UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര് പറഞ്ഞു നമ്മള്‍ മലയാളികള്‍ സംസ്കാര സമ്പന്നര്‍ ആണെന്ന്?

Avatar

സാജു കൊമ്പന്‍

ഇന്നലെ കോട്ടയത്ത് ജനക്കൂട്ടത്താല്‍ ആക്രമിക്കപ്പെട്ട് കയ്യും കാലും കെട്ടി കൊടും വെയിലത്ത് ഉപേക്ഷിക്കപ്പെട്ട കൈലാസ് ജ്യോതി ബെഹ്റ ഒരു ആസ്സാം പണിക്കാരനാണ്. പണ്ട് വൈലോപ്പിള്ളി എഴുതിയ ആസാം പണിക്കാരനല്ല. ‘ജനിച്ച നാടുവിട്ടു അകലെ ആസാമില്‍ പണിക്കു പോയി വരും പരിഷകള്‍ ഞങ്ങള്‍’ എന്നാണ് ആ കവിത തുടങ്ങുന്നത്. അത് നമ്മള്‍ മലയാളികളെ കുറിച്ചായിരുന്നു. നീണ്ട കാലത്തെ പ്രവാസത്തിന്റെ ദൂര ദേശങ്ങളിലെ തൊഴിലന്വേഷണത്തിന്റെ ചരിത്രമുള്ള മലയാളി ഇന്ന് അവന്റെ/അവളുടെ പാതയിലൂടെ നടന്നു വരുന്ന ആസാമിയെയും ബംഗാളിയെയും ബീഹാറിയെയും കാണുന്നത് എങ്ങനെയാണ് എന്നതിന്റെ തെളിവാണ് ഈ ആള്‍ക്കൂട്ടക്കൊല.

ഈ മരണത്തെക്കുറിച്ച് നാട്ടുകാരുടെയും പോലീസിന്റെയും വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്- സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടു, വീടുകളില്‍ ഒളിഞ്ഞു നോക്കി. കുളിമുറികളില്‍ കയറി ഇരുന്നു, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു, പെരുമ്പാവൂര്‍ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ ഭീതിയിലായിരുന്നു.. 

ഇതിലേറ്റവും ഞെട്ടിക്കുന്ന പരാമര്‍ശം ‘പെരുമ്പാവൂര്‍ കൊലപാതകം ഉണ്ടാക്കിയ ഭീതി’ ആണ്. എന്തുകൊണ്ടാണ് പെരുമ്പാവൂര്‍ കൊലപാതകത്തിന് ശേഷം ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടാല്‍ മലയാളികള്‍ ഭയചകിതരാകുന്നത്. ജിഷമോളെ നിഷ്ഠൂരമായി കൊലചെയ്തത് അന്യസംസ്ഥാന തൊഴിലാളിയാണ് എന്നു എവിടെയെങ്കിലും തെളിവ് കിട്ടിയിട്ടുണ്ടോ? പോലീസ് എളുപ്പത്തില്‍ ഒരു സംശയം പറഞ്ഞു. ഒറീസ്സയില്‍ നിന്നുള്ള തൊഴിലാളികള്‍. പെരുമ്പാവൂര്‍ കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ഹബ് ആയതുകൊണ്ട് നാട്ടുകാര്‍ എളുപ്പത്തില്‍ വിശ്വസിക്കുമെന്ന് പോലീസിന് ഉറപ്പായിരുന്നു. പൊതുസമൂഹവും മാധ്യമങ്ങളും ജാഗ്രതയോടെ ഇടപെട്ടപ്പോള്‍ ഏതെങ്കിലും നിരപരാധിയുടെ തലയില്‍ കെട്ടിവെച്ചാല്‍ പുലിവാലാകുമെന്ന് പോലീസിന് മനസിലായി. അവര്‍ പിന്‍വാങ്ങി. എന്നാല്‍ അവര്‍ ഉന്നയിച്ച സംശയം സസ്കാര പ്രബുദ്ധനും വിദ്യാസമ്പന്നനുമായ മലയാളിയുടെ ഉള്ളില്‍ കടന്നല്‍ പോലെ പറന്നു നടന്നു. പെരുമ്പാവൂര്‍ കൊലയുടെ മൃഗീയത കാണിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ് ചെയ്തത് എന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ് എന്നു ചിലര്‍ തട്ടിമൂളിക്കാന്‍ തുടങ്ങി. ഇതിനെ പരിഹസിച്ചുകൊണ്ട് ഒരു സുഹൃത്ത് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്‘മലയാളികള്‍ ആണെങ്കില്‍ കാവ്യാത്മകമായാണല്ലോ കൊല്ലുകയും ബലാത്സംഘം ചെയ്യുകയും ചെയ്യുക.’

എന്താണ് ഇതര സംസ്ഥാന തൊഴിലാളികളോട് മലയാളികളുടെ സമീപനം? ഒരു അപരിഷ്കൃത അടിമകളെ കാണുന്നതുപോലെ അവരെ കാണുന്നത് എന്തുകൊണ്ടാണ്? യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഇന്ന് സുഖ സൌകര്യത്തോടെ ജീവിക്കുന്നതിന് അവരോട് കടപ്പെട്ടിരിക്കുകയല്ലേ വേണ്ടത്. അവരില്ലായിരുന്നെങ്കില്‍ ഇവിടെ മണിമാളികകള്‍ ഉയരുകയില്ല, നമ്മുടെ വയലുകളിലും പറമ്പുകളിലും കൃഷി നടക്കുകയില്ല, തെങ്ങില്‍ തേങ്ങ ഉണങ്ങി വരണ്ടു കിടക്കുമായിരുന്നു, വീട്ടില്‍ ഭക്ഷണമുണ്ടാക്കാതെ വൈകുന്നേരങ്ങളില്‍ ചെന്നു കഴിക്കാന്‍ ഇത്രയേറെ ഹോട്ടലുകള്‍ ഉണ്ടാകുമായിരുന്നില്ല, നമ്മുടെ റോഡുകള്‍ വെട്ടിപ്പൊളിഞ്ഞു അപകട ഗര്‍ത്തങ്ങളായി തുടര്‍ന്നേനെ…

എന്നിട്ടും നാം അവര്‍ക്ക് തിരിച്ചു കൊടുക്കുന്നത് എന്താണ്? പുച്ഛം, അവഗണന, വൃത്തിഹീനമായ താമസ സ്ഥലങ്ങള്‍, കഠിനമായ ജോലിക്രമങ്ങള്‍, രോഗം. നമ്മുടെ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന ആ തൊഴില്‍ സേനയ്ക്ക് നന്ദിയോടെയുള്ള പുഞ്ചിരി പോലും നാം സമ്മാനിക്കാറില്ല.

ഇന്നലെയും ഇന്നുമായി വന്ന ചില വാര്‍ത്തകളില്‍ കൂടി കണ്ണോടിക്കുമ്പോള്‍ മലയാളി എത്രമാത്രം സംസ്കാര ‘പ്രബുദ്ധ’രാണ് എന്നു ബോധ്യപ്പെടും.

1. കെ എസ് ആര്‍ ടി സി ബസില്‍ കയറാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ കയാറാന്‍ സമ്മതിക്കാതെ ബസ്സില്‍ നിന്നു കണ്ടക്ടര്‍ തള്ളിപ്പുറത്താക്കി വാതിലടച്ചു. വാതിലിനിടയില്‍ പേട്ട് രണ്ടു വിരലുകളാണ് ആ സെല്‍വി എന്ന തമിഴ് സ്ത്രീയുടെ അറ്റ് പോയത്.

2. വര്‍ക്കലയില്‍ ഒരു ദളിത് നഴ്സിംഗ് വിദ്യാര്‍ത്ഥിയെ മൂന്നു പേര്‍ കൂട്ട ബലാത്സംഘം ചെയ്തു. 

3. മണ്ണാര്‍ക്കാട് അച്ഛന്‍ മകളെ പീഡിപ്പിച്ചു. മകള്‍ ബധിരയും മൂകയുമായിരുന്നു. അമ്മയുടെ പരാതിയിലാണ് അച്ഛനെ അറസ്റ്റ് ചെയ്തത്.

4. തിരുവനന്തപുരം പൌണ്ട് കടവില്‍ അച്ഛന്‍ മകളെ പീഡിപ്പിച്ചു.

5. അഞ്ചുതെങ്ങില്‍ 68 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു.

6. തിരുവനന്തപുരത്തെ സര്‍ക്കാരിന്റെ നിര്‍ഭയ കേന്ദ്രത്തില്‍ 18 കാരി ആത്മഹത്യ ചെയ്തു. 

ഈ വാര്‍ത്തകളില്‍ എവിടെയുണ്ട് ബംഗാളികള്‍, ബീഹാറികള്‍, ആസാമികള്‍.. ?

ആരാണ് നമ്മളെ സാംസ്കാരിക പ്രബുദ്ധര്‍ എന്നു വിശേഷിപ്പിച്ചത്? എവിടെയാണ് നമ്മള്‍ കൊട്ടിഘോഷിക്കുന്ന കേരള മോഡല്‍? ജിഷമോളുടെ മരണം പുറമ്പോക്ക് ജീവിതങ്ങളെ കുറിച്ചുയര്‍ത്തിയ ചോദ്യങ്ങള്‍ കോട്ടയത്ത് കൊല്ലപ്പെട്ട ആസാംകാരനായ കൈലാസ് ജ്യോതി ബെഹ്റയിലൂടെ വളാഞ്ചേരിയില്‍ വിരലറ്റ് പോയ സെല്‍വിയിലൂടെ തുടരുകയാണ്.

അതേ,  മലയാളി വര്‍ണ്ണ വെറിയനാണ്, ജാതി പേക്കോലമാണ്.. സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച ഭ്രാന്താലയത്തിലേക്ക് അവന്‍/അവള്‍ അതിവേഗം ചുവടുവെച്ചുകൊണ്ടിരിക്കുകയാണ്. 

അടിക്കുറിപ്പുകള്‍: 

1.ഇന്നലെ നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ മുന്‍ പോലീസ് മേധാവി അലക്സാണ്ടര്‍ ജേക്കബ് സ്തീ പീഡനങ്ങള്‍ സംബന്ധിച്ച ഒരു കണക്ക് അവതരിപ്പിച്ചു. 2010ല്‍ 600ഓളമായിരുന്നു അതെങ്കില്‍ 2015 ആയപ്പോഴേക്കും 1300 കടന്നു എന്നാണ് ആ കണക്ക്. മറുപടി പറഞ്ഞ ഭരണകക്ഷി നേതാവ് പറഞ്ഞത് ഇവിടത്തെ ജനങ്ങള്‍ അത്രമേല്‍ ബോധവാന്‍മാരായതുകൊണ്ടാണ് കേസിന്റെ എണ്ണം കൂടുന്നത് എന്നാണ്. ഈ രാഷ്ട്രീയക്കാരുടെ കയ്യില്‍ കേരളം സുരക്ഷിതം.. എന്താ..ല്ലേ..!

2.നാദിര്‍ഷ , എ കെ സാജന്‍ …ബംഗാളികളെയും തമിഴന്‍മാരെയും ബലാത്സംഘികളും പീഡകരുമാക്കി നിങ്ങള്‍ ഇനിയും സിനിമകള്‍ എടുത്തുകൊണ്ടേ ഇരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍