UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രണ്ടു വര്‍ഷമായി ബാബ ഫ്രീസറില്‍; തിരിച്ചു വരുമെന്ന് അനുയായികള്‍

Avatar

അഴിമുഖം പ്രതിനിധി

പഞ്ചാബിലെ നൂര്‍മഹല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിവ്യജ്യോതി ജാഗ്രിതി സന്‍സ്ഥന്‍ എന്ന ഒരു അവാന്തര വിശ്വാസി വിഭാഗത്തിന്റെ മാസം തോറും നടക്കുന്ന ഒത്തുചേരലിന്റെ അവിഭാജ്യ ഘടകമായ ഒരു പാട്ടുണ്ട്. അഷു ബാബ ആയേംഗേ… (അഷു ബാബ വരും) എന്നു തുടങ്ങുന്ന ഈ ഗാനം രണ്ടു വര്‍ഷം മുമ്പ് ‘വൈദ്യശാസ്ത്രപരമായി മരിച്ച’ ഇവരുടെ തലവനായിരുന്ന അശുതോഷ് മഹാരാജിന്റെ രണ്ടാം വരവിനെ കുറിച്ചാണ് പറയുന്നത്. മാനവരാശിയുടെ ക്ഷേമത്തിനായി അഷുതോഷ് തണുത്തുറഞ്ഞ മരവിപ്പില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് വരുമെന്ന് അനുയായികളെ വിശ്വസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അശുതോഷിന്റെ ഭക്തരായ ദിവ്യജ്യോതി പ്രചാരകര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ ഗാനാലാപനത്തെ ഉപയോഗപ്പെടുത്തി വരുന്നത്.

അശുതോഷിന്റെ ഈ അനുയായിക്കൂട്ടത്തിന് പഞ്ചാബില്‍ 36 കേന്ദ്രങ്ങളും ലോകത്തൊട്ടാകെ സാന്നിധ്യവുമുണ്ട്. ഇവരുടെ മൊത്തം ആസ്തി ആയിരം കോടിയിലേറെ വരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

മരിച്ചിട്ടും അടക്കം ചെയ്യപ്പെടാത്ത ബാബയുടെ മൃതദേഹം സര്‍ക്കാരിനും ഒരു തലവേദനയാണ്. ഈ വിഭാഗത്തിന്റെ കാര്യത്തില്‍ ഇടപെട്ട് സര്‍ക്കാര്‍ അനാവശ്യ പ്രശ്‌നം ക്ഷണിച്ചു വരുത്തുന്നതിന്റെ ആവശ്യമെന്താണ്? സര്‍ക്കാരിനു ക്രമസമാധാന പ്രശ്‌നമുണ്ടാകുമ്പോള്‍ മാത്രം ഇടപെട്ടാല്‍ പോരെ? അനുയായികള്‍ ബാബയുടെ മൃതദേഹം അടക്കം ചെയ്യാതെ സൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ സര്‍ക്കാരിന് ഇത് എങ്ങനെയാണ് ഒരു പ്രശ്‌നമാകുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിപോകുമ്പോള്‍ ഈ ഭക്തവിഭാഗത്തിന്റെ വിചിത്രമായ് പെരുമാറ്റമാണ് നമുക്ക് കാണാനാകുക.

2014 ജനുവരി 29-ന് പുലര്‍ച്ചെ പഞ്ചാബിലെ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിന് സന്‍സ്ഥനില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നു. തങ്ങളുടെ ആത്മീയ നേതാവും സന്‍സ്ഥന്‍ തലവനുമായ അശുതോഷ് ബാബ ഹൃദയാഘാതം മൂലം മരിച്ചിരിക്കുന്നുവെന്ന വിവരം അറിയിക്കാനായിരുന്നു അത്. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് തൊട്ടു മുമ്പത്തെ രാത്രിയില്‍ അശുതോഷിന് നെഞ്ചുവേദന ഉണ്ടായപ്പോള്‍ ലുധിയാനയിലെ സദ്ഗുരു പ്രതാപ് സിംഗ് അപ്പോളോ ഹോസ്പിറ്റലില്‍ നിന്നും ഒരു ആംബുലന്‍സ് വരുത്തുകയും ചെയ്തിരുന്നു. വിശദമായ പരിശോധനകള്‍ക്കു ശേഷം ഡോക്ടര്‍മാരുടെ സംഘം അശുതോഷ് മരിച്ചതായി വിധിയെഴുതുകയും ചെയ്തിരുന്നു.

എന്നാല്‍ വിവരമറിഞ്ഞ് സന്‍സ്ഥനിന്റെ ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാലു നേതാക്കള്‍ എത്തിച്ചേര്‍ന്നതോടെ കാര്യങ്ങളൊക്കെ കിഴ്‌മേല്‍ മറിയുകയായിരുന്നു. അഷുതോഷ് മരിച്ചിട്ടില്ല സമാധിയിലാണ് വൈകാതെ അദ്ദേഹം തിരിച്ചു വരുമെന്നാണ് പിന്നീട് ഇവര്‍ പ്രചരിപ്പിച്ചത്.

രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷവും ഇവര്‍ അനുയായികളെ പറഞ്ഞ് വിശ്വസിപ്പിച്ചു കൊണ്ടിരിക്കുന്നത് അദ്ദേഹം തിരിച്ചു വരുമെന്നാണ്. ‘എന്റെ ആത്മാവ് അപ്രത്യക്ഷമാകുകയും മാനവരാശിക്കു വേണ്ടി ഏതാനും ചില പ്രധാനകാര്യങ്ങള്‍ ചെയ്തു തീര്‍ത്ത ശേഷം തിരിച്ചുവരികയും ചെയ്യും’ എന്ന് നേരത്തെ പറഞ്ഞിട്ടുള്ള അശുതോഷിന്റെ ഈ രണ്ടാം വരവും കാത്തിരിക്കുകയാണ് ഭക്തര്‍.

മരിച്ചയുടന്‍ പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍ നിന്ന് കൊണ്ടുവന്ന മോര്‍ച്ചറി ചേംബറിലേക്ക് അശുതോഷിനെ മാറ്റിയിരുന്നു. പിന്നീട് സന്‍സ്ഥന്‍ നേതാക്കളുടെ നിര്‍ബന്ധപ്രകാരം മൃതദേഹം ഫ്രീസറിലേക്ക് മാറ്റി സൂക്ഷിച്ചു വന്നു. അതിനിടെ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മൃതദേഹം അശുതോഷ് താമസിച്ചിരുന്ന പ്രത്യേക മുറിയില്‍ ഒരുക്കിയ ഒരു ചില്ലു കൂട്ടിലേക്ക് മാറ്റിയതായി സന്‍സ്ഥന്‍ നേതൃത്വവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു. ഈ മുറിക്ക് സന്‍സ്ഥയുടെ സുരക്ഷാ ഗാര്‍ഡുകള്‍ 24 മണിക്കൂറും കാവലിരിക്കുകയാണ്. പരമോന്നത നേതാക്കള്‍ക്കു മാത്രമെ ഈ മുറിയിലേക്ക് പ്രവേശനമുള്ളൂ. 2015 ജനുവരിയില്‍ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി അഷുതോഷിന്റെ മൃതദേഹം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരില്‍ നിന്നു റിപ്പോര്‍ട്ട് തേടിയപ്പോള്‍ വിവരമാരായാന്‍ ചെന്ന ജലന്ദര്‍ ജില്ലാ അധികാരികളെ അദ്യം മൃതദേഹത്തിനടുത്തേക്ക് കടത്തിവിട്ടിരുന്നില്ല. ജില്ലാ ഭരണകൂടം നിലപാട് കടുപ്പിച്ചതോടെയാണ് ഒരു തവണ മാത്രം മൃതദേഹം കാണിച്ചു കൊടുക്കാന്‍ അവര്‍ തയാറായത്.

അശുതോഷിന്റെ മൃതദേഹം കരുവാളിക്കുകയും നന്നായി ചുരുങ്ങുകയും ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ ജനുവരിയില്‍ മൃതദേഹം കണ്ട ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. സന്‍സ്ഥന്റെ പൂര്‍ണ്ണ നിരീക്ഷണത്തിലാണിത്. ഒന്നിടവിട്ട ദിവസങ്ങളില്‍ സന്‍സ്ഥനിലെ ഡോക്ടര്‍മാര്‍ പരിശോധിക്കാറുണ്ടെന്നും സംരക്ഷിച്ചു പോരുന്നതിനായി പ്രത്യേക രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

അശുതോഷിന്റെ മരണം സംഭവിച്ചതായി ഇനിയും തീര്‍പ്പുകല്‍പ്പിക്കാത്തതിനു കാരണമായി പറയപ്പെടുന്നത് യോഗ്യനായ ഒരു പിന്‍ഗാമി ഇല്ലെന്ന പ്രശ്‌നമാണ്. ഈ ഭക്തസമൂഹത്തെ ഇപ്പോള്‍ നയിക്കുന്നത് ദല്‍ഹിയിലെ സന്‍സ്ഥ നേതാക്കളാണ്. സ്വാമി അരവിന്ദനെ പോലുള്ള പ്രാദേശിക നേതാക്കള്‍ക്ക് വേണ്ടത്ര പരിഗണനയും നല്‍കിയിട്ടില്ല. എന്നാല്‍ ദിവ്യ ജ്യോതി ജാഗ്രിതി സന്‍സ്ഥനെ നയിക്കുന്നത് ദല്‍ഹി ആസ്ഥാനമായ ഒരു രജിസ്‌ട്രേഡ് ട്രസ്റ്റാണെന്നും ഇതിന്റെ എല്ലാ ആസ്തികളും ട്രന്‍സ്റ്റിന്റെ ഉടമസ്ഥതയിലാണെന്നുമാണ് ഈ കൂട്ടായ്മയുടെ ഔദ്യോഗിക പദവി വഹിക്കുന്നവര്‍ പറയുന്നത്.

സന്‍സ്ഥന്‍ തലവന്റെ ഒരു മുന്‍ ഡ്രൈവറും അശുതോഷിന്റെ മകന്‍ എന്നവകാശപ്പെടുന്ന ബിഹാറുകാരന്‍ ദലിപ് ഝായും അശുതോഷിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ അനുമതി തേടിയും മരണം സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടും പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഈ സംഭവത്തില്‍ പലതവണ അട്ടിമറികളും വഴിത്തിരിവുകളും ഉണ്ടായത്.

പ്രശ്‌നങ്ങള്‍ക്ക് രമ്യമായ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് 2014 നവംബര്‍ 30-ന് ജസ്റ്റിസ് എസ് കെ മിത്തല്‍ (ഇപ്പോള്‍ രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്) അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. അശുതോഷിന്റെ പേരില്‍ ഒരു സമാധിയോ ക്ഷേത്രമോ ഉണ്ടാക്കുകയും അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി സന്‍സ്ഥയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. 15 ദിവസങ്ങള്‍ക്കകം അശുതോഷിന്റെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് 2014 ഡിസംബര്‍ ഒന്നിന് ഹൈക്കോടതിയുടെ ഏകാംഗ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നെങ്കിലും പിന്നീട് ഇത് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. ഈ കേസില്‍ അടുത്ത മാസം 24-ന് നടക്കാനിരിക്കുന്ന വാദം കേള്‍ക്കലിനാണ് എല്ലാവരും ഇപ്പോള്‍ കാത്തിരിക്കുന്നത്. ഇത് മതകാര്യമാണെന്ന് പറഞ്ഞ് പ്രശ്‌നത്തില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കാനാണ് സംസ്ഥാന സര്‍ക്കാരിനു താല്‍പര്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍