UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അങ്ങനെയെങ്കില്‍ ഏഷ്യാനെറ്റ് ഇനിയെന്താകും?

Avatar

അഴിമുഖം പ്രതിനിധി

 

അങ്ങനെയൊരു ഇ-മെയില്‍ ഉണ്ട്. അത് വന്ന ദിവസം ഓഫീസില്‍ വലിയ പ്രതിഷേധം ഉണ്ടാവുകയും ചെയ്തു. അതുകൊണ്ടായിരിക്കാം പിറ്റേ ദിവസം പിന്‍വലിച്ചത്. എന്നാല്‍ കമ്പനി ചെയര്‍മാന്റെ അറിവോടെയാണോ അത് വന്നതെന്ന് അറിയില്ല. ഏതെങ്കിലും വിഷയത്തില്‍ നിയന്ത്രണം വേണമെന്നോ ചിലതിന് കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്നോ ഉള്ള നിര്‍ദേശങ്ങളൊന്നും ഇപ്പോള്‍ ചാനലിന് തന്നിട്ടില്ല”. എന്‍ഡിഎയുടെ കേരളത്തിലെ വൈസ് ചെയര്‍മാന്‍ കൂടിയായ ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖര്‍ തന്റെ കമ്പനിക്ക് കീഴിലുള്ള മാധ്യമ സ്ഥാപനങ്ങള്‍ക്ക് അയച്ച വിവാദ ഇ-മെയിലുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിലെ വിശ്വസനീയ വൃത്തങ്ങള്‍ അഴിമുഖത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

 

രാജീവ് ചന്ദ്രശേഖറിന്റെ് ഉടമസ്ഥതയിലുള്ള ബാംഗ്ലൂര്‍ കേന്ദ്രമായ ജൂപ്പിറ്റര്‍ ക്യാപ്പറ്റിലിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അമിത് ഗുപ്ത കഴിഞ്ഞ സെപ്റ്റംബര്‍ 21-ന് ഏഷ്യാനെറ്റ് ന്യൂസ്, കന്നട ചാനലായ സുവര്‍ണ ന്യൂസ്, കന്നഡ പത്രമായ കന്നഡപ്രഭ, വെബ് പോര്‍ട്ടല്‍ ന്യൂസബിള്‍ എന്നിവയ്ക്കയച്ച ഇ-മെയിലിലെ വിവരങ്ങള്‍ സ്വതന്ത്ര വാര്‍ത്താ പോര്‍ട്ടലായ ന്യൂസ്‌ലോണ്‍ട്രി (Asianet And The ‘Independence’ Of Rajeev Chandrasekhar) കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കമ്പനി ചെയര്‍മാന്റെ രാഷ്ട്രീയ ആശയങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നവര്‍, വലതുപക്ഷ നിലപാടുകളുള്ളവര്‍, സൈന്യത്തോടും രാജ്യത്തോടും അനുകൂല സമീപനമുള്ളവര്‍, ദേശീയതയും ഭരണവും സംബന്ധിച്ച് ചെയര്‍മാന്റെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നവര്‍ എന്നിവരെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ നിയമിച്ചാല്‍ മതി എന്നായിരുന്നു കമ്പനിക്ക് കീഴിലുള്ള സ്ഥാപനങ്ങളിലെ എഡിറ്റോറിയല്‍ മേധാവികള്‍ക്കുള്ള നിര്‍ദേശം. എന്നാല്‍ ഇതിനോട് കടുത്ത എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ ഇ-മെയില്‍ കാര്യമാക്കേണ്ടതില്ലെന്ന് കാണിച്ച് ഗുപ്ത പിറ്റേന്ന് വീണ്ടും മെയില്‍ അയയ്ക്കുകയായിരുന്നു.

 

ഏഷ്യാനെറ്റ്
2016-ല്‍ നിന്നും രണ്ടു ദശകത്തോളം പിന്നോട്ടു പോയാല്‍ ഏഷ്യാനെറ്റ് കേരളത്തിന്റെ ടെലിവിഷന്‍ വാര്‍ത്താ സംസ്‌കാരം രൂപപ്പെടുത്തിയെടുത്തത് എങ്ങനെ എന്നതിന് നിരവധി ഉദാഹരണങ്ങള്‍ കിട്ടും. 1998 മാര്‍ച്ച് 19-നാണ് കേരളത്തിന്റെ ആദ്യമുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് അന്തരിച്ചത്. ഇഎംഎസ് അസുഖബാധിതനാണ് എന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നതിനാല്‍ പത്രമാധ്യമങ്ങളൊക്കെ ആ വാര്‍ത്ത സ്വീകരിക്കാനുള്ള തയാറെടുപ്പിലുമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഏഷ്യാനെറ്റ് ഓഫീസിലേക്ക് ദേശാഭിമാനിയില്‍ നിന്ന് ടെലിഫോണ്‍ വിളി വരുന്നത്. ഇഎംഎസ് അന്തരിച്ചു എന്നറിയിക്കാനായിരുന്നു അത്. എന്നാല്‍ ആ വാര്‍ത്ത അപ്പോള്‍ സംപ്രേക്ഷണം ചെയ്തില്ല. പകരം ബ്യൂറോയുടെ അന്നത്തെ തലവന്‍ ആശുപത്രിയിലേക്ക് ഓടുകയാണ് ചെയ്തത്. അവിടെ ചെന്നപ്പോള്‍ അദ്ദേഹം കാണുന്നത് അന്തരിച്ച ഇഎംഎസിന്റെ താടി തുണികൊണ്ട് കൂട്ടിക്കെട്ടുന്ന രംഗമാണ്. അതിനു ശേഷം വാര്‍ത്ത പ്രക്ഷേപണം ചെയ്യുകയും ചെയ്തു. വാര്‍ത്തകളുടെ വിശ്വാസ്യത വീണ്ടും വീണ്ടും പരിശോധിച്ചു മാത്രം നല്‍കുക എന്ന നയത്തിന്റെ ഭാഗമായിരുന്നു ഈ സംഭവം.

 

വാര്‍ത്തയുടെ കാര്യത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് റൂമില്‍ അത്രയേറെ ശ്രദ്ധാലുക്കളായിരുന്നു എല്ലാവരുമെന്ന് പിന്നീട് പല ചാനലുകളിലേക്ക് ചേക്കേറിയ മുതിര്‍ന്ന പല ജേര്‍ണലിസ്റ്റുകളും ഓര്‍ത്തെടുക്കുന്നു. ഈ സ്‌റ്റോറിക്കു വേണ്ടി അഴിമുഖം ബന്ധപ്പെട്ട പലരും പറഞ്ഞ അനുഭവങ്ങള്‍ അത്തരത്തിലായിരുന്നു. ട്രെയിനികളായി വന്നവര്‍ക്ക് നല്‍കിയ ആദ്യ പാഠങ്ങളിലൊന്ന് അധികാരവുമായി എങ്ങനെ സന്ധി ചെയ്യരുത് എന്നാണ്. അധികാരത്തിലിരിക്കുന്നവരെ സര്‍ എന്നു വിളിക്കുന്നതിനു പകരം പേര് വിളിക്കുക എന്ന ആഗോള മാധ്യമശൈലി ഓരോ ട്രെയിനിക്കും തുടക്കകാലം മുതല്‍ പരിചയമായിത്തുടങ്ങി. അധികാരത്തെ എങ്ങനെ നേരിടണം എന്നതിന്റെ ബാലപാഠങ്ങളായിരുന്നു അത്. ചാനലില്‍ പോകുന്ന ഭാഷ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള ഗൗരവമുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. അടുക്കളയില്‍ നിന്ന് വാര്‍ത്ത കേള്‍ക്കുന്നവര്‍ക്ക് പോലും മനസിലാകുന്ന വിധത്തില്‍ ലളിതവും സാധാരണവുമായിരിക്കണം ഭാഷയെന്നായിരുന്നു അക്കാലത്തെ നിര്‍ദേശങ്ങളിലൊന്ന്.

 

പിറവി
ദൂരദര്‍ശന്റ ചത്തേ ചതഞ്ഞേ എന്ന ടെലിവിഷന്‍ സംസ്‌കാരത്തില്‍ നിന്നുള്ള മോചനമായിരുന്നു 1993-ല്‍ തുടങ്ങിയ ഏഷ്യാനെറ്റ്. മലയാളത്തിലെ ആദ്യത്തേതും രാജ്യത്ത രണ്ടാമത്തേതുമായ സ്വകാര്യ ചാനല്‍. ശശികുമാറിന്റെ നേതൃത്വത്തില്‍ സക്കറിയ, ബി.ആര്‍.പി ഭാസ്‌കര്‍, അന്തരിച്ച ടി.എന്‍ ഗോപകുമാര്‍ എന്നിവര്‍ക്കൊപ്പം നീലന്‍, എന്‍.പി ചന്ദ്രശേഖരന്‍, സി.എല്‍ തോമസ്, എന്‍.കെ രവീന്ദ്രന്‍, പ്രമോദ് രാമന്‍, തുടങ്ങിയവരായിരുന്നു തുടക്കക്കാര്‍. പിന്നാലെ എം.വി നികേഷ് കുമാര്‍, ഷാഹിന കെ.കെ, സിന്ധു സൂര്യകുമാര്‍, രാജീവ് രാമചന്ദ്രന്‍, വിധു വിന്‍സെന്റ്, വി.എം ദീപ, ഷാജഹാന്‍ തുടങ്ങി  വലിയൊരു നിരയും. ഹര്‍ഷന്‍, ഇ സനീഷ്, ബിജു പങ്കജ്, മഞ്ജുഷ് ഗോപാല്‍ തുടങ്ങി പുതിയ തലമുറയിലുള്ള പലരും ഒരു സമയത്ത് ഏഷ്യാനെറ്റിന്റെ ഭാഗമായിരുന്നവരാണ്.

 

 

ദൂരദര്‍ശന്‍ കാലത്തു നിന്ന് വ്യത്യസ്തമായി ഓര്‍ഗാനിക്കായ ഒരു ലൈവ് വാര്‍ത്താ സംസ്‌കാരം കൊണ്ടുവരികയായിരുന്നു ഏഷ്യാനെറ്റ് ചെയ്തത്. വാര്‍ത്തകളുടെ വിശ്വാസ്യത തന്നെയായിരുന്നു അതിലെ മുഖ്യഘടകവും. മലയാളത്തിലെ ഒട്ടുമുക്കാല്‍ പത്രങ്ങളും ചാരക്കേസിന്റെ കഥകളെഴുതി പൊലിപ്പിച്ചിരുന്ന സമയത്ത് ആ വാര്‍ത്ത ശരിയല്ലെന്ന് തുടര്‍ച്ചയായി നിലപാട് സ്വീകരിച്ചിരുന്ന ചാനലായിരുന്നു ഏഷ്യാനെറ്റ്. മാധ്യമ പ്രവര്‍ത്തകരുടെ വിശ്വാസ്യതയും ഇക്കാര്യത്തില്‍ പ്രധാന ഘടകമായിരുന്നു. ട്രെയിനി ജേര്‍ണലിസ്റ്റുകള്‍ക്കു പോലും അവരവരുടേതായ പങ്കാളിത്തവും അതിന്റെ ഉത്തരവാദിത്തവും ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഉണ്ടായിരുന്നുവെന്ന്‍ അക്കാലത്ത് ഇതില്‍ പങ്കാളികളായിരുന്നവര്‍ ഓര്‍ക്കുന്നു. 

 

മാറുന്നത് ചാനലുകളോ സമൂഹമോ?
മാധ്യമങ്ങളുടെ നിലപാടുകളിലും പ്രവര്‍ത്തനശൈലിയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ ഏഷ്യാനെറ്റില്‍ മാത്രമായി പരിഗണിക്കാന്‍ പറ്റില്ലെന്ന നിലപാടുള്ള മാധ്യമ പ്രവര്‍ത്തകരും ഉണ്ട്. ഓരോ കാലഘട്ടത്തിന്റെയും പ്രതിഫലനം തന്നെയായിരുന്നു ന്യൂസ് റൂമുകളിലും ഉണ്ടായിരുന്നത്. അക്കാലത്തെ മാധ്യമ സംസ്‌കാരമായി രൂപപ്പെട്ടിരുന്നതും അതായിരുന്നു. എന്നാല്‍ കാലഘട്ടം മാറുകയും സമൂഹത്തിന്റെ രാഷ്ട്രീയം മാധ്യമങ്ങളുടെ സ്വഭാവമായി മാറുകയും ചെയ്യുക എന്നതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. “ഏഷ്യാനെറ്റില്‍ ഞങ്ങള്‍ ജോലി ചെയ്യുന്ന കാലത്ത് ആ സമൂഹത്തിന്റെ പ്രതിഫലനം തന്നെയായിരുന്നു ന്യൂസ് റൂമുകളെ രൂപപ്പെടുത്തിയിരുന്നതും. ഉദാഹരണത്തിന് ആര്‍എസ്എസ് നിലപാടുകള്‍ ഉള്ളവര്‍ക്ക് പൊതുസമൂഹത്തില്‍ അത് തുറന്നു പ്രകടിപ്പിക്കുന്നതില്‍ അക്കാലത്ത് നാണക്കേട് തോന്നിയിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല, അത് ന്യൂസ് റൂമുകളിലും മാധ്യമങ്ങളുടെ രാഷ്ട്രീയത്തിലുമൊക്കെ പ്രതിഫലിക്കും”. – ഇപ്പോള്‍ ഓപ്പണ്‍ മാസികയുടെ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററായ ഷാഹിന പറയുന്നു.

 

മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് മാധ്യമങ്ങള്‍ക്കും മാറേണ്ടി വരുമെന്ന അഭിപ്രായമുള്ളവരും ഉണ്ട്. അടിസ്ഥാനപരമായി ഇതുമൊരു ഒരു ഇന്‍ഡസ്ട്രിയാണ്. ശശികുമാര്‍ വന്നാല്‍ പോലും ഏഷ്യാനെറ്റ് തുടങ്ങിയതു പോലെ ഇപ്പോള്‍ നടത്താന്‍ പറ്റുമോ എന്നത് ആലോചിക്കേണ്ട കാര്യമാണ്. കാലത്തിന്റെ പ്രതിഫലനമാണിത്. ലാഭത്തില്‍ കൊണ്ടു പോകാനുള്ള ഓട്ടത്തിലാണ് എല്ലാവരും. മത്സരക്ഷമത കൂടിയതോടെ വാര്‍ത്തകളുടെ വിശ്വാസ്യത പരിശോധിക്കാനും മറ്റും കഴിയുന്നില്ല എന്ന വാദങ്ങളും ഉയരുന്നുണ്ട്. “അടിസ്ഥാനപരമായി ഇതുമൊരു ബിസിനസാണ്. അതുകൊണ്ടു തന്നെ ഏഷ്യാനെറ്റ് ആര്‍എസ്എസ് ചാനലാവാന്‍ ഒരു സാധ്യതയുമില്ലെ”ന്ന് കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരിലൊരാള്‍ പറയുന്നു. “ഒരുമാസം മുമ്പു നടന്ന സംഭവമാണ്. അത് ഉറപ്പു വരുത്താന്‍ ഉള്ള തെളിവുകളൊന്നും കിട്ടിയിട്ടില്ല. പിന്നെ കേരളത്തില്‍ ആര്‍.എസ്.എസ് അജണ്ടയോടെ ഒരു ചാനലിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അടിസ്ഥാനപരമായി ഇതൊരു ബിസിനസാണ്. രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ച് അദ്ദേഹത്തിന് റോളുണ്ടാവാന്‍ സാധ്യതയുണ്ട്. പക്ഷേ ആര്‍എസ്എസുകാരെ മാത്രം നിയമിച്ചാല്‍ മതി എന്നൊന്നും സര്‍ക്കുലര്‍ അയയ്ക്കാന്‍ സാധ്യതയില്ല. ആര്‍എസ്എസ് അജണ്ട വച്ച് മുന്നോട്ടു പോയാല്‍ ചാനല്‍ പൂട്ടിപ്പോകും. കൊള്ളാവുന്ന ജേര്‍ണലിസ്റ്റുകളൊക്കെ സ്ഥലം വിടും. ആര്‍എസ്എസ് ചാനലാവാന്‍ ഏഷ്യാനെറ്റിന് പറ്റില്ല”.

 

എന്നാല്‍ രാജ്യത്ത് എല്ലാ മേഖലകളിലും കാവിവത്ക്കരണം നടക്കുമ്പോള്‍ രാജീവ് ചന്ദ്രശേഖരന്‍ ഇങ്ങനെയൊരു നിര്‍ദേശം വച്ചാലും അത്ഭുതപ്പെടാനില്ലെന്നാണ് ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയായ മുതിര്‍ന്ന മറ്റൊരു ജേര്‍ണലിസ്റ്റിന്റെ അഭിപ്രായം. “കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന മുമ്പു തന്നെ പല മാധ്യമങ്ങളുടേയും തലപ്പത്ത് സംഘപരിവാര്‍ ആളുകള്‍ വന്നു. എന്നാല്‍ കേരളത്തിന് ആ സാഹചര്യം അത്ര പരിചയമില്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ ഈ അങ്കലാപ്പ് ഉണ്ടാകുന്നത്.” ഷാഹിനയും ഈ വാദത്തെ സാധൂകരിക്കുന്നു. “ഇ-മെയില്‍ സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ അത് ശരിയാണെങ്കില്‍ ഏറെ ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. അഭിപ്രായരൂപീകരണം നടത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുള്ള ഒരു നാടാണ് നമ്മുടേത്. അത് ദൃശ്യമാധ്യമങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, അടിയന്തരാവസ്ഥക്കാലം മുതല്‍ നാം കാണുന്നതാണിത്. മറ്റെല്ലായിടത്തും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ കേരളത്തില്‍ അവര്‍ വിജയിച്ചതിനു പിന്നിലെ പ്രധാന ഘടകം മാധ്യമങ്ങളായിരുന്നു. കേരളത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എക്കാലത്തും മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കുറച്ചു സീറ്റുകളുടെ എണ്ണത്തില്‍ മാത്രം ഭരണം തീരുമാനമാകുന്ന സാഹചര്യമാണ് പലപ്പോഴും ഇവിടെയുള്ളത്. മാധ്യമങ്ങള്‍ക്ക് കുറെയേറെ മണ്ഡലങ്ങളുടെ വിധി നിര്‍ണയിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയും എന്നുള്ളതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ആശങ്കപ്പെടുത്തുന്നുണ്ട്.”

 

ആര്‍എസ്എസിന് അനുകൂലമായി എന്തെങ്കിലും വാര്‍ത്തകള്‍ ചാനലില്‍ നല്‍കണമെന്ന് ആരെങ്കിലും പറയുമോ എന്നതുപോലും ആലോചിക്കാന്‍ കഴിയില്ലെന്നാണ് നേരത്തെ ഏഷ്യാനെറ്റിന്റെ ഭാഗമായിരിക്കുകയും ഇപ്പോള്‍ മറ്റൊരു ചാനലിന്റെ തലപ്പത്തുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞത്. “രാജ്യസ്‌നേഹം, ദേശീയത തുടങ്ങിയവയൊക്കെ സംബന്ധിച്ച ധാരണ എന്നും ഏഷ്യാനെറ്റിനുണ്ടായിരുന്നു. സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് മാരത്തോണ്‍ ഒക്കെ മുമ്പ് സംഘടിപ്പിച്ചിട്ടുമുണ്ട്. ഒപ്പം സൈനികരെ ആദരിക്കലും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള പ്രത്യേക പരിപാടികളും ഒക്കെ നടന്നിരുന്നു. പക്ഷേ അതില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഈ തീവ്രദേശീയത, ആര്‍എസ്എസ് ബന്ധം തുടങ്ങിയവയൊന്നും അതിനില്ലായിരുന്നു”– അദ്ദേഹം പറഞ്ഞു.

 

എന്നാല്‍ അത്രയെളുപ്പത്തില്‍ തള്ളിക്കളയേണ്ട ഒന്നല്ല ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ഈ വിവാദം എന്നാണ് ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ രാജേഷ് പറയുന്നത്. “ഒരു ബിസിനസ് എന്നാല്‍ പൈസ മുടക്കുന്നവര്‍ ലാഭം മാത്രം പ്രതീക്ഷിച്ചു മുതല്‍ മുടക്കുന്ന ഒന്നാണ്, അത് ഒരു ചാനല്‍ പോലെയുള്ള ബിസിനസ്സിലേക്കു വരുമ്പോള്‍ മറ്റു ബിസിനസുകള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ അതിനെ ഒരു കാറ്റലിസ്റ്റായി ഉപയോഗിക്കുന്നതും ആഗോള പ്രതിഭാസമാണ്. പ്രിന്റ് മീഡിയയില്‍ അത് ഒട്ടൊക്കെ എളുപ്പമായിരുന്നു, കാരണം ഒരേസമയം ഒന്നിലേറെ പത്രങ്ങള്‍ ഒരാള്‍ വായിക്കുന്നത് ഈ അടുത്ത കാലം വരെ അപൂർവമായിരുന്നു. എന്നാല്‍ ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങൾ വന്നതോടെ കഥമാറി. ഇതിന്റെ നമുക്കെല്ലാം അറിയാവുന്ന ഉദാഹരണമാണ് ‘മനോരമ’. മലയാളത്തിലെ ഒന്നാമത്തെ പത്രത്തിന് ആളും അർഥവും ഉണ്ടായിട്ടും എന്തുകൊണ്ട് ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ പോലും വാര്‍ത്താചാനലാകാന്‍ കഴിയുന്നില്ല? നിഷ്പക്ഷതയുടെ അളവുകോൽ നന്നായി അറിയാവുന്നവരാണ് മലയാളികള്‍, അത് തലനാരിഴ കീറി പരിശോധിക്കാൻ അവരെ കഴിഞ്ഞേ ആളുള്ളൂ. കേരളത്തില്‍ വിവിധ പാർട്ടികള്‍ക്കും മത, സാമുദായിക കൂട്ടായ്മകള്‍ക്കും വരെ ന്യൂസ് ചാനലായി. അതുകൊണ്ടുതന്നെ ഒരുകൂട്ടര്‍ക്ക് ഏകപക്ഷീയമായി ഒരു വാര്‍ത്ത പടച്ചുവിടാനാകില്ല. എന്നാൽ എഡിറ്റോറിയൽ ലെവലിൽ ചില കാര്യങ്ങള്‍ നടക്കും. ചാനലിലെ ഏറ്റവും റേറ്റിംഗ് ഉള്ള ന്യൂസ് അവറില്‍ ‘വേണ്ടപ്പെട്ട’ അതിഥികളെ തീരുമാനിച്ചും ഉത്തരം തയ്യാറാക്കി അതിനുവേണ്ട ചോദ്യം ഉന്നയിച്ചും വേണ്ട രീതിയിൽ വഴി തിരിച്ചു വിടാനാകും. ഇവിടെയാണ് ആ ഇ-മെയിലിന്റെ പ്രസക്തി.

 

ഞാന്‍ മുന്‍പ് സൂചിപ്പിച്ച അദ്ദേഹത്തിന്റെ ഉപബിസിനസ്സ് രാഷ്ട്രീയമാണ്. അതുകൊണ്ടു തന്നെ അത് അദ്ദേഹത്തിന്റെ വഴിക്ക് വളച്ചൊടിക്കാൻ, മാധ്യമത്തിന്റെ ഭാവിയെപ്പറ്റി, ലാഭത്തെപ്പറ്റി ആശങ്കാകുലനല്ലാത്തിടത്തോളം അത് ചെയ്യാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. മോദിയുടെ, മുംബൈയ്ക്ക് താഴേക്കുള്ള ദക്ഷിണ സാമ്രാജ്യത്തിന്റെ ഏറ്റവും വിശ്വസ്തനും ശക്തനുമാകാനാണ് അദ്ദേഹത്തിന്റെ ഈ പെടാപ്പാട്. മൂന്നു നാലു മാസം മുന്നേ രാജീവ് ചന്ദ്രശേഖറിന്റെ മുഖം മിനുക്കാന്‍ ഒരു പി.ആര്‍ ആളെത്തേടി അദ്ദേഹത്തിന്റെ വിശ്വസ്തന്‍ ഇവിടെ ലണ്ടന്‍ വരെയും എത്തിയിരുന്നു. ഇവിടെ പാശ്ചാത്യ ലോകത്ത്‌ വലതുവ്യതിയാനം ഒട്ടൊക്കെ പ്രത്യക്ഷമായിരുന്നു. കാലാകാലങ്ങളിലെ കച്ചവട താല്പര്യങ്ങൾ. ഇടത്, വലത്, മഞ്ഞ, കച്ചവട മാധ്യമങ്ങൾ എന്ന് സ്റ്റാമ്പ് ചെയ്യപ്പെട്ടാൽ അതിൽ നിന്നും പെട്ടെന്ന് പുറത്തുകടക്കാനാകില്ല എന്നതാണ് ഇതിന്റെ ദോഷം. നമ്മളും പതിയെ അതിലേക്കാണ് നീങ്ങുന്നത്. രാജീവ് ചന്ദ്രശേഖരന് അദ്ദേഹത്തിന്റെ വഴി, പ്രേക്ഷകന് അവന്റെ വഴി. പുതിയ കണക്കുകൾ അനുസരിച്ച് ഗൂഗിള്‍ ഒന്നാമത്തെയും ഫേസ്ബുക് അഞ്ചാമത്തേയും വലിയ മാധ്യമ സ്ഥാപനമാണ്. ഇത് കാണിച്ചു തരുന്നുണ്ട് വാര്‍ത്തകള്‍ സ്വയം തിരഞ്ഞെടുക്കാന്‍ ശേഷിയുള്ള പുതിയ തലമുറയുടെ നാളെയുടെ വഴി.”

 

 

എന്തുകൊണ്ട് ഏഷ്യാനെറ്റ്?
കേരളത്തില്‍ നിരവധി ചാനലുകളുണ്ട്. വിവിധ മത, ജാതി, കോര്‍പ്പറേറ്റ്, കുുടംബ ബിസിനസുകള്‍ എന്ന വിധത്തിലൊക്കെ. പക്ഷേ എന്തുകൊണ്ടാണ് ഏഷ്യാനെറ്റിനെ ചുറ്റിപ്പറ്റി ഇത്രയേറെ ചര്‍ച്ചകളും വിവാദങ്ങളും? കേരളത്തിലെ ദൃശ്യമാധ്യമ സംസ്‌കാരത്തിന്റെ അടിത്തറയിട്ടത് ഏഷ്യാനെറ്റ് ആണ് എന്നതുകൊണ്ടാണ് ഇതെന്നാണ് അഴിമുഖം സംസാരിച്ച മിക്കവരും പ്രതികരിച്ചത്. കേരളത്തിലെ ചാനലുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവാദം ഏപ്പോഴും ഉണ്ടാകുന്നുണ്ട്. എന്നാല്‍ മതേതര കേരളത്തിന്റെ മുഖമെന്ന നിലയില്‍ ആളുകള്‍ വിശ്വസിച്ചിരുന്ന ഒരു ചാനല്‍ ആര്‍എസ്എസ് കൂടാരത്തിലേക്ക് മാറുന്നു എന്നതുതന്നെയാണ് പലരേയും അസ്വസ്ഥതപ്പെടുത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചയായി ഇതു നിറഞ്ഞു നില്‍ക്കുന്നതും അതുകൊണ്ടാണ്. “അങ്ങനെയൊരു സര്‍ക്കുലര്‍ വന്നിട്ടുണ്ടെങ്കില്‍ അത് ഏറെ പ്രാധാന്യമുള്ള ഒന്നാണ്. പക്ഷേ, തെളിവില്ലാതെ നമ്മള്‍ ഇക്കാര്യത്തില്‍ ചര്‍ച്ച ആരംഭിക്കുന്നതു കൊണ്ട് കാര്യമില്ല” എന്ന്‍ സക്കറിയ ഇതുമായി ബന്ധപ്പെട്ട് അഴിമുഖത്തോട് പ്രതികരിച്ചു.

 

അതേ സമയം, ദളിത് ഫെമിനിസ്റ്റും എഴുത്തുകാരിയുമായ രേഖാരാജ് പറയുന്നത് “ഇപ്പോഴത്തെ ഈ ഇ-മെയിലിന്റെ നിജസ്ഥിതിയെക്കുറിച്ച് അറിയില്ല. പക്ഷേ ഇന്ത്യയിലുടനീളമുള്ള മാധ്യമങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള സംഘപരിവാര്‍ ശ്രമം ശക്തമാണ്. അത് ആശങ്കപ്പെടുത്തുന്നതുമാണ്. കുറച്ചേറെയായി ദേശീയ തലത്തില്‍ തന്നെ മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരു ഹിന്ദുത്വ, വലതുപക്ഷ താത്പര്യം നാം കാണുന്നുണ്ട്. അത് കേരളത്തില്‍ വിദൂരഭാവിയിലെങ്കിലും സംഭവിക്കാന്‍ സാധ്യതയുള്ള കാര്യമാണ്. വാര്‍ത്തകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതനുസരിച്ച് രാഷ്ട്രീയ നിലപാടുകള്‍ രൂപീകരിക്കുകയും ചെയ്യുന്ന മലയാളികളെ ഈ വിധത്തിലുള്ള അജണ്ടകള്‍ സ്വാധീനിക്കാനുള്ള സാധ്യതയുമുണ്ട്. അതുവഴി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും കഴിയും. നമ്മുടെ ഭൂരിപക്ഷം എന്ന പ്രബല ബോധത്തിന്റെ ആക്രമണോത്സുകതയെ ശക്തിപ്പെടുത്താനായിരിക്കും ഇതു വഴിവയ്ക്കുക” എന്നാണ്.

 

സംഘപരിവാര്‍ ഏറെക്കാലമായി നോട്ടമിട്ടുള്ള സംസ്ഥാനം തന്നെയാണ് കേരളം. കേന്ദ്രഭരണത്തില്‍ ശക്തമായതോടെ ഓരോ സംസ്ഥാനങ്ങളായി അവര്‍ കയ്യടക്കുകയും ചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വന്‍ഭൂരിപക്ഷത്തിന് വിജയിപ്പിക്കുന്നതില്‍ ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ദേശീയ ചാനല്‍, ദിനപത്രങ്ങള്‍ മുതല്‍ ഹിന്ദി ബെല്‍റ്റിലെ മാധ്യമങ്ങള്‍ വരെ അതിന്റെ ഭാഗമായിരുന്നു. അവയിലെ പലര്‍ക്കും പത്മശ്രീ മുതലുള്ള പുരസ്കാരങ്ങള്‍ സമ്മാനിച്ചുമൊക്കെയാണ് സര്‍ക്കാര്‍ നന്ദി പ്രകടിപ്പിക്കുന്നതും; ചില മാധ്യമസ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് അതുവഴി ലഭിക്കുന്നത് തങ്ങളുടെ നിരവധി ബിസിനസ് സംരംഭങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സഹായമാണ്. എന്നാല്‍ ഈ മാധ്യമങ്ങളൊക്കെ വിത്തിട്ട പലതും രാജ്യത്തിന്റെ മതേതര സ്വഭാവത്തെയും ജനാധിപത്യത്തെ തന്നെയും ചോദ്യം ചെയ്യുന്ന വിധത്തിലേക്ക് വളര്‍ന്നു കഴിഞ്ഞു. കേരളത്തിലെ മാധ്യമസാക്ഷരത ഒരു പരിധി വരെയെങ്കിലും ഇത്തരം തീവ്രനിലപാടുകളിലേക്ക് പോകാതിരിക്കാനും ജാഗ്രവത്തായ ഒരു ജനാധിപത്യ സമൂഹമായി നിലനില്‍ക്കാനും കേരളത്തെ സഹായിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് കേരള സമൂഹത്തിന്റെ ഒരു പ്രതിനിധാനം എന്ന നിലയില്‍ ഏഷ്യാനെറ്റ് ന്യൂസിലെ പുതിയ സംഭവവികാസങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍