UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പീഡന കേസുകളില്‍ പെടുന്ന നേതാക്കളെ നടപടി എടുത്ത് രക്ഷിക്കുന്ന ഒരു പാര്‍ട്ടി

Avatar

അഴിമുഖം പ്രതിനിധി

പതിമൂന്നു സെക്കന്റിൽ കൂടുതൽ പെൺകുട്ടികളെ തുറിച്ചു നോക്കുന്നതു ശിക്ഷാർഹമായ കുറ്റമാണെന്ന് പറഞ്ഞ ഋഷിരാജ് സിംഗിനെ ട്രോളിയവർ ഒരിക്കലും കരുതിക്കാണില്ല -ഒരു സ്ത്രീയെ തട്ടിക്കൊണ്ടു പോയി ബലാൽസംഗം ചെയ്യുകയും കേസ് എടുക്കാൻ പോലീസ് താല്പര്യം കാണിക്കാതിരിക്കുകയും  ചെയ്യുന്ന നാടാണ് ഇതെന്ന്. പെൺവാണിഭ കേസിൽ  മൊഴിമാറ്റാൻ പഠിപ്പിച്ച കെട്ടിടത്തിലേക്ക് അന്വേഷണം നീളാതിരിക്കാൻ കെട്ടിടം തന്നെ രാത്രിയുടെ മറവിൽ പൊളിച്ചു കളഞ്ഞ ചരിത്രമുള്ള സ്ഥലമാണെന്നും മറന്നു. പെൺവാണിഭ കേസ് ഉയരുമ്പോൾ ഐസ്ക്രീം കേസിലെയും സൂര്യനെല്ലി കേസിലെയും വലതു പക്ഷ നേതാക്കളെ മാത്രമാണ് ഓർമ വരുന്നത്. സിപിഎം നേതാക്കളുടെ പേരുകൾ കേരളം പെട്ടെന്ന് മറന്നു പോകും. കാരണം ഇടതുപക്ഷത്തെ ഉന്നത നേതാക്കൾ ആരും  കോടതി നടപടി നേരിടേണ്ടി വന്നിട്ടില്ല. അവരെ നടപടി എടുത്തു സംരക്ഷിക്കുകയാണ് സിപിഎം ചെയ്തത്.

ഡിവൈഎഫ് ഐ നേതാവിന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കണ്ണൂരിലെ പ്രമുഖൻ പാർട്ടിക്ക് വെളിയിലായത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദത്തിൽ ഇരുന്നു കണ്ണൂരിലെ മാത്രമല്ല പാർട്ടിയെ മൊത്തത്തിൽ നിയന്ത്രിച്ച നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തില്ല, ജയിൽ വാസം അനുഭവിക്കേണ്ടി വന്നിട്ടില്ല. അഭിഭാഷക ജോലിയിലേക്ക് തിരികെ എത്തിയ അദ്ദേഹം സ്ത്രീപീഡന കേസിൽ ഇരകൾക്കു വേണ്ടിയും ഹാജരാകുന്നുണ്ടായിരിക്കും.

വിശ്രമിക്കാനുള്ള ജില്ലാ സെക്രട്ടറിയുടെ മുറിയുമായി ബന്ധപ്പെട്ടാണ് അടുത്ത ലൈംഗിക ആരോപണം നേരിട്ടത്. എറണാകുളം ജില്ലാ സെക്രട്ടറിയെ കീഴ്ഘടകത്തിലേക്ക് തരം താഴ്ത്തിയപ്പോളും ഒളിക്യാമറ ദൃശ്യങ്ങൾ പാർട്ടി ലോക്കറിൽ സുരക്ഷിതമായി. ഉഭയസമ്മതപ്രകാരം ചെയ്ത കൃത്യമായതിനാൽ മുൻജില്ലാ സെക്രട്ടറിയെ കേസിൽ നിന്നും ഒഴിവാക്കാമെങ്കിലും കണ്ണൂരിലെ നേതാവ് ഉൾപ്പെടെ നിരവധി നേതാക്കളുടെ പേരിൽ സ്ത്രീകൾ എഴുതി പാർട്ടിക്ക് നൽകിയ പരാതി ഉണ്ട്. സംസ്ഥാന നേതൃത്വ നിരയിലെ നേതാക്കൾ ഉൾപ്പെട്ട കേസുകൾ ഒതുക്കിയ ചരിത്രം മാത്രമാണ് സിപിഎമ്മിനുള്ളത്.

കോളേജിൽ റാഗിംഗ് നടന്ന സംഭവം മൂടിവയ്ക്കുകയോ ഒതുക്കി തീർക്കുകയോ ചെയ്യുന്ന സ്ഥാപന മേലധികാരികൾക്കെതിരെ കേസ് എടുക്കാൻ നിയമം അനുശാസിക്കുന്നു. സ്ത്രീപീഡന പരാതി മുക്കുന്ന സ്വകാര്യ സ്ഥാപന മേധാവികൾക്കെതിരെയും നടപടി എടുക്കാൻ നിയമം ആവശ്യപ്പെടുന്നു. പക്ഷെ കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയിലെ നേതാക്കൾ കുറ്റം ചെയ്‌താൽ നിയമപരമായ ശിക്ഷ ഉണ്ടാകുന്നില്ല. ഇതെല്ലാം നിയമത്തിന്റെ മുന്നിൽ എത്താതെ നോക്കുന്നതിനു പാർട്ടിയിലെ ഉത്തരവാദിത്വപ്പെട്ടവർക്കെതിരെ നടപടിയെടുക്കേണ്ടതല്ലേ? പാർട്ടിയിലെ മുതിർന്ന നേതാവ് മകളെ പീഡിപ്പിച്ചെന്നു പരാതി ഉയർത്തിയ മുൻ എം എൽ എ വിഭാഗീയതയുടെ പേരിൽ വെട്ടി നിരത്തപ്പെട്ടു കഴിഞ്ഞു. 

സ്ത്രീകളെ ഏകപക്ഷീയമായി മൊഴിചൊല്ലുന്നതിനു സഹായിക്കുന്ന മത നിയമങ്ങൾക്കു എതിരെ നിലപാട് എടുക്കുന്ന പാർട്ടി ആണ് സിപിഎം. മതം പ്രതി സ്ഥാനത്തു എത്തുമ്പോൾ നിയമം ആണ് ശരി എന്നും പാർട്ടി പ്രതിസ്ഥാനത്തു എത്തുമ്പോൾ പാർട്ടി സംഘടനാ ചട്ടക്കൂട് ആണ് ശരിയെന്നുമുള്ള രണ്ടുതരം നിലപാട് സി പി എം ഇനിയെങ്കിലും ഉപേക്ഷിക്കണം. ചരിത്രത്തിൽ ആദ്യമായി രണ്ടു സ്ത്രീകളെ മന്ത്രിമാരാക്കി എന്ന് അഭിമാനിക്കുന്ന  പാർട്ടി,  കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമ്പോൾ മാറ്റ് കുറയുകയല്ല കൂടുകയാണ് എന്ന് മനസിലാക്കി തിരുത്തല്‍ വരുത്തുമെന്ന് പ്രതീക്ഷിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍