക്കെ തരാന്‍ തുടങ്ങി.”

മേലുകീഴു നോക്കാതെയുള്ള വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ എങ്ങനെയാണ് ഒരു കുട്ടിയുടെ സ്വപ്നങ്ങളെ തകര്‍ത്തുകളയുന്നത് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് യു.പി സ്‌കൂളിലേയും ഹൈസ്‌കൂളിലേയും അശോകിന്റെ ജീവിതം. കേരളത്തില്‍ എസ്.എസ്.എ ആരംഭിക്കുന്നത് അശോക് അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. അധ്യാപകര്‍ക്കൊന്നും എന്താണ് പുതിയ പാഠ്യപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്നറിവുണ്ടായിരുന്നില്ല. എങ്ങനെയാണ് അധ്യയനം നടത്തേണ്ടതെന്നോ മൂല്യനിര്‍ണ്ണയം നടത്തേണ്ടതെന്നോ ഒരു പിടിയുമില്ലാത്ത അവരുടെ കൈകളില്‍ കുട്ടികള്‍ കളിപ്പാവകള്‍ മാത്രമായിരുന്നു. അവരുടെ കല്‍പ്പനാവിലാസങ്ങളില്‍പ്പെട്ട് അശോകുള്‍പ്പെടെയുള്ള കുട്ടികള്‍ ലക്ഷ്യബോധമില്ലാത്തവരായി മാറി. യു.പി സ്‌കൂള്‍ കഴിഞ്ഞ് ഹൈസ്‌കൂളില്‍ ചെന്നപ്പോള്‍ അവിടെ എസ്.എസ്.എ അല്ല! എല്ലാം കാണാപാഠം പഠിക്കണം. ഓര്‍മ്മശക്തിമാത്രം ബുദ്ധിയുടെ അളവുകോലായ പഴയ ക്രമത്തില്‍ അശോകുള്‍പ്പെടെ പരാജയപ്പെട്ടവരുടെ നിര വലുതാണ്.

പത്താം ക്ലാസ്സുവരെയുള്ള പഠനത്തിനിടയില്‍ ഒരു തവണ മാത്രമാണ് വീട്ടില്‍ പോയത്. അമ്മമ്മ കാന്തല്ലൂരില്‍ താമസമുണ്ടായിരുന്നതുകൊണ്ട് അവധിക്കെല്ലാം അവിടേയ്ക്കു പോകും. ഇക്കാലത്ത് അച്ഛനും അമ്മയ്ക്കുമുള്ള ഊരുവിലക്ക് കഴിയാറായിരുന്നു. ഒന്‍പത് വര്‍ഷത്തെ വിലക്കായിരുന്നു അത്. വിലക്കു മാറിയപ്പോള്‍ വീണ്ടും ജാതി തെളിച്ച് മുതുവാന്‍ സമുദായത്തിലേയ്ക്ക് ചേര്‍ന്നു. അങ്ങനെ അച്ഛനും അമ്മയും തിരിയെ മറയൂരിലേയ്ക്ക് വന്നു. ഒള്ളവയലില്‍ ആണ് അവര്‍ താമസം തുടങ്ങിയത്. കുണ്ടള അങ്ങനെ മാഞ്ഞു.

 

 

അശോക് ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് കുണ്ടള ആദിവാസി ഭൂസമരം. വനഭൂമിയില്‍ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കാനുള്ള ശ്രമം സി.കെ ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തില്‍ തടഞ്ഞതാണ് പ്രശസ്തമായ കുണ്ടള സമരം. കോളേജിനുവേണ്ടി പണിത കെട്ടിടത്തിന്റെ ഭിത്തികള്‍ ആദിവാസികള്‍ രാത്രിയില്‍ തകര്‍ത്തെറിഞ്ഞു. ആ സമരം കേരളത്തില്‍ കാടിന്റെ മക്കള്‍ അനുഭവിക്കുന്ന വിഭവദാരിദ്ര്യത്തിന്റെ ഭീതിതമായ നേരിനെ പൊതുജനമധ്യത്തില്‍ തുറന്നുകാട്ടിയ ഒന്നായിരുന്നു. പക്ഷെ എല്ലാ കാലത്തേയും പോലെ ഈ സമരത്തേയും ഭരണകൂടം നേരിട്ടത് ക്രൂരമായാണ്. മൂന്നാറിലെ കോണ്‍ഗ്രസ്സുകാരുടെ മുന്‍കൈയില്‍ സമരഭടന്മാരെ നിഷ്ഠൂരമായി മര്‍ദ്ധിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. സമരത്തില്‍ അശോകിന്റെ അച്ഛനും ചേട്ടനും പങ്കെടുത്തിരുന്നു. അവര്‍ക്കെതിരെ ചുമത്തിയത് കൊലക്കുറ്റമായിരുന്നു. നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ ശിവനും മകനും കൂടി ഇടമലക്കുടിയിലേയ്ക്ക് ഒളിവില്‍ പോയി. ഹോസ്റ്റലില്‍ ആയിരുന്ന അശോക് വിവരങ്ങളൊക്കെ അറിയുന്നത് അമ്മാവന്‍ വന്നു പറയുമ്പോഴാണ്. ഇതിനിടയില്‍ ഹൈസ്‌കൂളില്‍ പഠിക്കുകയായിരുന്ന ചേച്ചിയെ ‘കൊണ്ടകെട്ട്’ (ഋതുമതിയാകുമ്പോള്‍ നടത്തുന്ന ഒരു ചടങ്ങ്) നടത്തി പഠനം നിര്‍ത്തിച്ചു. അമ്മയുടെ വീട്ടുകാര്‍ ചെയ്തതാണിത്. കൊണ്ടകെട്ടു കഴിഞ്ഞാല്‍ പിന്നെ കുടിക്കു വെളിയില്‍ പോകാന്‍ അനുവാദമില്ല. ശിവന് ജാതിയുടെ ആഴം മനസ്സിലാകുന്നത് മകളുടെ പഠനം പോയപ്പോഴാണ്. അതോടുകൂടി ആണ്‍മക്കളെയെങ്കിലും പഠിപ്പിച്ച് നല്ലനിലയില്‍ എത്തിക്കണമെന്ന് ശിവന് വല്ലാതെ ആഗ്രഹമായി. പക്ഷെ കുണ്ടള സമരത്തോടെ എല്ലാം തകിടം മറിഞ്ഞു. ശിവന്‍ ഇടമലക്കുടിയില്‍ ഒളിവിലായിരുന്ന സമയത്ത് സംരക്ഷിക്കാന്‍ ആളില്ലായെന്നു പറഞ്ഞ് മല്ലികയുടെ വീട്ടുകാര്‍ മകളെ കുടിക്കുള്ളില്‍ തന്നെ വിവാഹം കഴിച്ചുകൊടുത്തു.

 

പക്ഷെ പ്രശ്‌നങ്ങള്‍ അവിടം കൊണ്ടൊന്നും തീര്‍ന്നില്ല. ശിവനെ അന്വേഷിച്ച് ഏതുസമയവും ആളുകള്‍ കുടിയില്‍ വരുമെന്നും അതുകൊണ്ട് മല്ലിക അവിടെ തുടരുന്നത് മറ്റുള്ളവരുടെ ജീവന് ആപത്താണെന്നും പറഞ്ഞ് അവരെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ കുടിക്കാര്‍ തുടങ്ങി. ഇതെല്ലാം അറിഞ്ഞപ്പോള്‍ അശോകിന് പാഠപുസ്തകങ്ങളോട് വിടപറയുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. തലവേദനയാണെന്നു കള്ളം പറഞ്ഞ് അശോക് കുടിയിലേയ്ക്കു പോയി. അവിടെനിന്നും രാത്രി അമ്മയോടൊപ്പം ഇടമലക്കുടിയിലേയ്ക്കും. പിന്നീട് തിരിയെ സ്‌കൂളിലേക്ക് പോയില്ല. വീട്ടിലെ സാഹചര്യങ്ങള്‍ അതിന് സമ്മതിക്കുന്നതായിരുന്നില്ല. അങ്ങനെ ഒന്‍പതാം ക്ലാസില്‍ തോറ്റു. അച്ഛന്‍ വന്നു പറഞ്ഞിട്ടാണ് തോല്‍പ്പിക്കുന്നത്. അറ്റന്റന്‍സ് ഇല്ലാതെ ജയിപ്പിക്കണ്ട എന്ന് അച്ഛന്‍ പറയുകയായിരുന്നു. അതേ സ്‌കൂളില്‍ ഓണക്കാലം വരെ നില്‍ക്കാന്‍ അച്ഛന്‍ പറഞ്ഞതനുസരിച്ച് നിന്നു. ഈ സമയത്താണ് പ്രകാശ് വെങ്ങലാട്ട് എന്ന അധ്യാപകന്‍ മലയാളം പഠിപ്പിക്കാന്‍ വരുന്നത്. എസ്.എസ്.എ എന്താണെന്നു മനസ്സിലാക്കി കൊടുത്തത് ഈ അധ്യാപകനാണ്. അങ്ങനെ പത്താം ക്ലാസ്സിലേയ്ക്ക് ജയിച്ചു. അപ്പോള്‍ വീണ്ടും അച്ഛന്‍ വന്നെങ്കിലും തിരിച്ചു കുടിയിലേയ്ക്കു പോകാന്‍ അശോക് തയ്യാറായിരുന്നില്ല.

 

“ഇതിനിടയില്‍ പട്ടയമേള നടന്നു. അച്ഛന് അഞ്ചേക്കര്‍ ഭൂമി കിട്ടി. പക്ഷെ ഇന്നും ആ സ്ഥലം അച്ഛനു സ്വന്തമല്ല. അച്ഛന്റെ ജീവന് അപ്പോഴും ഭീഷണിയുണ്ടായിരുന്നതിനാല്‍ പട്ടയമേള കഴിഞ്ഞ് ഒരു ദിവസം ചേച്ചിയുടെ മകനേയും മുതുകത്തു ചുമന്ന് ദേവികുളം വില്ലേജോഫീസില്‍ വന്നിട്ടാണ് അമ്മ പട്ടയം മേടിക്കുന്നത്. സമരത്തില്‍ അപകടം പറ്റിയവര്‍ക്ക് അച്ഛനോട് ദേഷ്യമായിരുന്നതിനാല്‍ ദേവികുളത്തുനിന്നും ചിന്നക്കനാല്‍ വില്ലേജിലേയ്ക്ക് സ്ഥലം മാറ്റിത്തരണമെന്ന് ഒരു അപേക്ഷ അച്ഛന്‍ തഹസില്‍ദാര്‍ക്ക് കൊടുത്തു. പക്ഷെ ഇതിനിടയില്‍ മറ്റുപല സംഭവവികാസങ്ങളും നടന്നിരുന്നു. അച്ഛന്‍ ഒളിവിലായിരുന്ന സമയത്ത് ഭൂസമരക്കാരില്‍ ചിലര്‍ മറ്റു രണ്ടു പേരുടെ സ്ഥലം കയ്യേറി. അവര്‍ പരാതിപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ അച്ഛനോടും അമ്മയോടും ഒന്നും ചോദിക്കാതെ ഊരുകൂട്ടം നടത്തി അച്ഛനു പതിച്ചു നല്‍കിയ ഭൂമി ആ രണ്ടുപേര്‍ക്ക് കൊടുത്തു. ഈ സമയത്താണ് അച്ഛന്‍ ഇതൊന്നും അറിയാതെ തഹസില്‍ദാര്‍ക്ക് കത്തെഴുതുന്നത്. തഹസില്‍ദാര്‍ ആ അപേക്ഷയിന്‍മേല്‍ തീരുമാനമെടുക്കുകയും സൂര്യനെല്ലിയില്‍ ഭൂമി നല്‍കാവുന്നതാണെന്നു ഉത്തരവ് ഇടുകയും ചെയ്തു. ഇന്നേയ്ക്ക് പതിനഞ്ചു വര്‍ഷമായി ആ ഉത്തരവു വന്നിട്ട്. ഇതുവരെ ആരും ഞങ്ങളെക്കുറിച്ച് അന്വേഷിച്ചില്ല. ഭൂമി ഇന്നും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. 2014-ല്‍ ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍ ഭൂമി ഞങ്ങള്‍ക്ക് കൊടുക്കാമെന്നു പറഞ്ഞ് ഓര്‍ഡര്‍ തന്നു. തഹസില്‍ദാറും ഓര്‍ഡറിട്ടു. പക്ഷെ കളക്ടറേറ്റില്‍ നിന്നും ഇതുവരെ അനുകൂലമായ നടപടി ഉണ്ടായിട്ടില്ല. റ്റി.ആര്‍.ഡി.എമ്മില്‍ (പുനരധിവാസ പാക്കേജ്) ഉള്‍പ്പെടുത്തിയാലേ ഭൂമി കിട്ടൂ. ഇതില്‍ രണ്ടു പ്രാവശ്യം ഉള്‍പ്പെടുത്തി. പക്ഷെ ഉദ്യോഗസ്ഥര്‍ക്ക് ഈ ഭൂമി ആരാണ് നല്‌കേണ്ടതെന്നോ അരാണ് സര്‍വ്വേ ചെയ്യേണ്ടതെന്നോ അറിയില്ല. അവിടുത്തെ പാര്‍ട്ടിക്കാരാണ് രാഷ്ട്രീയ കാരണത്താല്‍ എതിര്‍ക്കുന്നത്. അവിടമെല്ലാം ഭൂമാഫിയയുടെ കയ്യിലാണ്. അവര്‍ പാര്‍ട്ടിക്കാരെക്കൊണ്ട് എതിര്‍പ്പ് പറയിക്കുന്നതാണ്. ഇടുക്കിയില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി വളര്‍ത്തുന്നതിനുവേണ്ടി എം.എം മണിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചവനാണ് എന്റെ അച്ഛന്‍. പക്ഷെ അതൊന്നും ഇപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ല. ഇന്നും എന്റെ അച്ഛന്‍ ആ അഞ്ചേക്കര്‍ റവന്യൂ ഭൂമിയില്‍ കയ്യേറ്റക്കാരനെപ്പോലെ കിടക്കുകയാണ്.”

പത്താം ക്ലാസ്സില്‍ ജയിച്ച അശോക് പ്ലസ് വണ്ണിന് സയന്‍സ് ഗ്രൂപ്പ് ആണ് എടുത്തത്. ആദ്യത്തെ തവണ തന്നെ എല്ലാ വിഷയങ്ങളും പാസ്സായി, പ്ലസ് റ്റുവിലേയ്ക്ക് ജയിച്ചു. പ്ലസ് റ്റു പകുതിക്കുവെച്ചാണ് മറ്റൊരു ചതിക്കുഴിയില്‍ ചെന്നു വീഴുന്നത്. സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവു പ്രകാരം അദിവാസികള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാകാനുള്ള ഒരു സാധ്യത തെളിഞ്ഞുവന്നു. എങ്ങനെയും ജീവിതത്തില്‍ രക്ഷപെടണമെന്നു മാത്രമേ അശോകിനു ആഗ്രഹമുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് കോട്ടയത്ത് സെന്റ് ആന്‍സ് കോളേജില്‍ പോയി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സിനു ചേര്‍ന്നു. പക്ഷെ ഫീസ് അടക്കാതെ പരീക്ഷ എഴുതാന്‍ പറ്റില്ല എന്നു പറഞ്ഞ് കോളേജധികൃതര്‍ അവസാനവര്‍ഷം അശോകിനെയും മറ്റു ആദിവാസിക്കുട്ടികളേയും പറഞ്ഞുവിട്ടു. ജീവിതത്തിലെ ഏറ്റവും വലിയ ഒറ്റപ്പെടല്‍ ആയിരുന്നു അത്.

”എനിക്ക് എന്തു മുഖം വെച്ചിട്ട് തിരിച്ചു ചെല്ലും എന്നറിയാതെയായി. പഴയ അധ്യാപകര്‍ ഒന്നും ഇപ്പോള്‍ എവിടെയാണെന്നുപോലും അറിയില്ല. മുന്‍വഴി കട്ടാന്‍ ആരുമില്ലാത്ത അവസ്ഥ. ഞാന്‍ തിരിച്ച് കുണ്ടളയിലേയ്ക്കു പോയി. അഞ്ചാമത്തെ വയസ്സില്‍ വിട്ടുപോന്നതാണ് ആ കുടിയെ. അവിടെ കുറച്ചുനാള്‍ താമസിച്ചു. പിന്നെ ഒള്ളവയലിലേയ്ക്ക് തിരിച്ചു പോന്നു. അവിടെ ചെന്നപ്പോള്‍ അച്ഛന്‍ പഠിക്കാനാണ് പറയുന്നത്. എല്ലായിടത്തും ചതിക്കപ്പെടുന്നതിന്റെ ഉരുകല്‍ ആയിരുന്നു എനിക്ക്. അങ്ങനെ മാനസികരോഗിയായി. മൂന്നു വര്‍ഷക്കാലം അങ്ങനെ കഴിഞ്ഞു. എവിടെ ചെന്നാലും ചതിക്കപ്പെടുന്നു. ജീവിക്കാനുള്ള മോഹം കാരണം ഞാനാകെ തകര്‍ന്നുപോയി സാറേ!” ഇത്രയും നാള്‍ വീട്ടില്‍നിന്നും മാറി ഹോസ്റ്റലില്‍ താമസിച്ചിരുന്നതിനാല്‍ അശോകിന് അമ്മയുടെ സ്‌നേഹം വല്ലാതെ കൊതിയായിരുന്നു. എന്നാല്‍ അമ്മയ്ക്കാകട്ടെ അത്രനാളും അകന്നു കഴിഞ്ഞ മകനെ സ്‌നേഹിക്കാന്‍ കഴിയുമായിരുന്നില്ല. വല്ലപ്പോഴുമൊരിക്കല്‍ അവധിക്കു വന്നുപോകുന്ന ഒരാളായി മാത്രമെ അവര്‍ക്ക് അശോകിനെ വേണ്ടിയിരുന്നുള്ളൂ. മല്ലികയെ അതിനു പ്രേരിപ്പിച്ച വികാരം എന്തായിരിക്കും? ഇതെഴുതുന്നതുവരെ ഞാന്‍ കഴിഞ്ഞ രണ്ടുമൂന്നു ആഴ്ച്ചകളായി ആലോചിക്കുന്നത് അതേപ്പറ്റിയാണ്. പക്ഷെ ഇരുള്‍മൂടിയ ഒരു ദിനാന്ത്യത്തിലെന്നപോലെ മല്ലികയുടെ ചേതോവികാരങ്ങളുടെ കര പ്രക്ഷുബ്ദമായ ഒരു കടലിനപ്പുറത്ത് ഇന്നും എനിക്കു മറഞ്ഞിരിക്കുകയാണ്.

 

അശോകിന്റെ ജീവിതത്തില്‍ തകര്‍ച്ചകളുടെ കൂമ്പാരങ്ങള്‍ക്കുമേല്‍ ഒറ്റപ്പെടുത്തലുകളുടെ ഇടിത്തീ വന്നു വീഴുകയായിരുന്നു. കുടിയില്‍ തന്നെ ജീവിതം കഴിച്ചുകൂട്ടിയിരുന്ന ഇക്കാലത്താണ് അശോക് സ്വന്തം സമുദായത്തെ കൂടുതല്‍ അടുത്തറിയുന്നത്. കല്യാണം കഴിച്ചവരും വയസ്സായവരും ഒഴികെ എല്ലാ ആണുങ്ങളും വൈകിട്ട് ആറുമണിക്കു മുന്നെ സത്രത്തിലേയ്ക്ക് പോയിരിക്കണം. പകല്‍ സമയത്തുപോലും വീട്ടിലേക്ക് ചെല്ലാന്‍ പാടില്ല. രാവിലെ ചെന്ന് എന്തെങ്കിലും കഴിച്ചെന്നു വരുത്തി തിരിച്ചു പോരണം. അമ്മയും ചേച്ചിയും മാത്രമേ വീട്ടിലുള്ളുവെങ്കില്‍ ഒരു ആണ്‍കുട്ടിക്കും വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോലും പ്രവേശനമില്ല. കൂടെപ്പിറന്ന ചേച്ചിയോട് ഒരുപാടു നേരം മിണ്ടാന്‍ പാടില്ല. അശോകിന്റെ ചേട്ടനും ചേച്ചിയും ജീവിതത്തില്‍ ഇതുവരെ സ്‌കൂളില്‍ ഒരുമിച്ചു പോയിരുന്ന കാലത്തല്ലാതെ മിണ്ടിയിട്ടില്ല! ചേട്ടന്‍ വരുമ്പോള്‍ ചേച്ചി ഓടി മറയണം എന്നാണ്. ആളില്ലാത്ത സമയത്ത് വീട് തുറന്ന് എന്തെങ്കിലും കഴിക്കാം. അല്ലെങ്കില്‍ ഒരുപാടു കൂട്ടുകാരെയും കൂട്ടി വേണം ചെല്ലാന്‍. എല്ലാ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടമായിട്ടു മാത്രമേ നടക്കാന്‍ പാടുള്ളൂ. ”ഒറ്റയ്ക്കു നടക്കാന്‍ പറ്റില്ല സാറേ!” എന്നാണ് അശോക് എന്നോട് പറഞ്ഞത്. അതില്‍ ഒരു മനുഷ്യന്റെ ഹൃദയവ്യഥ മുറ്റിനിന്നിരുന്നു. ഏകാന്തതയുടെ ഭ്രാന്തുകളില്‍ നിന്നും അണപൊട്ടുന്ന കവിതകളെ കൈവിട്ടു പോകുന്നവന്റെ വേദന.

”നിങ്ങള്‍ വിശക്കുമ്പോള്‍ ഉച്ചയ്ക്കൊക്കെ വീട്ടിലേയ്ക്ക് ഓടിച്ചെല്ലത്തില്ലേ, അത് ഞങ്ങള്‍ക്ക് പറ്റത്തില്ല. രാവിലെ കഴിച്ചാല്‍ വൈകിട്ട് ആറിനു മുന്നെ കൂട്ടുകാരുമൊത്തു ചെന്നാല്‍ എന്തെങ്കിലും കഴിക്കാം. പൊതുസമൂഹവും കുടിസമൂഹവും എന്നെ വരിഞ്ഞു മുറുക്കിയ കാലമാണത്. ഈ സമയത്താണ് ജാതിയേയും അതിന്റെ പ്രശ്‌നങ്ങളേയും തിരിച്ചറിയുന്നത്. ഇതെല്ലാം ആയിരുന്നു എന്റെ മാനസികരോഗം.”

ഇങ്ങനെ ആകെ തകര്‍ന്നു നില്‍ക്കുമ്പോഴാണ് അശോക് ചിന്നാറില്‍ ഫോറസ്റ്റ് വാച്ചറായി ജോലിക്കു കയറുന്നത്. ചന്ദനത്തിനു കാവല്‍ നില്‍ക്കുന്ന ജോലിയാണ്. കാട്ടില്‍ കള്ളച്ചാരായം യഥേഷ്ടം ലഭ്യമായിരുന്നു. ഭ്രാന്തമായ തന്റെ ഉണര്‍വ്വുകളെ താങ്ങാനാവാത്തതു കൊണ്ടാവും അയാള്‍ മദ്യത്തിന് അടിമയായത്.

”ഒരു ദിവസം ഒരു ഉണക്ക ചന്ദനമരത്തിന് കാവല്‍ കിടക്കുകയായിരുന്നു. നല്ല മഴയുള്ള ദിവസം. അന്ന് നീ തന്നെ അങ്ങോട്ടു പോകണം എന്നു പറഞ്ഞ് എന്നെ നിര്‍ബന്ധിച്ചു വിട്ടതാണ്. ഞാന്‍ നല്ല ‘ഫിറ്റ്’ ആണെന്ന് അറിഞ്ഞോണ്ടു തന്നെയാണ് എന്നെ വിട്ടത്. പകല്‍ ഫീല്‍ഡ് നോക്കാന്‍ പോയതിന്റെ ക്ഷീണമുണ്ടായിരുന്നു. രാത്രി ഉറങ്ങാതെ കാവലിരിക്കണം. ചന്ദനക്കാട്ടിലെ ജോലി അങ്ങനാ സാറേ. അന്ന് ചന്ദനം മോഷണം പോയി. എന്റെ കൂടെയുണ്ടായിരുന്ന ആള്‍ മദ്യപിക്കാത്ത ആളായിരുന്നു. എന്നെയായിരുന്നു സംശയം. ഞാന്‍ എന്നും മദ്യപിക്കുന്നതുകൊണ്ട് പണം എവിടുന്നു വരുന്നു എന്നായിരുന്നു ചോദ്യം. എനിക്ക് മദ്യപിക്കാതെ പറ്റില്ലായിരുന്നു. എന്റെ ജീവിതം അത്രയ്ക്ക് കഷ്ടപ്പാടായിരുന്നു. ഇതിനിടയ്ക്കാണ് കുടിയില്‍ തന്നെയുള്ള ഒരു പെണ്‍കുട്ടി ഞാനറിയാതെ എന്നെ സ്‌നേഹിക്കുന്നത്. അവളുടെ കല്യാണത്തിനു ഞാനാണ് ചോറു വിളമ്പിയത്. അന്നുപോലും എനിക്കത് അറിയില്ലായിരുന്നു. പിന്നീടാണ് ഞാന്‍ അതറിയുന്നത്. എല്ലാവരും എന്നെ അങ്ങു തോല്‍പ്പിക്കുകയായിരുന്നു സാറേ!”

കാവല്‍ കിടക്കുന്ന ഷെഡ്ഡിന്റെ അരുകിലുള്ള തോട്ടില്‍ നിന്നുമാണ് എല്ലാ ആവശ്യങ്ങള്‍ക്കും വെള്ളമെടുക്കുന്നത്. അന്ന് വെള്ളമെടുക്കാന്‍ പോയത് അശോകാണ്. വെള്ളവും ചെളിയും കാരണം ചെരിപ്പു വഴുക്കിയപ്പോള്‍ അതവിടെ ഊരിവെച്ചു പോന്നു. അന്ന് അവിടെ നിന്നും വേറെ ഒരു മരം കളവുപോയി. അശോകിന്റെ ചെരുപ്പായിരുന്നു തെളിവ്. പ്രതിയേയും കള്ളനേയുമൊന്നുമല്ലായിരുന്നു അവര്‍ക്കു വേണ്ടത്, ചെരുപ്പിന്റെ ഉടമസ്ഥനെയായിരുന്നു. അങ്ങനെ അശോകിനെ വീണ്ടും സംശയമായി. ഭക്ഷണം പോലും കഴിക്കാന്‍ പറ്റാതെയുള്ള ജോലിയായിരുന്നു. ശിവന്‍ ഇതെല്ലാം അറിയുന്നുണ്ടായിരുന്നു. അയാള്‍ മകനോട് ജോലി നിര്‍ത്തിപ്പോരാന്‍ പറഞ്ഞു. അങ്ങനെ അശോക് പതിയെ പതിയെ ഒഴിവാകാന്‍ തുടങ്ങി. രണ്ടുതവണ അറസ്റ്റുചെയ്യാന്‍ കുടിയില്‍ ഫോറസ്റ്റുകാര്‍ വന്നതാണ്. പക്ഷെ എന്തുകൊണ്ടോ അറസ്റ്റുണ്ടായില്ല. പിന്നീട് യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെട്ടു.

 


ഒള്ളവയലിലേക്കുള്ള വഴി

 

അവിടെനിന്നും അശോക് പോകുന്നത് തൂത്തുക്കുടിക്കാണ്. അവിടെ ഒരു ലോറിയില്‍ ക്ലീനറായി ജോലി നോക്കി. ഒരു ദിവസം ലോറി അപകടത്തില്‍പെട്ടു. പരിക്കൊന്നും ഏല്‍ക്കാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണ്. അങ്ങനെ അവിടെ നിന്നും തിരിച്ചു പോന്നു. തിരിച്ചു വീട്ടിലെത്തിയപ്പോള്‍ മദ്യപാനം കൊണ്ട് ഒന്നും നേടാനാകുന്നില്ല എന്ന് അശോകിന് തോന്നിത്തുടങ്ങിയിരുന്നു. ഒരു ദിവസം ശിവന്‍ അശോകിന് ഒരു ഫുള്‍ ബോട്ടില്‍ ‘ഹണിബീ’ വാങ്ങിക്കൊടുത്തു. ഒരു തുള്ളിപോളും മദ്യപിക്കാത്ത ആളാണ് ശിവന്‍. അശോക് അതു കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അയാള്‍ അവനോട് ഇങ്ങനെ കുടിക്കുന്നതുകൊണ്ട് എന്താണ് ഗുണം എന്നു ചോദിച്ചു. അന്നു നിര്‍ത്തിയതാണ് മദ്യപാനം. പിന്നീട് ഇന്നുവരെ മദ്യപിച്ചിട്ടില്ല. പ്ലസ് റ്റു വീണ്ടും എഴുതാന്‍ അച്ഛന്‍ പറഞ്ഞതനുസരിച്ച് അശോക് മൂന്നാറില്‍ ഒരു റ്റ്യൂട്ടോറിയല്‍ കോളേജില്‍ ചെന്നു ചേര്‍ന്നതാണ്. പക്ഷെ അച്ഛന്റെ ശത്രുക്കളിലൊരാള്‍ ഒരു ദിവസം വീട്ടില്‍ ചെന്ന് അച്ഛനുമായി വഴക്കിടുകയും ആ ബഹളത്തില്‍ സൈക്കിള്‍ ചെയിന്‍ കൊണ്ട് അമ്മയുടെ കൈക്കു പരിക്കു പറ്റുകയും ചെയ്തു. ഇതറിഞ്ഞ് വീട്ടിലെത്തിയ അശോക് അവരുമായി വഴക്കായി. അത് വലിയ അടിപിടിയിലാണ് അവസാനിച്ചത്. പോലീസ് അന്വേഷിച്ചു വരുമെന്നറിഞ്ഞ് രായ്ക്കുരാമാനം ബോഡിമേട്ടിലേയ്ക്ക് പോയി. പിന്നെ കുറേ നാള്‍ അവിടെയായിരുന്നു താമസം. അങ്ങനെ പഠനം വീണ്ടും മുറിഞ്ഞു.

തൂത്തുക്കുടിയില്‍ താമസിക്കുന്ന കാലത്താണ് മറ്റൊരു സംഭവം ഉണ്ടാകുന്നത്. അശോകിന്റെ ഒരു സുഹൃത്ത് ഒള്ളവയല്‍ക്കുടിയില്‍ തന്നെയുള്ള ഒരു പെണ്ണുമായി പ്രണയത്തിലായിരുന്നു. പക്ഷെ അവളെ അവളുടെ വീട്ടുകാര്‍ മറ്റൊരുവന് വിവാഹം കഴിച്ചുകൊടുത്തു. ദു:ഖം താങ്ങാനാവാതെ അവന്‍ ഒരു ദിവസം അശോകിന്റെ വീട്ടില്‍ കയറിച്ചെന്നു. ഒരു അവധിക്ക് വീട്ടില്‍ വന്നതായിരുന്നു അശോക്. ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിച്ചെന്ന അവനെ ഒരു വിധത്തില്‍ പറഞ്ഞ് സമാധാനിപ്പിച്ചിട്ട് അശോക് ഒരു ബന്ധുവിന്റെ വീട്ടിലേയ്ക്കു പോയി. ഇതേ സമയം വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ ഒരു പെണ്‍കുട്ടി അതേവഴിയില്‍ അശോകിനു മുന്നെ നടന്നു പോകുന്നുണ്ടായിരുന്നു. അവളാണെങ്കില്‍ അശോകിന് പറഞ്ഞുറപ്പിച്ച പെണ്ണായിരുന്നു. അവളുടെ അപ്പനും അശോകിന്റെ അപ്പനും തമ്മിലുള്ള ഒരു ഉടമ്പടിയായിരുന്നു അത്. അശോകിന് അതേപ്പറ്റി ഒന്നും അറിവുണ്ടായിരുന്നില്ല. മുന്നെ അവളും പിന്നാലെ അശോകും പോകുന്നത് പണിയിടത്തിലെ പെണ്ണുങ്ങള്‍ എല്ലാവരും കാണുന്നുണ്ടായിരുന്നു. രാത്രിയായിട്ടും പെണ്ണിനെ തിരിയെ കാണാതായപ്പോള്‍ എല്ലാവരും അവളെ അശോക് കടത്തിക്കൊണ്ടു പോയതാണെന്നു തന്നെ കരുതി!

 

അവളുടെ അപ്പന്‍ അശോകിന്റെ വീട്ടില്‍ കല്യാണതീയതി നിശ്ചയിക്കാന്‍ ചെന്നു. അന്നു രാത്രി ആ കൂട്ടുകാരന്‍ ആത്മഹത്യ ചെയ്തു. പിറ്റേന്നു രാവിലെ വിവരമറിഞ്ഞ് വെപ്രാളത്തില്‍ ഒരു തോര്‍ത്തും തോളത്തിട്ട് അശോക് ഓടിപ്പാഞ്ഞ് കുടിയിലേക്കു വന്നു. വഴിക്കു വെച്ച് പെണ്ണുങ്ങള്‍ അവനുനേരേ ചെളി വാരി എറിഞ്ഞു. കല്യാണം കഴിയുമ്പോളുള്ള ഒരു ചടങ്ങാണത്. കല്യാണം കഴിച്ച ചെക്കന്‍ തോളത്ത് ഒരു തോര്‍ത്ത് ഇടും. അശോകിന്റെ തോളത്തെ തോര്‍ത്ത് കണ്ടിട്ടാണ് പെണ്ണുങ്ങള്‍ ചെളി വാരിയെറിഞ്ഞത്. വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ ആകെ ദേഷ്യത്തിലാണ്. ഒരുവിധം കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയിട്ടു ചെന്നു നോക്കുമ്പോള്‍ കൂട്ടുകാരന്‍ വഴിയുടെ നടുവില്‍ ഒരു മരത്തില്‍ തൂങ്ങി നില്‍ക്കുകയാണ്. നാവെല്ലാം വെളിയിലേയ്ക്കു ചാടി ആകെ ഭീകരമായ ഒരു കാഴ്ചയായിരുന്നു അത്. ആരും ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. അശോക് കൂട്ടുകാരെ കൂട്ടി ശവം താഴെയിറക്കി അടക്കത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.

”ദുരിതം വരുന്ന വഴിയേ… ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരും. അന്ന് കരച്ചിലായിരുനു വന്നത്. ചിരിയും കരച്ചിലും കൂടിക്കുഴഞ്ഞ ഒരു പ്രത്യേക കലര്‍പ്പാണ് എന്റെ ജീവിതം.”

അശോകിന്റെ ജീവിതത്തില്‍ ഇപ്പോള്‍ രണ്ടുപേര്‍ കൂടിയുണ്ട്. ഭാര്യ ബിന്ദുവും മകന്‍ ഹൃദയും. മകന് നാലുമാസം പ്രായമായി. 2004-ലാണ് അശോകിന് ആദ്യമായി കവിതയ്ക്കു സമ്മാനം കിട്ടുന്നത്. ആ കവിത തിരഞ്ഞെടുത്തത് കവി പി. രാമന്‍ ആയിരുന്നു. അശോകിന്റെ മലയാളം അധ്യാപകനായിരുന്നു പി. രാമന്‍. പിന്നീട് കുത്തിയൊഴുകിപ്പോയ ജീവിതം കവിതയില്‍ നങ്കൂരമിടാന്‍ അശോകിനെ സമ്മതിച്ചില്ല. 2012-ല്‍ പ്രൊമോട്ടര്‍ ജോലി ഏറ്റെടുക്കുന്നത് പൈസക്കു വേണ്ടിയായിരുന്നില്ല. സ്വന്തം സമുദായത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്താലാണ്. വീണ്ടും കവിത കൂട്ടുവന്നു തുടങ്ങിയതും ഇക്കാലത്താണ്. പട്ടാമ്പിയില്‍വെച്ച് പി. രാമന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘കവിതാ കാര്‍ണിവല്‍’ ഉത്ഘാടനം ചെയ്തത് അശോകാണ്. പക്ഷെ എവിടെപ്പോയാലും തിരിയെ നാട്ടില്‍ (അതോ കാട്ടില്‍ എന്നെഴുതണോ?) എത്തുമ്പോഴേ അശോകിന് സ്വസ്ഥത കിട്ടൂ.

 

“എനിക്ക് അങ്ങേയറ്റം നിശബ്ദമായ പ്രകൃതിയില്‍ കിടന്നാലേ ഉറക്കം വരൂ. എ.സിയുടെ ശബ്ദം പോലും എനിക്ക് അസ്വസ്ഥതയുണ്ടാക്കും. കൃത്രിമമല്ലാത്ത പ്രകൃതിയാണ് എനിക്ക് കവിത.” അശോക് ‘തിളനിലം’ എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ അടുത്ത പതിപ്പ് ഡി. സി. ബുക്‌സാണ് ഇറക്കുന്നത്.

ജീവിതം കശക്കിയെറിഞ്ഞ നാളുകളില്‍ വലിയ വെള്ളച്ചാട്ടങ്ങളേയും കാടിനുള്ളിലെ മനുഷ്യര്‍ എത്തിപ്പെടാത്ത അളകളേയും പ്രണയിച്ചിരുന്നു ഈ ചെറുപ്പക്കാരന്‍. അവിടെയിരുന്ന് ഉറക്കെ ഉറക്കെ കരഞ്ഞാലും ആരും കേള്‍ക്കില്ല എന്നതായിരുന്നു അതിനുള്ള കാരണം. ഞങ്ങള്‍ സംസാരിച്ചിരുന്ന് നേരം വെളുക്കാറായിരുന്നു. അപ്പോള്‍ അശോക് മുതുവാന്‍ ഭാഷയില്‍ അമ്മയെക്കുറിച്ചെഴുതിയ ‘തായി’ എന്ന കവിത ചൊല്ലിക്കേള്‍പ്പിച്ചു. അമ്മയുടെ കിട്ടാതെ പോയ കരുതലും സ്‌നേഹവും കുത്തിനോവിക്കുന്ന ആ വരികള്‍ ചൊല്ലിക്കഴിഞ്ഞപ്പോള്‍ പുറത്ത് മഴയും പെയ്തു തോര്‍ന്നിരുന്നു. അതിങ്ങനെ: 

തായി.
എട്ട് നാള് മയ്യേലി വീടൊലിക്കുമേ
നീ എത്ര കൊടം തണ്ണിതാന്‍ വെള്ളി തള്ളിയിയോ
പൊകെടുപ്പ് ഉതി ഉതി കണ്ണ് രണ്ട്ം സെവത്ത്
സൂര്യയ് ആകുമേ, വീട് വെരിക്കുമേ
എന്നെ പാലൂട്ടി പണ്ടിനെറസെ
മുത്കിലി ഒള്‌സ്ട്ട
നിന്റെ പണ്ടിയൊട്ടത്താനെ
കാടും നാടും നടന്നവന്ത
എന്റ് നാന്‍യ് പെണ്ണാകെ പെറപ്പോന്‍
നിന്ന പെന്റെന്റ് വളപ്പേന്‍
എന്നെ പുലിയെടുത്തെ
പട്ടട എലി തിന്നും
പട്ടിണി കെടന്നലിയേ
എന്നെ നെനസ
നെല്ലും കെല്ലും തിന്റലയെ
എന്നെ കുത്തി പേറ്റി
തള്ളിക്കിള

ആര്‍ക്കും കുത്തിപ്പേറ്റി തള്ളിക്കളയാന്‍ കഴിയാത്തവണ്ണം മലയാള കവിതയിലേയ്ക്ക് അശോക് മറയൂര്‍ എന്ന മുതുവാന്‍ കവി നടന്നുകയറും; കയറണം. അതിന് അയാളെ അനുവദിക്കുന്നില്ലെങ്കില്‍ ഏകതാനതയുടെ വിരസതയില്‍ നമ്മുടെ കവിത ചത്തുമലയ്ക്കും.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍