UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തെ ബാധിച്ച രാഷ്ട്രീയ എച്ച് ഐ വി

എച്‌ഐവി ഒരു രോഗാണുവാണ്; ഒരു വൈറസ്. ശരീരത്തില്‍ കയറിയാല്‍ രക്തത്തിലെ CD4 കോശങ്ങളെ നശിപ്പിക്കും. ശരീരത്തിന്റെ പ്രതിരോധശക്തികളെ ഇല്ലാതാക്കും. ഏതു രോഗത്തിനും ആക്രമിക്കാന്‍ പറ്റുന്നവിധം പ്രതിരോധശൂന്യമാക്കി ശരീരത്തെ മാറ്റിത്തീര്‍ക്കും. ഏതെങ്കിലും ഒരു രോഗം വന്ന്- അത് ജലദോഷമോ വയറിളക്കമോ ആകാം- ചികിത്സകള്‍ ഒന്നും ഏല്‍ക്കാന്‍ കഴിയാതെ രോഗി മരിക്കും.

ഇന്ത്യയുടെ രാഷ്ട്രീയ എച്‌ഐവിയായ ആര്‍ എസ് എസ്സിന്റെ പ്രവര്‍ത്തനവും ഇപ്രകാരം തന്നെ. അത് ആക്രമിച്ച് ഇല്ലാതാക്കുന്നത് ഇന്ത്യയുടെ പ്രതിരോധ ശക്തിയായ മതേതരത്വത്തെ (secularism)യാണ്. ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യയെ പ്രതിരോധിക്കുന്നത്, യഥാര്‍ത്ഥത്തില്‍, അതിര്‍ത്തിയിലെ പട്ടാളക്കാരല്ല; ഇന്ത്യയുടെ ദേശീയബോധത്തിലോടുന്ന മതേതരത്വം എന്ന CD4 സെല്ലുകളാണ്. അവയില്ലാതായാല്‍ ഇന്ത്യയെന്ന രാജ്യം നെടുകെയും കുറുകേയുമുള്ള നൂറുകഷ്ണങ്ങളായി ഉള്ളില്‍ നിന്നു തന്നെ പൊട്ടിത്തെറിക്കും.

ഇന്ത്യയുടെ രക്തത്തില്‍ ആര്‍എസ്എസ് എന്ന രാഷ്ട്രീയ എച്‌ഐവി പ്രവേശിച്ചു കഴിഞ്ഞു. അതിന്റെ ലക്ഷണങ്ങളാണ് വാര്‍ത്തകളില്‍ വന്നു നിറയുന്നത്. ഈ രാഷ്ട്രീയ എച്‌ഐവിയെ ഇക്കാലമത്രയും പ്രതിരോധിച്ചു നിന്ന കേരളത്തിലേക്ക് പ്രവേശിക്കാന്‍ ആര്‍എസ്എസ് നടത്തിയ പോരാട്ടമായിരുന്നു ഈ നിയമസഭ തെരഞ്ഞെടുപ്പ്.

എച്‌ഐവി യുടെയും രാഷ്ട്രീയ എച്‌ഐവി ആയ ആര്‍ എസ് എസ്സിന്റെയും പ്രവര്‍ത്തനരീതിയിലുള്ള സമാനതകള്‍ പരിശോധിക്കുന്നത് ഈ ഘട്ടത്തില്‍ നന്നായിരിക്കും (കേരളം രാഷ്ട്രീയ എച്‌ഐവി ബാധിത പ്രദേശമായി മാറിയത് എങ്ങനെയെന്നു മനസിലാക്കാന്‍ ഇതുപകരിക്കും).

* എച് ഐ വി ശരീരത്തിന്റെ പ്രതിരോധശക്തി നശിപ്പിക്കും. ആര്‍ എസ് എസ് ഇന്ത്യയുടെ ആത്മപ്രതിരോധശക്തിയായ മതേതരത്വത്തെ നശിപ്പിക്കും.

* രക്തത്തിലെ കോശങ്ങള്‍ ഉപയോഗിച്ചാണ് എച് ഐ വി സ്വന്തം പകര്‍പ്പുകള്‍ ഉണ്ടാക്കുന്നത്. നായാടി മുതല്‍ നമ്പൂതിരി വരെ എന്ന നുണയിലൂടെ ആര്‍എസ്എസ് അതിന്റെ അടിസ്ഥാന സ്വത്വമായ ബ്രാഹ്മണ്യത്തെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.

* സ്വന്തം നിലയില്‍ അടുത്ത തലമുറയെ സൃഷ്ടിക്കാന്‍ എച് ഐ വിയ്ക്ക് കഴിയില്ല. അതു സ്വന്തം പകര്‍പ്പാണ് ഉത്പാദിപ്പിക്കുന്നത്. ഈ പ്രക്രിയയ്ക്ക് ഏഴുഘട്ടങ്ങളുണ്ട്- binding, fusion, reverse transcription, integration, replication, assembly, budding. 

ആദ്യത്തെ ഘട്ടത്തില്‍ എച് ഐ വി യുടെ പുറംഭാഗത്തുള്ള മുനകള്‍ രാസ സൂചനകള്‍ സ്വീകരിയ്ക്കാനുള്ള CD4 കോശത്തിന്റെ receptor കളില്‍ ഒട്ടിപ്പിടിക്കുന്നു. അതുമായി ചങ്ങാത്തം (attachment) ഉണ്ടാക്കുന്നു. ഇതാണ് binding.

രണ്ടാമത്തെ ഘട്ടത്തില്‍ (Fusion) എച് ഐ വിയുടെ പുറംതോടും CD4 കോശത്തിന്റെ ചര്‍മ്മവുമായി ലയിക്കുന്നു. CD4 കോശത്തിന്റെ ഉള്ളില്‍ കടന്നാല്‍ reverse transcription എന്ന മൂന്നാംഘട്ട പ്രക്രിയയിലൂടെ എച് ഐ വി യുടെ RNA എച് ഐ വി യുടെ DNA ആയി മാറും. ഇങ്ങനെയാണെങ്കില്‍ മാത്രമേ, അതായത് എച് ഐ വി യുടെ DNA യ്ക്കു മാത്രമേ, അതിന് CD4 കോശത്തിന്റെ DNA യുമായി ഒന്നുചേരാന്‍ കഴിയൂ. സമര്‍ത്ഥമായ ഈ reverse transcription- ലൂടെയാണ് എച് ഐ വി CD4 കോശത്തിന്റെ genetic code-മായി ബന്ധം സ്ഥാപിക്കുന്നത്. നാലാംഘട്ടമായ integration-ല്‍ എച് ഐ വി integrare എന്ന enzyme പുറത്തു വിടുന്നു. CD4 കോശത്തിന്റെ DNA യില്‍ എച് ഐ വി യുടെ DNA തിരുകി കയറ്റാന്‍ ഈ enzyme ന് കഴിയും. CD4 ന്റെ DNA യുമായി ലയിച്ചു ചേര്‍ന്ന എച് ഐ വി അതിന്റെ DNA ഉള്ള എച് ഐ വി പ്രോട്ടീനുകളെ ഉത്പാദിപ്പിക്കുന്നതാണ് replication എന്ന അഞ്ചാം ഘട്ടം. CD4 ന്റെ ഉത്പാദന ഉപകരണങ്ങള്‍ ഉപയോഗിച്ചു തന്നെയാണ് എച് ഐ വി അതിന്റെ പ്രോട്ടീനുകളെ CD4 നുള്ളില്‍ വച്ചു തന്നെ, CD4 അറിയാതെ, ഉത്പാദിപ്പിക്കപ്പെട്ട പ്രോട്ടീന്‍ ചങ്ങലകളാണ് പുതിയ എച് ഐ വി പതിപ്പുകള്‍ ഉണ്ടാക്കാനുള്ള പ്രധാന നിര്‍മാണ സാമഗ്രികള്‍.

Assembly എന്ന ആറാംഘട്ടത്തില്‍ ഈ പുതിയ എച് ഐ വി പ്രോട്ടീനുകള്‍ CD4 കോശത്തില്‍ ഉണ്ടായാല്‍ ഉള്ളറയില്‍ നിന്നു പുറത്തേക്കു വരാനുള്ള നീക്കം തുടങ്ങുന്നു( ഈ ഘട്ടത്തില്‍ എച് ഐ വി പ്രോട്ടീനുകള്‍ രോഗവ്യാപികളല്ല എന്നത് പ്രത്യേകം ശ്രദ്ധിയ്ക്കണം). നിര്‍ണായകമായ budding എന്ന ഏഴാം ഘട്ടത്തില്‍ എച് ഐ വി പ്രോട്ടീനുകള്‍ CD4 കോശത്തിന്റെ പുറം ചട്ട പൊടിച്ച് പുറത്തു കടക്കുന്നു. അതോടെ എച് ഐ വി പ്രോട്ടീനുകള്‍ മാരകമായ വൈറസായി മാറുന്നു. ഈ വൈറസുകള്‍ മറ്റു CD4 കോശങ്ങള്‍ തേടി യാത്ര തുടങ്ങുന്നു.

എച് ഐ വി ബാധിച്ചാല്‍ ചികിത്സ ദുര്‍ഘടമാണ്. കാരണം എച് ഐ വി-1, എച് ഐ വി-2 എന്ന രണ്ട് അടിസ്ഥാന വിഭാഗങ്ങള്‍ക്കു പുറമെ ഇരു വിഭാഗങ്ങള്‍ക്കുമായി 16 ഉപ വിഭാഗങ്ങളുണ്ട്. ഏത് എവിടെ നില്‍ക്കുന്നു എന്നു കണ്ടെത്തുക ദുഷ്‌കരം.

ഏറെക്കുറെ സമാനമായ രീതിയാണ് രാഷ്ട്രീയ എച് ഐ വി യായ ആര്‍ എസ് എസ്സിന്റെയും. ആര്‍ എസ് എസ്സിന്റെ കീഴില്‍ സംഘപരിവാര്‍ എന്ന വിശാലമായ ശൃംഖലയുണ്ട്. അറുപതിലേറെ രൂപങ്ങളില്‍ ഈ വൈറസിന്റെ വിവിധ ഉപഭാഗങ്ങള്‍ നിലവിലുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അമിത് ഷാ നേതൃത്വം നല്‍കുന്ന ബിജെപി. ആ പാര്‍ട്ടിയുടെ സമുന്നതനായ നേതാവാണ് നരേന്ദ്ര മോദി.

കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ ആര്‍ എസ് എസ്സിന് പറ്റിയ വളക്കൂറല്ലായിരുന്നു. നാരായണനിലൂടെയും അയ്യന്‍ കാളിയിലൂടെയും കമ്യൂണിസത്തിലൂടെയും രൂപപ്പെട്ടുവന്ന സാമൂഹിക വ്യവസ്ഥിതി ബ്രാഹ്മണ്യത്തിന്റെ തിട്ടൂരങ്ങളെ ദൂരെ എറിഞ്ഞു കളഞ്ഞതാണ്. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് കമ്യൂണിസ്റ്റ് മൂല്യം തീരെ നഷ്ടമായിട്ടും കേരളത്തിലും ബംഗാളിലും ബിജെപിക്ക് സ്വാധീനം ചെലുത്താന്‍ കഴിയാതെ പോയത്. ഒരര്‍ത്ഥത്തില്‍ കേരളം political super condom ധരിച്ചിരുന്നു എന്നു പറയാം. രാഷ്ട്രീയ സെക്‌സ് ആകാം. പക്ഷെ, അതു സോഫ്റ്റ് സെക്‌സുമാത്രം.

ആവേശം മൂത്തപ്പോള്‍ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ പക്ഷേ political super condom ധരിക്കാന്‍ മറന്നുപോയി. കോണ്‍ഗ്രസ് ആകട്ടെ, നാളിതുവരെ condom ധരിച്ചിട്ടേയില്ല. കണ്ടയിടത്തെല്ലാം കയറും. കൊടുക്കുന്നതൊക്കെ വാങ്ങും. ഒരുതരം രാഷ്ട്രീയ അരാജകത്വം. ഉമ്മന്‍ ചാണ്ടിയുടെ വഷളന്‍ രാഷ്ട്രീയവും ചെന്നിത്തലയുടെ പോക്കറ്റടിക്കാരന്റെ രാഷ്ട്രീയവും സുധീരന്റെ കപട ആദര്‍ശരാഷ്ട്രീയവും പിന്നെ എണ്ണിയാല്‍ തീരാത്ത ഉപഗ്രൂപ്പുകളുടെയും ചതിക്കുഴികളുടെയും ഒരു അവിശുദ്ധ പടനിലമാണ് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി. ഘടക കക്ഷികളാകട്ടെ, കോണ്‍ഗ്രസിനെക്കാള്‍ മോശം. രാഷ്ട്രീയ എച് ഐ വിക്കു പറ്റിയ വളക്കൂറ്. കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളിലും പാര്‍ലമെന്റിലും ബിജെപി നൊടിയിടകൊണ്ടാണ് അധികാരം നേടിയതിന്റെ കാരണം കോണ്‍ഗ്രസിന്റെ അരാജകത്വവും political super condom ധരിയ്ക്കാനുള്ള ആ പാര്‍ട്ടിയുടെ വൈമുഖ്യവുമാണ്.

ഈ തെരഞ്ഞെടുപ്പിലൂടെ കേരള രാഷ്ട്രീയത്തില്‍ ആര്‍ എസ് എസ് എന്ന രാഷ്ട്രീയ എച് ഐ വി കടക്കാന്‍ ശ്രമിച്ചരീതികള്‍ നോക്കുക.

*കഴിഞ്ഞ നാലുവര്‍ഷമായി ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി വക്താക്കള്‍ സ്ഥാാനം പിടിച്ചു.

*political visibility

* ആ കാലയളവില്‍ കേരള രാഷ്ട്രീയത്തില്‍ യാതൊരു പ്രസക്തിയുമില്ലാതിരുന്നിട്ടും വക്താക്കള്‍ എല്ലാ ദിവസവും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു; തങ്ങള്‍ കേരള രാഷ്ട്രീയ-സാംസ്‌കാരികരംഗങ്ങളുടെ അവിഭാജ്യഘടകമാണെന്ന പൊതുബോധം ഉണ്ടാക്കിയെടുത്തു. 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനു വളരെ മുമ്പുതന്നെ ഈ visibility exercise തുടങ്ങിയിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങിനിന്ന രാഷ്ട്രീയ അസ്തിത്വത്തിലൂടെ കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലാണ് തങ്ങളെന്ന ഈ ബോധിപ്പിക്കല്‍ പ്രക്രിയ ഭംഗിയായി നടന്നു. ഇതാണ് ഒന്നാംഘട്ടം. binding. political super cindom-ത്തിനെ കുറിച്ച് യാതൊരു ധാരണയുമില്ലാതെ വാര്‍ത്താചാനലുകള്‍ നടത്തിയ unsafe sex ലൂടെയായിരുന്നു ആര്‍ എസ് എസ് എന്ന രാഷ്ട്രീയ എച് ഐ വി കേരളത്തിലെ ഓരോ കുടുംബങ്ങളിലേയ്ക്കും കടന്നുവന്നത്.

നായാടി മുതല്‍ നമ്പൂതിരി വരെ എന്ന ഉട്ടോപ്യന്‍ മുദ്രാവാക്യം വെള്ളപ്പള്ളി മുതല്‍ രവിശങ്കര്‍ വരെയുള്ളവരെക്കൊണ്ട് ഏറ്റുപറയിപ്പിച്ചതാണ് fusion എന്ന രണ്ടാംഘട്ടത്തിന്റെ തുടക്കം. ഹിന്ദുവോട്ടുകള്‍ തന്നെയായിരുന്നു ലക്ഷ്യം. എല്ലാ ഹിന്ദുക്കളും ഒന്നാണെന്ന മിഥ്യാബോധം ഓരോ ഹിന്ദുവിലും ഉണ്ടാക്കുക എന്നതായിരുന്നു ബ്രാഹ്മണ്യത്തിലൂടെ ഇന്ത്യന്‍ ദര്‍ശനത്തിന്റെ കടയ്ക്കല്‍ കത്തിവച്ച ബ്രാഹ്മണ സന്തതിയായ ആര്‍ എസ് എസ്സിന്റെ ലക്ഷ്യം. ഈ ഘട്ടത്തിന് അനുയോജ്യമായ ജാതീയ ചേരുവകള്‍, fusion cuisine ഉണ്ടാക്കുന്ന ചാരുതയോടെയാണ് ജാതി രാഷ്ട്രീയം മാത്രമറിയുന്ന ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ പാകപ്പെടുത്തിയെടുത്തത്. വെള്ളാപ്പള്ളി എന്ന ഈഴവ കള്ളുകച്ചവടക്കാരനിലൂടെ യുഡിഎഫിനേയും എല്‍ഡിഎഫിനേയും ചീത്ത പറയുക എന്ന കരാറാണ് ആദ്യമുണ്ടാക്കിയത്. നല്ല തുകയ്ക്കു കരാര്‍ ഏറ്റെടുത്ത വെള്ളാപ്പള്ളി താന്‍ നല്ലൊരു പണിക്കാരന്‍ കൂടിയാണെന്ന് അമിത് ഷായെ ബോധ്യപ്പെടുത്തി. കരാറുകാരന്റെ പണിയില്‍ തൃപ്തനായ അമിത് ഷായുടെ നിര്‍ദേശപ്രകാരം വെള്ളാപ്പള്ളി മറ്റൊരു കരാര്‍ കൂടി ഏറ്റെടുത്തു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി. അത് സംഘപരിവാറിന്റെ ജാരസന്തതിയാണെന്നു സൂചന നല്‍കനായി വിചിത്രമായ ഒരുപേരും ഇട്ടു (കള്ളുകച്ചവടക്കാരനായതുകൊണ്ടാവാം, പാര്‍ട്ടിയ്ക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായ കുടം തന്നെ കിട്ടിയത്).

ഹിന്ദുക്കളിലെ അടുത്ത പ്രബലവിഭാഗം നായന്മാരാണ്. നായന്മാരെ മുഴുവന്‍ ചങ്ങനാശ്ശേരി പോപ്പ് വഴി ആര്‍ എസ് എസ് കുടയ്ക്കു കീഴില്‍ നിര്‍ത്താനുള്ള നീക്കം അരുവിക്കര തെരഞ്ഞെടുപ്പ് സമയത്തു തന്നെ പോപ്പ് തകര്‍ത്തു. ദൂതനായി എത്തിയ സുരേഷ് ഗോപിയെ പുറത്തിറക്കി വിട്ടു. എന്‍ എസ് എസ്സില്‍ ആര്‍ എസ് എസ്സിന്റെ സ്ഥാനം exit door ലാണ് എന്നായിരുന്നു പോപ്പിന്റെ തിരുസന്ദേശം.

reverse transcription എന്നതാണ് മൂന്നാംഘട്ടം. ഈ ഘട്ടത്തിലാണ് RNA വളരെ വിശദമായി DNA ആയി മാറുന്നത്. DNA എന്നതു ഒരു ജീവിയുടെ biological guidelines ന്റെ ബ്ലൂ പ്രിന്റാണെങ്കില്‍ ഈ ബ്ലൂ പ്രിന്റ് പ്രയോഗത്തില്‍ വരുത്തുന്നതാണ് RNA. ആര്‍ എസ് എസ്സിന്റെ RNA യെ ബിജെപിയുടെ സംസ്ഥാന നേതൃത്വം reverse transcription ലൂടെ ആര്‍എസ്എസ്സിന്റെ DNA ആയി മാറിയത്. ബിജെപിയില്‍ അംഗത്വം പോലുമില്ലാതിരുന്ന ആര്‍ എസ് എസ് പ്രചാരക് കുമ്മനം രാജശേഖരനെ പാര്‍ട്ടി പ്രസിഡന്റാക്കി മാറ്റിക്കൊണ്ടായിരുന്നു അത്. ആ നീക്കത്തിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. ചങ്ങനാശ്ശേരി പോപ്പിന്റെ സഹായം കിട്ടില്ല എന്നുറപ്പായതോടെ ഈഴവനായ വി. മുരളീധരനെ പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റി നായരായ കുമ്മനത്തിനെ പ്രസിഡന്റാക്കി.

നാലാംഘട്ടമായ integration വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയ്‌ക്കൊപ്പം പി സി തോമസിന്റെ കേരള കോണ്‍ഗ്രസും ആദിവാസി ഗോത്രസഭ നേതാവ് സി കെ ജാനുവും ഒക്കെ ചേര്‍ന്ന് NDA എന്ന മൂന്നാം മുന്നണിയുണ്ടാക്കി. NDA ആദ്യമായി കേരളത്തില്‍ രാഷ്ട്രീയ പ്രാധാന്യമുള്ള മുന്നണിയായി. ഇതോടൊപ്പമാണ് സുരേഷ് ഗോപിയുടെ രാജ്യസഭ നോമിനേഷനും ശ്രീശാന്തിന്റെയും ഭീമന്‍ രഘുവിന്റെയും അമൃത ടി വിയിലൂടെ മഹാഭാരതത്തെ പൂമ്പാറ്റ അമര്‍ ചിത്രകഥയാക്കി മാറ്റിക്കൊണ്ടിരിക്കുന്ന തുറവൂര്‍ വിശ്വംഭരന്റെയും ഒക്കെ നിയമസഭ സ്ഥാനാര്‍ത്ഥിത്വങ്ങള്‍.

അഞ്ചാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം NDA യുടെയും ബിജെപിയുടെയും കൈയില്‍ നിന്നും RSS നേരിട്ട് ഏറ്റെടുക്കുന്നു. 

ആറാം ഘട്ടമായ assembly യില്‍ RSS കാരായ BJP യുടെ കേന്ദ്രനേതാക്കള്‍ കേരള സമൂഹത്തിന്റെ centre stage-ലേക്കു വന്നു. വെടിക്കെട്ട് അപകടമുണ്ടായാല്‍ അവിടെ അമിത് ഷായും മോദിയും. ജിഷ കൊലപ്പെട്ടാല്‍ അവിടെയും അമിത് ഷായും മോദിയും. ഡല്‍ഹിയും കേരളവുമായി മോദി daily trip അടിച്ചു. പാര്‍ലമെന്റില്‍ പോയതിനേക്കാള്‍ കൂടുതല്‍ പ്രാവശ്യം കേരളത്തിലെത്തി. വെള്ളാപ്പള്ളിയെന്ന കണിച്ചുകുളങ്ങര ജന്മിയെ ഹെലികോപ്റ്ററിലിരുത്തി പറത്തിക്കാണിച്ചു. ദളിതന്‍ പോകുന്ന പോക്കുകണ്ടോ എന്ന്‍!

അടുത്തത് നിര്‍ണായകമായ ഏഴാംഘട്ടം. budding. നിയമസഭ തെരഞ്ഞെടുപ്പ്. ആറാംഘട്ടത്തില്‍ നിര്‍ദോഷമായി നിലനിന്നിരുന്ന എച് ഐ വി പ്രോട്ടീനുകള്‍ ഒന്നു ചേര്‍ന്ന് അപകടകാരികളായ എച് ഐ വി ആയി മാറുന്ന ഘട്ടം. സൗമ്യനായി നിന്ന ഒ രാജഗോപാലിലൂടെ ആര്‍ എസ് എസ് എന്ന രാഷ്ട്രീയ എച് ഐ വി കേരളത്തിന്റെ നിയമസഭ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. കേരളത്തിനെ എച് ഐ വി ബാധിച്ചു. എച് ഐ വി അതിന്റെ ജീവിത ചക്രത്തിന്റെ ഏഴാം ഘട്ടം കടന്നാല്‍ അനേകായിരം പതിപ്പുകളായി മാറി രക്തത്തിന്റെ പ്രതിരോധശക്തി ഇല്ലാതാക്കും. രോഗം പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ കഴിയില്ല. ജീവിതചക്രത്തിന്റെ വിവിധഘട്ടങ്ങളില്‍വച്ച് വളര്‍ച്ച തടയാനുള്ള മരുന്നുകള്‍ മാത്രമേ നിലവിലുള്ളൂ. 

രാഷ്ട്രീയ എച് ഐ വി യുടെ കാര്യത്തിലും ഇതു തന്നെയാണ് വസ്തുത.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍