എസ് പിയുമായുള്ള സഖ്യത്തിലൂടെ നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്
നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യവുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം പ്രഖ്യാപനമുണ്ടാകുമെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇന്ന് പറഞ്ഞത്. എന്നാല്‍ അഖിലേഷിനെ കടത്തിവെട്ടി സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യം കോണ്‍ഗ്രസ് പ്രഖ്യാപിച്ച് കഴിഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. അജിത് സിംഗിന്‌റെ ആര്‍എല്‍ഡിയും (രാഷ്ട്രീയ ലോക്ദള്‍) സഖ്യത്തിലുണ്ട്.
75 മുതല്‍ 80 വരെ സീറ്റാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ആര്‍എല്‍ഡിയ്ക്ക് 25 മുതല്‍ 30 വരെ സീറ്റുകള്‍ നല്‍കിയേക്കും. കോണ്‍ഗ്രസുമായുള്ള സഖ്യത്തിലൂടെ മുസ്ലീം വോട്ട് മൊത്തം ആകര്‍ഷിക്കാന്‍ കഴിയുമെന്ന് എസ്പി കരുതുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചിരുന്ന, പശ്ചിമ യുപിയിലെ ജാട്ടുകള്‍ കര്‍ഷകരോടുള്ള അവഗണനയും നോ്ട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുള്ള ദുരിതങ്ങളും ചൂണ്ടിക്കാട്ടി ബിജെപിക്ക് വോട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ജാട്ട് വിഭാഗത്തിന്‌റെ വലിയ പിന്തുണയുള്ള ആര്‍എല്‍ഡിയുമായുള്ള സഖ്യം എസ്പിക്ക് ഗുണം ചെയ്യും. ഇങ്ങനെയ എസ്പിക്ക് ഉറപ്പുള്ള യാദവ വോട്ടുകളും മുസ്ലീം വോട്ടുകളും ഒപ്പം ആര്‍എല്‍ഡിയ്ക്ക് ലഭിക്കുന്ന ജാട്ട് വോട്ടുകളും കോണ്‍ഗ്രസിന് ലഭിക്കുന്ന മുസ്ലീം വോട്ടുകളും ചേര്‍ത്ത് വലിയ വിജയം നേടാമെന്നാണ് എസ്പിയുടെ പ്രതീക്ഷ.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്‌റെ നില പരുങ്ങലിലാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ച ഷീല ദീക്ഷിതിനോ പ്രചാരണ തന്ത്രങ്ങള്‍ ഒരുക്കുന്ന പ്രശാന്ത് കിഷോറിനോ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തോതിലൊന്നും ഊര്‍ജ്ജം പകരാനായിട്ടില്ല. എസ് പിയുമായുള്ള സഖ്യത്തിലൂടെ നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ മുലായം സിംഗ് യാദവിന് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ അഖിലേഷ് യാദവ് പാര്‍ട്ടിയില്‍ സമ്പൂര്‍ണാധിപത്യം സ്ഥാപിക്കുകയും മുലായം ഒതുങ്ങുകയും ചെയ്തതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തിലായിട്ടുണ്ട്.
അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും പരസ്പരം പ്രശംസിച്ച് തുടങ്ങിയിട്ടുണ്ട്. ഇരുവരും തിരഞ്ഞെടുപ്പ് റാലികളില്‍ ഒരുമിച്ച് പങ്കെടുത്തേക്കും. അഖിലേഷ് യാദവിന്‌റെ ഭാര്യയും ലോക്‌സഭാ എംപിയുമായ ഡിംപിള്‍ യാദവും പ്രിയങ്ക ഗാന്ധിയും റാലികളില്‍ ഒരുമിച്ച് പങ്കെടുക്കും. അഖിലേഷ് യാദവ്, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷിന്‌റെ ഭാര്യ ഡിംപിള്‍ യാദവ് തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ച് കൈപ്പത്തിയും സൈക്കിളും ഉള്ള പ്രചാരണ ബോഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.