UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുകേഷും നികേഷും മത്സരിക്കും

അഴിമുഖം പ്രതിനിധി

നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി നടന്‍ മുകേഷും മാധ്യമപ്രവര്‍ത്തകന്‍ എം. വി നികേഷ് കുമാറും മത്സരിക്കും. മുകേഷ് കൊല്ലത്തും നികേഷ് അഴീക്കോടുമായിരിക്കും മത്സരിക്കുക. നികേഷിനെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കണോ അതോ സ്വതന്ത്രനാക്കി നിര്‍ത്തണോ എന്നകാര്യത്തില്‍ തീരുമാനം പിന്നിടുണ്ടാകും. ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വങ്ങള്‍ ഇതോടെ അവസാനിച്ചിരിക്കുകയാണ്. സിറ്റിംഗ് എംഎല്‍എ പി കെ ഗുരുദാസനെ മാറ്റിയാണ് മുകേഷിന് സീറ്റ് നല്‍കിയത്. ഇതിനെതിരെ വി എസ് പക്ഷം നിലപാടെടുക്കുകയും മത്സരിക്കാന്‍ ഗുരുദാസന്‍ തന്നെ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ വെട്ടിലായി. ഇതോടൊപ്പം ഗുരുദാസനെ മാറ്റിയത് വി എസ് പക്ഷത്തെ വെട്ടിനിരത്താനാണെന്ന ആരോപണമുയര്‍ത്തി മുകേഷിനെതിരെ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ നിശ്ചയിച്ചയാള്‍ തന്നെ മത്സരിക്കുമെന്നു പാര്‍ട്ടി നേതൃത്വം നിലപാട് എടുത്തതോടെ പ്രതിഷേധങ്ങള്‍ അടങ്ങുകയായിരുന്നു.

ഇതിലും രൂക്ഷമായ വിമര്‍സനങ്ങളായിരുന്നു നികേഷിനെതിരെ ഉണ്ടായത്. കൂത്തുപറമ്പ് രക്തസാക്ഷികളെ മറക്കുന്ന നിലപാടാണ് എം വി രാഘവന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ പാര്‍ട്ടി എടുക്കുന്നതെന്ന് വിമര്‍ശനങ്ങളുണ്ടായി. നികേഷിനെതിരെ വ്യാപകമായി പോസ്റ്ററുകളും പ്രതിഷേധ പ്രകടനങ്ങളും ഉണ്ടായി. എതിര്‍പാര്‍ട്ടിക്കാരും നികേഷിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രചരണായുധം ആക്കി. ഈ സാഹചര്യത്തില്‍ നികേഷിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനം ഉണ്ടാകുമെന്നായിരുന്നു കരുതിയതെങ്കിലും സംസ്ഥാനനേതൃത്വം വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായില്ല എന്നതാണ് ഒടുവില്‍ നികേഷ് കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചതിലൂടെ തെളിയുന്നത്.

യുവജനനേതാവ് എം സ്വരാജും ഇത്തവണ മത്സരിക്കുമെന്ന് ഉറപ്പായി. സി എം ദിനേശ്മണി പിന്മാറിയ സാഹചര്യത്തില്‍ തൃപ്പൂണിത്തുറയില്‍ ബാബുവിനെതിരെ സ്വരാജ് മത്സരിക്കുമെന്ന് ചില വാര്‍ത്തകള്‍ വന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെയുണ്ടായിട്ടില്ല. സ്വരാജിനെ വടക്കന്‍ മണ്ഡലങ്ങളില്‍ ഏതിലെങ്കിലും മത്സരിപ്പിക്കാനായിരിക്കും സാധ്യത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍