UPDATES

വാര്‍ത്തകള്‍

മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രൂക്ഷ ഭിന്നത, വിയോജനക്കുറിപ്പ് പ്രസിദ്ധീകരിക്കാത്തതില്‍ പ്രതിഷേധിച്ച് അശോക് ലവാസ യോഗങ്ങള്‍ ബഹിഷ്‌കരിക്കുന്നു

അഞ്ച്‌ പരാതികളിലാണ് മോദിക്ക് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായും പെരുമാറ്റചട്ടം ലംഘിച്ചുവെന്ന പരാതി തള്ളിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രൂപപ്പെട്ട അഭിപ്രായ ഭിന്നത പൊട്ടിത്തെറിയിലേക്ക്. ഇരുനേതാക്കള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിനെ എതിര്‍ത്ത കമ്മീഷന്‍ അംഗം അശോക ലാവസ ഈ മാസം നാലാം തീയതി മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗങ്ങളില്‍ പങ്കെടുത്തില്ല. ക്ലീന്‍ ചിറ്റ് നല്‍കിയതിലുള്ള വിയോജിപ്പ് രേഖപ്പെടുത്താത്തില്‍ പ്രതിഷേധിച്ചാണ് അശോക് ലാവസ യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.

കമ്മീഷന്റെ ഉത്തരവുകളില്‍ ഭിന്നാഭിപ്രായം കൂടി രേഖപ്പെടുത്തണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. അശോക് ലാവസ യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നത് കാരണം മെയ് നാലിന് ശേഷം പെരുമാറ്റ ചട്ട ലംഘനവുമായി ബന്ധപ്പെട്ട കമ്മീഷന്‍ യോഗം ചേര്‍ന്നിട്ടില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെകുറിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പ്രതികരിച്ചിട്ടില്ല.

മെയ് മൂന്നാം തീയതിയാണ് മോദിക്കും അമിത് ഷായ്ക്കും കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയത്. ഇത് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ലാവസ തീരുമാനങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്ന വാര്‍ത്തകള്‍ പിന്നീടാണ് പുറത്ത് വന്നത്. മോദിക്കും ഷായ്ക്കുമെതിരായ പരാതിയില്‍ തീരുമാനമെടുക്കുന്നത് കമ്മീഷന്‍ വൈകിപ്പിക്കുന്നതിനെതിരെ സുപ്രീ കോടതിയില്‍ പരാതിയും നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് മെയ് മൂന്നിന് കമ്മീഷന്‍ യോഗം ചേര്‍ന്ന് ക്ലീന്‍ ചിറ്റ് നല്‍കിയത്.

അശോക് ലവാസ ക്ലീന്‍ ചിറ്റ് നല്‍കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച അഞ്ച് പരാതികളില്‍ നാലെണ്ണം മോദിക്കും ഒരെണ്ണം അമിത് ഷായ്ക്കും എതിരെയുള്ളതായിരുന്നു. അതാകട്ടെ, സമാന സ്വഭാവമുള്ള വിഷയങ്ങളില്‍ ആയിരുന്നു താനും. ഏപ്രില്‍ ഒന്നിനും ആറിനും മഹാരാഷ്ട്രയിലെ വാര്‍ധയിലും ലാത്തൂരിലും മോദി നടത്തിയ പ്രസംഗമായിരുന്നു ഇതിലൊന്ന്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. സംഝോത ട്രെയിന്‍ സ്ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഹിന്ദുത്വ പ്രവര്‍ത്തകരെ വെറുതെ വിട്ടത് സൂചിപ്പിച്ചു കൊണ്ട് ഹിന്ദുക്കള്‍ ഭീകര പ്രവര്‍ത്തനം നടത്താറില്ലെന്നും ഹിന്ദുത്വ ഭീകരത എന്ന് പ്രസ്താവിച്ച കോണ്‍ഗ്രസിനെതിരെ ഭൂരിപക്ഷ സമുദായം എതിര്‍പ്പിലാണെന്നും ഈ എതിര്‍പ്പ് ഉള്ളതു കൊണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് രക്ഷപെട്ടോടിയത് എന്നുമായിരുന്നു മോദിയുടെ പ്രസംഗം. വയനാട് ഭൂരിപക്ഷ സമുദായം ന്യൂനപക്ഷമായ സ്ഥലമാണെന്നുമുള്ള മോദിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ഏതെങ്കിലും സമുദായങ്ങള്‍, വംശം, ജാതി, മതങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ സ്ഥാനാര്‍ത്ഥികളോ അവരെ പിന്തുണയ്ക്കുന്നവരോ പ്രസംഗിക്കാന്‍ പാടില്ലെന്ന ചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് പരാതി നല്‍കിയത്. എന്നാല്‍ ഇതിന് ക്ലീന്‍ ചിറ്റ് നല്‍കാനായിരുന്നു കമ്മീഷന്റെ തീരുമാനം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരില്‍ ഒരാളായ സുശീല്‍ ചന്ദ്രയും മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അശോക് ലവാസ ഇതിനെ എതിര്‍ത്തു. എന്നാല്‍ The Election Commission (Conditions of Service of Election Commissioners and Transaction of Business) Act, 1991, -ലെ വകുപ്പ് 10 അനുസരിച്ച് കഴിയുന്നിടത്തോളം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ സമവായത്തിലായിരിക്കണം തീരുമാനം എടുക്കേണ്ടത് എന്നു പറയുന്നുണ്ട്, ഇത് സാധ്യമാകുന്നില്ലെങ്കില്‍ ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളതായിരിക്കും തീരുമാനമെന്നും വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്ന് മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കാനുള്ള മറ്റ് രണ്ടു കമ്മീഷണര്‍മാരുടേയും തീരുമാനം അംഗീകരിക്കപ്പെട്ടു.

സമാനമായ വിധത്തില്‍ ഏപ്രില്‍ ഒമ്പതിന് ലാത്തൂരിലും ചിത്രദുര്‍ഗയിലും നടത്തിയ പ്രസംഗത്തില്‍ മോദി നടത്തിയ പ്രസംഗമാണ് ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെ അശോക് ലവാസ എതിര്‍ത്ത മറ്റൊന്ന്. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടേയും ബലാകോട്ട് നടത്തിയ ആക്രമണത്തില്‍ പങ്കെടുത്ത സൈനികര്‍ക്കുമായി ആദ്യ വോട്ട് ചെയ്യുന്നവര്‍ തങ്ങളുടെ വോട്ട് നല്‍കണമെന്നായിരുന്നു മോദിയുടെ പ്രസംഗം. സൈന്യവുമായി ബന്ധപ്പെട്ട യാതൊരു കാര്യങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുത് എന്ന് രേഖാമൂലം തന്നെ കമ്മീഷന്റെ ഉത്തരവ് നിലനില്‍ക്കുമ്പോഴായിരുന്നു ഈ പ്രയോഗം. ഇതിലും ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചു. എന്നാല്‍ അശോക് ലവേസയുടെ വിയോജിപ്പുകള്‍ കമ്മീഷന്റെ ഉത്തരവിന്റെ കൂടെ പ്രസിദ്ധീകരിച്ചിരുന്നില്ല. വിയോജനക്കുറിപ്പായി ഇത് പ്രസിദ്ധീകരിക്കണമെന്നാണ് അശോക് ലാവേസയുടെ ആവശ്യം.

മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ്; എതിർപ്പുയര്‍ത്തിയത് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍