UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരഞ്ഞെടുപ്പ് ഒരു ചന്തയാണ്; പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ചരക്കുകളും

തിരഞ്ഞെടുപ്പുകളാണ് ഇന്നത്തെ ജനാധിപത്യ സംവിധാനത്തിൽ ഒരു പൌരന് രാഷ്ട്രീയ ഇടം നല്കുന്നത്. പൌരനിൽ രാഷ്ട്രീയാധികാരം നിഷിപ്തമായിരിക്കുന്ന സംവിധാനത്തെയാണ് ജനാധിപത്യം എന്ന് പറയുന്നത്. എന്നാൽ നമ്മുടെ രാജ്യത്തെ തിരഞ്ഞെടുപ്പുകള്‍ അത്തരം അവസരം വോട്ടർമാർക്ക് നല്‍കുന്നില്ല എന്നതാണ് വാസ്തവം. തിരഞ്ഞെടുപ്പുകള്‍ ഭരണാധികാരികളെ അഥവാ ഭരണഘടന സ്ഥാപനങ്ങളെ നിയന്ത്രിക്കാനുള്ള വ്യക്തികളെയാണ് സൃഷ്ടിക്കുന്നത്, അല്ലാതെ നേതാക്കൻമാരെയല്ല. അതിനര്‍ത്ഥം രാഷ്ട്രീയ തൊഴിലാളികളും (political workers) രാഷ്ട്രീയ പാര്‍ട്ടി വിദഗ്ദ്ധരും (career politician/professional politicians) ആണ് തിരഞ്ഞെടുക്കപ്പെടുന്നത്. ഇത്തരത്തിൽ രൂപംകൊണ്ട ഒരു ‘വിപണി ജനാധിപത്യത്തിൽ’ പ്രത്യയശാസ്ത്രങ്ങളും രാഷ്ട്രീയ മുദ്രാവാക്യങ്ങളും വിപണിയുടെ ഇടപെടലുകള്‍ക്ക് വിധേയമാകുന്നുണ്ട്. ഇവിടെ രാഷ്ട്രീയ പ്രവർത്തനം എന്നാൽ സംഘടന നടത്തിപ്പായി പരിമിതപ്പെടുന്നു എന്നതാണ് വസ്തുത.

രാഷ്ട്രീയ സ്ഥാപനങ്ങൾ അവര്‍ക്കായി രൂപപ്പെടുത്തുന്ന പരസ്യവാചകമാണ് ഇന്ത്യൻ ജനാധിപത്യത്തിൽ പലപ്പോഴും മുദ്രാവാക്യങ്ങളായി തിരഞ്ഞെടുപ്പ് സമയങ്ങളിൽ മുഴങ്ങി കേള്‍ക്കാറുള്ളത്. ഇന്നത്തെ മൂന്ന് മുന്നണികളും ഇത്തരം ‘പരസ്യ വാചകം’ പ്രചരിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് കോൺഗ്രസ്സുകാരാണ് പൊതുവിൽ സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളായി സ്വയം അവതരിപ്പിക്കാറുള്ളത്. ഇടതുപക്ഷം വിപ്ലവകാരികളുടെ സ്വത്വം ആവാഹിച്ചുകൊണ്ടാണ് പൊതുരാഷ്ട്രീയ മണ്ഡലത്തിൽ ഇടപെടാറുള്ളത്. ബി ജെ പിക്ക് മാത്രമാണ് ഈ കാര്യത്തിൽ വ്യക്തതയുള്ളത്. മതദേശീയത എത്രയൊക്കെ വിമർശിച്ചാലും നമ്മുടെ നാട്ടിൽ കൃത്യമായി അടയാളപ്പെടുത്താൻ കഴിയുന്നതാണ്. എത്ര പേർ അതിനെ പിന്തുണക്കുന്നു എന്ന കാര്യത്തിൽ തർക്കമുണ്ട്. എങ്കിലും വളരെ എളുപ്പത്തിൽ പൊതുസമൂഹത്തോട് സംവദിക്കാൻ കഴിയുന്നതാണ് മതരാഷ്ട്രീയം. മാത്രമല്ല വര്‍ത്തമാന ഇന്ത്യൻ സാഹചര്യത്തിൽ വികസന രാഷ്ട്രീയത്തേക്കാൾ സംവേദനക്ഷമതയുള്ളത് മത രാഷ്ട്രീയത്തിനാണ്. അതുകൊണ്ട് തന്നെ ബി ജെ പിയാണ് ശരിക്കും തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് എന്ന് പറയാം. ഇത്തരം തിരഞ്ഞെടുപ്പ് രാഷ്ട്രീയം പ്രതിസന്ധി സൃഷ്ടിച്ചത് ഇടതുപക്ഷത്തിനും കോൺഗ്രസിനും ആണ്. കോൺഗ്രസ്സും ഇടതുപക്ഷവും ബി ജെ പി മുന്നോട്ട് വയ്ക്കുന്ന മതരാഷ്ട്രീയത്തെയും അതിലൂടെ രൂപപ്പെടുന്ന ദേശീയതയേയും ചോദ്യംചെയ്യാൻ തയ്യാറാകാത്തതിന്റെ കാരണം കേവലം അധികാര രാഷ്ട്രീയം മാത്രമല്ല, പകരം നേരത്തെ സുചിപ്പിച്ചതുപോലെ രാഷ്ട്രീയപ്രവർത്തനം എന്നാൽ സംഘടന നടത്തിപ്പ് ആയി മാറിയതുകൊണ്ട് കൂടിയാണ്. 

പ്രത്യയശാസ്ത്രമല്ല ഇന്നത്തെ തിരഞ്ഞെടുപ്പിൽ വിജയ പരാജയങ്ങൾ നിർണ്ണയിക്കുന്നത്. പകരം വോട്ടർമാർ എന്ന ഗുണ/ ഉപഭോക്താക്കളുടെ താല്പര്യങ്ങൾ ആണ്. ഏതൊരു വിപണിയേയും പോലെ തന്നെയാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയവും. നമുക്ക് അഥവാ നമ്മുടെ മതത്തിന്/ജാതിക്ക്/ സാമ്പത്തികമായി എന്ത് നേട്ടം ഉണ്ടാകും എന്നതാണ് തിരഞ്ഞെടുപ്പില്‍ പൌരന്മാരുടെ ചിന്ത. ഈ പൗരബോധമാണ് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തെ നിർണ്ണയിക്കുന്ന പ്രധാന ഘടകം. അഴിമതി കേസുകളിൽ പെട്ട മന്ത്രിമാര് വീണ്ടും മത്സരിക്കാൻ തയ്യാറാകുന്നതിന് പിന്നിലുള്ള പ്രധാന കാരണവും ഇത് തന്നെയാണ്. അവരെ സംബന്ധിച്ചിടത്തോളം അവരുടെ  ഗുണ/ ഉപഭോക്തക്കളിലാണ് പ്രതീക്ഷ. അതുകൊണ്ട് തന്നെ ഈ മന്ത്രിസഭയിൽ അഴിമതി ആരോപിതരായ എല്ലാ മന്ത്രിമാരും ഈ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്യും. കാരണം അവരുടെ ഗുണ/ഉപഭോക്താക്കള്‍ക്ക്  അവരെ ആവശ്യം ഉണ്ട് എന്നത് തന്നെ. ഈ ഗുണഭോക്താക്കൾ എല്ലാ പാർട്ടിയിലും ഉണ്ട്. രാഷ്ട്രീയ പാർട്ടികൾ അവര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു കമ്പനി എങ്ങനെയാണോ ഉല്പന്നങ്ങൾ വില്ക്കുന്നത് അതേ മാതൃകയിൽ തന്നെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സ്ഥാനാർത്ഥികളെ അവതരിപ്പിക്കുന്നത്. സാമൂഹിക മാധ്യമങ്ങൾ വഴി സ്ഥാനാർത്ഥികളുടെ സ്വഭാവ ഗുണങ്ങൾ വിവരിക്കുന്ന ഫേസ്ബുക്ക്‌ പോസ്റ്റുകള്‍ ഇതിനുദാഹരണമാണ്. ഇതൊരു വിപണിയും വിപണനവും കൂടിയാണ്.

സ്വയംവിപണനത്തിലാണ് ഇന്നത്തെ രാഷ്ട്രീയം നിലനിൽക്കുന്നത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് വി എസ് അച്യുതാനന്ദന്‍. വി എസ്സിന്റെ വിപണന രീതി മറികടക്കാൻ കേരളത്തിൽ ഒരു രാഷ്ടീയ വിദഗ്ദ്ധനും കഴിയില്ല. കാരണം സംഘടിത രാഷ്ട്രീയ പാര്‍ട്ടികളിൽ നിന്നും മാറിയ ഒരു പൊതു ഇടം സൃഷ്ടിച്ചു കൊണ്ടാണ് വി എസ് തന്റെ വിപണി മുല്യം വർദ്ധിപ്പിച്ചത്.  ഉമ്മൻ ചാണ്ടിക്കോ പിണറായി വിജയനോ സി പി എമ്മിനോപോലും വി എസ് എന്ന വിപണി മൂല്യത്തെ മറികടക്കാൻ കഴിയില്ല. എന്നാൽ ഇത്തരം വിപണി രാഷ്ട്രീയം സമൂഹത്തിൽ കാതലായ മാറ്റം ഉണ്ടാക്കും എന്ന് കരുതാൻ വയ്യ. കാരണം രാഷ്ട്രീയ വിപണി എന്നത് അരാഷ്ട്രീയ വികസന നയത്തിന്റെയും, അരാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടിന്റെയും ഇടം കൂടിയാണ്. കേരളത്തിൽ വികസനം വരാൻ ഈ ഭരണം മാറണം എന്ന വാദം തന്നെ ഉദാഹരണം.  പുതിയ വികസന കാഴ്ചപ്പാട് എന്ന സങ്കല്‍പ്പം ആണ് ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും രാഷ്ട്രീയ വിപണി കേരളത്തിൽ വിപണനം ചെയുന്നത്. എന്നാൽ ആ ഉല്പന്നത്തിന് വേണ്ടത്ര പ്രാധാന്യം കേരളം വോട്ടർമാർ കൊടുക്കാറില്ല എന്നതാണ് വസ്തുത. അതുകൊണ്ടാണ് ഇടതു-വലത് വ്യത്യാസമില്ലാതെ പരിസ്ഥിതിവിരുദ്ധ നിലപാടുകൾ കേരളത്തിൽ എടുക്കുന്നത്. ഇടതു സർക്കാർ വീണ്ടും അധികാരത്തിൽ വന്നാലും ഇന്ന് തുടരുന്ന മൂലധന കേന്ദ്രീകൃത വികസന നയം തുടരുക തന്നെ ചെയ്യും. സ്വകാര്യ വിദ്യാഭ്യാസം ആയാലും, വനഭൂമി കയ്യേറ്റമായാലും, വിഴിഞ്ഞം പദ്ധതി ആയാലും സർക്കാർ അത് മുന്നോട്ട് കൊണ്ടുപോകും.

ഇത്തരം രാഷ്ട്രീയ സാഹചര്യത്തിൽ ആർക്ക് വോട്ട് ചെയ്യും എന്നത് ഒരു സമസ്യയായി പ്രത്യക്ഷത്തിൽ തോന്നാം. എന്നാൽ സംഘടിത രാഷ്ട്രീയ വ്യത്യാസം നിലനിൽക്കുന്ന കേരളത്തിൽ അത്തരം ഒരു പ്രതിസന്ധി നിലനിൽക്കുന്നില്ല. സംഘടിത രാഷ്ട്രീയം എന്ന അരാഷ്ട്രീയതയിൽ നിലനിൽക്കുന്ന കേരളത്തിൽ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നത് അവരുടെ പ്രത്യയശാസ്ത്ര ബോധത്തിന്റെ അടിസ്ഥാനത്തിലല്ല. പകരം അവർ എത്രത്തോളം അതാത് രാഷ്ട്രീയ പാര്‍ട്ടികളാൽ പരിഗണിക്കപ്പെടുന്നു എന്നതും, എത്രതോളം വിപണനം ചെയ്യും എന്നതും, അതോടൊപ്പം സംഘടന നടത്തിപ്പില്‍ അവർ മൂലം ഉണ്ടാകുന്ന നേട്ടവും അടിസ്ഥാനപെടുത്തിയാണ്. അതുകൊണ്ടാണ് പലപ്പോഴും രാഷ്ട്രീയ തൊഴിലാളികളോ വിദഗ്ധരോ അല്ലാത്തവർ സ്ഥാനാർത്ഥികള്‍ ആകുന്നതും വിജയിക്കുന്നതും. അവർ അധികാരത്തിന്റെ ഭാഗമാവുകയാണ് ചെയ്യുന്നത്. അല്ലാതെ അതാത് രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തകർ ആവുകയല്ല. ഇവിടെ അധികാരമാണ് പ്രധാനം, അല്ലാതെ പൊതുതാല്പര്യം എന്നതല്ല. ഇത്തരം സ്ഥാനാര്‍ത്ഥികള്‍, നേരത്തെ സുചിപ്പിച്ച സ്വയം വിപണിവൽക്കരണത്തിൽ-സിനിമ ആയാലും മാധ്യമങ്ങൾ ആയാലും-വിജയിച്ചു എന്നതല്ലാതെ മറ്റൊരു കാരണവും അവര്‍ക്കില്ല.

ഇത്തരത്തിലുള്ള സംഘടിത അരാഷ്ട്രീയത ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് കേരളത്തിന്റെ പ്രധാന പ്രശ്നം. എന്നാൽ അതൊരു തിരഞ്ഞെടുപ്പ് വിഷയം അല്ല എന്നതാണ് വസ്തുത. സ്ഥാനാർത്ഥികൾ പ്രസംഗത്തിൽ ഉടനീളം വികസനമാണ് പ്രധാന പ്രശ്നം ആയി പറയുന്നത്. എന്നാൽ ഇത് കേള്‍ക്കുന്ന വോട്ടർമാർക്ക് അറിയാം. അത് കേവലമായ ഒരു പ്രതികരണം മാത്രമാണ് എന്ന്. ഉദാഹരണമായി പറഞ്ഞാൽ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി വളരെ കഷ്ടപ്പെട്ട് ജീപ്പിൽ മണ്ഡലത്തിലെ ഒരു ആദിവാസി കോളനിയിൽ പോയി വോട്ട് ചോദിക്കുന്ന പടം എല്ലാ പത്രത്തിലും വന്നിരുന്നു. അവിടെ വാഗ്ദാനം ചെയ്തത് വികസനം തന്നെയായിരുന്നു. അത്തരം പ്രദേശങ്ങളിൽ വികസനം എത്തിക്കാൻ കഴിയുന്ന സർക്കാർ കേരളത്തിൽ ഇല്ല എന്നതിന്റെ തെളിവാണ് ഇപ്പോഴും നിലനില്‍ക്കുന്ന ഇത്തരം പ്രദേശങ്ങൾ. അരുവിക്കരയിൽ മാത്രമല്ല കേരളം ഒട്ടാകെ ഇത്തരം സ്ഥലങ്ങള്‍ ഉണ്ട്.  ഇടതു-വലത് രാഷ്ട്രീയ പാർട്ടികള്‍ക്കോ ഇന്നത്തെ മുഖ്യധാര വികസന മാതൃകകള്‍ക്കോ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല. ഇടതുപക്ഷം അധികാരത്തിൽ വന്നാൽ അവിടങ്ങളിൽ ഒരുപക്ഷെ കുടുംബശ്രീ പ്രവർത്തനം വ്യാപിപ്പിക്കുമായിരിക്കും. അല്ലാതെ മറ്റൊരു മാതൃക അവര്‍ക്കും മുന്നോട്ട് വയ്ക്കാനില്ല.

നിലനിൽക്കുന്ന രാഷ്ടീയ സംവിധാനത്തിൽ മുഖ്യധാരാ വികസനത്തിന്റെയും സംഘടിത മത ശക്തികളുടെയും നിയന്ത്രണത്തിൽ വിട്ടുവീഴ്ച രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരു പ്രസ്ഥാനത്തിനും കേരളത്തിൽ ക്രിയാത്മകമായി ഒന്നും ചെയ്യാനില്ല. ഇവിടെയാണ് സി കെ ജാനുവിന്റെ ബി ജെ പി രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യവും അതിന് അവർ നല്കുന്ന ന്യായീകരണവും പ്രാധാന്യം അർഹിക്കുന്നത്. ആദിവാസികളെ ചൂഷണം ചെയ്യാനും എന്നാൽ ആദിവാസികളുടെ ഭൂമി കയ്യേറാനും ഇടതു-വലത്-പള്ളി കൂട്ടുകെട്ടുകൾ നടത്തിയ എല്ലാവിധ കയ്യേറ്റങ്ങളെയും പ്രധിരോധിക്കാനും ആദിവാസി മേഖലകളിൽ അടിസ്ഥാന വികസനം കൊണ്ടുവരാനും വേണ്ടിയാണ് ബി ജെ പി യുടെ കുടെ ചേരുന്നത് എന്ന വാദം വസ്തുതയ്ക്ക് നിരക്കുന്നതല്ല. കാരണം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഒരിടത്തും ഇത്തരം ഒരു പദ്ധതി അവർ നടപ്പിലാക്കിയിട്ടില്ല എന്നത്  മറ്റാരേക്കാളും സി കെ ജാനുവിന് തന്നെ നന്നായിട്ടറിയാം. അവിടങ്ങളിൽ വികസനം അല്ല എത്തിയത്. പകരം ഖനന കമ്പനികളും വനവാസി കല്യാൺ ആശ്രമം എന്ന ആർ എസ് എസ് സംഘടനയും ആണ്.  ഖനന കമ്പനികള്‍  ആദിവാസി മേഖലകൾ കയ്യേറിയപ്പോൾ വനവാസി കല്യാൺ ആശ്രമം ആദിവാസികളുടെ ചെറുത്ത് നില്പൂകളെ ഹിന്ദുരാഷ്ട്ര വാദത്തിന്റെ ഭാഗമാക്കി.

ദേശീയ കുറ്റകൃത്യങ്ങളുടെ കണക്ക് പ്രകാരം 2013 -14 വർഷത്തിൽ ഏറ്റവും കൂടുതൽ ആദിവാസി പീഡനം നടന്ന സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം രാജസ്ഥാനും (3952) രണ്ടാം സ്ഥാനം മധ്യപ്രദേശിനും (2279), മൂന്നാം സ്ഥാനം ഒഡീഷക്കുമാണ് (1259). ഈ സംസ്ഥാനങ്ങൾ ഭരിക്കുന്ന ബിജെ പി/ബി ജെ ഡി സർക്കാരുകൾ ആദിവാസികള്‍ക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ ഒരു നടപടിയും എടുത്തില്ല എന്നത് തെളിയിക്കപ്പെട്ടതാണ്. കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അവസ്ഥ മറ്റൊന്നല്ല. 35 വർഷം ഇടതു പക്ഷം ഭരിച്ച ബംഗാളിൽ ദളിത്‌-ആദിവാസി-മുസ്ലീം ജീവിത നിലവാരം ദേശീയ ശരാശരിക്ക് താഴെയാണ്. അതുകൊണ്ട് തന്നെ മുന്‍പ് സൂചിപ്പിച്ച വിപണി രാഷ്ട്രീയത്തിന്റെ അതിർത്തികൾക്ക് പുറത്തായിരുന്ന സി കെ ജാനുവിന്റെ രാഷ്ട്രീയത്തിനും അത്തരം പ്രസ്ഥാനങ്ങൾക്കും അടിസ്ഥാന ചോദ്യങ്ങൾ ചോദിക്കാൻ കഴിയുമായിരുന്നു. എന്തായാലും ഇടതു-വലത്-പള്ളി കൂട്ടുകെട്ടുകൾ ഈ ചോദ്യം ചോദിക്കില്ല. കാരണം ഈ കൂട്ടുകെട്ടുകൾ കേരളത്തിലും സജീവമാണ് എന്നത് തന്നെ. ബി ജെ പിക്ക് കേരളത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ നേട്ടം സി കെ ജാനു തന്നെയാണ്. ദേശീയതലത്തിലും ബി ജെ പിക്ക് ഇത്  മുതല്‍ക്കൂട്ടാണ്. പക്ഷെ സമകാലീന വിപണി രാഷ്ട്രീയത്തിനപ്പുറം ഒരു മുന്നേറ്റം ഉണ്ടാക്കിയ വ്യക്തി എന്നനിലയിൽ സി കെ ജാനുവിന് ഇതൊരു പരാജയം തന്നെയാണ്.

രാഷ്ട്രീയ പരിഹാരമാണ് സാമൂഹിക പ്രശ്നം പരിഹരിക്കാൻ വേണ്ടത് എന്ന് ആവർത്തിക്കുന്ന കേരളത്തിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയം തികച്ചും ഉപഭോക്തൃവൽക്കരിക്കപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഏത് പാര്‍ട്ടി ജയിക്കും എന്നത് പ്രാധാന്യം ഇല്ലാത്ത ഒന്നായി തീർന്നു. അതോടൊപ്പം ആര്‍ക്കും വിജയിക്കാം എന്ന അവസ്ഥയിൽ എത്തുകയും ചെയ്തു. ഇതൊരു രാഷ്ട്രീയ പ്രതിസന്ധിയല്ല, പകരം സാമൂഹിക പ്രശ്നമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍