UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘കഥവീട്ടി’ല്‍ അശ്രഫ് എത്തി; ഇനിയും കഥ കേള്‍ക്കാമെന്ന പ്രതീക്ഷയില്‍ ചങ്ങാതിമാര്‍

Avatar

രാകേഷ് സനല്‍

പടച്ചോന്‍ മനുഷ്യന് പറഞ്ഞുകൊടുത്ത മനോഹരമായൊരു കഥയാണ് സൗഹൃദം. നന്മയും ത്യാഗവും സ്‌നേഹവുമൊക്കെ വാക്കും വരയുമായി നിറയുന്ന ഈ കഥയുടെ പിന്‍പറച്ചിലുകാരായി ഇപ്പഴും ദുനിയാവില്‍ കുറെ മനുഷ്യന്മാരുണ്ട്; അതിലൊരാളായിരുന്നു അശ്രഫും. പക്ഷേ ഒരു ദിനം അശ്രഫിന്റെ ജീവിതപുസ്തകത്തിന്റെ തുന്നലഴിഞ്ഞുപോയി. സൗഹൃദങ്ങളുടെയും കാരുണ്യത്തിന്റെയും കഥകളുടെയും വഴിയില്‍ സമയം തികയാതെ ഓടിനടന്ന ആ മനുഷ്യന്‍ മസീറിന്റെ കട്ടിലിന്മേല്‍ കിടന്നുപോയി.

പതിനൊന്നു മാസം തികഞ്ഞുപോയിരിക്കുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ അശ്രഫ് ആഡൂര്‍ മസ്തിഷ്‌കാഘാതം വന്നു കിടപ്പിലായിട്ട്. ഒരിലത്തുമ്പ് ഇളകുന്നതുപോലെ ജീവനാ ശരീരത്തിലിപ്പോഴുമുണ്ടെങ്കിലും പ്രജ്ഞയറ്റ മയക്കത്തിലാണ്. അശ്രഫ് ഒന്നുമറിയാതെ കിടക്കുമ്പോള്‍ തന്നെയാണ് പടച്ചോന്‍ പറഞ്ഞുകൊടുത്ത കഥ അദ്ദേഹത്തിനു വേണ്ടി മറ്റു ചിലരൊക്കെ ചേര്‍ന്നു പറഞ്ഞു തുടങ്ങിയത്. ആ കഥാകാരന്മാര്‍ ചേര്‍ന്ന് അശ്രഫിനുവേണ്ടി എഴുതിയ മനോഹരമായൊരു കഥയാണ് ആഢൂര്‍ പാലത്തിനടുത്തായി കതകു തുറന്ന ‘കഥവീട്’; അശ്രഫിന്റെ വീട്.

ഈ കഥയിലേക്കു വരുന്നതിനു മുമ്പ് അശ്രഫിന്റെ ജീവിതകഥയുടെ പിന്‍ചട്ടയിലെ കുറിപ്പൊന്നു വായിക്കാം. അതിലിങ്ങനെ എഴുതിയിട്ടുണ്ട്. കഷ്ടപ്പാടുകളുടെ കരയിലൂടെ നടന്നായിരുന്നു ആ മനുഷ്യന്‍ തന്റെ ജീവിതം ആരംഭിച്ചത്. മേലുറച്ചുപ്പോള്‍ കൂലിവേലകള്‍ക്കു പോയി. ജീവിക്കാനാണ് പഠിച്ചത്, പഠിക്കാനായി ജീവിക്കന്‍ സാഹചര്യമുണ്ടായിരുന്നില്ല. എന്നാല്‍ ദുനിയാവിന്റെ കിത്താബ് മനസ്സിരുത്തി വായിച്ചു. അങ്ങനെയാണ് കഥാകാരന്‍ ആകുന്നത്. എഴുതിയതും പറഞ്ഞതിനുമൊക്കെ ആസ്വാദകരുണ്ടായി. ആസ്വാദകരേക്കാള്‍ കൂട്ടുകാരെയുണ്ടാക്കാനായിരുന്നു അശ്രഫിനിഷ്ടം, കണ്ണൂരും കടന്ന് ആ ഇഷ്ടം വളര്‍ന്നു. കഥയെഴുതുക മാത്രമല്ല, കഥയെഴുതുന്നവരെ പ്രോത്സാഹിപ്പിക്കാനും മടിയുണ്ടായില്ല. പന്ത്രണ്ടുകൊല്ലത്തിനപ്പുറം തുടങ്ങിയ നാവ് കഥാമത്സരത്തിലേക്ക് ഓരോ കൊല്ലവും വരുന്നത് നൂറു കണക്കിനു കഥകളാണ്. എഴുതാനും എഴുതിപ്പിക്കാനും കൂട്ടായ്മകളൊരുക്കാനും ഉണ്ടായിരുന്ന അതേ ആവേശമായിരുന്നു ഒരു എഴുത്തുകാരന്റെ പുസ്തകത്തിന്റെ പ്രകാശനം സംഘടിപ്പിക്കാനും കാണിച്ചത്. ലളിതവും ഗൗരവമേറിയതുമായ ചടങ്ങുകള്‍ അശ്രഫ് ഒരുക്കി. വാര്‍ക്കല്‍ പണിയില്‍ നിന്നും പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടിലേക്ക് ജീവിതത്താളു മറിഞ്ഞ കാലം തൊട്ടാണ് കുടുംബത്തിനായി ഹുല്മുകളുടെ ഇഷ്ടിക കട്ടകള്‍ അശ്രഫ് കെട്ടിതുടങ്ങുന്നത്. തറവാട്ടില്‍ നിന്നും വീതംപിരിഞ്ഞു കിട്ടിയ മണ്ണില്‍ ഒരു വീടുണ്ടാക്കണം. ഭാര്യക്കും രണ്ടു കുട്ടികള്‍ക്കും ജീവിതത്തിന്റെ സുരക്ഷിതത്വവും ചെറുതെങ്കിലും സുന്ദരമായ സൗഭാഗ്യങ്ങളും പകര്‍ന്നുകൊടുക്കാനുള്ള മോഹം. അതിങ്ങനെ മനസിലിട്ട്, എഴുതാനുള്ളൊരു പ്രമേയം കിട്ടിയ അതേ സന്തോഷത്തോടെ നടക്കുമ്പോഴായിരുന്നു ആ വീഴ്ച്ച.

കൊണ്ടുപോകാവുന്ന മികച്ച ആശുപത്രികളിലെല്ലാം അശ്രഫിനെ കൊണ്ടുപോയി, എന്നിട്ടും മുസീബത്ത് വിട്ടൊഴിഞ്ഞില്ല. കൊണ്ടുപോയിടത്തു നിന്നെല്ലാം കൈയൊഴിഞ്ഞു. ഒടുവില്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് അപൂര്‍ണതയില്‍ നിന്നുപോയൊരു കഥപോലെ അശ്രഫ് എത്തി.

നയിമില്‍ നിന്നുണരുന്നൊരു ദിനം ചിരിച്ച മുഖത്തോടെ അശ്രഫിനു കേള്‍ക്കാനുള്ള മറ്റൊരു കഥയാണ് ഇനി പറയുന്നത്. പടച്ചോന്‍ പറഞ്ഞ അതേ കിസ്സ. 

ആ കഥയില്‍ വരുന്ന കഥാപാത്രങ്ങള്‍ നിരവധിയുണ്ട്, കഥാകാരന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍, സാധാരണക്കാര്‍… ഇയ്യ വളപട്ടണം, വിനോദ് പി എസ്, അനീഷന്‍, നാസര്‍ കുടല്ലി, കെ പി സുധാകരന്‍; ഇവരൊക്കെ അവരില്‍ ചിലര്‍. വീണുപോയ കൂട്ടുകാരന് അവര്‍ താങ്ങായി, തണലായി. കൊതിയോടെ ഇനിയും വായിക്കാന്‍ അശ്രഫ് എഴുതണമെന്നവര്‍ക്ക് ആഗ്രഹച്ചു, കൂടെയിരുന്നും നടന്നും പറയാനും ചര്‍ച്ച ചെയ്യാനും ആ കൂട്ടുകാരന്റെ സാമിപ്യം അവര്‍ കൊതിച്ചു, അശ്രഫിന്റെ അപൂര്‍ണതയെ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറായില്ല.

ഹൃദയത്താല്‍ മാത്രം ധനികനായിരുന്നു അശ്രഫ് , അതറിയാവുന്നവര്‍ അയാള്‍ക്കുവേണ്ടുന്ന ചികിത്സകള്‍ക്കായി പണം സ്വരൂപിച്ചു. അവരാണ് എവിടെ മികച്ച ചികിത്സകിട്ടും അവിടെയെല്ലാം അശ്രഫിനെ കൊണ്ടുപോയതും. റജൂലിന്റെ ഇലാജിനെക്കാള്‍ അല്ലാഹുവിന്റെ വൈദ്യത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് അവരിപ്പോഴും അശ്രഫിനെ കാത്തിരിക്കുന്നു. ഒരു ദിവസം അവനെഴുന്നേറ്റു വരും, താഹിയ ചൊല്ലി കെട്ടിപ്പിടിക്കും, ചിരിക്കും വീണ്ടും കഥകള്‍ പറയും; അവര്‍ക്കുറപ്പുണ്ട്…

ഒരിക്കല്‍ അശ്രഫ് പറഞ്ഞൊരു മോഹം; തറവാട്ടില്‍ നിന്നും അഞ്ചുസെന്റ് ഭൂമി കിട്ടീട്ടുണ്ട്, അതിലൊരു വീടുവയ്ക്കണം. അതവന്റെയൊരു സ്വപ്‌നായിരുന്നു. ഒരു റേഷന്‍ കാര്‍ഡ് ആദ്യമുണ്ടാക്കിയെടിക്കണം, പിന്നീട് നമുക്കൊരു വീടുണ്ടാക്കാഡോ…ഞങ്ങളൊക്കെയില്ലേ…അന്നു കൊടുത്ത വാക്ക് ഇപ്പോള്‍ വീട്ടണം, ഇയ്യ സുഹൃത്തുക്കളോട് പറഞ്ഞു. ആശുപത്രിയില്‍ ഇനി ചെയ്യാനൊന്നുമില്ല വീട്ടില്‍ കൊണ്ടുപോകുന്നതാണ് നല്ലതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതാണ്. കൊണ്ടുപോരാനാണെങ്കില്‍ എങ്ങോട്ട്? തറവാട്ടില്‍ മറ്റു കുടുംബാംഗങ്ങളുമുണ്ട്. അതുകൊണ്ട് അവനെ ആശുപത്രിയില്‍ നിന്നും കൊണ്ടുപോന്നാല്‍, അതു സ്വന്തം വീട്ടിലേക്കായിരിക്കണം, അശ്രഫിനൊരു വീടുണ്ടാകണം. എങ്ങനെയുള്ള വീട്? അതിപ്പോ ഞാനോ നിങ്ങളോ സ്വന്തമായി ഒരു വീടു കെട്ടിയാല്‍ എങ്ങനത്തെ കെട്ടും, അമ്മതിരി ഒരെണ്ണം, ഇയ്യ പറഞ്ഞപ്പോള്‍ അതെല്ലാവര്‍ക്കും മനസിലായി. അങ്ങനെയാണാവര്‍ നന്മയുടെ കഥവീട് കെട്ടാന്‍ തുടങ്ങുന്നത്.

അശ്രഫിന്റെ ചികിത്സ ചെലവിനായി ഒരു തുക സ്വരൂപിച്ചിട്ടുണ്ട്. അതില്‍ തൊട്ടില്ല. അശ്രഫിന്റെ തെരഞ്ഞെടുത്ത കഥകള്‍ പുസ്തകമാക്കി വിറ്റു. സൈകതം ബുക്‌സാണ് പബ്ലിഷ് ചെയ്യാമെന്നേറ്റത്. പ്രിന്റിംഗ് ചാര്‍ജ് 30 രൂപയാകും, അതേ ചോദിച്ചുള്ളൂ. സൈകതം പുറത്തിറക്കിയ അശ്രഫ് ആഡൂരിന്റെ തെരഞ്ഞെടുത്ത കഥകളുടെ സമാഹാരം വില്‍പ്പനയ്ക്കു വച്ചു. പ്രകാശന ചടങ്ങു വേദികളില്‍ തന്നെ വില്‍പ്പന നടന്നു, പല വഴിയിലൂടെ പിന്നെയും. പുസ്തകത്തിലൂടെ കിട്ടിയ തുക മാത്രം പോരല്ലോ… ബാക്കി സലാഹിന്റെ സമ്പാദ്യം സൂക്ഷിക്കുന്ന മനുഷ്യന്മാരുണ്ടാക്കി.

സഹായം ചെയ്തവര്‍ പലരാണ്. പണമായി തന്നവര്‍, അധ്വാനം ചെലവഴിച്ചവര്‍, ചെയ്ത ജോലിക്കു കൂലി വാങ്ങാതെ പോയവര്‍…നിര്‍മാണ സാമഗ്രികള്‍ സൗജന്യമായി തന്നവര്‍…ആരൊക്കെയെന്നും എന്തൊക്കെ ചെയ്‌തെന്നും എങ്ങനെ അറിയും. അവര്‍ക്കൊന്നും അതു പറയാന്‍ ഇഷ്ടവുമില്ല. കണക്ക് സര്‍വേശ്വരന്‍ കുറിച്ചിട്ടുണ്ടാകും, ചെയ്ത വസായിഫിന് പടച്ചോന്‍ ഉജൂര്‍ തന്നോളും, പിന്നെന്തിന് മറ്റൊരു പറച്ചിലെന്ന് അവര്‍ ചോദിക്കുന്നു. 

ഇന്നലെയായിരുന്നു, 2016 ജനുവരി 10 ഞായര്‍, കഥവീട് വീട്ടുകാരിയെ ഏല്‍പ്പിച്ചത്. ക്ഷണം കിട്ടിയവരും അറിഞ്ഞെത്തിയവരും സാക്ഷികളായി. വരണമെന്നു പറഞ്ഞവരോടെല്ലാം ക്ഷണിച്ചവര്‍ ഒന്നേ പറഞ്ഞിരുന്നുള്ളൂ,സമ്മാനങ്ങളൊന്നും കൊണ്ടു വരരുത്. നൂറു രൂപ വിലയുള്ള അശ്രഫിന്റെ കഥാസമാഹാരത്തിന്റെ ഏതാണ്ട് അറുന്നൂറ് കോപ്പികള്‍ മിച്ചമുണ്ട്, തോന്നിയാല്‍ അതു വാങ്ങുക, സമ്മാനം അത്തരത്തിലൊരു സഹായമായിക്കോട്ടെ. വന്നവരൊക്കെ പുസ്തകം വാങ്ങി. ഇനിയിപ്പോള്‍ പത്തുമുന്നൂറു കോപ്പികളാണ് ബാക്കി. അതു പ്രസാധകര്‍ തിരിച്ചെടുത്തോളാമെന്നു പറഞ്ഞിട്ടുണ്ട്. 

അങ്ങനെ ജീവിതത്തിന്റെ തീപ്പൊള്ളലേറ്റ കഥകളെഴുതിയ കഥാകരന്‍ അക്ഷരങ്ങള്‍ക്കു പുറത്തു കണ്ടൊരു സ്വപ്‌നം ആ സൗഹൃത്തുക്കളെല്ലാം ചേര്‍ന്ന് സഫലമാക്കിയതിന്റെ കഥയായി കഥവീട് ഉയര്‍ന്നു നില്‍ക്കുന്നു…പടച്ചോന്‍ പറഞ്ഞു തന്ന കഥയുടെ മറ്റൊരു പതിപ്പായി…

ഇങ്ങനെയൊരു കഥ പൂര്‍ത്തിയാകുമ്പോള്‍ കഥയിലെ നായകന്‍ അവിടെയുണ്ടായിരുന്നില്ല. ഇന്നവര്‍ എല്ലാവരും പോയിട്ടുണ്ട്, ആശുപത്രിയില്‍ നിന്നും കൂട്ടിക്കൊണ്ടുവരാന്‍..വേണ്ടത് സ്വാന്തന പരിചരണമാണെന്നു ഡോക്ടര്‍ പറഞ്ഞിരുന്നു, അതു വീട്ടിലാകുന്നതാണ് നല്ലത്. ഇപ്പോള്‍ വരാനൊരു വീടുണ്ടല്ലോ, സ്വന്തമായി തന്നെ. ഇനി അശ്രഫ് ഈ വീട്ടിലാണ്…ഒരു ജീവിതം മുഴുവന്‍ വായിച്ചാലും മതിവരാത്ത നന്മയുടെ കഥയെഴുതിയ ഈ വീട്ടിലേക്ക്…

എല്ലാ മനുഷ്യരുടെയും ആദ്യാവസാന അധ്യായങ്ങളും വായിച്ച ദൈവമേ…നിനക്കറിയാം അശ്രഫിന്റെ കാര്യത്തിലിനിയെന്തെന്ന്… അതുകൊണ്ടു തന്നെ നിനക്കു മുന്നില്‍ അവനുവേണ്ടി വരുന്ന തത്ബിക്കുകളിലെല്ലാം ഞങ്ങളാവശ്യപ്പെടുന്നൂ, ഈ വീട്ടിലിരുന്നു തന്നെ ഇനിയും അശ്രഫ് ജീവിതത്തെയും മനുഷ്യനെയും കുറിച്ച് കഥകളെഴുതണം…അങ്ങനെയിത് എല്ലാ അര്‍ത്ഥത്തിലും ഒരു കഥവീടാകണം…സൗഹൃദത്തിന്റെ കഥ ചൊല്ലി തന്ന പടച്ചോനതു കേള്‍ക്കാതിരിക്കാനാവില്ല…

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍