UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏഷ്യ കപ്പ്; ലങ്കയും തകര്‍ത്ത് ടീം ഇന്ത്യ ഫൈനലില്‍

അഴിമുഖം പ്രതിനിധി

ടീം ഇന്ത്യ ഏഷ്യകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു. ഇന്നു നടന്ന മത്സരത്തില്‍ ശ്രീലങ്കയെ അഞ്ചുവിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനല്‍ പ്രവേശനം സാധ്യമാക്കിയത്. തുടര്‍ച്ചയായി മൂന്നുകളികളിലും വിജയം നേടിയ ഇന്ത്യക്ക് ഇനി യുഎഇയുമായി ഒരു മത്സരം ശേഷിക്കുന്നുണ്ട്. ഇന്ത്യക്കായി വിരാട് കോഹ്ലി അര്‍ദ്ധ സെഞ്ച്വറി നേടി.

ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ ശ്രീലങ്കയെ അയക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ മികച്ച സ്ഥിര പുലര്‍ത്തുന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ ലങ്കയെ 138 റണ്‍സിന് തളച്ചിട്ടു. ഒരുഘട്ടത്തില്‍ നൂറു റണ്‍സ് പോലും കടക്കില്ലെന്നു തോന്നിപ്പിച്ച ലങ്കയെ മാന്യമായ സ്‌കോറില്‍ എത്തിച്ചത് തിസിര പെരേരയും കുലശേഖരയും അവസാന നിമിഷം നടത്തിയ കൂറ്റനടികളാണ്. പെരേര 9 പന്തില്‍ നിന്നും 17 റണ്‍സും കുലശേഖര 14 പന്തില്‍ 13 റണ്‍സും നേടി. 32 പന്തുകളില്‍ നിന്നും മുപ്പത് റണ്‍സ് നേടിയ കപ്പുഗദരെയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ബംറ, പാണ്ഡ്യ അശ്വിന്‍ എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീതം വീഴ്ത്തി. നെഹ്‌റ ഒരു വിക്കറ്റ് സ്വന്തമാക്കി.

താരതമ്യേന ചെറിയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് പക്ഷേ തുടക്കം പിഴച്ചു. പരിക്കുമൂലം ധവാനും രോഹിതും കളിക്കില്ലെന്നായിരുന്നു രാവിലെ വന്ന വാര്‍ത്തകളെങ്കിലും രണ്ടുപേരും തന്നെയാണ് ഇന്ത്യക്കായി ബാറ്റിംഗ് തുടക്കം ഇട്ടത്. പക്ഷേ പരിക്കിന്റെ പിടിയില്‍ നിന്നും മോചിതരായിട്ടില്ലെന്നു തോന്നിപ്പിക്കുന്നതായിരുന്നു രണ്ടുപേരുടെയും കളി. ഒരു റണ്‍സ് എടുത്ത ധവാന്‍ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 11 റണ്‍സ്. അഞ്ചു റണ്‍സ് കൂട്ടി ചേര്‍ക്കുമ്പോഴേക്കും രോഹിത് ശര്‍മയും മടങ്ങി. 15 റണ്‍സായിരുന്നു രോഹിതിന്റെ സംഭാവന. പിന്നാലെ ചേര്‍ന്ന റെയ്‌ന-കോഹ്ലി സഖ്യം ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോയി. സ്‌കോര്‍ 70 ല്‍ എത്തിയപ്പോള്‍ റെയ്‌ന വീണു. 25 റണ്‍സായിരുന്നു സമ്പാദ്യം. പകരമെത്തിയത് യുവരാജ്. ഫോമിന്റെ ലാഞ്ചനപോലും കഴിഞ്ഞ മത്സരങ്ങളിലൊന്നും കാണിക്കാതിരിരുന്ന യുവരാജ് പക്ഷേ ഇത്തവണ ഞെട്ടിച്ചു. 18 പന്തില്‍ മൂന്നു വീതം സിക്‌സുകളുടെയും ഫോറുകളുടെയും അകമ്പടിയോടെ യുവി നേടിയത് 35 റണ്‍സ്.

അനായസമായി ഇന്ത്യ വിജയത്തിലേക്ക് നീങ്ങുന്നു എന്നു തോന്നിച്ചിടത്ത് യുവരാജിനു പിഴച്ചു. കുലശേഖരയ്ക്ക് ക്യാച്ച് നല്‍കി യുവരാജ് മടങ്ങുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 4 വിക്കറ്റിന് 121. 19 പന്തില്‍ 18 റണ്‍സ് വിജയത്തിനു വേണ്ട സാഹചര്യം. ഹര്‍ദിക് പാണ്ഡ്യയാണ് തുടര്‍ന്നു ക്രീസിലെത്തിയത്. പക്ഷേ രണ്ടു റണ്‍സെടുത്ത പാണ്ഡ്യ ഹെറാത്തിന്റെ മനോഹരമായ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. ഇന്ത്യ ആശങ്കപ്പെട്ട നിമിഷം. 17 ആം ഓവറിന്റെ അവസാനപന്തിലായിരുന്നു പാണ്ഡ്യെ പുറത്താകുന്നത്. 13 പന്തില്‍ 14 റണ്‍സ് എന്നായിരുന്നു അപ്പോഴത്തെ അവസ്ഥ. പിന്നെയെല്ലാം പ്രതീക്ഷകളും ക്രീസിലെത്തിയ ക്യാപ്റ്റനിലും കോഹ്ലിയിലുമായി. എന്നാല്‍ ശ്രീലങ്കയുടെ നേരിയ പ്രതീക്ഷകളെ പോലും തകര്‍ത്തുകൊണ്ട് ധോണിയുടെ ബാറ്റില്‍ നിന്നും തകര്‍പ്പനൊരു സിക്‌സര്‍. പിന്നെ ചടങ്ങു തീര്‍ക്കേണ്ട ജോലി വൈസ് ക്യാപ്റ്റനുവച്ചുമാറി ധോണി. ആദ്യം ഒരു ഫോറുനേടി ഇന്ത്യയുടെ വിജയലക്ഷ്യം രണ്ടു റണ്‍സാക്കി കുറയ്ക്കുകയും അതോടൊപ്പം തന്റെ അര്‍ദ്ധ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. അവസാന ഓവറിലെ രണ്ടാം പന്ത് ഒരിക്കല്‍ കൂടി അതിര്‍ത്തിയിലേക്ക് പായിച്ച് കോഹ്ലി ഇന്ത്യക്ക് വിജയവും നേടിക്കൊടുത്തു.47 പന്തില്‍ 56 റണ്‍സ് നേടി പുറത്താകാതെ നിന്ന കോഹ്ലി തന്നെയാണ് മാന്‍ ഓഫ് ദി മാച്ചും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍